കേരളത്തിലും ഗള്‍ഫ് നാടുകളിലും ബറാഅത്ത് ദിനം വെള്ളിയാഴ്ച

 

പവിത്രമായ ബറാഅത്ത് ദിനം കേരളത്തോടൊപ്പം ഗള്‍ഫ് നാടുകളിലും വെള്ളിയാഴ്ച ആചരിക്കും. ഒമാന്‍ അടക്കമുള്ള മുഴുവന്‍ ഗള്‍ഫ് രാഷ്ട്രങ്ങളിലും വ്യാഴാഴ്ച അസ്തമിച്ച വെള്ളിയാഴ്ച രാവിലാണ് ബറാഅത്ത് രാവ്. ആയതിനാല്‍ ബറാഅത്ത് ദിനമായ വെള്ളിയാഴ്ച പകലില്‍ കേരളത്തിലെ വിശ്വാസികളോടൊപ്പം ഗള്‍ഫ് നാടുകളിലുള്ള വിശ്വാസികളും പ്രത്യേകമായ ഐഛിക വൃതാനുഷ്ഠാനത്തിലും (സുന്നത്ത് നോമ്പ്) പങ്കു ചേരും.

സൗദി, ഒമാന്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങളില്‍ ശഅ്ബാന്‍ 15 വെള്ളിയാഴ്ചയാണെന്ന് നേരത്തെ അറിയിപ്പ് ലഭിച്ചിരുന്നുവെങ്കിലും യു.എ.ഇയില്‍ കഴിഞ്ഞ ദിവസം മാത്രമാണ് ഇതു സംബന്ധിച്ച ഔഖാഫിന്റെ സ്ഥിരീകരണം വന്നത്. ഇതോടെയാണ് യു.എ.ഇയിലെ ബറാഅത്ത് രാവ് സംബന്ധിച്ച് പ്രവാസികള്‍ക്കിടയിലുണ്ടായ അനിശ്ചിതത്വം അവസാനിച്ചത്.

ശഅ്ബാന്‍ 13,14,15 ദിനങ്ങള്‍ അയ്യാമുല്‍ ബീള് ആണെന്നും ഇത് യഥാക്രമം ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളായിരിക്കുമെന്നും ഈ ദിവസങ്ങളില്‍ വിശ്വാസികള്‍ നോമ്പ് എടുക്കണമെന്നുമുള്ള ഓര്‍മ്മപ്പെടുത്തല്‍ കഴിഞ്ഞദിവസമാണ് വെബ്‌സൈറ്റ് മുഖേനെ അറിയിച്ചത്. ഇതിന്റെ വിശദാംശങ്ങള്‍ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജ് വഴിയും ബന്ധപ്പെട്ടവര്‍ അറിയിച്ചിരുന്നു.

വിശുദ്ധ റമസാന്‍ മാസത്തിനു മുന്നോടിയായി എത്തുന്ന പവിത്രമായ ദിനമാണ് ശഅ്ബാന്‍ 15ന്റെ രാവും പകലും. ഈ രാത്രിയാണ് ലൈലത്തുല്‍ ബറാഅ(വിമോചന രാത്രി), ലൈലത്തുല്‍ റഹ്മ(കാരുണ്ണ്യ രാത്രി), ലൈലത്തുല്‍ മുബാറക(അനുഗ്രഹീത രാത്രി), ലൈലത്തു സ്വക്ക്(വിധി തീര്‍പ്പു രാത്രി), എന്നിങ്ങിനെ വിവിധ നാമങ്ങളില്‍ അറിയപ്പെടുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ച മിക്ക പള്ളികളിലെ ജുമുഅ ഖുതുബകളിലും ശഅ്ബാന്‍ മാസത്തിന്റെ പവിത്രതയും മഹത്വവും ഓര്‍മ്മപ്പെടുത്തിയിരുന്നു. കൂടാതെ, ശഅ്ബാന്‍ 15 ദിനാചരണത്തോടനുബന്ധിച്ച് ഗള്‍ഫ് രാഷട്രങ്ങളിലെ വിവിധ മത സംഘടനകളുടെയും പ്രവാസി സംഘടനകളുടെയും കീഴില്‍ പ്രത്യേകമായ പ്രഭാഷണ പരിപാടികളും പ്രാര്‍ത്ഥനാ സദസ്സുകളും നടക്കുന്നുണ്ട്.

ഇത്തവണ ബറാഅത്ത് രാവ് വ്യാഴാഴ്ചയായതിനാല്‍ പതിവ് വാരാന്ത സ്വലാത്ത് മജ്‌ലിസുകള്‍ക്കൊപ്പമാണ് മിക്ക സ്ഥലങ്ങളിലും പ്രത്യേക ചടങ്ങുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഗള്‍ഫ് രാഷ്ട്രങ്ങളിലെ സമസ്ത, ഇസ്‌ലാമിക് സെന്റര്‍, സുന്നി സെന്റര്‍, ഐ.സി.എഫ് തുടങ്ങിയ വിവിധ സംഘടനകളുടെയും പോഷക ഘടകങ്ങളുടെയും നേതൃത്വത്തില്‍ ബറാഅത്ത് ദിനത്തോടുബന്ധിച്ച് പ്രത്യക പ്രാര്‍ത്ഥനാ സദസ്സുകളും നടക്കും.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter