പ്രക്ഷോഭം കനത്തതോടെ രാജി പ്രഖ്യാപനവുമായി സഅദ് ഹരീരി
ബൈറൂത്: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷമായി തുടരുന്ന ലബനാനിൽ പ്രധാനമന്ത്രി സഅദ് ഹരീരി രാജിവെച്ചു. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഒക്ടോബർ 19 മുതൽ തൊഴിലില്ലായ്മ, സാമ്പത്തിക പ്രതിസന്ധി എന്നിവ കാരണം ലബനാനില്‍ ജനങ്ങൾ തെരുവിലിറങ്ങിയിരുന്നു. സാമ്പത്തിക പ്രതിസന്ധി അവസാനിപ്പിക്കാന്‍ നികുതി വര്‍ധിപ്പിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെയാണ് പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. പ്രതിസന്ധി പരിഹരിക്കാൻ ആവശ്യമായ പരിഷ്ക്കരണ നടപടികൾ സ്വീകരിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പു നൽകിയിരുന്നെങ്കിലും പ്രക്ഷോഭകാരികൾ അയയാതിരുന്നതോടെയാണ് ഹരീരിക്ക് രാജിവെക്കേണ്ടി വന്നത്. പ്രക്ഷോഭത്തെത്തുടർന്ന് ഒരാഴ്ച മുമ്പ് ഹരീരി സര്‍ക്കാരിലെ ക്രിസ്ത്യന്‍ സഖ്യകക്ഷി മന്ത്രിമാര്‍ രാജിവച്ചിരുന്നു. പ്രക്ഷോഭകരുടെ പ്രധാന ആവശ്യമായ രാജിക്ക് താന്‍ തയ്യാറാണെന്നും പ്രസിഡന്റ് മൈക്കല്‍ ഔണിന് രാജിക്കത്ത് നല്‍കുകയാണെന്നും സഅദ് അല്‍ ഹരീരി അറിയിച്ചു. അധികാരത്തിലേറിയ ശേഷം മൂന്നാംതവണയാണ് ഹരീരി രാജിപ്രഖ്യാപനം നടത്തുന്നത്. പ്രധാനമന്ത്രി രാജി വെച്ചതോടെ പ്രക്ഷോഭകാരികൾ തലസ്ഥാന നഗരിയിലുടനീളം ആഘോഷ പ്രകടനങ്ങൾ നടത്തി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter