കൊറോണ വ്യാപനം: ആശങ്കക്ക് നടുവിൽ സിറിയ

ലോകത്തെ മുഴുവൻ രാജ്യങ്ങളും കൊറോണ വൈറസിനെ പിടിച്ച് കെട്ടാനായി കൊണ്ടുപിടിച്ച ശ്രമം നടത്തുന്നതിനിടെ സിറിയയിൽ കൊറോണ ബാധിച്ചിട്ടില്ലെന്ന നിഷേധാത്മക നിലപാടായിരുന്നു പ്രസിഡണ്ട് ബശ്ശാറുൽ അസദ് തുടക്കത്തിൽ സ്വീകരിച്ചിരുന്നത്. എന്നാൽ മാർച്ച് 22ന് സിറിയൻ ആരോഗ്യമന്ത്രി പൊതുജനമധ്യത്തിൽ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തതായി അറിയിച്ചതോടെ ഈ നിഷേധങ്ങൾക്കെല്ലാം അറുതിയായി. വൈറസിനെ ചെറുക്കാനായി ലബനാൻ അതിർത്തി പൂർണമായും അടക്കുന്നതടക്കം ചില അല്ലറ ചില്ലറ നടപടികൾ സർക്കാർ സ്വീകരിക്കുകയും ചെയ്തെങ്കിലും അതൊക്കെ എത്രമാത്രം പ്രയോജനപ്പെടുമെന്ന് കണ്ടറിയേണ്ടതാണ്.

കാരണം, മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് സിറിയ നിലവിൽ തന്നെ ഏറെ പരിതാപകരമായ സ്ഥിതിയിലാണുള്ളത്. കൊറോണയുമായി ബന്ധപ്പെട്ട് രാജ്യത്ത് നിരവധി ആശങ്കകളാണുള്ളത്. അസദ് സർക്കാറിനെ താങ്ങി നിർത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത് ഇറാനിൽ നിന്ന് വരുന്ന പോരാളികളാണെന്നതാണ് ഒന്നാമത്തെ ആശങ്ക. ഇറാനാവട്ടെ 20,000 കൊറോണ രോഗികളും 1550 മരണവുമായി ഏറെ അപകടാവസ്ഥയിലുള്ള രാജ്യമാണ്. പാകിസ്ഥാനിൽ ആദ്യമായി കൊറോണ ബാധിച്ചത് സിറിയൻ സർക്കാരിന് കീഴിലുള്ള പ്രദേശത്തുനിന്ന് മടങ്ങിവന്ന പോരാളികളിൽ നിന്നാണെന്നത് സിറിയയെ സംബന്ധിച്ചിടത്തോളം ഏറെ നെഞ്ചിടിപ്പേറ്റുന്ന വാർത്തയാണ്

സിറിയയിലെ ശോചനീയമായ ആരോഗ്യ രംഗം

സിറിയയെ സംബന്ധിച്ചിടത്തോളം ഏറെ ആശങ്കപ്പെടുത്തുന്ന ഘടകം രാജ്യത്തെ ആരോഗ്യ മേഖല ഏറെ ശോചനീയമാണന്നതാണ്. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് സിറിയയിലെ 70% ആരോഗ്യപ്രവർത്തകരും രാജ്യം വിട്ടുപോയിട്ടുണ്ട്. കഴിഞ്ഞ വർഷാവസാനത്തെ കണക്കനുസരിച്ച് രാജ്യത്തെ 64% ഹോസ്പിറ്റലുകളും 52% പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും മാത്രമേ പ്രവർത്തനക്ഷമമായുള്ളൂ. അതിനാൽ കോവിഡ് പോലൊരു മഹാമാരിയെ പ്രതിരോധിക്കാൻ സിറിയക്ക് സാധിച്ചു കൊള്ളണമെന്നില്ല.

ഒമ്പതു വർഷമായി തുടർന്നുകൊണ്ടിരിക്കുന്ന ആഭ്യന്തരയുദ്ധം രാജ്യത്തെ ദശലക്ഷക്കണക്കിന് പൗരന്മാരെ രാജ്യം വിടാൻ നിർബന്ധിതരാക്കിട്ടുണ്ടെന്ന വസ്തുതയും ഇതിനോട് കൂട്ടിവായിക്കേണ്ടതാണ്. അതിനുപുറമേ നാല് ദശലക്ഷം ജനങ്ങൾ വടക്ക് പടിഞ്ഞാറൻ സിറിയയിലെ ഇദ്ലിബ് പ്രവിശ്യയിൽ ഏറെ പ്രയാസത്തോടെയാണ് ജീവിതം തള്ളിനീക്കുന്നത്.

ദുരിതാശ്വാസ ക്യാമ്പുകളിലെ വൃത്തിയുടെ തോത് വിവരണാതീതമാണ്. "കൈകൾ കൈകണമെന്നാണോ നിങ്ങൾ പറയുന്നത്, ഒരാഴ്ചയോളം കുട്ടികളെ കുളിപ്പിക്കാൻ കഴിയാത്ത ജനങ്ങളാണ് ഇവിടെ ജീവിക്കുന്നത്" . ഇദ്ലിബിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന മറാം ഫൗണ്ടേഷൻ ഡയറക്ടറുടെ വാക്കുകളാണിത്.

ഇദ്ലിബിൽ യാതൊരു രക്ഷയുമില്ല

ഇന്നത്തെ സാഹചര്യം അനുസരിച്ച് ഇദ്ലിബിൽ കൊറോണ വൈറസ് പരിശോധിക്കാനുള്ള സംവിധാനമില്ല. തുർക്കിയിലെ ലബോറട്ടറികളിലേക്ക് അയക്കുന്നതാണ് മുന്നിലുള്ള ഏക പോംവഴി. എന്നാൽ തുർക്കി അതിർത്തികളിലെ ലക്ഷകണക്കിന് അഭയാർത്ഥികളുടെ ദുരിത ജീവിതം ആ സാധ്യതകളെ വിദൂരമാക്കുന്നു. ലോക ആരോഗ്യ സംഘടനയുടെ കിഴക്കൻ തുർക്കിയിലെ വക്താവായ ഹെദിൻ ഹാൽഢോർസൺ പറയുന്നത് അടുത്ത ആഴ്ച തന്നെ പരിശോധനാ കിറ്റുകൾ പ്രദേശത്ത് എത്തിച്ചേരുമെന്നാണ്. എന്നാൽ എത്രയെന്നോ എപ്പോഴാണെന്നോ ഉറപ്പില്ല.

ഈ വാർത്ത ശുഭസൂചകമാണെങ്കിലും അപ്പോഴും ആശ്വാസത്തിനു വകയില്ല, കാരണം ഐക്യരാഷ്ട്രസഭ പരിശോധന കിറ്റുകൾ അയച്ചു കൊടുക്കുന്നത് അംഗീകൃത സർക്കാരിനാണ്. ഇദ്ലിബാവട്ടെ, സർക്കാരിൻറെ നേരിട്ടുള്ള നിയന്ത്രണത്തിൽ അല്ല താനും. ലൈലാ ഹാസോ ചൂണ്ടിക്കാട്ടുന്ന മറ്റൊരു പ്രധാന കാര്യം പ്രദേശത്ത് വേണ്ടത്ര മാസ്കുകളോ, ഗ്ലൗസോ ലഭ്യമല്ലെന്നതാണ്. മാത്രമല്ല വരുമാനത്തിനായി പാവപ്പെട്ടവർക്ക് പുറത്തിറങ്ങിയ തീരൂവെന്ന അവസ്ഥയുമുണ്ട്.

ജയിലുകളിലെ അവസ്ഥ

രാജ്യത്തെ പൊതുജനങ്ങളുടെ അവസ്ഥ തന്നെ ഏറെ പരിതാപകരമാണന്നിരിക്കെ ജയിലുകളിലെ തടവുപുള്ളികളെ കൊറോണ വൈറസ് ബാധയിൽ നിന്ന് സംരക്ഷികുന്നത് ദുശ്കരമായിരിക്കുമെന്നതിൽ സംശയമില്ല. സിറിയയിലെ സർക്കാർ ജയിലുകളിലെ വൃത്തിഹീനതയും ജയിൽ പുള്ളികളുടെ ആധിക്യവും കൊറോണയുടെ പ്രതിരോധത്തെ ദുർബലമാക്കുമെന്നാണ് ഹ്യൂമൻ റൈറ്റ്സ് വാച്ച് മുന്നറിയിപ്പു നൽകുന്നത്. മതിയായ ഭക്ഷണമോ ശുചിത്വമോ ഇല്ലാത്ത ജയിലുകളിൽ വൈറസ് പടർന്നു പിടിച്ചാൽ അതുണ്ടാക്കുന്ന നഷ്ടങ്ങൾ കണക്കാക്കുന്നതിനും അപ്പുറമായിരിക്കും. ഈ ശോചനീയമായ അവസ്ഥക്ക് എത്രയും പെട്ടെന്ന് പരിഹാരം കണ്ടാൽ മാത്രമേ സിറിയയിൽ മറ്റൊരു ദുരന്തത്തിന് തടയിടാൻ സാധിക്കുകയുള്ളൂ.

സർക്കാരിന് കീഴിലുള്ള മുഴുവൻ കേന്ദ്രങ്ങളിലേക്കും അന്താരാഷ്ട്ര ഏജൻസിയായ റെഡ് ക്രോസിന് കടന്നു വരാൻ അനുമതി നൽകണമെന്ന് രാജ്യത്തെ സിവിൽ സമൂഹം ആവശ്യപ്പെട്ടിട്ടുണ്ട്. യൂണിവേഴ്സൽ ഡിക്ലറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്സ്, അറബ് ലീഗ് മനുഷ്യാവകാശ കമ്മീഷൻ തുടങ്ങിയവയിൽ ഒപ്പുവച്ചിട്ടുണ്ടെങ്കിലും യുണൈറ്റഡ് നാഷൻസ് എക്കണോമിക് ആൻഡ് സോഷ്യൽ കൗൺസിലിൽ പങ്കെടുക്കാത്തതിനാൽ അന്താരാഷ്ട്ര സംഘത്തെ തങ്ങളുടെ ജയിലുകളിലേക്ക് ആനയിക്കാൻ സിറിയൻ സർക്കാർ സമ്മതിച്ചു കൊള്ളണമെന്നില്ല. എന്നാൽ ഫോർമാലിറ്റികൾക്കു വേണ്ടി കളയാൻ ഏറെ സമയം ഇനി ബാക്കിയില്ല. ഈ സമയം ഉപയോഗപ്പെടുത്തി ആസന്നമായ ഒരു മഹാ ദുരന്തത്തെ തടഞ്ഞുനിർത്താൻ ലോക സംഘടനകൾ മുഴുവൻ രംഗത്തിറങ്ങിയേ തീരൂ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter