ഇഖ്റഅ് 26- ദഹന വ്യവസ്ഥ, അല്‍ഭുതങ്ങള്‍ പറയുന്ന ഗ്രന്ഥശേഖരം
_സൃഷ്ടിച്ച നാഥന്റെ നാമത്തില്‍....
ഒരിക്കല്‍ ഖലീഫ മന്‍സൂര്‍ വെള്ളം കുടിച്ചുകൊണ്ടിരിക്കെ, സദസ്സിലുണ്ടായിരുന്ന ഒരു പണ്ഡിതന്‍ അദ്ദേഹത്തോട് ഇങ്ങനെ ചോദിച്ചു, ഈ വെള്ളം കുടിക്കാന്‍ സാധിക്കാതെ വരുന്ന അവസ്ഥ ഒന്ന് ആലോചിച്ചുനോക്കൂ. അത് പരിഹരിക്കാന്‍ താങ്കള്‍ എന്ത് ചെലവഴിക്കും. എന്റെ അധികാരത്തിന്റെ പകുതിയും ഞാന്‍ അതിനായി ചെലവഴിക്കും എന്നായിരുന്നു ഖലീഫയുടെ മറുപടി. പണ്ഡിതന്‍ വീണ്ടും ചോദിച്ചു, ആ കുടിച്ച വെള്ളം മൂത്രത്തിലൂടെയാണല്ലോ ശരീരത്തില്‍ നിന്ന് പുറത്ത് പോവുന്നത്. അത് സാധിക്കാതെ വന്നാലോ. ഖലീഫ പറഞ്ഞു, എന്റെ അധികാരം മുഴുവന്‍ ചെലവഴിച്ചിട്ടാണെങ്കിലും അത് പരിഹരിക്കാനായിരിക്കും എന്റെ ശ്രമം.
തോന്നുമ്പോഴെല്ലാം ഭക്ഷണവും വെള്ളവും അകത്താക്കുന്നവരാണ് നാമെല്ലാം. ദാഹിക്കുമ്പോഴേക്കും നാം കുടിക്കുന്ന വെള്ളവും വിശന്നാലും ഇല്ലെങ്കിലും സമയാസമയങ്ങളില്‍ നാം കഴിക്കുന്ന ഭക്ഷണവുമെല്ലാം കൃത്യമായി സംസ്കരിക്കുന്നത് നമ്മുടെ ശരീരത്തിനകത്തെ ദഹന വ്യവസ്ഥയും അതിനായി സംവിധാനിക്കപ്പെട്ട ഏറ്റവും ശാസ്ത്രീയവും ഫലപ്രദവുമായ ദഹനേന്ദ്രിയങ്ങളുമാണ്.
മനുഷ്യജീവിതത്തിന് അന്നവും വെള്ളവും അത്യന്താപേക്ഷിതമാണ്. ശരീര ധര്‍മ്മങ്ങളെല്ലാം യഥാവിധി നടക്കുന്നതിനും ശരീരത്തിന്റെയും പേശികളുടെയും ശക്തിക്കും വളര്‍ച്ചക്കും അവ രണ്ടും ആവശ്യമാണ്. ശരീരത്തിന്റെ ഊഷ്മാവ് സന്തുലിതമായി സൂക്ഷിക്കുന്നതിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേല്ക്കുന്ന ക്ഷതങ്ങളെ പരിഹരിക്കുന്നതിലുമെല്ലാം ഭക്ഷണത്തിനും വെള്ളത്തിനും വലിയ പങ്കുണ്ട്. ശരീരത്തിന്റെ എഴുപത്തഞ്ച് ശതമാനം വരെ വെള്ളമാണെന്നാണ് കണക്ക്.
Read More: റമളാൻ ഡ്രൈവ് (ഭാഗം 26) നവൈതു
വായിലൂടെ അകത്തെത്തുന്ന വെള്ളവും ഭക്ഷണവും ദഹനേന്ദ്രിയങ്ങളിലൂടെ സഞ്ചരിച്ച് ശരീരത്തിന് ആവശ്യമായ പോഷകങ്ങളെല്ലാം അവയില്‍ നിന്ന് വലിച്ചെടുക്കാനം, അവസാനം ബാക്കിയാവുന്നത് ഏറ്റവും വ്യവസ്ഥാപിതമായി പുറം തള്ളാനുമെല്ലാം ശരീരത്തിലൊരുക്കിയ സംവിധാനങ്ങള്‍ അല്‍ഭുതകരം തന്നെ. വേണമെന്ന് തോന്നുമ്പോള്‍ മാത്രം സ്വയം തുറക്കുകയും അടയുകയും ചെയ്യുന്ന, യാതൊരു തകരാറുമില്ലാതെ പതിറ്റാണ്ടുകളോളം പ്രവര്‍ത്തിക്കുന്ന വിധത്തില്‍ സൃഷ്ടിച്ച് സംവിധാനിക്കപ്പെട്ട അവ ഏത് അത്യാധുനിക ഉപകരണത്തേക്കാളും ബഹുദൂരം മുന്നിലാണെന്ന് പറയാതെ വയ്യ.
ഇതിന്റെ ഭാഗമായുള്ള വൃക്ക പോലുള്ള അവയവങ്ങളിലേതെങ്കിലും തകരാറിലാകുമ്പോള്‍ മാത്രമാണ് നാം ഇവയെല്ലാം നിര്‍വ്വഹിക്കുന്ന ധര്‍മ്മങ്ങളുടെ വിലയും പ്രാധാന്യവും മനസ്സിലാക്കുന്നത്. അതിന് മുമ്പ് തന്നെ, സൃഷ്ടിപ്പിന്റെ ഈ അല്‍ഭുതപ്രതിഭാസങ്ങളെ മനസ്സിലാക്കുകയും പ്രപഞ്ചനാഥന് നന്ദി പറയാനും നമുക്കാവണം. അതിനായി, അല്‍ഭുതങ്ങളുടെ കലവറയായ ആ ഗ്രന്ഥങ്ങളെല്ലാം വായിക്കുക തന്നെ വേണം. ഇഖ്റഅ് നമ്മോട് പറയുന്നത് അവ വായിക്കാന്‍ കൂടിയാണ്.
നമുക്ക് വായന തുടരാം... നാഥന്റെ നാമത്തില്‍...
Leave A Comment