ചരിത്രം കഥ പറയുന്നു:  ഹജ്ജ് മുടക്കപ്പെട്ട ആ ദിനങ്ങൾ
കൊറോണ വൈറസ് വ്യാപനം തടയുന്നതിന് വേണ്ടി 25 ലക്ഷം ആളുകൾ പങ്കെടുക്കുന്ന ഹജ്ജിൽ നിന്ന് വ്യത്യസ്തമായി വെറും ആയിരം പേർ മാത്രം തെരഞ്ഞെടുത്താണ് ഈ വർഷത്തെ ഹജ്ജ് നടക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഹജ്ജിന് അവസരം ലഭിച്ച ലക്ഷക്കണക്കിന് ആളുകളാണ് ഈ വർഷം അവസരം നിഷേധിക്കപ്പെട്ടത്. ഹജ്ജ് പൂർണമായും ഉപേക്ഷിക്കപ്പെട്ട വർഷങ്ങളും ഭാഗികമായി ചില പ്രദേശത്തുകാർക്ക് ഹജ്ജ് ചെയ്യാൻ അവസരം ലഭിക്കാത്ത സംഭവങ്ങളും ചരിത്രത്തിൽ നിരവധിയുണ്ട്.

അമവി കളുടെയും പ്രമുഖ സ്വഹാബി വര്യൻ അബ്ദുല്ല ബിൻ സുബൈറിന്റെ റ യുമിടയിൽ സംഘട്ടനമുണ്ടായ ഹി 70കളിൽ അബ്ദുല്ല റയുടെ കൂടെ ഉണ്ടായിരുന്നവർക്ക് ഹജ്ജ് നിർവഹിക്കാൻ സാധിച്ചിരുന്നില്ല. കാരണം അവർ അമവികളുടെ ഉപരോധത്തെ നേരിടുകയായിരുന്നു. ഉപരോധംമൂലം അറഫയിൽ പങ്കെടുക്കാൻ സാധിക്കാതിരുന്നതോടെ അവരുടെ ഹജ്ജ് പൂർത്തിയായില്ല ക്രി. വർഷം 763 ൽ ഇബ്റാഹീം, മുഹമ്മദ് എന്നീ രണ്ട് സഹോദരങ്ങളുടെ നേതൃത്വത്തിൽ നടന്ന അബ്ബാസി വിരുദ്ധ കലാപത്തെ തുടർന്ന് മിസ്റിലുള്ള ജനങ്ങൾക്ക് ഹജ്ജ് നിഷേധിക്കപ്പെട്ടു.

ക്രി. 930ൽ തീവ്ര ശിയാ സംഘമായ ഖറാമിതകൾ ഹജ്ജ് നിർവഹിക്കാനെത്തിയ 30,000 പേരെ കൂട്ടക്കൊല ചെയ്യുകയും മസ്ജിദുൽ ഹറം കൊള്ളയടിക്കുകയും ഹജറുൽ അസ്‌വദ് മോഷ്ടിക്കുകയും ചെയ്തു. ഇതേതുടർന്ന് 10 വർഷമാണ് ഹജ്ജ് നടക്കാതെ പോയത്. പത്തു വർഷങ്ങൾക്കു ശേഷം ഹജറുൽ അസ്‌വദ് തിരികെ യഥാസ്ഥാനത്ത് പുന:സ്ഥാപിച്ചതോടെയാണ് ഹജ്ജ് പുനരാരംഭിച്ചത്.

ക്രി 865 ല്‍ അബ്ബാസീ ഖിലാഫത്തിനെതിരെ ആക്രമണം നടത്തിയ അല്‍ സഫക്ക് എന്നറിയപ്പെട്ടിരുന്ന ഇസ്മാഈല്‍ ബിന്‍ യൂസുഫും സംഘവും അറഫയില്‍ ഒരുമിച്ചുകൂടിയ തീര്‍ത്ഥാടകരെ കൂട്ടക്കൊല ചെയ്തതിനെ തുടർന്നും ഹജ്ജ് പൂർണമായും നിർത്തി വെക്കേണ്ടി വന്നിട്ടുണ്ട്. 1169 കാലയളവില്‍ നൂറുദ്ദീൻ സങ്കി ഈജിപ്ത് തന്റെ വരുതിയിലാക്കുകയും അവിടെ മന്ത്രിയായി ശിർകൂഹിനെയും അദ്ദേഹത്തിന്റെ വിയോഗശേഷം സലാഹുദ്ദീൻ അയ്യൂബിയെയും തെരഞ്ഞെടുത്തു. കുരിശ് യുദ്ധത്തിന്റെ തീച്ചൂളയിലായിരുന്നു ഈ സമയത്ത് ശാം. ക്രി. 1099 ൽ കുരിശ് പോരാളികൾ ജെറുസലേം കീഴടക്കുകയും ജെറുസലേമിലെ മുസ്‌ലിംകളെ മുഴുവൻ കൂട്ടക്കൊല ചെയ്യുകയും ചെയ്തു. സമീപ നഗരങ്ങളും അവർ കീഴടക്കി. ഇതിനെതിരെയുള്ള ഉള്ള ചെറുത്തുനിൽപ്പായിരുന്നു ഇമാദുദ്ദീൻ സങ്കിയുടെയും പുത്രൻ നൂറുദ്ദീൻ സങ്കിയുടെയും പോരാട്ടം. നൂറുദ്ദീൻ സങ്കിയുടെ ആശീർവാദ പ്രകാരം ഈജിപ്തിന്റെ മന്ത്രിസ്ഥാനമേറ്റെടുത്ത സ്വലാഹുദ്ദീൻ അയ്യൂബി 200 വർഷങ്ങൾ നീണ്ടു നിന്ന ഇസ്മിഈലീ ശിയാ സരണിയെ പിൻപറ്റുന്ന ഫാത്തിമി ഖിലാഫത്ത് തന്നെ അവസാനിപ്പിക്കുകയും സുന്നീ ആദർശ പ്രകാരമുള്ള അബ്ബാസി ഖിലാഫത്തിന് കീഴിൽ ഈജിപ്തിനെ കൊണ്ട് വരികയും ചെയ്തു . ആ രണ്ടു വർഷങ്ങളിൽ ശാംകാർക്ക് ഹജ്ജ് നിഷേധിക്കപ്പെട്ടു.

1228 ൽ അയ്യൂബി ഭരണകർത്താക്കൾക്ക് ഇടയിലെ ആഭ്യന്തരകലഹം മൂലവും ഹജ്ജ് ശാമുകാർക്ക് ഹജ്ജിന് എത്താൻ സാധിക്കാതെ വന്നിട്ടുണ്ട്.

1233 ൽ യൂഫ്രട്ടീസ് വെള്ളപ്പൊക്കത്തെ തുടർന്ന് നിരവധി ഹജ്ജ് തീർഥാടകർക്ക് അവസരം ലഭിച്ചില്ല. പ്ലാഗും വൈറസ് വ്യാപനവും 1837 ൽ മക്കയില്‍ പടര്‍ന്ന്പിടിച്ചതോടെ 3 വര്‍ഷം ഹജ്ജ് നീട്ടിവെച്ചു. 1846 ല്‍ കോളറ പടര്‍ന്നുപിടിച്ച് 15,000ത്തോളം പേര്‍ മരണമടഞ്ഞപ്പോഴും ഹജ്ജ് നിറുത്തിവെച്ചിരുന്നു.

പത്തൊമ്പതാം നൂറ്റാണ്ടിലെ അവസാനത്തിൽ ഇന്ത്യയിൽ പ്ലേഗ് പടർന്നുപിടിച്ചതിനെ തുടർന്ന് ഇന്ത്യയിലെ ഹാജിമാർക്ക് ഹജ്ജ് ചെയ്യാൻ അനുമതി നിഷേധിക്കപ്പെട്ടു. മലബാറിൽ വേണ്ടത്ര കേസുകൾ ഇല്ലായിരുന്നെങ്കിലും ഹജ്ജ് യാത്ര പോകേണ്ടിയിരുന്നത് പ്ലേഗ് പടർന്നുപിടിച്ച ബോംബെയിൽ നിന്നായിരുന്നതിനാൽ ബ്രിട്ടീഷ് സർക്കാർ അനുമതി കൊടുത്തില്ല, ലോകത്തിന്റെ വിവിധ ഭാഗത്ത് നിന്നുള്ള പതിനായിരങ്ങൾ പങ്കെടുക്കുന്ന ഹജ്ജിൽ ഇന്ത്യയിൽ നിന്നൊരാൾ പ്ലേഗ് പരത്തുന്നത് വലിയ പാതകമാവുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ബ്രിട്ടീഷ് സർക്കാർ അനുമതി നിഷേധിച്ചത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter