ഇസ്രയേല്‍ വംശീയതയും ജനാധിപത്യ  ജൂത രാഷ്ട്രമെന്ന മിത്തും
മനുഷ്യത്വത്തിനെതിരെയുള്ള കുറ്റകൃത്യമായി ഗണിക്കാവുന്ന രീതിയില്‍ അരങ്ങേറുന്ന, പലസ്തീനെതിരെയുള്ള ക്രൂരവും നിന്ദ്യവുമായ അധിനിവേശ ആധിപത്യ സംവിധാനത്തെ ലണ്ടന്‍ ആസ്ഥാനമായ ആംനെസ്റ്റി ഇന്റര്‍നാഷനലും വര്‍ണവിവേചനം എന്ന് വിളിച്ചിരിക്കുകയാണ്. ന്യൂയോര്‍ക്ക് ആസ്ഥാനമായ ഹ്യുമന്‍ റൈറ്റ്‌സ് വാച്ച്, ജറുസലേം ആസ്ഥാനമായ ബിട്‌സലീം എന്നീ സംഘടനകള്‍ മുമ്പ് തന്നെ ഇത് പറഞ്ഞ് കഴിഞ്ഞിരുന്നു.
ഇസ്രയേലി, അമേരിക്കന്‍, ബ്രീട്ടീഷ് രേഖകളിലെ വാദങ്ങള്‍ പലസ്തീനിയന്‍ മനുഷ്യാവകാശങ്ങളില്‍ വളരേയേറെ പ്രധാനപ്പെട്ട മുന്നേറ്റത്തിന് കരണമാകുമെന്നാണ് പൊതുവെ പ്രതീക്ഷിക്കപ്പെടുന്നത്.
കൂടുതല്‍ അറബ് രാഷ്ട്രങ്ങള്‍ ഇസ്രയേലിനെ അംഗീകരിക്കാന്‍ വേണ്ടി മുന്നോട്ട് വരികയും പടിഞ്ഞാറന്‍ ഭരണകൂടങ്ങള്‍ അതിനെ പ്രീതിപ്പെടുത്തുകയും നിസ്സാരരായ പലസ്തിനികള്‍ക്കെതിരെ നിര്‍ലജ്ജം തന്ത്രം മെനയുകയും ഉറ്റ ചങ്ങാതിമാര്‍ക്കുള്ള ഇസ്രയേലിന്റെ യാത്രാനുമതികള്‍ക്ക് വേണ്ടി പലസ്തീനികളുടെ അവകാശങ്ങള്‍ മാറ്റക്കച്ചവടം നടത്തുകയും ചെയ്യുന്ന ലജ്ജയില്ലാത്ത പലസ്തീന്‍ നേതൃത്വം ഇസ്രയേലിന് കീഴടങ്ങുകയും ചെയ്യുമ്പോള്‍ അതിന്റെ വര്‍ണവിവേചന സ്വഭാവം പുറത്തുകാണിക്കുകയാണ് നടേ പറഞ്ഞ മനുഷ്യാവകാശ സംഘടനകള്‍ ചെയ്തിട്ടുള്ളത്.
ഇതാദ്യമായിട്ടല്ല അന്താരാഷ്ട്ര തലത്തില്‍ വര്‍ണവിവേചനം എന്നുള്ള പ്രയോഗം ഉയര്‍ന്നുവരുന്നത്. 1967 ല്‍ കൈയ്യേറ്റം ചെയ്യപ്പെട്ട പലസ്തീനിയന്‍ പ്രവിശ്യകളില്‍ വര്‍ണവിവേചന വ്യവസ്ഥ രൂപീകരിക്കാന്‍ സഹായകരമാകുന്ന നിയമപരമായ 'ഇരട്ട ഭരണക്രമം' നടപ്പാക്കിക്കൊണ്ട് ദ്വിരാഷ്ട്ര പരിഹാരത്തിന് തുരങ്കം വെക്കുന്നതിനെതിരെ ബ്രിട്ടന്‍, അമേരിക്ക, ഇസ്രയേല്‍ തുടങ്ങിയ രാഷ്ട്രങ്ങളിലെ ധാരാളം വിദേശ നേതാക്കള്‍ ഇസ്രയേലിന് മുമ്പും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പക്ഷേ, ആംനസ്റ്റിയും, ബിട്‌സലീമും ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചുമെല്ലാം വെസ്റ്റ് ബാങ്കിനും ഗാസ മുനമ്പിനുമപ്പുറത്തേക്ക് തങ്ങളുടെ നിരീക്ഷണ മേഖല വിശാലമാക്കുകയും ജോര്‍ദാന്‍ നദി മുതല്‍ മധ്യധരണ്യാഴി വരെയുള്ള എല്ലാ പലസ്ഥീനികളുടെ മേലും അടിച്ചേല്‍പ്പിക്കപ്പെട്ട ഇസ്രയേലീ വംശവെറിയന്‍ ഭരണസംവിധാനത്തിനെതിരെ വാദങ്ങള്‍ നിരത്തുകയും ചെയ്യുന്നത് ഇതാദ്യമാണ്. 
കലക്കുവെള്ളത്തില്‍ മീന്‍പിടിക്കാനെന്നവണ്ണം പുറത്തിറക്കുന്ന മനുഷ്യാവകാശ പ്രയോഗങ്ങളെ കുറിച്ചുള്ള യു.എസ് ഡിപാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റേറ്റ്‌സ് കണ്‍ട്രി റിപോര്‍ട്ടിനെ പോലെ വ്യത്യസ്ത സാഹചര്യങ്ങള്‍ അനുഭവിക്കുന്ന പലസ്ഥീനികളെ വ്യത്യസ്ത സമുദായങ്ങളായി പരിഗണിക്കുന്നതിന് പകരം, ഇസ്രായേല്‍ നയങ്ങളുടേയും പലസ്ഥീനികളുടെ മേല്‍ അവ വരുത്തുന്ന കുഴപ്പങ്ങളുടെയും സാകല്യമാണ് നടേ പറഞ്ഞ മൂന്ന് സംഘടനകളും തങ്ങളുടെ അന്വേഷണപഠനങ്ങളില്‍ മുന്നോട്ട് വെച്ചിട്ടുള്ളത്. മറ്റുവാക്കുകളില്‍ പറഞ്ഞാല്‍, 1967ലെ അധിനിവേഷത്തിനപ്പുറം 1948 ലെ ഇസ്രയേലിന്റെ പലസ്തീന്‍ കുടിയൊഴിപ്പിക്കല്‍ വരെ ഈ പ്രശ്‌നം നീണ്ടു പോകുന്നു. മാത്രമല്ല, തദടിസ്ഥാനത്തിലായിരിക്കണം പ്രശ്‌ന പരിഹാരമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
അമേരിക്കയുടെയും ബ്രിട്ടന്റേയും സംഘടനകളെ ഇസ്രയേലിനെതിരെ നിയമപോരാട്ടത്തിന് പ്രേരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്താണ് ഇസ്രയേലി സംഘടനയായ ബിട്‌സലീം രംഗപ്രവേശനം ചെയ്തിരിക്കുന്നത്. ലോകം സയണിസത്തെ നോക്കിക്കാണുന്ന രീതിയില്‍ മൗലിക മാറ്റം കൊണ്ടുവരാന്‍ ബിട്‌സലീമിന്റെ റിപോര്‍ട്ടിന്റെ തലക്കെട്ട് സഹായകരമാകും: 'ജോര്‍ദാന്‍ നദി മുതല്‍ മധ്യധരണ്യാഴി വരെയുള്ള ജൂതമേധാവിത്വ ഭരണം; ഇതാണ് വര്‍ണവിവേചനം.'
ഇസ്രയേല്‍ ഭരണകൂടം രോഷാകുലമാണെന്ന കാര്യത്തില്‍ അത്ഭുതപ്പെടേണ്ടതില്ല. ഇസ്രയേലികള്‍ പൊതുവെ 'കുടിയേറ്റാധിനിവേഷകര്‍' എന്ന വിശേഷണത്തില്‍ വ്യാകുലപ്പെടുന്നവരല്ല. എന്നുമാത്രമല്ല അമേരിക്ക, ആസ്‌ത്രേലിയ പോലുള്ള രാഷ്ട്രങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ അക്കാര്യത്തില്‍ സന്തോഷം വെച്ചുപുലര്‍ത്തുന്നവരുമാണവര്‍. പക്ഷേ, 'വര്‍ണവെറിയര്‍' എന്ന് ചാപ്പകുത്തുന്നതിനെ വെറുക്കുന്നവരാണ് ഇസ്രയേലികള്‍.
നഫ്താലി ബെന്നെറ്റ് ഭരണകൂടത്തിന്റെ സ്വഭാവപരമായ വൈരമനോഭാവത്തില്‍ വിദേശകാര്യ മന്ത്രി യാഇര്‍ ലാപിഡ്, 'ആംനെസ്റ്റി ഒരു മനുഷ്യാവകാശ സംഘടനയല്ല മറിച്ച് വിവരശേഖരണത്തിന് ഭീകരവാദ സംഘങ്ങളെ ആശ്രയിക്കുന്ന ഒരു ഉല്‍പതിഷ്ണു വിഭാഗമാണെ'ന്ന് വാദിച്ച് രംഗത്തെത്തിയിട്ടുണ്ട്. ലാപിഡ് ഇങ്ങനെയും പറയുകയുണ്ടായി: 'ഇസ്രയേല്‍ ഒരു ജൂത രാഷ്ട്രമല്ലെങ്കില്‍ ആംനെസ്റ്റിയിലെ ഒരാളും അതിനെതിരെ വാദമുയര്‍ത്താന്‍ ധൈര്യപ്പെടുമായിരുന്നില്ല.'
കഷ്ടമെന്ന് പറയട്ടെ, അദ്ധേഹം പറഞ്ഞതിന്റെ നേര്‍വിപരീതമാണ് ശരി. പടിഞ്ഞാറന്‍ വിമര്‍ശകരെ ഇല്ലായ്മ ചെയ്യാനും വിരട്ടാനും അപലപിക്കാനും 'സെമിറ്റിക് വിരുദ്ധത' എന്ന ഉമ്മാക്കി വ്യാപകമായി ദോഷൈകദൃഷ്ടിയോടെ ഉപയോഗിക്കാന്‍ ഇസ്രയേല്‍ മടി കാണിക്കാത്ത സാഹര്യത്തില്‍ വളരെ ശക്തവും വസ്തുനിഷ്ഠവുമായി ഇസ്രയേലിന്റെ സ്ഥാപനവല്‍കൃതമായ ജൂതമേധാവിത്വത്തിനെതിരെ സംസാരിക്കുക എന്നത് ബിട്‌സലീമിനെയും ആംനെസ്റ്റിയെയും ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിനെയും സംബന്ധിച്ച് ഏറെ പ്രയാസകരവും അത്യധികം ധീരത ആവശ്യമുള്ള സാഹസികതയുമാണ്.
തീവ്രവാദ സംഘങ്ങളെയല്ല മറിച്ച് അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെടുന്നതും വിശ്വസനീയവുമായ, അന്താരാഷ്ട്ര മനുഷ്യാവകാശ സമൂഹത്തെ സംഭ്രമിപ്പിക്കുവാനായി ദോഷൈകദൃക്കായ ഇസ്രയേലീ ഭരണകൂടം 'തീവ്രവാദ വിഭാഗം' എന്ന് മുദ്രകുത്തുകയും ചെയ്ത പലസ്തീനിയന്‍ മനുഷ്യാവകാശ സംഘടനകളെയാണ് പ്രസ്തുത റിപോര്‍ട്ടുകള്‍ അവലംബിക്കുന്നതെന്ന് പറയേണ്ടതില്ലല്ലോ. 
വര്‍ണവെറി പോലുള്ള വിവാദപരമായ ലേബലുകള്‍ ഉപയോഗിക്കുന്നത് പലസ്തീനിയന്‍ വിഷയത്തെ സഹായിക്കുന്നതിലുപരി തടസ്സപ്പെടുത്തുകയാണ് ചെയ്യുകയെന്ന് ഇസ്രയേലിന്റെയും അമേരിക്കയുടെയും റിപോര്‍ട്ടുകളുടെ ഔദ്യോഗിക അപലപനത്തിന് മറുപടിയെന്നോണം വാദിച്ചും ചിലര്‍ രംഗത്തിറങ്ങിയിട്ടുണ്ട്.
പക്ഷേ, അമേരിക്കയെ കുറിച്ച് ടെഹ്‌റാന്‍ ഉപയോഗിച്ച പോലെ 'ഭീകരസാത്താന്‍' എന്നോ ഇറാനെ കുറിച്ച് വാഷിങ്ടണ്‍ ഉപയോഗിച്ചപോലെ 'തിന്മയുടെ അച്ചുതണ്ട്' എന്ന പ്രയോഗമോ പോലോത്ത ഒരു രാഷ്ട്രീയ ലേബല്‍ ആംനസ്റ്റി പ്രയോഗിച്ചിട്ടില്ല. ഇസ്രയേലിന്റെ വര്‍ണവെറിയെ ദക്ഷിണാഫ്രിക്കയിലേതുമായി സാധര്‍മ്യപ്പെടുത്തുകയെന്ന അബദ്ധവും ആംനസ്റ്റി വരുത്തിയിട്ടില്ല. പകരം, 1965 മുതല്‍ അന്താരാഷ്ട്രതലത്തില്‍ നിയമപരമായി ഉപയോഗിക്കപ്പെട്ട് വരികയും അമേരിക്കയും ഇസ്രയേലും ഉള്‍പ്പടെയുള്ള നൂറ്റി എഴുപതോളം രാഷ്ട്രങ്ങള്‍ ഒപ്പുവെക്കുകയും ചെയ്ത 'വംശീയ വിവേചനം നിര്‍മാര്‍ജനം ചെയ്യാനുള്ള അന്താരാഷ്ട്ര സമ്മേളന'ത്തിലൂടെ 'സംരക്ഷിക്കപ്പെട്ട'തുമായ വര്‍ണവെറി എന്ന പദമാണ് വളരെ ശുഷ്‌കാന്തിയോടെ ആംനെസ്റ്റി പ്രയോഗിച്ചിട്ടുള്ളത്.
ആംനെസ്റ്റിയെ സംബന്ധിച്ചിടത്തോളം വര്‍ണവെറിയെന്നത് ഒരു രാഷ്ട്രീയ ലേബലല്ല. ദശാബ്ദങ്ങളോളം പലസ്തീനികള്‍ക്ക് തങ്ങളുടെ സാമ്പത്തിക-സാമൂഹിക അവകാശങ്ങളെ റദ്ദുചെയ്ത് അവര്‍ക്ക് മുകളിലുള്ള സ്ഥാപനവല്‍കൃത അടിച്ചമര്‍ത്തലും അധികാരപ്രയോഗവും അനുവര്‍ത്തിക്കുന്ന വ്യവസ്ഥക്കെതിരെയുള്ള തെളിവുകളെ തങ്ങളുടേതായ രീതിയില്‍ സമ്പൂര്‍ണമായി അപഗ്രഥിച്ചതിന്റെ നൈയാമിക പരിസമാപ്തിയാകുന്നു അത്.
'ഇസ്രയേലികള്‍ക്കും പലസ്തീനികള്‍ക്കും തുല്യ അളവിലുള്ള സ്വാതന്ത്ര്യവും സുരക്ഷയും അഭിവൃദ്ധിയും ജനാധിപത്യവും ഉറപ്പുവരുത്തണമെന്ന' ബൈഡന്‍ ഭരണകൂടത്തിന്റെ വാദത്തെ തങ്ങള്‍ അംഗീകരിക്കുന്നതായി വാദിക്കുന്ന അമേരിക്കന്‍ ആംനെസ്റ്റിയുടെ ഡയറക്ടര്‍ പോള്‍ ഒബ്രിയാന്‍ പിന്നീട് ഇപ്രകാരം പറയുന്നു: 'ഇപ്പറഞ്ഞ അവസ്ഥ സംജാതമാകണമെങ്കില്‍ നിലവിലുള്ള അടിച്ചമര്‍ത്തല്‍ വ്യവസ്ഥ ഇല്ലായ്മ ചെയ്യപ്പെടണം. ഇസ്രയേലിനെ അതിന്റെ യഥാര്‍ഥ സ്വഭാവം-വര്‍ണവെറിയന്‍ ഭരണകൂടം- എന്ന് വിളിക്കാതെ അതെങ്ങനെ സാധ്യമാകാനാണ്.'
ദക്ഷിണാഫ്രിക്കയിലെ വര്‍ണവെറിക്കെതിരെ ഉണ്ടായത് പോലെ ചരിത്രപരമായ പലസ്തീനിലെ ഇസ്രയേലി വര്‍ണവെറിക്കെതിരെ നടപടി എടുക്കുന്നത് പോകട്ടെ, മണ്‍വെട്ടിയെ മണ്‍വെട്ടിയെന്ന് വിളിക്കാനുള്ള ധാര്‍മിക ധൈര്യവും രാഷ്ട്രീയ ഉള്‍ക്കാഴ്ച്ചയും ഇക്കാലമത്രെയും അമേരിക്കന്‍, പടിഞ്ഞാറന്‍ ഭരണകൂടങ്ങള്‍ക്ക് ഇല്ലാതിരുന്നുവെന്നത് കഷ്ടമാണ്. 
1986 ല്‍ സമഗ്രമായ വര്‍ണവെറിവിരുദ്ധ നിയമം കൊണ്ടുവരാന്‍ യു.എസ് കോണ്‍ഗ്രസിന് ഏകദേശം നാല് ദശാബ്ദം വേണ്ടി വന്നു. എന്നിട്ടുപോലും, തന്റെ വീറ്റോ തള്ളപ്പെട്ടതിന് ശേഷം പ്രസിഡന്റ് റൊണാള്‍ഡ് റീഗന്‍ അത് നടപ്പില്‍ വരുത്തുന്നത് പിന്തിപ്പിച്ചുകൊണ്ടുപോയി. എന്നാലും, 1990 കളില്‍ ദക്ഷിണാഫ്രിക്കയിലെ വര്‍ണവെറിയെ നിര്‍മാര്‍ജനം ചെയ്യുന്നതില്‍ സമ്പൂര്‍ണ തന്ത്രം മെനഞ്ഞ അമേരിക്കയുടെയും പടിഞ്ഞാറിന്റേയും സമ്മര്‍ദ്ധം നിര്‍ണായകം തന്നെയായിരുന്നു.
വര്‍ണവെറിയെ നിര്‍മാര്‍ജനം ചെയ്യുന്നതിന് പകരം അതിനെ ദൃഢതരമാക്കുകയാണ് ചെയ്യുകയെന്നതിനാല്‍ ഇസ്രയേലിന്റെ 'ദക്ഷിണാഫ്രിക്കന്‍ നിമിഷം' ഇനിയും വിദൂരസ്വപ്നം തന്നെയായിരിക്കും. കുപ്രസിദ്ധനായ ഒരു ഇസ്രയേലീ നേതാവിന്റെ വാക്കുകള്‍ ഇങ്ങനെ പരാവര്‍ത്തനം ചെയ്യാം: 'പലസ്തീനികള്‍ക്ക് പ്രാപ്തിയുണ്ടാകാന്‍ സാധിക്കാത്ത ആഢംബരമാണ് അശുഭാപ്തി വിശ്വാസം.'
പ്രതീക്ഷാനിര്‍ഭരമെന്ന് പറയട്ടെ, മറു ഭാഗത്ത് നിരന്തരമായ അധിനിവേഷവും പലസ്തീന്‍ ഭൂമികകളിലേക്കുള്ള നുഴഞ്ഞുകയറ്റവും പടിഞ്ഞാറിന് താത്പര്യമുള്ള ദ്വിരാഷ്ട്ര പരിഹാരത്തെ വിദൂരസ്ഥാക്കി മാറ്റുമെന്നതിനാല്‍ ഇസ്രയേലിന്റെ ഹുങ്ക് പാശ്ചാത്യന്‍ സഹതാപത്തെ പതുക്കെ കാര്‍ന്നു തിന്നുകയും ഏറെ സ്വാധീനമുള്ള അമേരിക്കന്‍-ജൂത സമൂഹത്തിലെ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള പരമ്പരാഗത സഖ്യകക്ഷികളെ തങ്ങളില്‍ നിന്ന് അകറ്റുകയും ചെയ്യുന്നുണ്ട്.
പലസ്തീനികളും ഇസ്രയേലികളും ഏറെക്കുറെ ഒരേ അളവില്‍ ഒരുമിച്ച് ജീവിക്കുന്നതിനാല്‍, കാലക്രമേണ ഇസ്രയേല്‍ സമൂഹത്തിന് വികൃതമാക്കപ്പെട്ട ഏകരാഷ്ട്ര യാഥാര്‍ത്യത്തിലെ തുല്യതയെയും അപകോളനീകരത്തെയും സംബന്ധിച്ച ചോദ്യങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരും. അങ്ങനെ, ഇസ്രയേലിന്റെ 'ശിക്ഷിക്കപ്പെടില്ലെന്ന ധൈര്യം' അവസാനിപ്പിക്കുന്ന നിലപാട് പടിഞ്ഞാറിന് എടുക്കേണ്ടി വരികയും ചെയ്യും.
'ജൂത ജനാധിപത്യ രാഷ്ട്ര'മെന്ന മിഥ്യാബോധം തുറന്നു കാട്ടാനും ഇസ്രയേലി ജൂത അധീശത്വത്തിന് വിരാമമിടാനും വേണ്ടി രാഷ്ട്രീയപരവും ഭൂമിശാസ്ത്രപരവുമായ ഛിദ്രതയെ മറികടന്ന് ഗീന്‍ ലൈനിന്റെ ഇരുഭാഗത്ത് നിന്നുമുള്ള പലസ്തീന്‍ യുവാക്കള്‍ കഴിഞ്ഞ വസന്തകാലത്ത് നടത്തിയ പ്രക്ഷോഭമായ 'ഏകത്വ ഇന്‍തിഫാദ' വരാന്‍ പോകുന്ന സംഭവവികാസങ്ങളുടെ പൂര്‍വ്വദര്‍ശനമായി മനസ്സിലാക്കേണ്ടിയിരിക്കുന്നു.
പടിഞ്ഞാറന്‍ പൊതുജനാഭിപ്രായത്തിന്മേലുള്ള രോഷം കൊടുമ്പിരികൊള്ളവെ, അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ പലസ്തീന്‍ അനുകൂല നീതിക്കായി തങ്ങളുടെ നിലപാട് മാറ്റാനിടയുണ്ട്. അന്താരാഷ്ട്ര തലത്തില്‍ പ്രബലമായ സൈനിക-സാമ്പത്തിക ശക്തിയാണ് ഇസ്രയേലെങ്കിലും വളരെ വേഗത്തില്‍ അന്താരാഷ്ട്ര നിയമസാധുത നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന രാഷ്ട്രം കൂടിയാണത് എന്ന കാര്യം വിസ്മരിച്ചുകൂടാ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter