ഇഖ്റഅ് 22- കണ്ണുകളെന്ന ഗ്രന്ഥദ്വയത്തിന് വില മതിക്കാനാവില്ല

_സൃഷ്ടിച്ച നാഥന്റെ നാമത്തില്‍...

എന്റെ അടിമയെ അവന് ഏറ്റവും ഇഷ്ടപ്പെട്ട രണ്ട് കണ്ണുകള്‍ (നല്കാതെ) ഞാന്‍ പരീക്ഷിക്കുകയും എന്നിട്ട് അവന്‍ ക്ഷമ കൈകൊള്ളുകയും ചെയ്താല്‍, അവന് ഞാന്‍ സ്വര്‍ഗ്ഗം പകരം നല്കും.  (അല്ലാഹു പറയുന്നതായി പ്രവാചകര്‍ ഉദ്ധരിച്ചത്)
മനുഷ്യാവയവങ്ങളില്‍ വിസ്മയങ്ങളുടെ കലവറയാണ് രണ്ട് കണ്ണുകള്‍. മുമ്പിലുള്ള ഏത് നിറത്തെയും ഏത് വസ്തുവിനെയും വ്യക്തമായി കാണാവുന്ന വിധം, അങ്ങോട്ടും ഇങ്ങോട്ടും ആവശ്യാനുസരണം സ്വയം തിരിഞ്ഞ് 200 ഡിഗ്രി വരെ നാല് വശങ്ങളിലുമുള്ള വസ്തുക്കളെയും ദര്‍ശിക്കാവുന്ന വിധം സംവിധാനിക്കപ്പെട്ട ഇവ വിസ്മയങ്ങളുടെ ഒരു മഹ പ്രപഞ്ചം തന്നെയാണ് അവ. അത്യാധുനിക ക്യാമറകള്‍ പോലും മനുഷ്യനേത്രങ്ങള്‍ക്ക് മുമ്പില്‍ പരാജയം സമ്മതിക്കാതിരിക്കില്ല, തീര്‍ച്ച.

പുറം ലോകത്ത് നിന്ന് പ്രകാശം സ്വീകരിച്ച്, നമ്മുടെ മുന്നിലെത്തുന്ന വസ്തുവിന്റെ പ്രതിബിംബത്തെ തലച്ചോറിലെത്തിക്കുകയാണ് കണ്ണുകളുടെ ധര്‍മ്മം. വസ്തു നിലകൊള്ളുന്ന ദൂരം, സ്ഥലം, അവിടത്തെ പ്രകാശലഭ്യത എന്നിങ്ങനെ കാഴ്ചക്ക് ആവശ്യമായ ഘടകങ്ങള്‍ക്കനുസരിച്ചെല്ലാം സ്വയം പാകപ്പെടുന്ന വിധമാണ് നമ്മുടെ കണ്ണുകള്‍. ഇതിനായി, ആധുനിക കാമറകളില്‍ പോലുമില്ലാത്ത വിധം അതിശക്തമായ ഐറിസ്, കോര്‍ണിയ തുടങ്ങി വിവിധ ഘടകങ്ങള്‍ ഇവയില്‍ കാണാം. 

അതോടൊപ്പം, സാധാരണ കാമറകള്‍ ഒരു വസ്തുവിന്റെ ഒരു ഇമേജ് മാത്രമാണ് ഒരു ക്ലിക്കില്‍ എടുക്കുന്നതെങ്കില്‍, മനുഷ്യനേത്രങ്ങള്‍ ഓരോ നിമിഷാര്‍ദ്ധത്തിലും ഈ പ്രക്രിയ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. അതിവേഗം വാഹനമോടിക്കുന്ന ഒരു വ്യക്തിയുടെ കണ്ണുകളിലൂടെ മാറിമറഞ്ഞ് പോവുന്ന വസ്തുക്കളുടെ എണ്ണവും വണ്ണവും നിറഭേദങ്ങളും ഒന്ന് ആലോചിച്ചുനോക്കൂ. അവയെല്ലാം നൊടിയിട നേരത്തിനുള്ളില്‍ നമ്മുടെ കണ്ണുകള്‍ കൃത്യമായി ഒപ്പിയെടുക്കുകയും തലച്ചോറിലേക്ക് കൈമാറുകയും ചെയ്തുകൊണ്ടേയിരിക്കുകയാണ്.

Read More: റമളാൻ ഡ്രൈവ് (ഭാഗം 22) നവൈതു

അതോടൊപ്പം, അവയുടെ സംരക്ഷണത്തിനായി കണ്‍പോളകളും പീലികളും സംവിധാനിക്കപ്പെട്ടു. ആവശ്യാനുസരണം സ്വയം അടയുകയും തുറയുകയും ചെയ്യുന്ന ഒരു ഓട്ടോ ഫ്ലാപിംഗ് സിസ്റ്റം എന്ന് വിളിക്കാം. അത് കൊണ്ട് കണ്ണിലെ ലെന്‍സുകളോ മറ്റു ഭാഗങ്ങളോ ഇടക്കിടെ തുടക്കുകയോ വൃത്തിയാക്കുകയോ ചെയ്യേണ്ട ആവശ്യം പോലും വരുന്നില്ല. ഉറങ്ങുന്ന സമയത്ത്, ചുറ്റുപാടുമുള്ള പ്രകാശകിരണങ്ങള്‍ പ്രയാസം സൃഷ്ടിക്കാതിരിക്കാന്‍ അവ സ്വയം അടയുന്നതും അല്‍ഭുതം തന്നെ. അതിലെല്ലാമുപരി, ആവശ്യമാവുന്ന സമയത്ത് അവകളെ സ്വയം വൃത്തിയാക്കാനായി കണ്ണീര്‍ ഗ്രന്ഥികളെയും സംവിധാനിച്ചിരിക്കുന്നു. 

കാഴ്ച എന്ന പ്രാഥമിക ധര്‍മ്മത്തിനും വികാരവൈവിധ്യങ്ങളുടെ പ്രകടനരംഗം കൂടിയാണ് കണ്ണുകള്‍. ചിരിക്കുന്നതും കരയുന്നതുമെല്ലാം നാം അറിയുന്നത് കണ്ണുകളില്‍ നിന്നാണ്. മനസ്സിലുള്ള ഇഷ്ടവും പ്രേമവും സല്ലാപവുമെല്ലാം കണ്ണുകളില്‍ നിന്ന് കണ്ണുകളിലേക്ക് ആദ്യം സംവേദനം ചെയ്യപ്പെടുന്നത്. ദുഖപാരവശ്യത്തില്‍ പുറത്ത് വരുന്ന കണ്ണീര്‍ തുള്ളിയോളം ശക്തമായ ആയുധം വേറെയില്ലെന്ന് പറയാം. 

ആലോചിക്കുംതോറും അല്‍ഭുതങ്ങളുടെ കലവറകള്‍ ഓരോന്നോരോന്നായി നമുക്ക് മുമ്പില്‍ അനാവരണം ചെയ്യപ്പെടുന്നത് കാണാം. നാഥാ, നിന്റെ സൃഷ്ടിവിലാസമാണ് ഇവയിലെല്ലാം ഞങ്ങള്‍ തിരിച്ചറിയുന്നത്. അറിയാതെ, ഈ കണ്ണുകള്‍ ആര്‍ദ്രമായിപ്പോവുന്നു, ഞങ്ങളോട് മാപ്പാക്കണേ.. നിനക്കാണ് സര്‍വ്വ സ്തുതിയും. 

നമുക്ക് വായന തുടരാം... നാഥന്റെ നാമത്തില്‍...

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter