കശ്മീരിൽ  മനുഷ്യാവകാശം പൂർണമായും പുനഃസ്ഥാപിക്കണമെന്ന് ഐക്യരാഷ്ട്രസഭ
ജനീവ: ആർട്ടിക്കിൾ 370 റദ്ദാക്കിയതിനുശേഷം നിയന്ത്രണാവസ്ഥ തുടരുന്ന കശ്മീരിൽ ഐക്യരാഷ്ട്രസഭയുടെ കൃത്യമായ ഇടപെടൽ. മനുഷ്യാവകാശം പൂർണമായും പുനഃസ്ഥാപിക്കണമെന്ന് കേന്ദ്ര സർക്കാറിന് ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ കമ്മീഷൻ നിർദേശം നൽകി. യു.എൻ മനുഷ്യാവകാശ കമ്മീഷൻ വക്താവ് റുപർട്ട് കോൽവിലെയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. പ്രസ്താവനയുടെ പൂർണരൂപം: ഇന്ത്യൻ ഭരണത്തിനു കീഴിലുള്ള കശ്മീരിലെ ജനങ്ങൾക്ക് വലിയൊരു ഭാഗം മനുഷ്യാവകാശം നിഷേധിക്കപ്പെട്ടു കൊണ്ടിരിക്കുന്നു എന്നതിൽ ഞങ്ങൾക്ക് അതീവമായ ആശങ്കയുണ്ട്. ഈ സാഹചര്യം മാറ്റാനും ഇപ്പോൾ നിഷേധിക്കപ്പെടുന്ന അവകാശങ്ങൾ പൂർണമായി പുനഃസ്ഥാപിക്കാനും ഞങ്ങൾ ഇന്ത്യൻ അധികൃതരോട് ആവശ്യപ്പെടുകയാണ്. പന്ത്രണ്ട് ആഴ്ചകൾക്കു മുമ്പ് ആഗസ്റ്റ് അഞ്ചിനാണ്, ജമ്മു കശ്മീരിന് ഭാഗികമായി സ്വയംഭരണം അനുവദിക്കുന്ന ഭരണഘടനാ വ്യവസ്ഥകൾ ഇന്ത്യ എടുത്തുകളയുകയും ക്ടോബർ 31 വ്യാഴാഴ്ച നിലവിൽ വരുന്ന രണ്ട് വ്യത്യസ്ത കേന്ദ്രഭരണ പ്രദേശങ്ങളായി പ്രഖ്യാപിക്കുകയും ചെയ്തത്. അതോടൊപ്പം തന്നെ വളരെയധികം നിയന്ത്രണങ്ങൾ ചുമത്തുകയും ചെയ്തു. ഈ നിയന്ത്രങ്ങളിൽ ചിലതിൽ അയവു വരുത്തിയിട്ടുണ്ടെങ്കിലും അവ മനുഷ്യാവകാശത്തിന്മേലുണ്ടാക്കുന്ന ആഘാതം വ്യാപകമായി ഇപ്പോഴും അനുഭവപ്പെടുന്നുണ്ട്. മേഖലയിൽ അധികൃതർ ഏർപ്പെടുത്തിയ അപ്രഖ്യാപിത കർഫ്യൂ ജമ്മുവിലും ലഡാക്കിലും ദിവസങ്ങൾക്കുള്ളിൽ തന്നെ എടുത്തുകളഞ്ഞെങ്കിലും കശ്മീർ താഴ്‌വരയിൽ ഇപ്പോഴും നിലനിൽക്കുന്നു എന്നാണ് അറിയുന്നത്. ജനങ്ങളുടെ സ്വതന്ത്ര സഞ്ചാരം തടയുകയും സമാധാനപരമായി സംഘടിക്കാനുള്ള ശേഷിക്ക് തടസ്സമുണ്ടാക്കുകയും ആരോഗ്യത്തിനും മതസ്വാതന്ത്ര്യത്തിനും വിശ്വാസത്തിനുമുള്ള അവകാശങ്ങൾ പരിമിതപ്പെടുത്തുകയും ചെയ്യുന്നു. ഇടയ്ക്കിടെയുള്ള പ്രതിഷേധൾക്കു നേരെ സുരക്ഷാ സേനയുടെ പെല്ലറ്റ് ഫയറിംഗ് ഷോട്ട്ഗൺ, ടിയർ ഗ്യാസ്, റബ്ബർ ബുള്ളറ്റുകൾ ഉൾപ്പെടെ നിരവധി ബലപ്രയോഗങ്ങൾ നടക്കുന്നുന്നതായി നിരവധി ആരോപണങ്ങളുണ്ട്. ആഗസ്റ്റ് അഞ്ച് മുതൽ കുറഞ്ഞത് ആറ് സിവിലിയന്മാർ കൊല്ലപ്പെട്ടെന്നും നിരവധിപേർക്ക് ഗുരുതരമായ പരിക്കേറ്റെന്നുമുള്ള സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ഇന്ത്യൻ ഭരണത്തിനുകീഴിലുള്ള കശ്മീരിൽ പ്രവർത്തിക്കുന്ന സായുധ സംഘങ്ങൾ, വ്യാപാരത്തിലേർപ്പെടാനോ സ്‌കൂളിൽ പോകാനോ ശ്രമിക്കുന്ന സാധാരണക്കാരെ ഭീഷണിപ്പെടുത്തുന്നതായും സായുധ സംഘങ്ങളുടെ ആവശ്യങ്ങൾ പാലിക്കാത്ത ആളുകളെ അക്രമിക്കുന്നതായുമുള്ള റിപ്പോർട്ടുകൾ ഞങ്ങൾക്ക് ലഭിച്ചു. ഓഗസ്റ്റ് 5 മുതൽ സായുധ സംഘാംഗങ്ങൾ നടത്തിയ ആക്രമണത്തിൽ മറ്റൊരു ആറുപേർകൂടി കൊല്ലപ്പെടുകയും ഒരു ഡസനിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ജമ്മു കശ്മീരിലെ മൂന്ന് മുൻ മുഖ്യമന്ത്രിമാർ ഉൾപ്പെടെ നൂറുകണക്കിന് രാഷ്ട്രീയ, സിവിൽ സൊസൈറ്റി നേതാക്കളെ കരുതൽതടങ്കലിലാക്കിയിട്ടുണ്ട്. ചില രാഷ്ട്രീയ പ്രവർത്തകരെ വിട്ടയച്ചതായി റിപ്പോർട്ടുകൾ ഉണ്ടെങ്കിലും മിക്ക മുതിർന്ന നേതാക്കളും - പ്രത്യേകിച്ച് കശ്മീർ താഴ്വരയിൽ നിന്നുള്ളവർ - തടങ്കലിൽ തന്നെയാണ്. തടങ്കലിൽ കഴിയുന്ന ആളുകളെ പീഡിപ്പിക്കുകയും മോശമായി പെരുമാറുകയും ചെയ്തുവെന്ന നിരവധി ആരോപണങ്ങളും ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. ഇവ സ്വതന്ത്രമായും നിഷ്പക്ഷമായും അന്വേഷിക്കണം. അന്താരാഷ്ട്ര നിയമപ്രകാരം പീഡനം അസന്ദിഗ്ധമായും നിരോധിക്കപ്പെട്ടിട്ടുള്ളതാണ്. ലാൻഡ്ലൈൻ ടെലിഫോണുകളുടെ നിയന്ത്രണങ്ങൾ ഒടുവിൽ നീക്കുകയും ഭാഗിക മൊബൈൽ സേവനങ്ങൾ പുനരാരംഭിക്കാൻ സർക്കാർ നടത്തുന്ന ടെലികോം കമ്പനിയെ അനുവദിക്കുകയും ചെയ്തുവെങ്കിലും എല്ലാ ഇന്റർനെറ്റ് സേവനങ്ങളും കശ്മീർ താഴ്വരയിൽ തടഞ്ഞിരിക്കുന്നു. മാധ്യമങ്ങൾ അനാവശ്യ നിയന്ത്രണങ്ങൾ നേരിടുന്നത് തുടരുകയാണ്, കഴിഞ്ഞ മൂന്ന് മാസത്തിനിടെ കുറഞ്ഞത് നാല് പ്രാദേശിക മാധ്യമപ്രവർത്തകരെ അറസ്റ്റ് ചെയ്തു. ഹേബിയസ് കോർപ്പസ്, സഞ്ചാര സ്വാതന്ത്ര്യം, മാധ്യമ നിയന്ത്രണങ്ങൾ എന്നിവ സംബന്ധിച്ച ഹരജികൾ പരിഗണിക്കുന്നകാര്യത്തിൽ സുപ്രീം കോടതി മന്ദഗതിയിലാണ്. ജമ്മു കശ്മീർ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ, വിവരാവകാശ കമ്മീഷൻ (വിവരാവകാശത്തിനുള്ള അവകാശങ്ങൾ നടപ്പിലാക്കുന്ന സംസ്ഥാന കമ്മീഷൻ), സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള സംസ്ഥാന കമ്മീഷൻ തുടങ്ങിയ പ്രധാന സ്ഥാപനങ്ങളുടെ പ്രവർത്തനം ഇനിയും പുനരാരംഭിച്ചിട്ടില്ല. അതോടൊപ്പംതന്നെ, ജമ്മു കശ്മീരിന്റെ ഭാവി അവസ്ഥയെക്കുറിച്ചുള്ള പ്രധാന രാഷ്ട്രീയ തീരുമാനങ്ങൾ ബാധിത ജനതയുടെ സമ്മതമോ ചർച്ചയോ സജീവമോ അറിവുള്ള പങ്കാളിത്തമോ ഇല്ലാതെയാണ് എടുത്തിട്ടുള്ളത്. അവരുടെ നേതാക്കളെ തടഞ്ഞുവയ്ക്കുകയും കാര്യങ്ങൾ അറിയാനുള്ള അവരുടെ ശേഷി അതീവപരിമിതമാക്കുകയും അഭിപ്രായ സ്വാതന്ത്ര്യത്തിനും രാഷ്ട്രീയ പങ്കാളിത്തത്തിനും ഉള്ള അവരുടെ അവകാശം ദുർബലപ്പെടുത്തുകയും ചെയ്തിരിക്കുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter