മദ്‌റസാവിദ്യാഭ്യാസ മേഖലയില്‍ ഇനിയും ചിന്തകള്‍ ഉണ്ടാകേണ്ടതുണ്ട്
ബ്രിട്ടീഷ് ഭരണ കാലത്ത് മലബാര്‍ പ്രദേശങ്ങളില്‍ സ്‌കൂളുകളെ കേന്ദ്രീകരിച്ചുതന്നെ മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ക്ക് മത വിദ്യാഭ്യാസം നല്‍കാനുള്ള സൗകര്യങ്ങളുണ്ടായിരുന്നു. എന്നാല്‍, 1947 ല്‍ മദ്രാസ് പ്രസിഡന്‍സി മുഖ്യ മന്ത്രി രാജഗോപാലാചാരി സ്‌കൂളുകളില്‍നിന്നും മതപഠനം നിരോധിച്ചു. ഇതോടെ കേരളമുസ്‌ലിം വിദ്യാഭ്യാസ ചരിത്രം പുതിയൊരു വഴിയിലേക്ക് തിരിയുകയായിരുന്നു. അനേകം ഓത്തുപള്ളികള്‍ ഇതോടെ നിര്‍ത്തലാവുകയും മദ്‌റസ എന്ന പുതിയൊരു സംവിധാനത്തിലേക്ക് കാര്യങ്ങള്‍ എത്തുകയും ചെയ്തു. 1919 ല്‍ അന്തരിച്ച ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയാണ് വ്യവസ്ഥാപിതമായ മദ്‌റസാ സംവിധാനത്തിന് തുടക്കം കുറിക്കുന്നത്. കേരളത്തിലെ അറബിക് കോളേജുകള്‍ക്ക് അടിസ്ഥാന വഴികള്‍ ഒരുക്കിയിരുന്നതും അദ്ദേഹം തന്നെയായിരുന്നു. മമ്പുറം സയ്യിദ് അലവി തങ്ങളുടെ മുരീദായിരുന്ന ഖുസയ്യ് ഹാജിയുടെ പേരക്കുട്ടിയായിരുന്നു കുഞ്ഞഹമ്മദ് ഹാജി. ഖുസയ്യ് ഹാജിയുടെ ശിക്ഷണത്തിലാണ് അദ്ദേഹം വളര്‍ന്നിരുന്നതും. തീര്‍ത്തും പരമ്പരാകത ചിന്തയില്‍നിന്നും ശക്തി ആവാഹിച്ച് നിലവിലുണ്ടായിരുന്ന വിദ്യാഭ്യാസ സംവിധാനത്തെ വ്യവസ്ഥാപിതമാക്കുകയായിരുന്നു അദ്ദേഹം.
1950 കളോടെത്തന്നെ മദ്‌റസ എന്നൊരു ചിന്ത കേരള മുസ്‌ലിംകള്‍ക്കിടയില്‍ ശക്തമായി വേര് നേടി. വളര്‍ന്നുവരുന്ന വിദ്യാര്‍ത്ഥികളെ ഇസ്‌ലാമിക ചട്ടക്കൂടില്‍ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള കേന്ദ്രങ്ങളായിട്ടാണ് മദ്‌റസകള്‍ ഉയര്‍ന്നുവന്നത്. 50-60 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ഈ ഒരു സംവിധാനം കേരള മുസ്‌ലിംകളെ അന്യനാട്ടുകാരില്‍നിന്നും ഏറെ വ്യതിരിക്തതയോടെ നിലനിര്‍ത്തുന്നു. മദ്‌റസകള്‍ നമ്മുടെ നാട്ടില്‍ നിര്‍വഹിക്കുന്ന ധര്‍മമെന്ത് എന്ന ചോദ്യത്തിന് ഉത്തരേന്ത്യയിലെ ആളുകളുടെ കഥയെടുത്ത് പരിശോധിച്ചാല്‍ മതി. വലിയ വലിയ ആജാനുബാഹുക്കളായി നടക്കുകയെന്നതിലപ്പുറം മതത്തെക്കുറിച്ച എ ബി സി അറിയാത്തവരായി വലിയൊരു തലമുറയെതന്നെ നമുക്ക് അവിടെ കാണാന്‍ സാധിക്കുന്നു. അതേ സമയം കേരളത്തിലെ ഒരു കൊച്ചു കുട്ടിക്കുപോലും മതത്തിന്റെ മൗലിക തത്ത്വങ്ങള്‍ തത്ത പറയുന്നപോലെ പറയാന്‍ സാധിക്കുന്നതാണ്.
പക്ഷെ, ഇംഗ്ലീഷ് മീഡിയങ്ങള്‍ വന്നതോടെ നമ്മളും ഉത്തരേന്ത്യന്‍ മോഡല്‍ സ്വീകരിക്കുന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഭൗതികം സുപ്രധാനമായിമാറുകയും മതം സെക്കണ്ടറിയായി പരിണമിക്കുകയും ചെയ്യുമ്പോള്‍, ഒരു 'എലീറ്റ്' വര്‍ഗത്തിന് മുമ്പില്‍ പുതിയൊരു ഇസ്‌ലാമാണ് രൂപമെടുക്കുന്നത്. ഉസ്താദുമാരുടെ ശകാരങ്ങളില്‍നിന്നും മൂസ്‌ലിയാക്കന്മാരുടെ അടിയില്‍ നിന്നും മുക്തി നേടിയ ഒരു പറ്റം പുതിയ ബാലന്മാര്‍ രംഗത്ത് വരുന്നതോടെ ആധുനികതയുടെ മത മേഖലയിലെ പുതിയ പതിപ്പുകളാണ് ഇറക്കുമതി ചെയ്യപ്പെടുന്നത്. പച്ചയായ യുക്തിയുടെ അടിസ്ഥാനത്തില്‍ മാത്രമേ അവര്‍ക്ക് ഏതൊരു കാര്യവും ഉള്‍ക്കൊള്ളാന്‍ സാധിക്കുകയുള്ളൂ. ഖുര്‍ആന്‍ പഠനവും മതാദ്ധ്യാപനവുമെല്ലാം അവര്‍ക്ക് ഒഴിവു ദിവസങ്ങളിലെ റ്റിയൂഷനുകളോ രാത്രി പത്തുമണിക്കു ശേഷ മുള്ള 'പാതിരാ ഉറക്കന്‍ ക്ലാസുക' ളോ ആയി പരിണമിക്കുന്നു.
തീര്‍ത്തും ഒരു തരം വരണ്ട സാധനങ്ങളെയാണ് ഇത്തരം സംവിധാനങ്ങള്‍ പുറത്തുകൊണ്ടുവരുന്നത്. രാവിലത്തെ രണ്ട് മണിക്കൂര്‍ മദ്‌റസ ക്ലാസിലിരിക്കുന്നതിന് പകരം ഒരു മണിക്കൂര്‍ ക്ലാസിലിരുന്ന് സ്‌കൂള്‍ ബസ് വരുമ്പോള്‍ ഇറങ്ങിപ്പോകുന്ന അവസ്ഥയാണ് മുമ്പുണ്ടായിരുന്നത്. പിന്നെ, മദ്‌റസയില്‍ പോകാന്‍ തന്നെ സമയമില്ലാതെയായി. രാവിലത്തന്നെ എഴുന്നേറ്റ് കുളിച്ച് സ്‌കൂളില്‍ പോകുന്ന അവസ്ഥ ഇന്ന് സാധാരണയാണ്. മത പഠനം പാര്‍ശ്വവല്‍കരിക്കപ്പെടുകയും മറ്റു പല സ്വപ്നങ്ങളും ഹൃദയങ്ങളില്‍ കൂട് കൂട്ടുകയും ചെയ്യുമ്പോള്‍ പള്ളിയിലെ ഉസ്താദിനല്ല കുഴപ്പം വരുന്നത്; സ്വന്തം വീട്ടിലെ മതാന്തരീക്ഷത്തിനാണെന്ന് മനസ്സിലാക്കാന്‍ ആര്‍ക്കും സാധിക്കുന്നില്ല.
ഇംഗ്ലീഷ് മീഡിയങ്ങള്‍ കൂണ്‍ പൊടിയുന്നപോലെ കൂനകൂടി വരുന്ന ഇക്കാലത്ത് സര്‍വ്വ പിടി വാശികളുമൊഴിവാക്കി, അങ്ങനെയുള്ള ഒരു വിദ്യാര്‍ത്ഥിക്ക് മതം പഠിക്കാനുള്ള ഒരു സിലബസ് ശാസ്ത്രീയമായി തയ്യാറാക്കുന്നതായിരിക്കും ഏറെ നല്ലതെന്ന് തോന്നുന്നു. ഇംഗ്ലീഷ് മീഡിയങ്ങളുടെ കോ ഓഡിനേഷനുകള്‍ ഉണ്ടാക്കുകവഴി ഇത് സാധ്യമാകുന്നതാണ്. ഓരോ പിരിയഡുകളിലായി സോഷ്യലിനും ഇംഗ്ലീഷിനും മലയാളത്തിനും നല്‍കുന്ന പ്രാധാന്യത്തിലപ്പുറം മത പഠനത്തിന് പ്രത്യേകം സമയവും പ്രാധാന്യവും നല്‍കിയേ തീരൂ. സാധാരണ പോലെയുള്ള ഒരു വിഷയം എന്നനിലക്കുള്ള പരിഗണന ഒട്ടും ഭൂഷണമല്ല. സ്ഥാപനത്തിലെ ഏറ്റവും താഴ്ന്ന സാലറിക്കാരന്‍ എന്നനിലക്ക് അത് പഠിപ്പിക്കാന്‍ വരുന്ന ഉസ്താദിനെ കാണുമ്പോള്‍ ആ വിഷയത്തിനും അതേ പ്രാധാന്യമേ നല്‍കപ്പെടുകയുള്ളൂവെന്നത് സ്വാഭാവികമാണ്. പണമാണെല്ലോ ഇന്ന് എല്ലാറ്റിന്റെയും മൂല്യം നിര്‍ണ്ണയിക്കുന്നത്. മത പഠനമുണ്ടോ എന്ന് ആരെങ്കിലും ചോദിച്ചാല്‍ ഉണ്ട് എന്ന് പറയാന്‍ പറ്റുന്ന നിലക്കുള്ള പരുവത്തിലാണ് ഇന്ന് ഇംഗ്ലീഷ് മീഡിയങ്ങളിലെ മത പഠനങ്ങള്‍ നടക്കുന്നത്.
നമ്മുടെ പുന്നാര മക്കളെ നന്നാക്കി മിടുക്കന്മാരാക്കി മാറ്റാനുള്ള അതിയായ താല്‍പര്യം കൊണ്ടല്ല ഇവന്മാരൊന്നും ഇംഗ്ലീഷ് മീഡിയങ്ങള്‍ ഉണ്ടാക്കുന്നത് എന്ന പച്ചപ്പരമാര്‍ത്ഥം മനസ്സിലാക്കാന്‍ ഇനിയുമെന്തിനാണ് നമ്മള്‍ മടി കാണിക്കുന്നത്? ഇന്നത്തെ ഏറ്റവും ലാഭകരമായ വ്യവസായ മേഖലയാണ് വിദ്യാഭ്യാസമേഖലയെന്നത് എല്ലാവരും തിരിച്ചറിഞ്ഞ വസ്തുതയാണ്. അതിനാല്‍, പല പല പരീക്ഷണങ്ങളും ഈ മേഖലയില്‍ നടന്നുകൊണ്ടിരിക്കുന്നു. നാടു നീളെ സിമ്മിംഗ് പൂളും കൂത്താട്ട സൗകര്യങ്ങളുമുള്ള ഇംഗ്ലീഷ് മീഡിയം ഇന്റര്‍നാഷ്ണല്‍ സ്‌കൂളുകളും പാവങ്ങള്‍ക്ക് മുഖം കാണിക്കാന്‍പോലും പറ്റാത്ത പബ്ലിക് സ്‌കൂളുകളും ഉയര്‍ന്നുവരുമ്പോള്‍ സ്വന്തം കുഞ്ഞിനെ എവിടെ ചേര്‍ത്തണമെന്ന് തീരുമാനിക്കേണ്ടത് രക്ഷിതാക്കളാണ്. തൊട്ടടുത്ത വീട്ടിലെ കുട്ടി എവിടെയാണെന്നതോ ഗള്‍ഫുകരനായതിനാല്‍ കൈവന്നിട്ടുള്ള പണമോ പത്രാസോ അല്ല നമ്മുടെ കുട്ടിയുടെ ഭാവി നിര്‍ണ്ണയിക്കുന്നതില്‍ നാം പ്രാമുഖ്യം നല്‍കേണ്ടത്. നാം നല്‍കുഞ്ഞിനെ മനുഷ്യനായി തിരിച്ചുനല്‍കാന്‍ സാധിക്കുന്ന സ്ഥാപനം വല്ലതും ഉണ്ടോ എന്ന് അന്വേഷിക്കുന്നിടത്താണ് നമ്മളിലെ ആണത്തം പുറത്തുവരുന്നത്. മൂല്യങ്ങള്‍ മരിക്കുകയും മൃഗീയത മേല്‍ക്കോഴ്മ നേടുകയും ചെയ്ത ഇക്കാലത്ത് മൃഗീയ സ്വഭാവങ്ങളില്‍നിന്നും മുക്തമാക്കി, ഒരു കുഞ്ഞിനെ മനുഷ്യനാക്കി വളര്‍ത്തിയെടുക്കല്‍ ഏറെ ശ്രമകരം തന്നെയാണ്.
പിന്നെ, നമ്മുടെ മദ്‌റസകളുടെ കാര്യം. അമ്പത് വര്‍ഷം തുടങ്ങിയ അതേ പദ്ധതിയും ചിന്തകളും പുരോഗതിയും തന്നെയാണോ ഈ മേഖലയെ ഇപ്പോഴും മുന്നോട്ട് തള്ളിക്കൊണ്ടിരിക്കുന്നത് എന്ന് വിചാരപ്പെടുന്നതില്‍ തെറ്റൊന്നുമുണ്ടായിരിക്കാനിടയില്ല. മാറുന്ന കാലത്തിനും പുരോഗമിക്കുന്ന വിദ്യാര്‍ത്ഥീ മനസ്സിനുമനുസരിച്ച് ഈ മേഖലകള്‍ പരിഷ്‌കരണ വിധേയമാക്കിയേ തീരൂ. പാഠ പുസ്തകങ്ങളുടെ ചട്ട മിനുമിനുത്തതാക്കുന്നതുകൊണ്ടോ എന്നും ഇരുപത് മിനുട്ട് നേരത്തെ ക്ലാസ് വിട്ട് വിദ്യാര്‍ത്ഥികളെ സന്തോഷിപ്പിക്കുന്നതുകൊണ്ടോ ഈ മേഖല കുറ്റമറ്റതാകുന്നില്ല. അഞ്ചും ആറും വയസാകുമ്പോഴേക്ക് കമ്പ്യൂട്ടര്‍ ലോകങ്ങള്‍ കീഴടക്കുന്നവരാണ് ഇന്ന് വളര്‍ന്നുവരുന്ന കുട്ടികള്‍. കളിപ്പാട്ടങ്ങളോ കാല്‍പന്തുകളോ അല്ല അവരുടെ ഇഷ്ട മേഖലകള്‍. അവര്‍ വളര്‍ന്നുവരുന്ന സാഹചര്യങ്ങളും ചുറ്റുപാടുകളും എല്ലാം വളരെ ഉയര്‍ന്ന നിലവാരത്തിലുള്ളതാണ്. മുമ്പ് പതിനഞ്ചും പതിനെട്ടും പ്രായമുള്ള കുട്ടികള്‍ ചോദിക്കുന്ന ചോദ്യങ്ങളാണ് ഇന്ന് അഞ്ചും എട്ടും വയസ്സുള്ള കുട്ടികള്‍ ചോദിച്ചുകൊണ്ടിരിക്കുന്നത്. യോഗ്യരായ അദ്ധ്യാപകരും മന:ശാസ്ത്രപരമായി സമീപിക്കാനറിയുന്ന ഉസ്താദുമാരുമാണ് ഇവിടെ ആവശ്യമായി വരുന്നത്. അങ്ങനെയല്ലാത്തവര്‍ ഇത്തരം മേഖലകള്‍ കൈകാര്യം ചെയ്യുമ്പോള്‍ തീര്‍ത്തും പ്രതികൂലമായ എഫക്ടാണ് ഉണ്ടാകുന്നത്. ആറും ഏഴും ക്ലാസുകളിലെ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുകയെന്നത് അത്ര വലിയ ശ്രമം പിടിച്ച കാര്യമൊന്നുമല്ല. എന്നാല്‍, ഒന്നും രണ്ടും ക്ലാസുകളിലെ കുട്ടികളെ സോഷ്യലൈസേഷന്‍ നടത്തി വളര്‍ത്തി വളര്‍ത്തിക്കൊണ്ടുവരുന്നതിനെ വളരെ ഗൗരവത്തോടെ തന്നെ കാണേണ്ടതുണ്ട്. ഓരോ കുഞ്ഞിന്റെയും ഭാവി നിര്‍ണ്ണയിക്കപ്പെടുന്നത് ഇത്തരം നിര്‍ണ്ണായകമായ സന്ദര്‍ഭങ്ങളായിരിക്കും.
യോഗ്യരായ അദ്ധ്യാപകരുടെ കുറവ്, കാര്യങ്ങളെല്ലാം നിയന്ത്രിക്കുന്നതിലും വീക്ഷിക്കുന്നതിലും കമ്മിറ്റിയുടെ അലംഭാവം, ഈ മേഖലയിലെ രക്ഷിതാക്കളുടെ താല്‍പര്യമില്ലായ്മ തുടങ്ങിയവയെല്ലാം ഈ മേഖലയിലെ ഇന്നത്തെ പ്രധാന പ്രശ്‌നങ്ങളാണ്. മത വിദ്യാഭ്യാസത്തെയും മതമേഖലകളെയും രണ്ടാം കണ്ണോടുകൂടി മാത്രമാണ് പൊതു സമൂഹം നോക്കിക്കാണുന്നത് എന്നതാണ് ഈ മേഖലയിലെ ഏറ്റവും വലിയ പ്രശ്‌നം. ഈ ഒരു അബദ്ധ ധാരണയുടെ ഏറ്റവും വലിയ ബലിയാടുകളാണ് നമ്മുടെ നാട്ടിലെ പാവം ഉസ്താദുമാര്‍. ജീവിതം മുഴുക്കെ മത മേഖലയില്‍ ചിലവഴിക്കുമ്പോഴും ഓരോ നാടിനും ഒരു ഇസ്‌ലാമികാന്തരീക്ഷം സൃഷ്ടിച്ചുനല്‍കുമ്പോഴും അവര്‍ അവഗണനയുടെ പടുകുഴിയില്‍തന്നെയാണ് സ്ഥിചെയ്യുന്നത്. പ്രതി മാസം ലഭിക്കുന്ന തുച്ഛം കാഷുകൊണ്ടാണ് ഇവരുടെ ജീവിതം കഴിഞ്ഞുപോകുന്നത് എന്നത് ഇന്നും ഒരാള്‍ക്കും പിടി കിട്ടാത്ത അല്‍ഭുതമാണ്. സാമൂഹിക പ്രതിബദ്ധതയോ ബന്ധമോ ഇല്ലാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ സമൂഹത്തില്‍ ആസ്വദിക്കുന്ന സ്ഥാനം പോലും ഇവര്‍ക്കിന്ന് ലഭിക്കാതെയായിരിക്കുന്നു.
മുമ്പൊക്കെ ഉണ്ടായിരുന്നപോലെ, ഓരോ മഹല്ലത്തിലുമുണ്ടായിരുന്ന, മതബോധമുള്ള കാരണവന്മാരുടെ പഞ്ഞം ഈ മേഖലയിലെ വലിയൊരു പഞ്ഞമാണ്. ആധുനിക ചലനങ്ങളില്‍ തല്‍പരരായ യുവാക്കളാണ് ഇന്ന് ഓരോ നാടിന്റെയും ഉന്നത സ്ഥാനത്ത് അവരോധിക്കപ്പെട്ടിരിക്കുന്നത്. ഇത്തരം രംഗങ്ങളില്‍ അവിടത്തെ ഉസ്താദുമാര്‍ കേവലം ചട്ടുകങ്ങളായി മാറുന്നുവെന്നത് സ്വാഭാവികമാണ്. ഉസ്താദുമാരുടെ നിഷ്‌ക്രിയത്വമാണ് പലപ്പോഴും ഒരു നാടിന്റെ നിഷ്‌ക്രിയത്വത്തിന് കാരണമാകുന്നതെന്ന് പറയാതിരിക്കാന്‍ വയ്യ. പള്ളിയിലും മദ്‌റസയിലും മാത്രം ഒരു ഉസ്താദ് ചുരുങ്ങുമ്പോള്‍ അവരുടെ സേവനം ഒരു ജോലിയുടെ മതേതര കുപ്പായം അണിയുന്നുവെന്നതാണ് സത്യം. കേരളമുസ്‌ലിം പാരമ്പര്യത്തെ സംബന്ധിച്ചിടത്തോളം ഇതൊരിക്കലും കരണീയമല്ല. പലരും ജോലി എന്ന് പ്രയോഗിക്കുമ്പോഴും നമ്മളിന്നും ഉപയോഗിക്കുന്നത് സേവനം എന്നുതന്നെയാണ്. ഈ മേഖലയില്‍ പണ്ടുമുതലേ പ്രവര്‍ത്തിച്ചിരുന്നവരുടെ ഉദ്ദേശ ശുദ്ധിയാണ് ഇത് കുറിക്കുന്നത്.
ഓരോ നാടിന്റെയും മത സാമൂഹിക സാസ്‌കാരിക വിദ്യാഭ്യാസ മേഖലകള്‍ ഒരു ഉസ്താദിന്റെ കരങ്ങളില്‍ ഭദ്രമാകുമ്പോഴാണ് ആ നാട് ഒരു ഇസ്‌ലാമിക മഹല്ലത്ത് എന്ന സ്ഥാനം വരിക്കുന്നത്. സ്വല്‍പം ഈ മേഖലയില്‍ പിടിപാടും പരിജ്ഞാനവും വേണമെന്ന ആവശ്യമേയുള്ളൂ. ഒരു നാട്ടിലെ സ്വദ്‌റോ ഖഥീബോ ആയി സേവനം ചെയ്യുമ്പോള്‍ ആ നാടിനെക്കുറിച്ച പൂര്‍ണ്ണമായ ഒരു അറിവ് അദ്ദേത്തിന് ഉണ്ടായിരിക്കേണ്ടതുണ്ട്. അവിടെ എത്ര കുടുംബങ്ങളുണ്ടെന്നും എത്ര പേര്‍ ഗള്‍ഫുകാരാണെന്നും എത്രപേര്‍ നാട്ടില്‍ ജോലിചെയ്യുന്നവരാണെന്നും എത്ര വിദ്യാര്‍ത്ഥികളുണ്ടെന്നും അവരുടെ പഠന നിലവാരങ്ങള്‍ എന്തൊക്കെയാണെന്നും എല്ലാം ഒരു ഏകദേശ ബോധം അദ്ദേഹത്തിന് ഉണ്ടായിരിക്കുന്നത് അദ്ദേഹത്തിന്റെ സാമൂഹിക ഉത്ഥാന പ്രവര്‍ത്തനങ്ങള്‍ സുഗമമാകാന്‍ ഏറെ സഹായകമാണ്. ഒരു നാടിന്റെ ഉത്ഥാരകനായി ഉസ്താദ് മാറുമ്പോഴാണ് ആ ഉസ്താദ് സത്യത്തില്‍ തന്റെ ധര്‍മം നിര്‍വഹിക്കുന്നത്. ഇത് ഒരു ഉസ്താദില്‍ മാത്രം പരിമിതപ്പെട്ടു നില്‍ക്കണമെന്നില്ല. അദ്ദേഹത്തിന് മറ്റുള്ളവരുടെ കൂടി സഹായം തേടി ആ നാട്ടില്‍ നല്ലൊരു വിംഗിനെ തയ്യാറാക്കാവുന്നതാണ്. പള്ളിയിലെ ദിക്‌റ് പരിപാടികളിലും നികാഹുകളിലും മരണാനന്തര ചടങ്ങുകളിലും മാത്രം പ്രത്യക്ഷ്യപ്പെടുന്നതിന് പകരം, ഇത്തരം സാമൂഹികവും ക്രിയാത്മകവുമായ കാര്യങ്ങളുമായി സമൂഹത്തിലേക്ക് ഇറങ്ങിവരുമ്പോള്‍ അവരെ സ്വീകരിക്കാന്‍ വലിയൊരു പട തന്നെ ഇവിടെ കാത്തുനില്‍ക്കുന്നുണ്ട് എന്നത് പച്ചയായ ഒരു സത്യമാണ്. അനുഭവത്തിലൂടെ മാത്രമേ അത് മനസ്സിലാവുകയുള്ളൂ. ഉസ്താദുമാര്‍ നാട്ടിലെ ചില പ്രമാണിമാരുടെ വാലാട്ടികളായി മാറിപ്പോകുന്നതിന് പകരം ഇത്തരം ക്രിയാത്മകമായ ഒരു റോളുമായി കടന്നുവരുന്നത് വളരെ ഫലം ചെയ്യുന്നതാണ്. ഓരോ നാട്ടിലെ മത വിദ്യാഭ്യാസത്തിന്റെയും ഒപ്പം, ഭൗതിക വിദ്യാഭ്യാസത്തിന്റെയും വഴികള്‍ നിര്‍ണ്ണയിക്കേണ്ടത് ആ ഉസ്താദിന്റെ കടമയാണ്. പത്താം ക്ലാസ് കഴിഞ്ഞ മദ്‌റസാ വിദ്യാര്‍ത്ഥിയെ ഇനി എങ്ങോട്ട് അയക്കണമെന്നതിനെക്കുറിച്ച് അദ്ദേഹം അവന്റെ രക്ഷിതാവിനെ കണ്ട് സംസാരിച്ച് തീരുമാനിക്കണം. ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് അവനെ തിരിച്ചുവിടാനുള്ള ഒരു കാഴ്ചപ്പാടും ബോധവും സ്വായത്തമാക്കി രക്ഷിതാവിനുമുമ്പില്‍ പറഞ്ഞ് ഫലിപ്പിച്ച് കാര്യം സാധിപ്പിച്ചെടുക്കുമ്പോഴാണ് അദ്ദേഹം തന്റെ പ്രവര്‍ത്തനങ്ങളില്‍ വിജയം കാണുന്നത്. ഭൗതിക മേഖലകളിലും സമാന്തരമായ പ്രവര്‍ത്തനങ്ങള്‍ സജീവമായി നടക്കേണ്ടതുണ്ട്. പല രക്ഷിതാക്കളും ഈ മേഖലയിലൊന്നും അത്ര കാഴ്ചപ്പാടുള്ളവരോ ബോധമുള്ളവരോ അല്ലായെന്നുള്ളതാണ് സത്യം.
മദ്‌റസാ വിദ്യാഭ്യാസം കഴിഞ്ഞാലും വിദ്യാര്‍ത്ഥികളുടെ മേല്‍ ഉസ്താദുമാരുടെ നിയന്ത്രണം വരുമ്പോള്‍ സമൂഹത്തില്‍ വളരെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുമെന്നതില്‍ സംശമില്ല. ആറു വരെയുള്ള മദ്‌റസാ വിദ്യാഭ്യാസവും പിന്നെ, എസ് എസ് എല്‍ സി തോറ്റാലും ജയിച്ചാലും നാട്ടില്‍ മണല്‍ വാരാനിറങ്ങാമെന്ന- ഇന്ന് പൊതുവെ പല നാടുകളിലും ഉയര്‍ന്നുവന്നിട്ടുള്ള ഒരു ട്രന്റ് മാറ്റിയെടുക്കാന്‍ ഇത് സഹായകമാകുന്നതാണ്. വിദ്യാഭ്യാസ മേഖല തിരിഞ്ഞുനോക്കുകപോലും ചെയ്യാതെ പൂര്‍ണ്ണ അജ്ഞനായി ഗള്‍ഫുനാടുകളിലേക്ക് കയറിപ്പോകുന്ന പ്രവണതക്കും ഇതുവഴി ഒരളവോളം നിയന്ത്രണം രേഖപ്പെടുത്താന്‍ സാധിക്കും. ശാസ്ത്രീയ വിഷയങ്ങളിലും ആര്‍ട്‌സ് മേഖലകളിലുമെല്ലാം ഡിഗ്രിയും പിജിയും പി.എച്ച്.ഡിയും കരസ്ഥമാക്കിയ മത ബോധമുള്ള ഒരു പുതിയ തലമുറ വളര്‍ന്നുവരുന്നതോടെ പിന്നീടുള്ള മതപ്രവര്‍ത്തന മേഖലകള്‍ ഏറെ സഗമമാകുമെന്നതാണ് നാം ഇവിടെ നിന്നും വായിക്കേണ്ടത്. നമ്മുടെ ഭാഗത്തുനിന്നുമുള്ള അലംഭാവങ്ങളാണ് പലപ്പോഴും നമ്മുടെ പിന്നാക്കത്തിന് കാരണമാകുന്നതെന്ന് നമ്മള്‍ തിരിച്ചറിഞ്ഞേ തീരൂ. ഓരോ നാടുകളും ഇസ്‌ലാമികമായി സജീവമാവുകയും അവിടങ്ങളിലെ ഉസ്തദുമാരും കാരണവന്മാരും തങ്ങളുടെ സൗമൂഹിക ഉത്തരവാദിത്തം പൂര്‍ണ്ണമായും നിര്‍വ്വഹിക്കുകയും ചെയ്താല്‍ വലിയൊരു മാറ്റം നമ്മുടെ പ്രവര്‍ത്തന-ചിന്താ ലോകത്ത് ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുമെന്നതാണ് സത്യം.
നമ്മുടെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളിലും സജീവമായ ചിന്തകളുണരേണ്ട സമയമാണിത്. ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്ന സര്‍വ്വമാന നിയമങ്ങളുടെയും വെളിച്ചത്തില്‍തന്നെ അവള്‍ക്ക് സജീവമായ മത ഭൗതിക പഠനത്തിനുള്ള അവസരങ്ങള്‍ സൃഷ്ടിക്കപ്പെടേണ്ടതുണ്ട്. ആറോ ഏഴോ വരെ മാത്രമുള്ള മത പഠനം കൊണ്ടും പത്തുവരെയുള്ള ഭൗതിക പഠനം കൊണ്ടും മാത്രം തന്റെ ജീവിതം കാലം മുഴുക്കെ മുന്നോട്ടുപോവുകയെന്നത് തീര്‍ത്തും ശ്രമകരമായ ഒരു കാര്യംതന്നെയാണ്. കേവലം തന്റെ വൈയക്തിക ജീവിതം ഇസ്‌ലാമികമായി ചിട്ടപ്പെടുത്താന്‍ പോലും അവള്‍ക്ക് സാധിക്കുന്നില്ലായെന്നതാണ് ഇന്നത്തെ പരിതസ്ഥിതി. ആണ്‍കുട്ടികളെപ്പോലെ പുറത്ത് പോയി മറ്റു പരിപാടികളില്‍ പങ്കെടുക്കാനോ അറിവുകള്‍ കരസ്ഥമാക്കാനോ അവള്‍ക്ക് സാധിക്കുന്നില്ല. അങ്ങനെ വരുമ്പോള്‍ ചുരുങ്ങിയ അറിവുകളുടെമേല്‍ അള്‍ ചുരുങ്ങി തീരുകയാണ്. നമ്മുടെ നാട്ടിലെ ഒരു പെണ്‍കുട്ടിയുടെ കഥയെടുത്ത് ചിന്തിച്ചുനോക്കുക. അവള്‍ക്ക് എവിടെനിന്നാണ് ആഴത്തിലുള്ള അറിവു ലഭിക്കുന്നത്? അറിവ് പഠിക്കാന്‍ മതം നിഷ്‌കര്‍ഷിച്ചിരിക്കെ അതിനുള്ള സൗകര്യങ്ങള്‍ നമ്മള്‍ ഒരുക്കാതിരിക്കുന്നത് വലിയ പാതകമാണ്. മറക്കു പിന്നിലിരുന്ന് എത്ര കാലമാണ് അവര്‍ ഇനിയും വയളുകളും ക്ലാസുകളും കേള്‍ക്കുക? മറക്കു മുന്നിലിരിക്കുന്നവര്‍ക്ക് തന്നെ ഇതൊന്നും വേണ്ടപോലെ ഏശുന്നില്ലെങ്കില്‍ ഇതെങ്ങനെയാണ് അവരില്‍ പ്രതിഫലനങ്ങള്‍ ഉണ്ടാക്കുന്നത്?
ഒരു പെണ്‍കുട്ടിയെന്നത് കേവലം അതേ ലാബലില്‍ മാത്രം ഇരിക്കുന്നവളല്ല. ഉമ്മ എന്ന അതി മഹത്തരമായ ഒരു സ്ഥാനത്തേക്ക് വളര്‍ന്നുവരുന്നവളാണവള്‍. ഒരു തലമുറയുടെ സംരക്ഷണ ദൗത്യമാണ് അപ്പോള്‍ അവരുടെ കരങ്ങളിലിരിക്കുന്നത്. ആവശ്യമായ മത ഭൗതിക വിദ്യാഭ്യാസമില്ലാതെ ഈയൊരു തലം വേണ്ടപോലെ കൈകാര്യം ചെയ്യാന്‍ സാധിക്കില്ലായെന്നത് രണ്ട് അഭിപ്രായത്തിന് വകയില്ലാത്ത കാര്യമാണ്. അതിനാല്‍ ഈയൊരു കാലഘട്ടത്തില്‍ അവളുടെ മത ഭൗതിക വിദ്യാഭ്യാസത്തിനുള്ള പ്രേരണകളും വഴികളും കൂടുതലായും ഉയര്‍ന്നുവരേണ്ടതുണ്ട്. മക്കളെ വേണ്ടപോലെ വളര്‍ത്തിയെടുക്കാന്‍ വരുംതലമുറയിലെ സ്ത്രീകള്‍ക്ക് സാധിക്കണം. ഇതുവരെയുള്ള അറിവ് കൊണ്ടോ അറിവിനെക്കുറിച്ച സങ്കല്‍പം കൊണ്ടോ അതിന് സാധിക്കില്ല. മറക്ക് പിന്നിലിരിക്കുന്നതിന് പകരം മറയില്ലാതെ സ്ത്രീകള്‍ തന്നെ സ്തീകള്‍ക്ക് ക്ലാസെടുക്കുന്ന അവസ്ഥകളും നമ്മില്‍ സജീവമായി വളര്‍ന്നുവരേണ്ടതുണ്ട്. നമ്മുടെ ഭാര്യമാരുടെയും സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും മാനസികാവസ്ഥ വികസിക്കാനും സംശയങ്ങള്‍ ദുരീകരിക്കാനും അവള്‍ക്ക് സ്വപ്നങ്ങള്‍ കാണാനുമെല്ലാം സാധിക്കുക അപ്പോള്‍ മാത്രമാണ്. ഇത്രയും പറഞ്ഞതില്‍നിന്നും നമ്മുടെ പെണ്‍കുട്ടികളെ വൃത്തികെട്ട സമകാലിക വിദ്യാഭ്യാസ മേഖലകളിലേക്ക് നിയന്ത്രണമില്ലാതെ, തട്ടമഴിച്ച് അഴിച്ചുവിടണമെന്ന് മനസ്സിലാക്കരുത്. നമ്മുടെ മക്കളെ മക്കളായി തന്നെ ലഭിക്കാന്‍ ആവശ്യമായ സൗകര്യങ്ങളും അവസരങ്ങളുമൊരുക്കി, ശക്തമായി രംഗത്തിറങ്ങുകയാണ് വേണ്ടത്. ആണ്‍ കുട്ടികള്‍ക്ക് മുഴത്തിന് മുഴം സ്ഥാപനങ്ങള്‍ ഉയര്‍ന്നുവരുമ്പോഴും ഇസ്‌ലാമിക ചിട്ടയോടും തര്‍ബിയ്യത്തോടും കൂടി പെണ്‍കുട്ടികളെ വളര്‍ത്തിക്കൊണ്ടുവരാന്‍ ഏന്തുകൊണ്ടാണ് കൂടുതല്‍ സ്ഥാപനങ്ങള്‍ ജന്മമെടുക്കാത്തത്?
Leave A Comment