നിസ്‌കാരത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഒന്നാമത്തെ സ്വഫ്, ഇമാമിനോട് അടുത്ത സ്ഥലം, ഇമാമിന്റെ വലഭാഗം എന്നിവിടങ്ങളില്‍ നില്‍ക്കുന്നതിന് ശ്രേഷ്ഠത കൂടുതലുണ്ട്.  അവിടങ്ങളില്‍ നില്‍ക്കാന്‍ അവസരം കിട്ടുന്നത് തന്നെ ഭാഗ്യമായി കാണേണ്ടതാണ്. അങ്ങിനെ അവസരം ലഭിച്ചവര്‍ അത് നഷ്ടപ്പെടുത്തരുത്. തതുല്യമോ അതിനേക്കാള്‍ ഉത്തമമോ ആയ സ്ഥലത്തേക്ക് മാറി കൊണ്ടല്ലാതെ തനിക്ക് ലഭിച്ച പുണ്യസ്ഥലം മറ്റൊരാള്‍ക്ക് ഒഴിഞ്ഞുകൊടുക്കല്‍ കറാഹത്താണ്.അപരന്റെ സ്ഥാനമാനങ്ങള്‍ക്കിവിടെ പ്രസക്തിയില്ല. ”അബൂഹുറൈറ(റ)യില്‍നിന്ന:് നബി(സ) പറഞ്ഞു: ”ഒന്നാമത്തെ സ്വഫ്ഫില്‍ നില്‍ക്കുന്നതിലും ബാങ്ക് വിളിക്കുന്നതിലുമുള്ള പുണ്യം ജനങ്ങള്‍ക്കറിയുകയും പിന്നീട് നറുക്കിട്ടാലല്ലാതെ അത് ലഭിക്കുകയില്ലെന്നും വന്നാല്‍ അവര്‍ (അതിനുവേണ്ടി) നറുക്കിടുന്നതാണ്.” (ബു.മു.)
മേല്‍വിവരിച്ച പുണ്യസ്ഥലങ്ങളില്‍ നില്‍പ്പുറപ്പിച്ചശേഷം ചെറിയവര്‍ വലിയവര്‍ക്കാണെങ്കിലും മാറിക്കൊടുക്കേണ്ടതില്ലെന്നാണ് പറഞ്ഞത്. എന്നാല്‍ നിസ്‌കാരം തുടങ്ങുമ്പോള്‍ വിവരമുള്ളവരും പ്രായമുള്ളവരുമാണ് ഇമാമിനോടടുത്തും മുന്‍സ്വഫ്ഫിലും നില്‍ക്കേണ്ടത്. അല്ലാത്തവര്‍ നിന്ന് പോയാല്‍ അവരെ വലിച്ചിറക്കാനും പാടില്ല. അബൂ മസ്ഊദി(റ)ല്‍ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നബി(സ) നിസ്‌കാരത്തില്‍ (സ്വഫ്ഫുകള്‍ ശരിയാക്കാന്‍ വേണ്ടി) ഞങ്ങളുടെ ചുമലുകള്‍ തടയാറുണ്ടായിരുന്നു. (അപ്പോള്‍) നബി(സ) പറയുകയും ചെയ്യും: ”ശരിയായി നില്‍ക്കുക, ഭിന്നിച്ച് നില്‍ക്കരുത്. അപ്പോള്‍ നിങ്ങളുടെ ഹൃദയങ്ങള്‍ ഭിന്നിക്കും. നിങ്ങളില്‍ പ്രയാപൂര്‍ത്തിയായവരും ബുദ്ധിമാന്മാരും എന്നോടടുത്ത് നില്‍ക്കട്ടെ, പിന്നെ അവരോടടുത്തവര്‍, പിന്നോ അവരോടടുത്തവര്‍.” (മുസ്‌ലിം)
ആവശ്യമില്ലാതെ നിസ്‌കാരത്തില്‍ തിരിഞ്ഞ് നോക്കാന്‍ പാടില്ല. അത് ഹറാമെന്നും കറാഹത്തെന്നും അഭിപ്രായമുണ്ട്. നബി(സ) പറഞ്ഞു: മുസ്വല്ലയില്‍ നില്‍ക്കുന്ന അടിമ തിരിഞ്ഞ് നോക്കാതിരിക്കുമ്പോള്‍ അല്ലാഹു അനുഗ്രഹംകൊണ്ടും തൃപ്തി കൊണ്ടും അവന്റെ നേരെ മുന്നിടുന്നവനായിക്കൊണ്ടിരിക്കും. അടിമ തിരിഞ്ഞ് നോക്കിയാല്‍ അല്ലാഹുവും തിരിഞ്ഞ് കളയും.” (ഹ.ശ- ഫത്ഹുല്‍ മുഈന്‍ നോക്കുക) ആവശ്യത്തിന് തിരിഞ്ഞ് നോക്കലും തലതിരിക്കാതെ കണ്ണ് മാത്രം തെറ്റിച്ച് നോക്കലും കറാഹത്തില്‍ പെടുന്നതല്ല.
ആകാശത്തേക്കും മനഃസാന്നിധ്യം നഷ്ടപ്പെടുത്തുന്ന മറ്റ് വസ്തുക്കളിലേക്കും നോക്കല്‍ കറാഹത്താണ്. നബി(സ) പറഞ്ഞു: ”ചില ജനങ്ങളുടെ അവസ്ഥ എന്താണ്? അവര്‍ നിസ്‌കാരത്തില്‍ കണ്ണുകള്‍ മേല്‍പോട്ടുയര്‍ത്തുന്നു. (റാവി പറഞ്ഞു) ഇക്കാര്യത്തില്‍ നബി(സ)യുടെ വാക്ക് ശക്തിയായി. നബി(സ) പറഞ്ഞു: ‘അതില്‍ നിന്ന് അവര്‍ വിരമിക്കട്ടെ. അല്ലെങ്കില്‍ അവരുടെ കണ്ണുകള്‍ പറ്റി എടുക്കപ്പെടട്ടെ.” (ബുഖാരി)
മനസ്സാന്നിധ്യം നഷ്ടപ്പെടുത്തുന്ന വിധത്തിലുള്ളവരെ കള്ളി, പുള്ളി, കളര്‍, തുടങ്ങിയ വസ്ത്രങ്ങള്‍ ധരിച്ച് നിസ്‌ക്കരിക്കലും അവയിലേക്ക് തിരിഞ്ഞ് നിസ്‌ക്കരിക്കലും അവയുടെ മേല്‍ നിസ്‌ക്കരിക്കലും കറാഹത്താകുന്നു. ഇന്ന് കാണുന്ന മിക്ക മുസ്വല്ലകളും ഈ ഇനത്തില്‍ പെട്ടതാണെന്ന് പറയേണ്ടതില്ലല്ലോ. ? ഖുശൂഅ് നഷ്ടപ്പെടുമെന്നതാണ് കാരണം. ”ആയിശ(റ)യില്‍നിന്ന് അവര്‍ പറഞ്ഞു: ‘നബി(സ) നിസ്‌കരിക്കുകയായിരുന്നു. അടയാളങ്ങളുള്ള ഒരു കറുത്തവസ്ത്രം അപ്പോള്‍ നബി(സ)യുടെ മേല്‍ ഉണ്ടായിരുന്നു. നിസ്‌കാരം തീര്‍ന്നപ്പോള്‍ നബി(സ) പറഞ്ഞു: ഇതിന്റെ അടയാളങ്ങള്‍ എന്നെ നിസ്‌കാരത്തില്‍ നിന്ന് അശ്രദ്ധനാക്കിയിരിക്കുന്നു. ഇത് നിങ്ങള്‍  അബീ ജഹമിന് (തന്നെ തിരിച്ച്) നല്‍കുക. (എന്നിട്ട്) അദ്ദേഹത്തിന്റെ അടുക്കലുള്ള അന്‍ബിജാനി വസ്ത്രം എനിക്ക് കൊണ്ടുവരിക.” (ബു.മു.)
നിസ്‌കാരത്തിലും നിസ്‌കാരത്തിലല്ലാത്ത സന്ദര്‍ഭത്തിലും മുന്നിലും വലതുഭാഗത്തും തുപ്പരുത്. പിന്നെയോ? ഇടതുഭാഗത്തോ ഇടത്തെ കാല്‍പാദത്തിനടിയിലോ ഇടതുഭാഗത്തുള്ള തന്റെ വസ്ത്രത്തിലോ തുപ്പാവുന്നതാണ്. നബി(സ) പറഞ്ഞു: ‘നിങ്ങള്‍ ഓരോരുത്തരും നിസ്‌കാരത്തിലായാല്‍ അവന്‍ തന്റെ റബ്ബുമായി സംഭാഷണം നടത്തുകയാണ്. അതുകൊണ്ട് മുന്നിലേക്കും വലതുഭാഗത്തേക്കും അവന്‍ തുപ്പരുത്.” (ബു.മു.)
ഇടതുഭാഗത്ത് മാത്രം ആളുകളുണ്ടാവുകയും വലതും ഇടതും മുന്നും ഒഴിച്ച് മറ്റ് ഭാഗങ്ങളില്‍ തുപ്പാന്‍ പറ്റാതെ വരികയും ചെയ്താല്‍ വലതുഭാഗത്തേക്ക് തുപ്പാവുന്നതാണ്. മണ്ണ്, മണല്‍ മുതലായവയില്‍ നിസ്‌കരിക്കുമ്പോഴുള്ള നിയമമാണ് പറഞ്ഞത്. സിമന്റ്, മാര്‍ബിള്‍, ടൈല്‍സ് മുതലായവ ഉപയോഗിച്ച് വൃത്തിയാക്കിയ നിലത്തും പായ, പടം, കാര്‍പറ്റ് മുതലായവ വിരിച്ച നിലങ്ങളിലും പള്ളിയാണെങ്കില്‍ തുപ്പ് നീര്‍ അവശേഷിക്കുമെന്ന് വന്നാല്‍ തുപ്പല്‍ ഹറാമാണ്. നിലത്ത് മണല്‍ പരത്തിയ പള്ളിയാണെങ്കില്‍ അതില്‍ തുപ്പുന്നതിന് വിരോധമില്ല. തുപ്പ് നീരിന്റെ അവശിഷ്ടം പുറത്ത് കാണാന്‍ പാടില്ല. അത് മണലില്‍ കുഴിച്ച് മൂടണം.
പള്ളിയില്‍ നജസോ മറ്റ് മാലിന്യങ്ങളോ കണ്ടാല്‍ അത് വൃത്തിയാക്കല്‍ കണ്ടവരുടെ മേല്‍ നിര്‍ബന്ധമാണ്. പള്ളി ശുചീകരണത്തിന് വേണ്ടി നിശ്ചിത ശമ്പളം നിശ്ചയിച്ച് ആളെ നിയമിക്കപ്പെട്ടിരുന്നാലും ഇതുതന്നെയാണ് വിധി. അബൂ ദര്‍ദാഅ്(റ)യില്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: എന്റെ ഉമ്മത്തിന്റെ അമലകുള്‍ അവകാശികളില്‍ നിന്ന് നല്ലതും ചീത്തയും – എനിക്ക് വെളിപ്പെടുത്തപ്പെട്ടു. അപ്പോള്‍ വഴികളില്‍നിന്ന് നീക്കപ്പെടുന്ന കല്ല് മുള്ളുകള്‍ നല്ല അമലുകളില്‍ ഞാന്‍ എത്തിച്ചു. പള്ളിയില്‍ കുഴിച്ചു മൂടാതെ കിടക്കുന്ന കഫത്തിന്റെ കഷ്ണം ചീത്ത അമലുകളിലും എത്തിച്ചു.” (മുസ്‌ലിം)
പള്ളിയില്‍ മൂത്രമൊഴിക്കല്‍ ഹറാമാകുന്നു. പള്ളിയെ നിന്ദിക്കലുള്ളതിനാലും, പള്ളിയില്‍ തെറിച്ചു നജസാകാന്‍ സാധ്യതയുള്ളതിനാലും പാത്രത്തിലായാലും ഹറാം തന്നെ. ഉറ്റി വീഴുമെന്ന് ആശങ്കപ്പെടും വിധം നജസ് പറ്റിപ്പിടിച്ച ചെരുപ്പ് പള്ളിയില്‍ പ്രവേശിപ്പിക്കാന്‍ പാടില്ല. ഹറാമാണെന്നാണതിന്റെ വിധി. പേന്‍, മൂട്ട, ഉറുമ്പ്, ചിതല്‍ മുതലായവയുടെ ശവങ്ങള്‍ പള്ളിയില്‍ ഇടലും പള്ളിയുടെ നിലത്ത് വെച്ച് അവയെ കൊല്ലലും ഹറാം തന്നെ. ജീവനോടെ അവയെ പള്ളിയില്‍ ഇടുന്നതും പള്ളിയില്‍ കുഴിച്ചുമൂടുന്നതും പാടുണ്ടെന്നും ഇല്ലെന്നും അഭിപ്രായമുണ്ട്.
പള്ളിയില്‍ ശബ്ദമുയര്‍ത്തലും കച്ചവടം നടത്തലും മറ്റ് തൊഴിലുകള്‍ ചെയ്യലും കറാഹത്താകുന്നു.
നിസ്‌കാരത്തില്‍ തലയും ചുമലും തുറന്നിടല്‍ കറാഹത്താണ്. പ്രാഥമികാവശ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ ആവശ്യമായവനും ഭക്ഷണ പാനീയങ്ങളിലേക്ക് ആര്‍ത്തിയുള്ളവന്‍ അവയുടെ സന്നിധിയില്‍ വെച്ചും നിസ്‌കാരത്തില്‍ പ്രവേശിക്കല്‍ കറാഹത്താണ്. രണ്ടുവിധം ആവശ്യങ്ങളില്‍ നിന്നും ശരീരത്തെ ഒഴിവാക്കണം. ഖുശൂഇന് ഭംഗം വരുമെന്നത് കൊണ്ടാണത്. എന്നാല്‍ നിസ്‌കാരത്തില്‍ പ്രവേശിച്ചവന്‍ നിസ്‌കകാരം മുറിച്ച് പോകാനോ സമയം പരിമിതമാകുമ്പോള്‍ നിസ്‌കാരം നിര്‍ത്തിവെച്ച് ശരീരാവശ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ പോകാനോ പാടില്ല. നബി(സ) പറഞ്ഞു: ”ഭക്ഷണത്തിന്റെ സാന്നിധ്യത്തില്‍ വെച്ചു (പൂര്‍ണ്ണമായി) നിസ്‌കാരമില്ല. മലമൂത്ര വിസര്‍ജ്ജനത്തിന് മുട്ടുന്നവനും (പൂര്‍ണ്ണമായ) നിസ്‌കാരമില്ല.” (മുസ്‌ലിം)
ആളുകള്‍ നടക്കുന്ന വഴി, ചുങ്കം വാങ്ങുന്ന സ്ഥലം, ശ്മശാനം, എന്നിവിടങ്ങളില്‍ നിസ്‌കാരം കറാഹത്താണ്. ഖബ്‌റിലേക്ക് തിരിഞ്ഞുനിന്നും ഖബ്‌റിന് മുകളില്‍നിന്നും ഖബ്‌റിന്റെ ഭാഗത്തുനിന്നും നിസ്‌കരിക്കല്‍ കറാഹത്ത്തന്നെ. ഖബ്‌റ് മാന്തിയതായി ഉറപ്പ് ഇല്ലെങ്കില്‍ ആണ് കറാഹത്ത്. മാന്തി എന്നുറപ്പുണ്ടെങ്കില്‍ വിരിപ്പിന് മുകൡവെച്ച് കറാഹത്തോടുകൂടി സഹീഹാകുന്നതും അതില്ലാതെ സ്വഹീഹാകാത്തതുമാണ്. ബറക്കത്തും ബഹുമാനവും കരുതി അമ്പിയാഅ് ഔലിയാഇന്റെ ഖബ്‌റിലേക്ക് തിരിഞ്ഞ് നിന്ന് നിസ്‌കരിക്കല്‍ ഹറാമാണ്. ബഹുമാനമോ ബറക്കത്തോ ഉദ്ദേശിക്കുന്നില്ലെങ്കില്‍ ഹറാമില്ല.
പിടിച്ച് പറിക്കപ്പെട്ട ഭൂമി, വസ്ത്രം എന്നിവയില്‍ നിസ്‌കരിക്കലും ഭൂവുടമയുടെ സമ്മതത്തില്‍ സംശയിച്ച് കൊണ്ട് നിസ്‌കരിക്കലും ഹറാമാകുന്നു. എന്നാല്‍ നിസ്‌കാരം സ്വഹീഹാകുന്നതാണ്.
നിസ്‌കാരത്തില്‍ നായ ഇരിക്കുംപോലെ ഇരിക്കുക, കാക്ക കൊത്തുംപോലെ സുജൂതിലേക്ക് പെട്ടെന്ന് പോവുക, മുടി(പുരുഷന്), വസ്ത്രം എന്നിവ ചുരുട്ടിവെക്കുക, കൈ വായിന്മേല്‍ വെക്കുക, ചേലാകര്‍മ്മം ചെയ്യപ്പെടാത്തവനെയും വസ്‌വാസാക്കപ്പെട്ടവനെയും ജാരസന്തതിയെയും തുടര്‍ന്ന് നിസ്‌കരിക്കുക, സുജൂദില്‍ തണ്ടം കൈ നിലത്ത് പതിച്ചിരിക്കുക, കാരണമൊന്നുമില്ലാതെ നിസ്‌കാരത്തില്‍ നിര്‍ബന്ധമുള്ളവ മാത്രം എടുത്ത് (സുന്നത്തുകള്‍ ഒഴിവാക്കി) നിസ്‌കാരം ധൃതികൂട്ടുക. പുരുഷന്‍ മൂക്ക്, ചെവി മുതലായവ മൂടികെട്ടുക, പുരുഷനല്ലാത്തവര്‍ മുഖംമൂടി ധരിക്കുക, ഊരക്ക് കൈവെക്കുക, നെറ്റിയില്‍നിന്ന് മണ്ണും കല്ലും തട്ടിക്കളയുക, പോക്കറ്റില്‍ കൈ ഇടുക, സുജൂദില്‍ഛ നെറ്റി വെക്കുന്ന സ്ഥലത്ത് ഊതുക മുതലായവ കറാഹത്താകുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter