തുര്‍ക്കി

റിപ്പബ്ലിക് ഓഫ് തുര്‍ക്കി എന്ന ഔദ്യോഗിക നാമത്തിലറിയപ്പെടുന്ന ഈ യൂറേഷ്യന്‍ രാജ്യത്തിന്റെ തലസ്ഥാനം 'അങ്കാറ'യാണ്. 7,79,452 ച.കി.മീറ്ററില്‍ വ്യാപിച്ച് കിടക്കുന്ന രാജ്യത്ത് ഏകദേശം 79,749,461 (2011 പ്രകാരം) ആളുകള്‍ വസിക്കുന്നുണ്ടെന്നാണ് കണക്ക്. ഇതില്‍ 98% മുസ്‌ലിംകളും ബാക്കി ക്രൈസ്തവരുമാണ്. 'ടര്‍ക്കിഷ് ലീറ'യാണ് നാണയം. അതിരുകളില്‍ വടക്ക് കരിങ്കടലും ബള്‍ഗേറിയയും കിഴക്ക് ജോര്‍ജിയ, ഇറാന്‍, അര്‍മീനിയ എന്നീ രാജ്യങ്ങളും തെക്ക് ഇറാഖും പടിഞ്ഞാറ് ഗ്രീസും മധ്യധരണിയാഴിയുമാണ്. ടര്‍ക്കിഷ് അറബിയാണ് ഔദ്യോഗിക ഭാഷയെങ്കിലും ചില കുര്‍ദിഷ് ഭാഷകള്‍ക്കും പ്രചാരമുണ്ട്.

ചരിത്രം ആധുനിക തുര്‍ക്കി റിപ്പബ്ലിക്ക് രൂപീകൃതമാവുന്നതിന് മുമ്പ് ഈ പ്രദേശം ഏഷ്യാമൈനറിന്റെയും ഓട്ടോമാന്‍ (ഉസ്മാനിയ) സാമ്രാജ്യത്തിന്റെയും ഭാഗമായിരുന്നു. 1071 – ല്‍ ഏഷ്യാമൈനറിലെത്തിയ സെല്‍ജൂക്കികള്‍ ഇവിടെയുണ്ടായിരുന്ന ബൈസന്റൈന്‍ രാജാവിനെ പരാജയപ്പെടുത്തുകയും 'റൂം സുല്‍ത്താനത്ത്' എന്ന പേരില്‍ അധികാരം വാഴുകയും ചെയ്തു. പതിമൂന്നാം നൂറ്റാണ്ടില്‍ മംഗോളിയക്കാര്‍ സെല്‍ജൂക്കികളെ പരാജയപ്പെടുത്തിയതോടെ നിരവധി നാട്ടുരാജ്യങ്ങള്‍ ഉടലെടുത്തു. 'സോഗത്ത്' അമീറത്ത് എന്ന നാട്ടുരാജ്യമായിരുന്നു ഇവയില്‍ ഏറ്റവും ശക്തമായത്. ഉസ്മാന്‍ ഒന്നാമനായിരുന്നു ഇതിന്റെ സ്ഥാപകന്‍. ഇദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ ഉസ്മാനികള്‍ (ഓട്ടോമാനുകള്‍) എന്ന പേരിലറിയപ്പെട്ടു. ഒന്നാം ലോക മഹായുദ്ധത്തില്‍ തുര്‍ക്കി പരാജയപ്പെടുകയും 1920 – ല്‍ സഖ്യ കക്ഷികളാല്‍ തുര്‍ക്കിയുടെ ഓരോ ഭാഗങ്ങള്‍ നഷ്ടപ്പെടുകയും ചെയ്തപ്പോള്‍ മുസ്ഥഫാ അത്താ തുര്‍ക്കിന്റെ നേതൃത്വത്തില്‍ ഒരു കൂട്ടം സംഘടിക്കുകയും 1923 ഒക്ടോബര്‍ 29 -ന് അവര്‍ തുര്‍ക്കി റിപ്പബ്ലിക് സ്ഥാപിക്കുകയും ചെയ്തു. അത്താ തുര്‍ക്ക് തന്നെയാണ് ആദ്യ പ്രസിഡന്റ്. 1924 – ല്‍ അദ്ദേഹം പാശ്ചാത്യ സങ്കല്‍പ്പങ്ങളും സിദ്ധാന്തങ്ങളും നാട്ടില്‍ നടപ്പാക്കി. ജനാധിപത്യം, ദേശീയത, ദേശ സാത്കരണം, മതേതരത്വം, തുടങ്ങിയവ രാജ്യത്തിന്റെ മൌലിക തത്വങ്ങളായി അദ്ദേഹം പ്രഖ്യാപിച്ചു. (ഈ തത്വങ്ങള്‍ കമാലിസം എന്നറിയപ്പെടുന്നു.) ഏക കക്ഷിരാഷ്ട്രീയത്തില്‍ സഞ്ചരിച്ച തുര്‍ക്കി 1950 ന് ശേഷം സമ്പൂര്‍ണ്ണ ജനാധിപത്യത്തിലെത്തിയെങ്കിലും മതപ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കു നേരിട്ടു. കടുത്ത സാമ്പത്തിക മാന്ദ്യവും തൊഴിലില്ലായ്മയും  വംശീയ സംഘട്ടനങ്ങളും നാട്ടില്‍ അരങ്ങേറി. രാജ്യത്തെ ശക്തമായ ആഭ്യന്തര പ്രശ്നം കാരണം 1960 മുതല്‍ 1995 വരെയുള്ള കാലഘട്ടങ്ങളില്‍ നാലു തവണ പട്ടാളം അധികാരം ഏറ്റെടുത്തു.

മത രംഗം രണ്ടാം ഖലീഫ ഉമര്‍ (റ)വിന്റെ ഭരണ കാലത്താണ് ഇസ്‌ലാം തുര്‍ക്കിയിലെത്തുന്നത്. ഉമവികള്‍ക്കും സെല്‍ജൂക്കികള്‍ക്കും ശേഷം ഉസ്മാനികളുടെ കാലത്ത് തുര്‍ക്കി ഏറ്റവും വലിയ ഇസ്‌ലാമിക ശക്തിയും  ആസ്ഥാനവുമായി മാറി. ഒന്നാം ലോക യുദ്ധത്തോടെയാണ് രാജ്യത്തെ ഇസ്‌ലാമികത ക്ഷയിച്ചത്. 1928 –ഓടെ തുര്‍ക്കി മതനിരപേക്ഷ രാജ്യമായി പ്രഖ്യാപിക്കപ്പെട്ടു. രാജ്യത്തെ ഭൂരിപക്ഷവും ഇസ്‌ലാം മത വിശ്വാസകളാണ്, അവരില്‍ത്തന്നെ അധികവും സുന്നികളും.

രാഷ്ട്രീയ രംഗം 1982 –ല്‍ നിലവില്‍ വന്ന ഭരണഘടന പ്രകാരം രാജ്യം മതേതര ജനാധിപത്യ റിപ്പബ്ലിക്ക് ആണ്. പ്രസിഡന്റാണ് രാഷ്ട്രത്തലവന്‍. തീവ്ര മത നിരാസത്തിന്റെ വക്താക്കളായ കാമാലിസ്റ്റുകളായിരുന്നു പതിറ്റാണ്ടുകളോളം രാജ്യം ഭരിച്ചത്. സൈന്യത്തിന്റെ പിന്തുണയോടെ മതത്തിനും മത ചിഹ്നങ്ങള്‍ക്കും പലവിധത്തിലും വിലക്ക് വീണു. ഇസ്‌ലാമിനോട് ആഭിമുഖ്യം കാണിച്ചിരുന്ന രാഷ്ട്രീയ പ്രസ്ഥങ്ങളെ സൈന്യത്തിന്റെ പിന്തുണയോടെ പലപ്പോഴും കമാലിസ്റ്റുകള്‍ നിരോധിച്ചു. നജ്മുദ്ദീന്‍  അര്ബകാന്റെ നേത്രത്വത്തില്‍ കുറഞ്ഞകാലം ഭരിച്ച ഇസ്‌ലാം-സൌഹൃദ സര്‍ക്കാറിനെ സൈന്യം അട്ടിമറിക്കുകയും അദ്ദേഹത്തെ ജയിലിലടക്കുകയും ചെയ്തു. എന്നാല്‍ അര്‍ബകാന്റെ ശിഷ്യനായിരുന്ന റജബ് ത്വയ്യിബ് ഉര്‍ദുഗാനും അബ്ദുല്ലഗുല്ലും ചേര്‍ന്ന് രൂപീകരിച്ച ജസ്റ്റിസ് & ഡെവലപ്പ്മെന്റ് പാര്‍ട്ടി (എ.കെ.പി) തുര്‍ക്കി രാഷ്ട്രീയത്തില്‍ വന്‍ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കി. 2003 -ല്‍ പ്രധാനമന്ത്രി സ്ഥാനത്തെത്തിയ ഉര്‍ദുഗാന്‍ രാഷ്ട്രീയത്തിലുള്ള സൈന്യത്തിന്റെ ഇടപെടലിന് അന്ത്യം കുറിക്കുകയും മത-വിരുദ്ധതയില്‍ നിന്ന് മത-സൌഹൃദ രാഷ്ട്രമായി തുര്‍ക്കിയെ മാറ്റുകയും ചെയ്തു.പൊതു രംഗത്ത്‌ മതത്തിന്നുണ്ടായിരുന്ന വിലക്കുക്കള്‍ പതിയെ അദ്ദേഹം കുറച്ചുകൊണ്ടു വന്നു. മതത്തെയും ജനാധിപത്യത്തെയും യോജിപ്പിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ രാഷ്ട്രീയ മോഡല്‍ പിന്നീട് അറബ് വസന്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച അറബ് രാഷ്ട്രങ്ങള്‍ക്ക് മാതൃകയും പ്രചോദനവുമായി മാറി. ഓരോ തെരഞ്ഞടുപ്പ് കഴിയുംതോറും കൂടതുല്‍ പിന്തുണതേടി തിരിച്ചെത്തിയ ഉര്‍ദുഗാനും തുര്‍ക്കി രാഷ്ട്രീയയും ഇന്ന് മുസ്‌ലിം ലോകത്തിന്റെ ശ്രദ്ധാ കേന്ദ്രമാണ്. 2007 മുതല്‍ 'അബ്ദുല്ല ഗുല്' ആണ് പ്രസിഡന്റ്. ഏഴു വര്‍ഷമാണ് കാലാവധി. പ്രധാനമന്ത്രിയാണ് ഭരണത്തലവന്‍ ഭരണ സൌകര്യത്തിനായി രാജ്യത്തെ എഴുപതില്‍പ്പരം പ്രവിശ്യകളായി തിരിച്ചിട്ടുണ്ട്. കേന്ദ്ര ഗവ: നിയമിക്കുന്ന ഗവര്‍ണ്ണറാണ് പ്രവിശ്യാ ഭരണത്തലവന്‍. -റശീദ് ഹുദവി വയനാട്-

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter