രാഷ്ട്രീയം മതവും പാര്‍ട്ടിഓഫീസ് പള്ളിയുമാകുമ്പോഴാണ് കണ്ണൂരുകള്‍ ആവര്‍ത്തിക്കുന്നത്
kannurസാമൂഹ്യ സൗഹാര്‍ദത്തിന് പേരുകേട്ട വടക്കന്‍ കേരളം വീണ്ടും രക്തം കൊണ്ട് ചരിത്രം തിരുത്തിയിരിക്കുന്നു. നാലു മാസത്തിനിടക്ക് ഏഴു ജീവനുകളാണ് അവിടെ പൊലിഞ്ഞിരിക്കുന്നത്. ന്യൂസുകളിലെ കശ്മീരില്‍നിന്നും കണ്ണൂരിലേക്കുള്ള അകലം കുറയുന്നതായാണ് ഇത് സൂചിപ്പിക്കുന്നത്. ഒരു ഭാഗത്ത് ബംഗാള്‍ പരിശീലിക്കുമ്പോള്‍ മറുഭാഗത്ത് ഗുജറാത്തിനു പഠിക്കുകയാണ് കേരള രാഷ്ട്രീയം. ഈ രണ്ടു മുഷ്‌കിനുമിടയില്‍ കേരള ജനത നരകിക്കേണ്ടിവരുന്നു. അതാണ് കേരളത്തിലെ വര്‍ത്തമാന രാഷ്ട്രീയ സംഭവവികാസങ്ങള്‍ ബോധ്യപ്പെടുത്തുന്നത്. ഉത്തരേന്ത്യയിലെ വര്‍ഗീയ സംഘര്‍ഷങ്ങളെ നായികക്കു നാല്‍പതു വട്ടം ആവര്‍ത്തിച്ചു കൊണ്ടാണ് കേരളീയര്‍ ഇതുവരെ തങ്ങളുടെ സൗഹാര്‍ദ്ദാന്തരീക്ഷത്തിന്റെ മേന്മ വിളിച്ചുകൂവിയിരുന്നത്. നാലു മാസത്തില്‍ ക്രൂരമായ ഏഴു കൊലകള്‍ നടക്കുമ്പോള്‍ ആ മേനിപറച്ചിലിനുള്ള പ്രസക്തി ചോദ്യം ചെയ്യപ്പെടുകയാണ്. 1970 മുതല്‍ 2016 വരെ 360 ഓളം പേര്‍ രാഷ്ട്രീയ കൊലപാതകത്തിന് ഇരയായിട്ടുണ്ട് കേരളത്തില്‍. കണ്ണൂരില്‍നിന്നും നാദാപുരത്തുനിന്നുമായിരുന്നു ഇതില്‍ ധാരാളം പേര്‍. കേരളത്തിന്റെ ആപല്‍കരമായൊരു ഭാവിയിലേക്കാണ് കുത്തനെ ഉയരുന്ന ഈ ഗ്രാഫ് മനുകള്‍ ചൂണ്ടുന്നത്. രാഷ്ട്രീയം മതവും പാര്‍ട്ടി ഓഫീസുകള്‍ പള്ളിയുമാകുന്നതാണ് ഇവിടത്തെ വലിയ പ്രശ്‌നം എന്നു തിരിച്ചറിയേണ്ടിവരുന്നു ഇവിടെ. പാര്‍ട്ടി ഏതായാലും കക്ഷിത്വത്തിന്റെ സങ്കുചിതത്വം മറന്ന് മനുഷ്യനെന്ന നിലക്ക് സ്‌നേഹ മതത്തില്‍ തങ്ങളെല്ലാം ഒന്നാണെന്ന ബോധം അസ്തമിച്ചുപോകരുത്. അത് അസ്തമിക്കുമ്പോഴാണ് പാര്‍ട്ടിക്കു പുറത്തുള്ളവരെല്ലാം ശത്രുക്കളെന്ന ഇടുങ്ങിയ ചിന്തയില്‍ എത്തിപ്പെടുന്നത്. ഇത്രയും കാലത്തോളം കേരള രാഷ്ട്രീയത്തില്‍ കയറിക്കൂടാത്ത ഒരു ചിന്താഗതിയായിരുന്നു ഇത്. എന്നാല്‍, കുറച്ചു വര്‍ഷങ്ങളായി ഇതില്‍ വലിയ മാറ്റം സംഭവിച്ചിരിക്കുന്നു. തങ്ങളുടെ പാര്‍ട്ടി ഓഫീസില്‍ തീരുമാനിച്ചത് ലോകം അംഗീകരിക്കണമെന്ന തരത്തിലേക്ക് സംഗതികള്‍ മാറിക്കഴിഞ്ഞു. ആ നിലക്കാണ് ഓരോ പാര്‍ട്ടി പ്രവര്‍ത്തകന്റെയും മനോ നില സംവിധാനിക്കപ്പെട്ടിരിക്കുന്നത്. ഈ അവസ്ഥ കേരള രാഷ്ട്രീയത്തിന്റെ ഭാവി അപകടത്തിലാക്കുമെന്ന് ചിന്തിക്കാവുന്നതേയുള്ളൂ. ഒരു ഭാഗത്ത് തങ്ങളുടെ നിലനില്‍പ്പ് ഊട്ടിയുറപ്പിക്കാനുള്ള ബദ്ധപ്പാടിലാണ് സി.പി.എം. തങ്ങളുടെ പാരമ്പര്യ വഴി എന്ന നിലക്ക് നിലവും ആകാശവും നോക്കാതെ അവര്‍ രക്തത്തിലൂടെ 'വിപ്ലവം' രച്ചുകൊണ്ടിരിക്കുന്നു. ഇതിലൂടെ കൈമോശം വരുന്നത് കേരളത്തിലെ സാമൂഹ്യ സൗഹാര്‍ദത്തിന്റെ മഹിത പാരമ്പര്യമാണെന്ന് ആരും ചിന്തിക്കുന്നില്ല. മറുപക്ഷത്ത് കലക്കുവെള്ളത്തില്‍ മീന്‍ പിടിക്കാനുള്ള തത്രപ്പാടിലാണ് ബി.ജെ.പി. ഒരിക്കലും പിന്നോട്ടു പോകാതെ ഷൈന്‍ ചെയ്താലേ അടുത്ത തെരഞ്ഞെടുപ്പില്‍ നാലു സീറ്റെങ്കിലും ഒപ്പിക്കാന്‍ സാധിക്കുകയുള്ളൂ എന്നാണ് അവര്‍ കണക്കുകൂട്ടുന്നത്. അതിനായി കൊലക്കു കൊല എന്ന നിലപാടില്‍ യാതൊരു അഡ്ജസ്റ്റുമെന്റിനും തയ്യാറുമല്ല. ഗുജറാത്തിലെ പരിചയം അവര്‍ക്ക് വലിയ പാഠവുമാണ്. ഏതായാലും, നിരപരാധികളായ പൊതുജനമാണ് ഈ രണ്ടു നിലപാടുകള്‍ക്കും ബലിയാടാവുന്നത്. കേരളത്തിന്റെ സ്വച്ഛന്തമായ അന്തരീക്ഷത്തിനു മേല്‍ ഭീതിയുടെ മഞ്ഞുവീഴ്ച്ച തുടങ്ങിയിരിക്കുന്നു. പാരസ്പര്യ ശത്രുതയിലൂടെ പ്രതികരിക്കുന്നതിനു പകരം അനുരജ്ഞനത്തിന്റെ വഴികള്‍ സ്വീകരിക്കാന്‍ ഇരു പാര്‍ട്ടികളും തയ്യാറായിട്ടില്ലെങ്കിലും സൗത്ത് ഇന്ത്യയും കലാപങ്ങളുടെ പറുദീസയാവും. പാര്‍ട്ടിയെ പാര്‍ട്ടിയായും മനുഷ്യനെ മനുഷ്യനായും കാണാന്‍ കഴിയുകയെന്നതാണ് ഇതിനുള്ള ഏക പരിഹാരം. കണ്ണൂരുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഈയൊരു നിലപാടിലേക്ക് ജനങ്ങള്‍ മാറേണ്ടതുണ്ട്. പാര്‍ട്ടി നേതാക്കള്‍ അതിനു മാതൃക കാണിക്കുകയും വേണം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter