മുത്വലാഖ്: പാസ്സാക്കിയത് വിവേചനപരമായ നിയമം

മുത്തലാഖിന്നായി ഓര്‍ഡിനന്‍സ് ഇറക്കിയും രണ്ട് വട്ടം ലോക്‌സഭയില്‍ തിടുക്കപ്പെട്ട് പാസ്സാക്കിയും മുസ്ലിം വനിതകളുടെ എന്ത് അവകാശം സംരക്ഷിക്കുന്നതിനുവേണ്ടിയാണ്? ഇതിലൂടെ എന്ത് അവകാശമാണ് സംരക്ഷിക്കപ്പെടുന്നത്?

വിവാഹമോചനത്തിന് ഭര്‍ത്താവിനെ മൂന്ന് വര്‍ഷം ജയിലില്‍ ഇടാനുള്ള വ്യവസ്ഥ മറ്റൊരു സമുദായത്തിലും ഇല്ലാതിരിക്കെ മുസ്ലിംകള്‍ക്ക് മാത്രമായി ഇത്തരം നിയമമുണ്ടാക്കുന്നത് എന്തിന്ന് വേണ്ടിയാണ്?

രണ്ട് സഭകളിലേയും പ്രതിനിധികള്‍ ഉള്‍പെട്ട സെലക്ട് കമ്മറ്റിക്ക് വിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളിക്കളഞ്ഞ് തിടുക്കത്തില്‍ പാസ്സാക്കിയത് ആരെ തൃപ്തിപ്പെടുത്താനാണ് ?

വിവാഹം, വിവാഹമോചനം, സ്വത്തവകാശം, കുട്ടികളുടെ സംരക്ഷണം എന്നിവ മുസ്ലിം വ്യക്തിനിയമത്തിന്റെ ഭാഗമായതിനാല്‍ അതിലുള്ള ഇടപെടല്‍ മൗലികാവകാശത്തിലുള്ള ഇടപെടലല്ലേ എന്ന ചോദ്യം ആര്‍ക്കാണ് തളളിക്കളയാന്‍ സാധിക്കുക ?

ഏത് സമയവും വിവാഹമോചനത്തിന് ഇരയാകാമെന്ന ഉള്‍ ഭീതിയിലാണ് മുസ്ലിം സ്ത്രീകളുള്ളതെന്നും അവരെ സംരക്ഷിക്കാനാണ് മുത്തലാഖ് നിയമവുമെന്ന വാദത്തില്‍ എന്ത് ന്യായമാണുള്ളത് ?

ജാതി-മത ഭേദമന്യേ മൊഴിചൊല്ലപ്പെട്ട എല്ലാ സ്ത്രീകളുടെയും കണക്കുകള്‍ പരിശോധിക്കുകയും അതില്‍ ഇത്ര മുസ്ലിം സ്ത്രീകളുടെ ജീവിതം മുത്വലാഖ് വഴി അപകടത്തിലായെന്നും തെളിയിക്കാന്‍ അധികാരികള്‍ക്ക് സാധിക്കുമോ ?

രാജ്യത്ത് മൊഴിചൊല്ലപ്പെട്ട എല്ലാ സ്ത്രീകളുടേയും വിശദവിവരങ്ങളടങ്ങിയ 'ധവളപത്രം' പ്രസിദ്ധീകരിക്കാന്‍ അധികാരികള്‍ തയ്യാറാകുമോ ?

മുസ്ലിം പുരുഷന്‍മാരെല്ലാം ഭാര്യമാരെ പീഢിപ്പിക്കുന്നവരാണെന്ന് പറയാതെ പറഞ്ഞ് ഒരു വിഭാഗത്തെ താറടിക്കാനുള്ള ഗൂഢശ്രമമല്ലേ ഇതിന്റെ പിറകിലുള്ളത് ?

ഹിന്ദു, കൃസ്ത്യന്‍ സിവില്‍ നിയമങ്ങളിലൊന്നും കുടുംബ വിഷയങ്ങള്‍ ക്രിമിനല്‍ കുറ്റമല്ലാതിരിക്കെ മുസ്ലിം കുടുംബ നിയമങ്ങള്‍ മാത്രം ക്രിമിനല്‍ കുറ്റമാക്കുന്നത് ഇരട്ട നീതിയല്ലേ ?

ഭരണഘടനാ തത്വ പ്രകാരം സര്‍ക്കാര്‍ മതത്തില്‍ ഇടപെടാന്‍ പാടില്ലെന്ന് സുപ്രിം കോടതി വ്യക്തമായി പറഞ്ഞിരാക്കെ മുത്തലാഖിന് സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തിയത് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ?

മുസ്ലിംകള്‍ക്ക് നേരെ നടക്കുന്ന ആള്‍ക്കൂട്ട അതിക്രമങ്ങള്‍ക്ക് നേരെ നിയമനിര്‍മ്മാണത്തിന് രാജ്യം ആവശ്യപ്പെട്ടിട്ടും അതെല്ലാം കണ്ടില്ലെന്ന് നടിക്കുകയും അനിവാര്യ ഘട്ടത്തില്‍ അവസാന ഘട്ടത്തില്‍ അത്യപൂര്‍വ്വം വ്യക്തികള്‍ മാത്രം പ്രയോഗിക്കുന്ന മുത്തലാഖിനെ പൊതു പ്രശ്‌നമായി ഉയര്‍ത്തി കൊണ്ട് വന്നത് രാഷ്ട്രീയ ലാഭത്തന്ന് വേണ്ടിയല്ലെങ്കില്‍ പിന്നെയെന്തിനാണത് ?

മുത്തലാഖ് ബില്‍ അപകടം നിറഞ്ഞത് തന്നെയാണ്. മുസ്ലിം വ്യക്തിനിയമത്തിലുള്ള കടന്ന് കയറ്റമാണ്. ഒരു സമൂഹത്തെ ആസകലം താറടിക്കാനുള്ള നിഗൂഢ ശ്രമമാണ്. ഏകസിവില്‍ കോഡിന് വഴിയൊരുക്കും വിധത്തില്‍ മതത്തില്‍ കൈകടത്തലാണ്.

രാജ്യത്തിന്റെ ബഹുസ്വരതയെ ബഹുവര്‍ണ്ണത്തെ നമുക്ക് മാനിക്കാം.

അതിനെ തകര്‍ക്കുന്ന ഹീന ശ്രമങ്ങള്‍ക്കെതിരെ ജാതി മത ഭേദമന്യേ കൈകോര്‍ക്കാം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter