നിസ്‌കാരത്തിന്റെ മര്യാദകള്‍

മനുഷ്യര്‍ ചെയ്യുന്ന ശാരീരികാരാധനകളില്‍ ഏറ്റവും പുണ്യം നിസ്‌കാരമത്രെ. അതിനാല്‍ അതിന്റെ മര്യാദകള്‍ ശ്രദ്ധിക്കുന്നതിന് പ്രസക്തിയുണ്ട്. നിസ്‌കാരത്തോട് ബന്ധപ്പെട്ട മര്യാദകളാണ് ഇവിടെ വിവരിക്കുന്നത്. ഫര്‍ളും സുന്നത്തും അതില്‍ കാണാം.
ഉന്മേഷത്തോടെ നിസ്‌കാരത്തില്‍ പ്രവേശിക്കണം. അത് സുന്നത്താണ്. അല്ലാഹുവിനെ കുറിച്ചുള്ള ചിന്ത മനസ്സില്‍ തങ്ങിനില്‍ക്കുകയും വേണം. നിസ്‌കാരത്തിന്റെ കാതലായ ഭാഗമാണത്. ഇഖ്‌ലാസും ഉന്‍മേഷവുമില്ലാതെ ലോകമാന്യത്തിനുവേണ്ടി മടിയന്മാരായി നിസ്‌കാരത്തിലേര്‍പ്പെടുന്നതിനെ മുനാഫിഖിന്റെ സ്വഭാവമായാണ് വിശുദ്ധ ഖുര്‍ആന്‍ ചിത്രീകരിക്കുന്നത്. അവര്‍ (മുനാഫിഖുകള്‍) നിസ്‌കാരത്തിന് നിന്നാല്‍ ഉദാസീനരായിക്കൊണ്ട് ആളുകളെ കാണിക്കാന്‍ വേണ്ടിയാണ് നില്‍ക്കുന്നത്. (വി.ഖുര്‍ആന്‍ 142/4)
മറ്റു ചിന്തകളില്‍നിന്നെല്ലാം മുസ്വല്ലിയുടെ ഹൃദയം ഒഴിവായിരിക്കണം. ഖല്‍ബില്‍ ഭയഭക്തി ഉണ്ടാവാന്‍ അതാവശ്യമാണ്. ഭൗതിക ചിന്തകളുടെ ഭാണ്ഡങ്ങള്‍ തന്നെ നിസ്‌കരിക്കുന്നവന്റെ മനസ്സില്‍ ഇബ്‌ലീസ് കെട്ടഴിക്കും. അല്ലാഹുവുമായി അവന്റെ അടിയന്‍ ഏറ്റവും അടുക്കുന്നത് നിസ്‌കാരത്തിലാണെന്ന് ഇബ്‌ലീസിന് നന്നായറിയാം. അതുകൊണ്ടുതന്നെ നിസ്‌കരിക്കുന്നവനെ  അല്ലാഹുവില്‍നിന്ന് അകറ്റാനുള്ള എല്ലാ കുതന്ത്രങ്ങളും പിശാച് പ്രയോഗിക്കുകതന്നെചെയ്യും. ഇക്കാര്യം നിസ്‌കാരത്തിലേര്‍പ്പെടുന്നവന്‍ ശരിക്കും മനസ്സിലാക്കിയിരിക്കണം.
പ്രധാനപ്പെട്ടതും പ്രിയപ്പെട്ടതുമായ കാര്യങ്ങളെക്കുറിച്ചുള്ള ചിന്തയായിരിക്കും ഈ സമയത്ത് മനസ്സില്‍ മുളച്ച് പൊന്തുന്നത്. മറന്നുപോയതെല്ലാം അപ്പോള്‍ മനസ്സില്‍ ഓടിയെത്തും. നിസ്‌കരിക്കുന്ന മനുഷ്യന്‍ അവയെ കുറിച്ചുള്ള ചിന്തയില്‍ മുഴുകും. അങ്ങനെ സര്‍വ്വാധിനാഥനായ റബ്ബുമായി ഏറ്റവും അടുക്കേണ്ട സമയം റബ്ബുമായി അവന്‍ അകന്നുപോകും. നിസ്‌കരിച്ച റക്അത്തുകളുടെ എണ്ണംപോലും അവന്‍ മറന്നിരിക്കും.
അബൂ ഹുറൈറ(റ)യില്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: നിസ്‌കാരത്തിന് ബാങ്ക് വിളിക്കപ്പെട്ടാല്‍ ഉച്ചത്തില്‍ കീഴ്‌വായുവും വിട്ടുകൊണ്ട് ശൈത്വാന്‍ പിന്തിരിഞ്ഞോടും. ബാങ്കിന്റെ ശബ്ദം കേള്‍ക്കാതാകുന്നതു വരെ. ബാങ്ക് തീര്‍ന്നാല്‍ ശൈത്വാന്‍ മുന്നിട്ട് വരും. (പിന്നീട് ) ഇഖാമത്ത് വിളിക്കപ്പെട്ടാല്‍ (വീണ്ടും) അവന്‍ പിന്തിരിഞ്ഞോടും. ഇഖാമത്ത് തീര്‍ന്നാല്‍ മുന്നിട്ട് വരും. എന്നിട്ട് (നിസ്‌കരിക്കുന്ന) മനുഷ്യന്റെ മനസ്സില്‍ അവന്‍ ദുര്‍ബോധനമുണ്ടാക്കും. അഥവാ, അതുവരെ ഓര്‍മയില്ലാത്ത കാര്യങ്ങളെപ്പറ്റി അവന്‍ പറയും ഇന്നത് ഓര്‍ക്കൂ, ഇന്നത് ഓര്‍ക്കൂ. അങ്ങനെ ആ മനുഷ്യന്‍ എത്രയാണ് നിസ്‌കരിച്ചതെന്ന് അവനറിയില്ല.” (ബു.മു.)
ഖുശൂഅ് ഇല്ലാത്ത നിസ്‌കാരത്തിന് പ്രതിഫലമില്ല എന്ന് തന്നെ ചില ഹദീസുകളില്‍ വന്നിട്ടുണ്ടെന്ന് ഫത്ഹുല്‍ മുഈനിലുണ്ട്. മാത്രമല്ല, ഖുശൂഅ് ഇബാദത്ത് സ്വഹീഹാകാനുള്ള നിബന്ധന കൂടിയാണെന്നും പണ്ഡിതരില്‍ ചിലര്‍ക്കഭിപ്രായമുണ്ട്.
രഹസ്യവും പരസ്യവും അറിയുന്ന രാജാധിരാജനായ റബ്ബിന്റെ മുന്നിലാണ് താന്‍ നില്‍ക്കുന്നതെന്നോര്‍ക്കുകയും അടിമത്വത്തിന്റെ യഥാര്‍ത്ഥ ഉടമത്വം അല്ലാഹുവിനാണെന്ന് അംഗീകരിച്ചു പ്രവര്‍ത്തിക്കുന്ന തന്റെ നിസ്‌കാരത്തില്‍ വല്ല വീഴ്ചയും വന്നുപോയാല്‍ അവന്‍ തന്നിലേക്ക് പരുഷമായി വെളിപ്പെടുകയും തന്റെ നിസ്‌കാരം തട്ടിക്കളയുകയും ചെയ്‌തേക്കുമോ എന്ന് ഭയപ്പെടുകയും ചെയ്യുന്നതിനാല്‍ മനസ്സില്‍ ഖുശൂഅ് നിലനില്‍ക്കുന്നതാണ്. റുകൂഉം സുജൂദും ദീര്‍ഘിപ്പിക്കുന്നത് ഖുശൂഅ് ഉണ്ടാക്കുന്ന കാര്യങ്ങളില്‍പ്പെട്ടതാണെന്ന് മഹാനായ മുഹമ്മദുല്‍ ബക്‌രി(റ) പറഞ്ഞിരിക്കുന്നു.
നിസ്‌കാരത്തില്‍ ഓതുന്ന ഖുര്‍ആനിന്റെയും ചൊല്ലുന്ന ദിക്‌റുകളുടെയും അര്‍ത്ഥം ആലോചിച്ചിരിക്കണം. അല്ലാഹു പറഞ്ഞു: അപ്പോള്‍ അവര്‍ ഖുര്‍ആന്‍ ചിന്തിച്ച് മനസ്സിലാക്കുന്നില്ലേ? അതല്ല, (അവരുടെ) ഹൃദയങ്ങളിന്‍മേല്‍ അവയുടെ പൂട്ടുകളുണ്ടോ (വി. ഖുര്‍ആന്‍ 24/47) അര്‍ത്ഥം ചിന്തിക്കുന്നത് കൊണ്ടേ ഖുശൂഅ് തന്നെ പൂര്‍ണമാവുകയുള്ളൂ. മനസ്സില്‍ മറ്റ് ചിന്തകള്‍ വരാതിരിക്കാനും അതുപകരിക്കും.
നിസ്‌കാരത്തില്‍ സുജൂദിന്റെ സ്ഥലത്തേക്കു നോക്കല്‍ സുന്നത്താകുന്നു. ഭയഭക്തി ഉണ്ടാകാന്‍ അത് സഹായകമാണ്. കണ്ണുപൊട്ടനും, കഅ്ബയുടെ അടുത്ത് നിസ്‌കരിക്കുന്നവനും ഇരുട്ടില്‍ നിസ്‌കരിക്കുന്നവനും മയ്യിത്ത് നിസ്‌കാരം നിര്‍വ്വഹിക്കുന്നവനും ഈ നോട്ടം സുന്നത്ത് തന്നെ. എന്നാല്‍ അത്തഹിയ്യാത്തില്‍ ഇല്ലല്ലാഹ് എന്നു പറയുമ്പോള്‍ ചൂണ്ടുവിരല്‍ ഉയര്‍ത്തുകയും അപ്പോള്‍ ആ വിരലിലേക്ക് നോക്കുകയും ചെയ്യലാണ് സുന്നത്ത്. ബുദ്ധിമുട്ടുകളൊന്നും ഭയപ്പെടാത്തപക്ഷം നിസ്‌കാരത്തില്‍ കണ്ണു ചിമ്മല്‍ കറാഹത്തില്ല.
നിസ്‌കാരത്തില്‍ നിന്ന് സലാം വീട്ടിയ ഉടനെ എഴുന്നേറ്റ് പോകരുത്. അവിടെ ഇരുന്ന് ദിക്ര്‍ ചൊല്ലലും ദുആ ഇരക്കലും സുന്നത്തും പുണ്യമുള്ള അമലുമാണ്. അബൂഹുറൈറ(റ)യെ തൊട്ട് നിവേദനം: ”നബി(സ) പറഞ്ഞു: നിങ്ങളില്‍ ഓരോരുത്തരും നിസ്‌കരിച്ച മുസ്വല്ലയില്‍ ഇരിക്കുന്ന കാലത്തൊക്കെ ഐഹിക സംസാരം നടത്താതിരിക്കുമ്പോല്‍ മലക്കുകള്‍ നിങ്ങള്‍ക്ക് പൊറുക്കലിനെ തേടും.” അദ്ദേഹത്തിന് നീ പൊറുത്തുകൊടുക്കേണമേ അദ്ദേഹത്തിന് നീ കരുണ ചെയ്യേണമേ… അല്ലാഹുവേ… എന്ന് അവര്‍ പറയും.” (ബുഖാരി)
ഒറ്റക്ക് നിസ്‌കരിക്കുന്നവനും മഅ്മൂമും ദിക്ര്‍ ദുആകള്‍ പതുക്കെയാണ് ചൊല്ലേണ്ടത്. മറ്റുള്ളവര്‍ക്ക് പഠിപ്പിച്ച് കൊടുക്കുകയോ മറ്റുള്ളവരുടെ ആമീന്‍ പ്രതീക്ഷിക്കുകയോ ചെയ്യുന്ന ഇമാം ഉറക്കെ ദിക്ര്‍ ദുആ നടത്തണം. അബൂ ഉമാമത്ത്(റ)നെത്തൊട്ട് നിവേദനം: അദ്ദേഹം പറഞ്ഞു- ഏത് പ്രാര്‍ത്ഥനയാണ് ഉത്തരം ലഭിക്കാന്‍ ഏറ്റവും ഉതകുന്നത് എന്ന് ചോദിക്കപ്പെട്ടു. നബി(സ) പറഞ്ഞു: രാത്രിയുടെ യാമങ്ങളിലും ഫര്‍ള് നിസ്‌കാരങ്ങളുടെ പിന്നിലുമുള്ള പ്രാര്‍ത്ഥന. (തുര്‍മുദി)
പള്ളിയില്‍ നിസ്‌കരിക്കുന്നവര്‍ക്ക് ശല്യമാകുംവിധം ദിക്ര്‍ ദുആ കൊണ്ട് അമിതമായി ശബ്ദമുയര്‍ത്തരുത്. അത് കറാഹത്താകേണ്ടതാണെന്ന് ബഹു. ഇബ്‌നു ഹജറുല്‍ ഹൈത്തമി തങ്ങള്‍ പറഞ്ഞിരിക്കുന്നു.
എല്ലാ ദുആകളും ഹംദ്, സ്വലാത്ത് കൊണ്ട് തുടങ്ങലും അവ കൊണ്ടും ആമീന്‍ കൊണ്ടും അവസാനിപ്പിക്കിലും സുന്നത്താണ്. മഅ്മൂമിന് ദുആഅ് അറിയാമെങ്കിലും ഇമാമിന്റെ ദുആഅ് കേള്‍ക്കുമെങ്കില്‍ അതിന് ആമീന്‍ പറയുകയാണ് വേണ്ടത്. ശുദ്ധിയുള്ള രണ്ട് കൈകള്‍ ദുആ സമയത്ത് ചുമലിന് നേരെ ഉയര്‍ത്തലും ദുആക്ക് ശേഷം അവകൊണ്ട് മുഖം തടവലും സുന്നത്തുണ്ട്. സ്വന്തം നിസ്‌കരിക്കുന്നവനും മഅ്മൂമും ദിക്ര്‍ ദുആകളുടെ സമയത്ത് ഖിബ്‌ലയിലേക്ക് മുന്നിടണം. ഇമാം വലഭാഗത്തേക്ക് തിരിഞ്ഞിരിക്കുകയാണ് ചെയ്യേണ്ടത്.
ഒരു നിസ്‌കാരം കഴിഞ്ഞ ഉടനെ ഫര്‍ളോ സുന്നത്തോ ആയ മറ്റൊരു നിസ്‌കാരം ഉദ്ദേശിക്കുന്നവന്‍ നിസ്‌കരിച്ച സ്ഥലത്തുനിന്ന് അല്‍പം മാറി നില്‍ക്കുകയോ ഇതര സംസാരം കൊണ്ട് രണ്ട് നിസ്‌കാരത്തിന്റെ ഇടയില്‍ പിരിക്കുകയോ ചെയ്യണം. അത് സുന്നത്താണ്. മാറി നില്‍ക്കുന്നതിനാല്‍ ഒന്നാമത്തെ സ്വഫ്ഫ്, ഇമാമിന്റെ വലഭാഗം പോലെയുള്ള പുണ്യസ്ഥലം നഷ്ടപ്പെടുമെന്നുവന്നാല്‍ മാറിനില്‍ക്കേണ്ടതില്ല. ഒരു നിസ്‌കാരത്തെ മറ്റൊരു നിസ്‌കാരത്തോട് ചേര്‍ത്തി നിസ്‌കരിക്കരുതെന്ന് നബി(സ) ഞങ്ങളോട് കല്‍പിച്ചിരിക്കുന്നു. ഞങ്ങള്‍ സംസാരിക്കുകയോ (അവിടന്ന്) പുറപ്പെടുകയോ ചെയ്യുന്നതു വരെ.” (മുസ്‌ലിം)
പള്ളിയില്‍ ഇഅ്തികാഫ് ഇരിക്കുന്നവരല്ലാത്തവര്‍ക്ക് സുന്നത്ത് നിസ്‌കാരം വീട്ടില്‍ വെച്ച് നിര്‍വ്വഹിക്കലാണ് ശ്രേഷ്ടം. എന്നാല്‍ അതുകാരണം അശ്രദ്ധമായോ മറ്റോ സുന്നത്ത് നിസ്‌കാരം തന്നെ നഷ്ടപ്പെടുകയില്ലേയെന്ന് നിര്‍ഭയമായാലാണത്. ജുമുഅക്ക് രാവിലെ പോയവന്റെ സുന്നത്ത് നിസ്‌കാരം, ജമാഅത്തായി നിര്‍വ്വഹിക്കപ്പെടുന്ന സുന്നത്ത് നിസ്‌കാരം, പള്ളിയില്‍വെച്ച് തന്നെ നടത്തേണ്ട സുന്നത്ത് നിസ്‌കാരം എന്നിവ പള്ളിയില്‍ വെച്ച് തന്നെയാണ് നിര്‍വ്വഹിക്കപ്പെടേണ്ടത്. സൈദുബ്‌നു സാബിത്ത്(റ)നെ തൊട്ട് നബി(സ) പറഞ്ഞു: ‘ഓ ജനങ്ങളെ, നിങ്ങള്‍ നിങ്ങളുടെ വീട്ടില്‍ നിസ്‌കരിക്കുക. കാരണം, നിസ്‌കാരങ്ങളില്‍ പുണ്യം വീട്ടില്‍ വെച്ചുള്ള നിസ്‌കാരമാണ്. ഫര്‍ളാക്കപ്പെട്ട നിസ്‌കാരം ഒഴികെ.” (ബുഖാരി മുസ്‌ലിം)
നിസ്‌കാരത്തിന്റെ ഓരോ പ്രവര്‍ത്തികളില്‍ നിന്നും മറ്റൊന്നിലേക്ക് മഅ്മൂം നീങ്ങുന്നത് ഇമാം നീങ്ങിയ ശേഷമായിരിക്കണമെന്നത് സുന്നത്തും ജമാഅത്ത് നിസ്‌കാരത്തിന്റെ മര്യാദകളില്‍ പെട്ടതുമാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter