റമദാന്‍ ചിന്തകള്‍ - നവൈതു..18. അരുതായ്മകളോടെല്ലാം ജിഹാദ് തുടരാം..

ജിഹാദ് എന്നാല്‍ ധര്‍മ്മസരം എന്നര്‍ത്ഥം. എല്ലാ അധര്‍മ്മങ്ങളോടും കാണുന്നിടത്തും അറിയുന്നിടത്തുമെല്ലാം വെച്ച് ചെയ്യേണ്ട പ്രതിരോധ പ്രക്രിയയാണ്. 

നീതികേടുകള്‍ കാണുമ്പോള്‍, അരുതാത്തത് എന്തെങ്കിലും സംഭവിക്കുമ്പോള്‍, എവിടെയെങ്കിലും അധര്‍മ്മം നടമാടുമ്പോള്‍, ആരെങ്കിലും അക്രമിക്കപ്പെടുമ്പോള്‍, ക്രമവിരുദ്ധമായി എവിടെയെങ്കിലും എന്തെങ്കിലും സ്ഥാപിക്കപ്പെടുന്നത് കാണുമ്പോള്‍, അര്‍ഹമായത് നിഷേധിക്കപ്പെടുമ്പോള്‍, അനര്‍ഹമായത് വീതിച്ചുനല്കുമ്പോള്‍... അവിടെയൊന്നും മൗനം പാലിക്കേണ്ടവനല്ല വിശ്വാസി. 

സാധിക്കുന്ന വിധമെല്ലാം അതിനെതിരെ പടപൊരുതേണ്ടവനാണ് അവന്‍. കൈ കൊണ്ട് തടയാന്‍ സാധിക്കുമെങ്കില്‍ അങ്ങനെ തന്നെയാവണം അത് ചെയ്യേണ്ടത്.. അത് സാധ്യമല്ലെങ്കില്‍ നിശബ്ദത പാലിക്കാതെ നാഥന്‍ നല്കിയ വായയും നാവും ചുണ്ടും ചേര്‍ത്ത് അരുതെന്ന് ഉറക്കെ പറയുക അവന്റെ കര്‍ത്തവ്യമാണ്. അതിനും സാധിക്കാത്ത വിധം സാഹചര്യം ശക്തമോ അവന്‍ നിസ്സഹായനോ ആണെങ്കില്‍ മനസ്സ് കൊണ്ടെങ്കിലും ആ അരുതായ്മയോട് വിയോജിപ്പ് പ്രകടിപ്പിക്കേണ്ടത് വിശ്വാസിയുടെ ബാധ്യതയാണ്.

Read More:റമദാന്‍ ചിന്തകള്‍ - നവൈതു..17. 1443 വര്‍ഷം മുമ്പ്.. ഇങ്ങനെയൊരു ദിനത്തില്‍...

പ്രവാചകരുടെ ഈ സമുദായത്തിന്റെ നാമം തന്നെ വിശുദ്ധ ഖുര്‍ആന്‍ പറയുന്നത്, ഖൈറു ഉമ്മത്, ഏറ്റവും ഉത്തമമായ സമുദായം എന്നാണ്. അതിനോട് ചേര്‍ത്ത് അവരുടെ വിശേഷണം പറയുന്നത് ഇങ്ങനെ വായിക്കാം, നന്മ കൊണ്ട് കല്‍പിക്കുകയും തിന്മയില്‍നിന്ന് വിരോധിക്കുകയും ചെയ്യുന്നവരെന്നാണ്. അഥവാ, തന്റേടവും ആര്‍ജ്ജവവുമുള്ള സമുദായം ആവണം ഇത് എന്ന് സാരം. ആരുടെ മുന്നിലും നട്ടെല്ല് വളയാതെ, തല കുനിക്കാതെ, മുഖമുയര്‍ത്തി തന്നെ നിലകൊള്ളുന്ന ഏറ്റവും ശക്തവും സുന്ദരവും അന്തസ്സാര്‍ന്നതുമായ സമുദായം എന്നര്‍ത്ഥം.

അത്തരം ഒരു സമുദായത്തെ കുറിച്ച് ഒന്ന് ഓര്‍ത്തു നോക്കൂ. നന്മകള്‍ മാത്രം വിളയുന്ന, തിന്മകള്‍ക്ക് പിന്തുണ ലഭിക്കാത്ത, നന്മ ചെയ്യുന്നവര്‍ക്ക് വീര പരിവേശം ലഭിക്കുന്ന, തിന്മയുടെ അനുയായികളെ സ്നേഹത്തോടെയും ഗുണകാംക്ഷയോടെയും നേര്‍വഴിയിലേക്ക് തിരിച്ച് നടത്തുന്ന, ഏറ്റവും മാതൃകാപരമായ സമൂഹം. വീട്ടിനകത്ത് വെച്ച്, കൂരിരുട്ടിന്റെ മറവില്‍ ആരോരുമറിയാതെ സംഭവിച്ചുപോവുന്ന തെറ്റുകള്‍ പോലും പൊതുമധ്യത്തില്‍ സ്വയം ഏറ്റ് പറഞ്ഞ് ശിക്ഷ ഏറ്റ് വാങ്ങുന്നത് വരെ, സമാധാനമില്ലാത്ത മനസ്സുകളായിരിക്കും അവിടെ. അത് തന്നെയാണ്, ഇസ്‍ലാം മുന്നോട്ട് വെക്കുന്ന സമൂഹവും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter