ഡോ. കഫീല്‍ ഖാന്​  നീതി ലഭ്യമാക്കണം:യോഗി ആദിത്യനാഥിന് പ്രിയങ്ക ഗാന്ധിയുടെ കത്ത്
ലഖ്നോ:പൗരത്വഭേദഗതി നിയമത്തിനെതിരെ നടന്ന പരിപാടിയിൽ പങ്കെടുത്തതിന്റെ പേരിൽ ഉത്തര്‍പ്രദേശ്​ പൊലീസ്​ മുംബൈയില്‍നിന്ന്​ അറസ്​റ്റ്​ ചെയ്​ത ഡോ. കഫീല്‍ ഖാന്​ നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തെഴുതി. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ അവബോധം കാണിക്കുമെന്നും കഫീല്‍ ഖാന് നീതി ലഭ്യമാക്കാനായി ഇടപെടുമെന്നുമാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും പ്രിയങ്ക കത്തില്‍ പറഞ്ഞു.

അലീഗഢ് മുസ്ലിം സര്‍വകലാശാലയില്‍ നടന്ന സിഎഎ വിരുദ്ധ സമരത്തില്‍ പങ്കെടുത്ത് വിദ്വേഷ പ്രസംഗം നടത്തിയെന്ന പേരില്‍ 2020 ജനുവരി 29നാണ് ഡോ. കഫീല്‍ ഖാനെ അറസ്റ്റ് ചെയ്തത്. കേസിൽ ഹൈക്കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ ദേശസുരക്ഷാ നിയമം ചുമത്തുകയും ചെയ്ത് വീണ്ടും ജയിലിൽ അടയ്ക്കുകയായിരുന്നു സർക്കാർ. കഫീല്‍ ഖാന്‍ ജനങ്ങള്‍ക്കായി നിസ്വാര്‍ഥ പ്രവര്‍ത്തനം നടത്തിയ വ്യക്തിയാണെന്ന് പ്രിയങ്ക കത്തില്‍ പറഞ്ഞു. ഏറെ പ്രയാസകരമായ സാഹചര്യത്തില്‍ ഉള്‍പ്പടെ അദ്ദേഹം ജനങ്ങള്‍ക്കായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതുവരെ 450ലേറെ ദിവസം അദ്ദേഹം ജയിലില്‍ കഴിഞ്ഞിട്ടുണ്ടെന്നും പ്രിയങ്ക ഓര്‍മിപ്പിച്ചു. കഫീല്‍ ഖാന്‍റെ മോചനം ആവശ്യപ്പെട്ട് വ്യാപക പ്രക്ഷോഭത്തിന് കോണ്‍ഗ്രസ് ഒരുങ്ങുന്നു എന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്.

നേരത്തെ, 2017 ആഗസ്റ്റില്‍ ഖൊരക്പൂര്‍ ബി.ആര്‍.ഡി ആശുപത്രിയിൽ ഓക്സിജൻ സിലിണ്ടർ ദൗർലഭ്യത മൂലം കൂട്ട ശിശുമരണം സംഭവിച്ചതുമായി ബന്ധപ്പെട്ടാണ് ഡോ. കഫീല്‍ ഖാനെ ജയിലിലടച്ചത്. സ്വന്തം വീഴ്ച മറികടക്കാനായി സ്വന്തം നിലക്ക് ഓക്സിജന്‍ സിലിണ്ടറുകള്‍ എത്തിച്ച്‌ കഫീല്‍ ഖാന്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ കഫീല്‍ ഖാനെ യോഗി സര്‍ക്കാര്‍ ബലിയാടാക്കുകയായിരുന്നു. അങ്ങനെ കുട്ടികളുടെ മരണത്തിന് ഉത്തരവാദിയാക്കി അറസ്റ്റ് ചെയ്യുകയായിരുന്നു.

ഈ കേസിൽ 2018 ഏപ്രിലിലാണ് കബീൽ ഖാന് ജാമ്യം ലഭിച്ചത്. പിന്നീട്, 2019ല്‍ വകുപ്പുതല അന്വേഷണത്തില്‍ അദ്ദേഹം കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയിരുന്നു. കോവിഡിന്‍റെ സാഹചര്യത്തില്‍ സാമൂഹിക അകലം പാലിക്കാത്ത ജയിലില്‍ വന്‍ വിപത്തിന് സാധ്യതയുണ്ടെന്ന് കാട്ടി കഫീല്‍ ഖാന്‍ മഥുര ജയിലില്‍നിന്ന് ആഴ്ചകള്‍ക്ക് മുമ്പ് കത്തെഴുതിയതാണ് അദ്ദേഹത്തിന് നേരെയുള്ള ഭരണകൂടം അനീതി ചർച്ചയായത്. 534 പേരെ പാര്‍പ്പിക്കാന്‍ സൗകര്യമുള്ള ജയിലില്‍ 1600ഓളം പേരാണുള്ളതെന്നും ഇവർക്കായി ആകെ ആറ് ശുചിമുറികള്‍ മാത്രമാണെന്നും കത്തില്‍ പറഞ്ഞിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter