ഹിന്ദുത്വഫാസിസത്തെ തുറന്നുകാണിക്കുന്ന പുസ്തകം
ഡല്‍ഹി യൂണിവേഴ്‌സിറ്റി മുന്‍ പൊളിറ്റിക്കല്‍ സയന്‍സ് ലക്ചററും പ്രമുഖ ദലിത്-ന്യൂനപക്ഷ അവകാശങ്ങളെ ഉയര്‍ത്തിക്കാണിക്കുന്ന എഴുത്തുകാരനുമാണ് ഡോ. ശംസുല്‍ ഇസ്‌ലാം. മൂന്നു പതിറ്റാണ്ടിലേറെയായി ഈ രംഗത്ത് സജീവമായ ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്നു. ആര്‍.എസ്.എസ്സിനെയും ഇന്ത്യന്‍ ദേശീയതക്ക് അത് ഉയര്‍ത്തുന്ന ഭീഷണികളെയും മുന്‍നിറുത്തി മാത്രം ഒരു ഡസനിലേറെ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. അതില്‍ വളരെ പ്രസിദ്ധമാണ് നോ ദി ആര്‍.എസ്.എസ് എന്ന കൃതി.
ജനാധിപത്യ-മതനിരപേക്ഷ മൂല്യങ്ങള്‍ക്കു ഭീഷണി സൃഷ്ടിച്ചുകൊണ്ട്, ആര്‍.എസ്.എസ് വര്‍ഗീയ ഫാഷസത്തിന്റെ തേരോട്ടം ശക്തിപ്പെടുന്ന കാലമാണിത്. ഗുജറാത്തിലും യൂ.പിയിലും അവര്‍ സൃഷ്ടിച്ച ചോരപ്പുഴയുടെ പാടുകള്‍ ഇപ്പോഴും മാഞ്ഞിട്ടില്ല.
മതാന്ധതയുടെ ചേരുവ കലര്‍ത്തിയ വെറുപ്പാണ് സംഘ്പരിവാരത്തിന്റെ ദര്‍ശനം. ചാതുര്‍വര്‍ണ്യ വ്യവസ്ഥ അംഗീകരിക്കുന്ന ബ്രാഹ്മണ്യത്തിന്റെ കുഴലൂത്തുകാരായ ഇക്കൂട്ടരുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതാണ് ന്യൂനപക്ഷ വിരോധം.
വര്‍ത്തമാന യാഥാര്‍ത്ഥ്യത്തിന്റെ പരിസരത്ത് നിലയുറപ്പിച്ചുകൊണ്ട് ആര്‍.എസ്.എസിന്റെ ഹിംസാത്മക ദര്‍ശന ചരിത്രം പരിശോധിക്കുകയാണ് ഇതില്‍ ശംസുല്‍ ഇസ്‌ലാം. അമ്പരപ്പിക്കുന്ന വസ്തുതകളാണ് നിഷേധിക്കാനാവാത്ത തെളിവുകള്‍ വഴി അദ്ദേഹം നിരത്തുന്നത്. ഹിന്ദുത്വ ഫാസിസത്തിന്റെ ആഴത്തിലുള്ള വേരുകള്‍ കണ്ടെത്താന്‍ ഈ പുസ്തകം സഹായിക്കും.
പുസ്തകത്തിന്റെ ആമുഖത്തില്‍ ഗ്രന്ഥകാരന്‍ ഇങ്ങനെ പറയുന്നു:
കാര്യങ്ങളുടെ നിജസ്ഥിതി തിരിച്ചറിയണമെങ്കില്‍ നാം ആര്‍.എസ്.എസ്സിന്റെയും അതുമായി ബന്ധപ്പെട്ട മറ്റു കൂട്ടായ്മകളുടെയും സാഹിത്യങ്ങളിലേക്കും പുസ്തകങ്ങളിലേക്കും കടന്നുചെല്ലേണ്ടതുണ്ട്. വിശിഷ്യാ, ആര്‍.എസ്.എസ്സിന്റെ സൈദ്ധാന്തിക തലവനായ എം.എസ്. ഗോള്‍വാള്‍ക്കറുടെ രചനകള്‍ വായിക്കുമ്പോഴേ അവരുടെ നിലപാടുകള്‍ ശരിക്കും മനസ്സിലാവുകയുള്ളൂ. കാരണം, അദ്ദേഹമാണ് ആര്‍.എസ്.എസ് അണികളും നേതാക്കളും അത്യാവേശത്തോടെ പിന്തുടരുന്ന അവര്‍ക്കിടയിലെ സുപ്രധാന വ്യക്തിത്വം. ഇവിടെ ആര്‍.എസ്.എസ്സിന്റെ ഔദ്യോഗികമായ പല കാഴ്ചപ്പാടുകളും ഇന്ത്യന്‍ ദേശീയതയുടെ പേരില്‍ അവതരിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇവിടെ ഇന്ന് നടന്നുവരുന്നത്. ആര്‍.എസ്.എസ് തെറ്റായി പ്രതിനിധീകരിക്കപ്പെടുകയല്ല ഇതിലൂടെ. പ്രത്യുത, കാര്യങ്ങളെ തങ്ങളുടെ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുന്നതിലും അടിച്ചേല്‍പിക്കുന്നതിലും അത് വിജയിക്കുകയാണ് ചെയ്യുന്നത്.
ആര്‍.എസ്.എസ്സിനെയും അതിന്റെ ഗൂഢ പദ്ധതികളെയും തിരിച്ചറിയല്‍ കാലത്തിന്റെ അനിവാര്യതയായി മാറിയിരിക്കുന്നു ഇന്ന്. അതുകൊണ്ടാണ് അതിനെ ഏറെ ഊന്നലോടെ ഇവിടെ പരാമര്‍ശിക്കുന്നത്. ഇന്ന് ആര്‍.എസ്.എസ് ഒരു കുത്തഴിഞ്ഞ സംഘടനയല്ല. ഇന്നത്തെ ബി.ജെ.പി നേതാക്കള്‍ തങ്ങള്‍ക്ക് അതുമായുള്ള ബന്ധത്തെ തുറന്നുപ്രഖ്യാപിക്കുന്നതുതന്നെ അതാണ് വ്യക്തമാക്കുന്നത്. ഗാന്ധിജിക്ക് നെഹ്‌റു എങ്ങനെയായിരുന്നുവോ അതുപോലെയാണ് തങ്ങള്‍ക്ക് ആ്ര്‍.എസ്.എസ് എന്നുവരെ അവര്‍ രാജ്യത്തോട് തുറന്നുപറഞ്ഞിട്ടുണ്ട്. അല്‍ഭുതകരമെന്നുപറയട്ടെ, ഇത്രമാത്രം അവകാശവാദങ്ങളും പ്രഖ്യാപനങ്ങളും ഉണ്ടായിട്ടും ആര്‍.എസ്.എസ് അതിന്റെ രാഷ്ട്രീയ പങ്കിനെ പൂര്‍ണമായും നിഷേധിക്കുന്നു. മറിച്ച്, ഇത് ഹിന്ദുക്കളുടെ ഒരു സാംസ്‌കാരിക സംഘടന മാത്രമാണെന്നാണ് അത് അവകാശപ്പെടുന്നത്.
ലഭ്യമായ ഇത്തരം വസ്തുതകളുടെ പിന്‍ബലത്തില്‍ ഇന്ത്യ മാത്രമല്ല, ലോകം തന്നെയും ഈയൊരു സംഘടനയുടെ യഥാര്‍ത്ഥ മുഖത്തെയും അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെയും തിരിച്ചറിയേണ്ടതുണ്ട്. അല്ലാത്തപക്ഷം, നമ്മുടെ പ്രിയപ്പെട്ട മാതൃരാജ്യത്തെ ഇതിന്റെ ഭീകരതയില്‍നിന്നും കാത്തുരക്ഷിക്കുന്നതില്‍ നാം പരാജയപ്പെട്ടുപോകും.
Leave A Comment