ഖുര്‍ആന്‍ നടത്തിയ മദ്യനിരോധന വിപ്ലവം
കേരളത്തില്‍ ഇത്രനാള്‍ വിവാദങ്ങളുടെ മുള്‍മുനയില്‍ നിര്‍ത്തിയ 418 ബാറുകള്‍ ഇനിമുതല്‍ തുറന്ന് പ്രവര്ത്തിക്കേണ്ടന്ന സര്‍ക്കാര്‍ തീരുമാനത്തെത്തുടര്‍ന്ന് സമ്പൂര്‍ണ മദ്യനിരോധനത്തിന് വേണ്ടിയുള്ള ഊര്‍ജ്ജിതശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണിപ്പോള്‍. ഈ സാഹചര്യത്തില്‍ വിശുദ്ധ ഇസ്ലാം മദ്യനിരോധനത്തിനു വേണ്ടി നടത്തിയ ചരിത്രപ്രസിദ്ധമായ പ്രായോഗികസമീപനത്തെ കുറിച്ച് ഒന്നു കണ്ണോടിക്കുക വളരെ പ്രസക്തമാകും. വിശുദ്ധ ഖുര്‍ആന്‍ നടപ്പിലാക്കിയ മഹിതമായ മദ്യനിരോധന ചരിത്രത്തിലേക്ക് വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കുകയാണിവിടെ.
അല്ലാഹുവിന്റെ തിരുവചനമായ വിശുദ്ധ ഖുര്‍ആന്‍ സര്വകാലഘട്ടങ്ങളിലും ആ കാലത്തിനനുസൃതമായ രീതിയില്‍ മാര്‍ഗനിര്‍ദേശം നല്‍കിയിരുന്നു എന്ന് ചരിത്രം പരശോധിച്ചാല്‍ വ്യക്തമാകും. മാനുഷികകുലം ഇന്നേ വരെ കണ്ടതില്‍ വെച്ച് ഏറ്റവും അപകടകരമായ മദ്യത്തെ സര്വതിന്മകളുടെയും മാതാവായി കണ്ട് അതിനെ പൂര്‍ണാര്‍ഥത്തില്‍ ഉച്ഛാടനം ചെയ്യാന്‍ വിശുദ്ധ ഖുര്‍ആന്‍ നേരത്തെ തന്നെ സാധിച്ചിരുന്നു.
നബിതിരുമേനി(സ്വ) തങ്ങള്‍ കടന്നുവന്ന സാഹചര്യത്തിലെ അറേബ്യയെക്കുറിച്ച് ഇരുണ്ടയുഗം എന്നായിരുന്നു ചരിത്രകാരന്മാര് വിശേഷിപ്പിച്ചിരുന്നത്. നീലാകാശത്തിന്റെ നീലിമയും ചുട്ടുപൊള്ളുന്ന മണല്‍ക്കാടിന്റെ മരീചികയും കണ്ടാസ്വദിച്ച് വിശാലമായി പരന്നുകിടക്കുന്ന മരുഭൂമിയിലൂടെ തന്റെ കാമുകിയുടെ അംഗലാവണ്യത്തെക്കുറിച്ച് മദ്ഹ് പാടിനടന്നിരുന്ന അറേബ്യന്‍ സമൂഹത്തില്‍ മദ്യം ആഴത്തില്‍ വേരൂന്നിയിരുന്നു. മദ്യമില്ലാത്ത ജീവിതത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും സാധിക്കാതിരുന്ന ആ കാട്ടാള സമൂഹം മദ്യത്തിന്റെ പൂര്‍ണ അടിമകള്‍ തന്നെ ആയിരുന്നു എന്ന് നമുക്ക് തീര്‍ത്ത് പറയാം. മരിക്കുന്ന സമയത്ത്, തന്നെ മുന്തിരിവള്ളികള്‍ക്കടിയില്‍ മറചെയ്യണമെന്നും അതില്‍ നിന്ന് ഉറ്റിവീഴുന്ന നീരില്‍ നിന്ന് എനിക്ക് ആനന്ദം നേടാമെന്നും ഒസ്യത്ത് ചെയ്തിരുന്ന സമൂഹത്തില്‍ ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കിടയില്‍ ആര്‍ക്കും സാധിച്ചെടുക്കാനാകാത്ത വിപ്ലവത്തിനാണ് തിരുനബി തുടക്കം കുറിച്ചത്.
പൂര്‍ണമായും മദ്യത്തിന് കീഴ്പ്പെട്ട സമൂഹത്തിനിടയില്‍ കടന്ന്വന്ന് പുണ്യപ്രവാചകന് അവര്‍ക്ക് ആദ്യമായി പറഞ്ഞ് കൊടുത്തത് നിങ്ങള്‍ ഈന്തപ്പനകളില് നിന്നും മുന്തിരത്തൂവള്ളികളില് നിന്നും ഒരുപാട് നല്ല ഭക്ഷണങ്ങളും അതിന്റെ കൂടെ മദ്യവും നിര്‍മിക്കുന്നെന്നായിരുന്നു(സൂറത്തുന്നഹ്ല് 68). അക്കാലത്ത് അറേബ്യയിലെ സല്‍ക്കാരങ്ങളില്‍ ഒഴിച്ചുകൂടാനാവാത്ത ഏറ്റവും മുന്തിയ മദ്യത്തെ നല്ല ഭക്ഷണങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തിയ ഖുര്‍ആന്റെ അധ്യാപനങ്ങള്‍ പലര്‍ക്കിടയിലും സംശയത്തിന്റെ വിത്ത്പാകി. എന്തിനാണ് ഖുര്‍ആന്‍ മദ്യത്തെ എടുത്ത് പറഞ്ഞത് എന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനം പുണ്യപ്രവാചകനിലെത്തി. നബിയേ മദ്യം ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമാണെന്നും അത് ഞങ്ങളെന്തിന് മാറ്റി നിര്‍ത്തണമെന്നും ചോദിച്ചു സ്വഹാബികള്‍. "മദ്യത്തെക്കുറിച്ചും ചൂതാട്ടത്തെക്കുറിച്ചും നിങ്ങളോട് അവര്‍ ചോദിക്കുമ്പോള്‍, മദ്യത്തില്‍ ഒരുപാട് ഉപദ്രവങ്ങളും അതോടപ്പം ഉപകാരങ്ങളുമുണ്ടെന്നും എന്നാല്‍ മദ്യത്തിന്റെ ഉപദ്രവം ഉപകാരത്തെക്കാള്‍ പതിന്മടങ്ങാണെന്നുമുള്ള(അല്‍ബഖറ 219)" വിശുദ്ധ ഖുര്‍ആന്‍ സൂക്തം നബി അവര്‍ക്ക് ഓതിക്കൊടുത്തു. തീര്‍ത്തും യുക്തിഭദ്രവും ചിന്തനീയവുമായ ഈ സൂക്തം ഇറങ്ങിയതോടെ സ്വഹാബിമാരിലധികവും മദ്യത്തെ ഉപേക്ഷിക്കാന്‍ തയ്യാറായി.
മദ്യനിരോധനത്തിലെ ഏറ്റവും ശ്രദ്ധേയമായ അധ്യായം രചിക്കപ്പെടുന്നതും ഒരു സല്‍ക്കാര വേളയില്‍ തന്നെയാണ്. പൊതുവെ സല്ക്കാരപ്രിയരായ അറബികള്‍ക്കിടയില്‍ നടന്ന വലിയൊരു സല്‍ക്കാരത്തില്‍ മദ്യവും നന്നായി വിളമ്പിയിരുന്നു. തങ്ങള്‍ ജീവാമൃതായി കണക്കാക്കുന്ന മദ്യം കുടിച്ച് ലക്കുകെട്ട ഒരു സ്വഹാബിയായരുന്നു അന്ന് മഗ്രിബ് നിസ്കാരത്തിന് നേതൃത്വം നല്‍കിയത്. വിശുദ്ധ ഖുര്‍ആനിലെ കാഫിറൂന്‍ അധ്യായത്തിലെ "നിങ്ങളാരാധിക്കുന്ന വിഗ്രഹങ്ങളയൊന്നും ഞാന്‍ ആരാധിക്കുകയില്ലെന്ന് അവരോട് പറയണമെന്ന" ആയത്തിലെ 'ലാ'(നിഷേധകസൂചകം) കളഞ്ഞ് ആ സ്വഹാബി ഗുരുതരമായ അര്‍ഥവ്യത്യാസം വരുന്ന രീതിയില്‍ ഖുര്‍ആന്‍ പാരായണം ചെയ്തപ്പോള്‍ "നിങ്ങള്‍ മദ്യം കുടിച്ചവരായ അവസ്ഥയില്‍ നിസ്കാരത്തോട് അടുക്കുകയേ അരുത്"(അന്നിസാഅ് 43) എന്ന സൂക്തവും ഇറങ്ങി. അതോടെ അറേബ്യയില്‍ മാറ്റത്തിന്റെ മാറ്റൊലി മുഴങ്ങിയെങ്കിലും പൂര്‍ണമായും മദ്യം ഉപേക്ഷിക്കാന്‍ അവര്‍ തയ്യാറായിരുന്നില്ല. ഈ സമയത്താണ് മഹാനായ ഉമര്‍ (റ) പ്രവാചകന്(സ) തങ്ങളെ കണ്ട് മദ്യം പൂര്‍ണമായും നിരോധിച്ചുകൂടെ എന്നഭ്യര്ഥിക്കുന്നത്. ഉടന്‍ തന്നെ "നിശ്ചയമായും മദ്യവും ചൂതാട്ടവും നാട്ടക്കുറിയും ശൈത്വാന്റെ ചര്യകളില്‍ പെട്ടതാണെന്നും യഥാര്‍ഥ സത്യവിശ്വാസികളാകാന്‍ വേണ്ടി നിങ്ങളതൊക്കെ പൂര്‍ണമായും ഉഛാടനം ചെയ്യണമെന്നുമുള്ള"(മാഇദ 90) ഖുര്‍ആന്‍ സൂക്തം അവതീര്‍ണമായി.
സത്യത്തില്‍ ചരിത്രം കണ്ട ഏറ്റവും വലിയ വിപ്ലവമായിരുന്നു ഈ സൂക്തം അവതീര്‍ണമായതോടെ അറേബ്യയില്‍ അരങ്ങേറിയത്. മദ്യത്തിന് വേണ്ടി തങ്ങളുടെ ജീവിതം തന്നെ ബലിയര്പ്പിച്ചിരുന്നവര് മദ്യം നിറച്ച വലിയ വീപ്പകള്‍ തകര്‍ത്തെറി
ഹിജാസിന്റെ മണ്ണില്‍ മദ്യപ്പുഴകളൊഴുക്കി ലഹരിയോട് പൂര്‍ണമായും വിടപറഞ്ഞ് പുതിയ ജീവിതത്തിന്റെ മണിയറകളിലേക്ക് കടന്നുചെല്ലുന്ന കാഴ്ചക്കായിരുന്നു ലോകം വേദിയായത്.
ഇവിടെ കേരളക്കരയില്‍ മദ്യനിരോധനത്തിന്രെ പ്രായോഗിക വശങ്ങളെക്കുറിച്ച് സുദീര്‍ഘമായ വിവാദങ്ങളും വാദപ്രതിവാദങ്ങളും അരങ്ങ് വാഴുമ്പോള്‍ പതിനാല് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പുണ്യപ്രവാചകന് അറേബ്യന്‍ മണ്ണില്‍ തുടക്കമിട്ട വിപ്ലവത്തിന്റെ കൂട സഞ്ചരിക്കാനും ലഹരിയുടെ കരാളഹസ്തത്തില്‍ അകപ്പെട്ടുപോകുന്ന നമ്മുടെ യുവസമൂഹത്തെയും വിദ്യര്‍ഥികളെയും രക്ഷിച്ചെടുക്കാനും നമുക്ക് സാധിക്കേണ്ടതുണ്ട്.



Leave A Comment