നോമ്പ് - സൂഫീ വായനകളിലൂടെ (ഭാഗം-08)

നോമ്പ് - സൂഫീ വായനകളിലൂടെ (ഭാഗം-08)
------------------------------------------------------------------

ബഹുമാനപ്പെട്ട സൂഫികൾ, ആരാധനകളുടെ ബാഹ്യപ്രകടനങ്ങൾക്കും അത്തരം വിധികളും രീതിശാസ്ത്രങ്ങൾക്കുമപ്പുറം അവ ആത്മീയ സംസ്കരണത്തിൽ വഹിക്കുന്ന പങ്കുകളേയും അവയിലെ ആത്മീയ പരിപ്രേക്ഷ്യങ്ങളെയും വിഷയമാക്കി രചനകൾ നടത്തിയിട്ടുണ്ട്. ആ രീതിയിൽ നോമ്പും ചില സൂഫി രചനകളിൽ ഇടം നേടിയിട്ടുണ്ട്. അവയിൽ ഏതാനും ചിലത് പരിചയപ്പെടുത്താനാഗ്രഹിക്കുന്നു. അവരതിനെ നോമ്പിന്‍റെ ഹഖീഖത് എന്ന് വിളിക്കാനാണ് ആഗ്രഹിക്കുന്നത്.
-=<(*****)>=-
മഹാനായ ഇബ്നു അജീബ(റ) തങ്ങളുടെ അൽബഹ്റുൽ മദീദ് ഫീ തഫ്സീറിൽ ഖുർആനിൽ മജീദ് എന്ന ഗ്രന്ഥത്തിൽ സുറതുൽ ബഖറിയിലെ 183-185 വരെയുള്ള ആയതുകളുടെ ഇശാറത് നൽകിയിതിപ്രകാരമാകുന്നു.
വികാരങ്ങളിൽ നിന്നും ഭൌതിക ഭ്രമങ്ങളിൽ നിന്നും നോമ്പു നോൽക്കൽ നിങ്ങൾക്ക് നിർബന്ധമാണ്. നിങ്ങൾക്കു മുമ്പേ, ഥരീഖതിന്‍റെ വഴി സ്വീകരിച്ച മഹാന്മാരായ ആരിഫീങ്ങൾക്കും അവരുടെ മുജാഹദ-റിയാളകളുടെ കാലത്ത് ഇത്തരം നോമ്പ് നിർബന്ധമാക്കിയിരുന്നു. അങ്ങനെയവർ മുശാഹദയുടെ (ഹൃദയം കൊണ്ടുള്ള ദിവ്യ ദർശനം) രംഗത്തെത്തി. നിങ്ങൾ ഭൌതികതയെ ഹൃദയത്തിന്‍റെ കണ്ണു കൊണ്ട് കാണുന്നത് സൂക്ഷിക്കാൻ വേണ്ടിയാണിത്. അങ്ങനെ നിങ്ങൾക്ക് അല്ലാഹുവിന്‍റെ സത്താപരമായ രഹസ്യങ്ങൾ തന്നെ വെളിപ്പെടും. 
ഭൂതകാലത്ത് ആരെങ്കിലും ദേഹേഛയോടുള്ള സ്നേഹം നിമിത്തം രോഗാതുരനായിട്ടുണ്ടെങ്കിൽ, അല്ലെങ്കിൽ ദുൻയാവ് തേടി യാത്ര പോയിട്ടുണ്ടെങ്കിൽ അവർക്ക് നഷ്ടപ്പെട്ടത് മറ്റു ദിവസങ്ങളിലായി ധൃതിയിൽ വീണ്ടെടുക്കട്ടെ. 
ഇത്തരം നോമ്പുകളനുഷ്ടിക്കാൻ കെൽപ്പുള്ളവർ ബലഹീനരായവർക്ക് യഖീനിന്‍റെ (വിശ്വാസ ദാർഢ്യം) അന്നവും അല്ലാഹുവിന്‍റെ മഅ്‍രിഫത്തും (ജ്ഞാനം) ഭക്ഷണമായി നൽകേണ്ടതുണ്ട്. ഇനി അല്ലാഹുവിന്‍റെ അടിമകളെ അവരെ വിശ്വാസ ശാക്തീകരണത്തിലേക്കും ദൃഢ നിശ്ചയം ഉയർത്തുന്നതിലേക്കും സ്വമേധയാ (നിർബന്ധ ബാധ്യതയല്ലാത്ത നിലയിൽ) അവർ വഴി നടത്തുന്നുവെങ്കിൽ അതേറെ നല്ലതാണ്. അല്ലാഹുവിനെ ഹൃദയ ദർശനമുണ്ടാകുകയും അവന്‍റെ സന്നിധിയിൽ സ്ഥിരപ്രതിഷ്ഠ (തംകീൻ) നേടുകയും ചെയ്താലും നടേ പറഞ്ഞ നോമ്പ് തുടരുന്നതാണ് നിങ്ങൾക്കുത്തമം, ഇന്ദ്രിയങ്ങളുമായി ഇടപഴകുമ്പോൾ ഖൽബിനുണ്ടാകുന്ന ഛിദ്രതയും നിശ്ചയങ്ങൾക്കുണ്ടാകുന്ന ക്ഷയവും നിങ്ങൾക്ക് അറിയുമെങ്കിൽ. 
ആരെങ്കിലും ഇതിനു സാക്ഷിയായാൽ അവൻ നോമ്പു തുടർന്നു കൊള്ളട്ടെ. അതിനു കഴിഞ്ഞില്ലെങ്കിൽ ആയുസ്സ് നഷ്ടപ്പെടുത്തിയതിൽ അവൻ കരഞ്ഞു കൊള്ളട്ടെ. 
മൂന്ന് അവസ്ഥയിലുള്ള നോമ്പുകളെ കുറിച്ച് ഇബ്നു അജീബയും വിശദീകരിച്ചിട്ടുണ്ട്.
-=<(*****)>=-
നോമ്പിനെ സംബന്ധിച്ചുള്ള സൂഫീ വായനകളിൽ ഏതാനും ചിലതാണ് മുകളിൽ നൽകിയത്. ഇപ്രകാരം ഒട്ടനവധി സൂഫീ വിശദീകരണങ്ങളും സൂചനാ വ്യാഖ്യാനങ്ങളും കണ്ടെത്താനാവും. നോമ്പിന്‍റെ ആത്മീയ വശം പൂർണമായും ഉൾകൊണ്ട് അത് അനുഷ്ഠിക്കാൻ നാഥൻ അനുഗ്രഹിക്കട്ടെ

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter