പെല്ലറ്റുകള്‍ പെയ്യുന്ന കാശ്മീര്‍ താഴ്‌വരകള്‍
southlive%2F2016-07%2Fc13f6748-f4f6-419d-aaf6-05fe6ba37e94%2F2   മഞ്ഞുരുകുന്ന ഹിമാലയന്‍ താഴ്‌വാരങ്ങളിലെ മൗനം കനത്ത തെരുവുകളിലൂടെ നടന്നുനീങ്ങുമ്പോള്‍ ഇന്‍ഷയെന്ന പതിനാലുകാരിയുടെ ചിന്തകളില്‍ ആ ചോദ്യം മുഴങ്ങുന്നുണ്ടായിരുന്നു. എന്തിനാണവര്‍ എന്റെ തൊലിപ്പുറത്ത് മൂര്‍ഛയേറിയ മുള്‍മുനയെറിഞ്ഞത്. രക്തം തുടിക്കുന്ന എന്റെ കവിള്‍തടത്തില്‍ പെല്ലറ്റുകളുടെ സൂചിമുനകള്‍ നിറയൊഴിച്ചവരോട് താനെന്തുചെയ്തു. കണ്‍തുറന്നനാള്‍ മുതല്‍ കണ്‍മുന്നില്‍ തെളിയുന്ന മരിച്ചുവീഴുന്നവരുടെ ദീനരോദനങ്ങള്‍ കാതില്‍ നിന്നും മാഞ്ഞുപോകാന്‍ ഇനിയെത്രനാള്‍ ഞാന്‍ കാത്തിരിക്കണം. ഭൂമിയിലെ സ്വര്‍ഗത്തിന്റെ മടിത്തട്ടിലിരുന്ന് ഇന്‍ഷ ചോദിക്കുന്ന ചോദ്യങ്ങള്‍ കേവലം ഒരു പതിനാലു വയസ്സുകാരിയുടേത് മാത്രമല്ല, സമാധാനത്തിന്റെ ഉദയങ്ങളിലേക്ക് കണ്‍പാര്‍ത്തുകിടക്കുന്ന പതിനായിരക്കണക്കിന് കാശ്മീരികള്‍ ഒന്നടങ്കം ചോദിക്കാന്‍ വെമ്പുന്ന ചോദ്യങ്ങളാണ്. മഞ്ഞുമലകളും പൂക്കളുമായി സഞ്ചാരികളെ മാടിവിളിക്കുന്ന കാശ്മീരിന്റെ പറുദീസയില്‍ വേദന തിന്നുന്ന ഒരു ജനതയുടെ നെടുവീര്‍പ്പുകള്‍ ഇത്തരത്തില്‍ ചോദ്യങ്ങളായി ശബ്ദിക്കുമ്പോള്‍ മറുപടി പറയാനാകാതെ അന്തിച്ചുനില്‍ക്കുകയാണ് ലോകം.   6-Kashmir-Attack-IndiaInk-superJumbo   ഒരുഭാഗത്ത് അക്രമികളുടെ ആര്‍പ്പുവിളികള്‍. മറുഭാഗത്ത് പട്ടാളതേര്‍വാഴ്ചയുടെ രഥചക്രങ്ങള്‍. നടുവില്‍ ജീവിതത്തിന്റെ ഇരുപാശങ്ങള്‍ ഏച്ചുകെട്ടാന്‍ പാടുപെടുന്ന മേല്‍വിലാസം നഷ്ടപ്പെട്ടുപോയ ഒരു ജനത. ഇവ മൂന്നും ചേര്‍ന്നാല്‍ കാലങ്ങളായുള്ള കാശ്മീരിന്റെ ചിത്രം പൂര്‍ണമാവുന്നു. പിറന്ന നാടിന്റെ നെഞ്ചിലൂടെ സമാധാനത്തോടെ നടന്നുപേകാന്‍ അവകാശം നിഷേധിക്കപ്പെട്ടവരുടെ തുടര്‍ക്കഥകള്‍ മാത്രമാണ് കാശ്മീരിനെന്നും പറയാനുള്ളത്. യുദ്ധങ്ങളുടെയും സംഘട്ടനങ്ങളുടെയും സ്ഥിരം ഭൂമിയായി കാശ്മീര്‍ മാറുമ്പോള്‍ വലിയൊരു ശതമാനം നിരപരാധികളുടെ ജീവിതങ്ങള്‍ ഇവിടങ്ങളില്‍ പെരുവഴി തേടുന്നു. ഹിസ്ബുല്‍ മുജാഹിദീന്‍ നേതാവ് ബുര്‍ഹാന്‍ വാനിയുടെ വധത്തിന്റെ പശ്ചാത്തലത്തില്‍ എരിഞ്ഞുകത്തുകയാണിപ്പോള്‍ കാശ്മീര്‍. ഇവിടെ നിന്നും പെല്ലറ്റുകളാണ് പുതിയ കഥകള്‍ പറയുന്നത്. കനമേറിയ കണ്ണീരുകളുടെ നൊമ്പരപ്പെടുത്തുന്ന കഥകള്‍. ആപ്പിള്‍ മുഖങ്ങളെ തുളച്ചുമാറ്റി മസ്തിഷ്‌കങ്ങളില്‍ ചെന്ന് തറക്കുന്ന പെല്ലറ്റ് തോക്കുകള്‍ കാശ്മീരിന്റെ ഉറക്കം കെടുത്താന്‍ തുടങ്ങിയിട്ട് ദിവസങ്ങള്‍ പിന്നിടുന്നു. കലങ്ങിമറിഞ്ഞ കണ്ണുകള്‍, തുന്നിക്കെട്ടിയ മിഴിയിണകള്‍, രക്തം കട്ട പിടിച്ച് കവിള്‍ തടങ്ങള്‍....പുതിയ ചിത്രങ്ങളില്‍ കാശ്മീര്‍ കരയുയാണ്. സൈനിക പീരങ്കികളില്‍ നിന്നും ചീറിപ്പായുന്ന മാരകായുധത്തിന്റെ ഇരകള്‍ തന്നെ പറയട്ടെ പെല്ലറ്റുകള്‍ പ്രഹരമേല്‍പ്പിച്ച കണ്ണീരിന്റെ കഥകള്‍...   southlive%2F2016-07%2Fa2711955-306c-4fcb-9058-34a8f921fabb%2Fi   എന്റെ കണ്ണുകളിലേക്കായിരുന്നില്ല ആ പെല്ലറ്റുകള്‍ പൊട്ടിത്തെറിച്ചത്. മറിച്ച് സ്വപ്നങ്ങലിലേക്കായിരുന്നു . ജീവിതത്തിലേക്കായിരുന്നു. ആ പട്ടാളക്കാര്‍ തകര്‍ത്തുകളഞ്ഞത് എന്റെ ജീവിതമാണ്. നഷ്ടപ്പെട്ട തന്റെ യൂനിവേഴ്‌സിറ്റി പരീക്ഷയെ ഓര്‍ത്ത് നിറകണ്ണുകളുമായി ശ്രീനഗര്‍ ശ്രീ മഹാരാജാ ഹരിസിങ് ഹോസ്പിറ്റലിലെ ബെഡില്‍ കിടന്ന് ആ യുവാവ് പറയുമ്പോള്‍ ചുവന്ന് തുടുത്ത കണ്ണുകളില്‍ ചിതറിയ സ്വപ്നങ്ങള്‍ ബാക്കിവെച്ച നിരാശയുടെ നിഴല്‍ കാണാമായിരുന്നു. സ്വപ്നസമ്പന്നമായ തങ്ങളുടെ ജീവിതങ്ങളെ ചിതറിത്തെറിപ്പിച്ച പെല്ലറ്റുകളെക്കുറിച്ചാണ് ആശുപത്രിക്കിടക്കകളിലെ മുറിവേറ്റ ശരീരങ്ങള്‍ക്ക് മുഴുവന്‍ പറയാനുണ്ടായിരുന്നത്. കൊച്ചുകുട്ടികള്‍ മുതല്‍ പ്രായം ചെന്നവര്‍ക്ക് വരെ. ഈ ആശുപത്രിയില്‍ മാത്രം കഴിഞ്ഞദിവസം വരെ 117 കേസുകളാണ് പെല്ലറ്റ് ബുള്ളറ്റുകള്‍ തറഞ്ഞുകയറിവരുടെതായി റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ കണ്ണില്‍ മാത്രം ശസ്ത്രക്രിയ ചെയ്യേണ്ടി വന്നവരുടെ എണ്ണം 106 പേരാണ്.   J&KFloods03   അഞ്ച് വയസ്സുകാരിയായ സൊഹ്‌റാ സഹൂറിയുടേയും ഒമ്പത് വയസ്സുകാരിയായ തമന്ന അഷ്‌റഫിന്റെയും അനുഭവങ്ങള്‍ ഹൃദയം മുറിക്കുന്നതാണ്. പന്ത്രണ്ട് വെടിത്തരികളാണ് സൊഹ്‌റയെന്ന കൊച്ചുമകളുടെ ഇറച്ചി തുരന്നുകയറിയത്. നിരപരാധിയായ തന്നെ വെടിയുതിര്‍ത്തത് പോലീസാണെന്ന് അവള്‍ മാധ്യമങ്ങളോട് പറയുന്നു തമന്നയാകട്ടെ വീടിന്‍ ജനവാതിലിനരികെ നില്‍ക്കുമ്പോഴാണ് വെടിയേല്‍ക്കുന്നത്. കുസൃതിയുടെ കുഞ്ഞുടുപ്പുകള്‍ ധരിച്ച് മോഹത്തുമ്പികള്‍ക്ക് പിറകെ ഓടി നടക്കേണ്ട മനോഹരമായ ബാല്യങ്ങള്‍. മഞ്ഞിന്‍ താഴ് വരകളിന്‍ പൂപറിക്കാനും ആട് മേയക്കാനും ഈ കുരുന്നുകള്‍ക്കും മോഹമുണ്ടായിരിക്കാം. പക്ഷേ പിറന്ന ദേശത്തെ കൊത്തിയെടുക്കാന്‍ വെമ്പുന്ന കഴുകക്കൊക്കുകള്‍ക്കിടയില്‍ ആ ഇളം ജീവിതങ്ങള്‍ ചീന്തുകളായ് നശിച്ചുതീരുന്നു. അനേകം ലോഹത്തരികള്‍ നിറച്ച വെടിയുണ്ടകളാണ് പെല്ലറ്റ് ബുള്ളറ്റുകള്‍. ഒരു വട്ടം നിറയൊഴിച്ചാല്‍ ഒരുപാട് ചീന്തുകളായി അത് ശരീരത്തിന്റെ ആഴങ്ങളിലേക്ക് തറച്ചുപോവുന്നു. സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ ജീവഹാനി വരുത്താതെ ആള്‍കൂട്ടത്തെ ഒഴിപ്പിക്കാനാണ് പെല്ലറ്റ് ബുള്ളറ്റുകള്‍ പ്രയോഗിക്കുന്നത്. ജീവഹാനി വരുത്തിന്നില്ലെന്ന് സൈന്യവും ഭരണകൂടവും ആവര്‍ത്തിക്കുന്നു. പക്ഷേ ജീവിതം മുഴുക്കെ വേദനയുടെ കനല്‍ തിന്നുജീവിക്കാനാണ് പെല്ലറ്റുകള്‍ പ്രഹരമേല്‍പ്പിച്ചവരുടെ ഗതിയെന്നതാണ് സത്യം.   40   കലാപങ്ങള്‍ കൊടിയിറങ്ങാത്ത തെരുവുകളില്‍ പട്ടാളം നടത്തുന്ന തേര്‍വാഴ്ചകള്‍ കാശ്മീരിന്റെ തീരാനോവായി തുടരുകയാണ്. സമാധാനത്തിന്റെ ആള്‍ദൂദുകളായി പറന്നിറങ്ങിയ ഇവര്‍ ഒരു ജനതയുടെ മോഹത്തിന്റെ ചിറകുകളരിയുന്ന ദൃഷ്യങ്ങളാണ് കാശ്മീര്‍ നമുക്ക് പകരുന്നത്. മനുഷ്യത്വം മരിവിച്ച ആള്‍രൂപങ്ങളാണ് പ്ട്ടാളവേഷത്തില്‍ ഇവിടെ റോന്തുചുറ്റുന്നത്. കാശ്മീരിന്റെ കാഴ്ചകള്‍ ആ യാഥാര്‍ങ്ങള്‍ക്ക് അടിവരയിടുന്നു. അക്രമികളെ തുരത്താന്‍ തൊടുത്തുവിടുന്ന ബോംബുകളില്‍ പൊലിഞ്ഞുപോകുന്ന നിരപരാധികളുടെ ജീവനുകള്‍ക്ക് ഉത്തരാവാദികളാര്. അക്ഷരം നുണയാന്‍ പുസ്തകക്കിറ്റുമായി സ്‌കൂളിലേക്ക് നീങ്ങുന്ന കൊച്ചുകുട്ടികളെപ്പോലും കഴുത്ത് ഞെരിച്ച കൊന്ന സംഭവങ്ങള്‍ കാശ്മീരിന്റെ ഇന്നലകള്‍ക്ക് പറയാനുണ്ട്. ബാല്യം നടന്നുതീരുമ്പോഴേക്കും ഉമ്മയെ നഷ്ടപ്പെടുന്ന അനേകം കുട്ടികള്‍...ഉപ്പയെയും കൂടപ്പിറപ്പുകളെയും നഷ്ടപ്പെടുന്നുവര്‍. അനാഥത്വം കൊത്തിനോവിക്കുമ്പോഴും ഇവര്‍ ജീവിതത്തോട് പൊരുതുകയാണ്, എവിടെയെങ്കിലുമൊരു കര തെളിഞ്ഞുകാണുമെന്ന പ്രതീക്ഷകളോടെ.   kashmir-06   സ്വതന്ത്രലബ്ധിയുടെ കാലം തോട്ട് തന്നെ കാശ്മീര്‍ ഉത്തരം കിട്ടാത്ത ചോദ്യമാണ്. മണ്ണിന് വേണ്ടിയുള്ള മനുഷ്യന്റെ ആര്‍ത്തിയില്‍ നിന്നാവാം കാശ്മീരിന്റെ താഴ് വരകളില്‍ കണ്ണീര്‍ തുള്ളികള്‍ ഒഴുകിത്തുടങ്ങിയത്. ഇന്ത്യാപാക് വിഭചനത്തിന് ശേഷം 1947 ല്‍ ഇരുരാജ്യങ്ങളും സ്വാതന്ത്യമാഘോഷിക്കുമ്പോഴും ഈ തണുത്ത താഴ് വാരങ്ങളില്‍ കലാപത്തിന്റെ ഗന്ധം വീശുന്നുണ്ടായിരുന്നു. കാശ്മീര്‍ തങ്ങളുടേതാണെന്ന് ഇന്ത്യ വാദിക്കുന്നു. ഞങ്ങളുടേതാണെന്ന് പാകിസ്ഥാനും. ചിലഭാഗങ്ങള്‍ ഞങ്ങളുടേതാണന്ന് ചൈനയും പറയുന്നു. അവകാശങ്ങള്‍ നേടിയെടുക്കാന്‍ മൂവരും ആര്‍ത്തികൂട്ടുന്നു. സൈനികരെ വിന്യസിക്കുന്നു. അതിക്രമങ്ങള്‍ നടത്തുന്നു. കാശ്മീറെന്ന പറുദീസയെ സ്വന്തമാക്കാന്‍ മൂവരും മല്‍സരിക്കുമ്പോഴും കാശ്മീരികളുടെ ജീവിതം ആരും കാണാതെ പോകുന്നു. അന്യന്റെ പിടിമുറക്കങ്ങള്‍ക്കിടയില്‍ ജീവിതത്തിന്റെ സുഖങ്ങളറിയാതെ യാതനകളുടെ താഴ്‌വരകളില്‍ കണ്ണീര്‍ പൂക്കളായി ഇവര്‍ പൂത്തുനില്‍ക്കുന്നു . യഥാര്‍ഥത്തില്‍ കാശ്മീര്‍ ആരുടേതാണ്. ദശാബ്ദങ്ങള്‍ പിന്നിടുമ്പോഴും ആ ചോദ്യത്തിന് പൂര്‍ണമായ ഉത്തരമായോ എന്നറിയില്ല, പക്ഷേ ഒന്നറിയാം..കാശ്മീരികള്‍ ഒന്നടങ്കം പറയുന്നു..ഞങ്ങള്‍ക്ക് ആരെയും വേണ്ട, ഞങ്ങള്‍ക്ക് സ്വന്തമായി ഞങ്ങള്‍ മതി... ഇവിടെ ഉറുദുക്കവിതകള്‍ മുളുന്ന ഹിമാലയം കാറ്റുണ്ട്... സ്‌നേഹം പാടുന്ന ഡാല്‍ നദിയുടെ ഓളങ്ങളുണ്ട്...വര്‍ണ്ണവസന്തങ്ങളുടെ പൂന്തോപ്പുകളുണ്ട്. എല്ലാം ആസ്വദിക്കാന്‍ ഞങ്ങള്‍ക്കൊരല്‍പം സമാധാനം മാത്രം തന്നേക്കൂ...

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter