കുഞ്ഞുങ്ങൾ മരണപ്പെട്ടത് ഓക്സിജൻ സിലിണ്ടറിന്റെ കുടിശ്ശിക അടച്ച് വീട്ടാത്തത് മൂലം- ഡോക്ടർ കഫീൽ ഖാൻ
ലക്നൗ: ഗോരഖ്പൂരിലെ ബിആർഡി മെഡിക്കൽ കോളേജിൽ ഓക്സിജൻ മുടങ്ങിയതിനെത്തുടർന്ന് അറുപതോളം കുട്ടികൾ മരിച്ചത് ഓക്സിജൻ സിലിണ്ടർ വിതരണക്കാരന്റെ കുടിശ്ശിക അടച്ചു തീർക്കാത്തത് മൂലമെന്ന് ഗോരക്പൂർ മെഡിക്കൽ കോളേജിലെ ഡോക്ടറായി സേവനം ചെയ്തിരുന്ന ഡോ: കഫീൽ ഖാൻ. ആശുപത്രിയിലേക്ക് ഓക്സിജൻ സിലിണ്ടറുകൾ നൽകിയിരുന്ന വിതരണക്കാരനുള്ള കുടിശ്ശിക അടച്ചു തീർക്കാൻ അധികൃതർ തയ്യാറാകാതിരുന്നത് മൂലം ഓക്സിജൻ സിലിണ്ടറുകൾ വിതരണം നിർത്തിവെക്കുകയായിരുന്നു. കുടിശ്ശിക അടച്ച് തീർത്ത് ഓക്സിജൻ ക്ഷാമം പരിഹരിക്കാനായി മന്ത്രി യോഗി ആദിത്യനാഥ് അടക്കം നിരവധി അധികാരികൾക്ക് 14 കത്തുകൾ താൻ എഴുതിയെന്നും എന്നാൽ ഒരെണ്ണം പോലും ആരും പരിഗണിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 2017 ൽ ഗോരക്പൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന അറുപതോളം കുട്ടികൾ ഓക്സിജൻ സിലിണ്ടറിന്റെ ദൗർലഭ്യത മൂലം മരണപ്പെട്ടത് രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. അവധിയിൽ ആയിരുന്നിട്ടും ജോലി ചെയ്യാൻ തയ്യാറായ, സ്വന്തം നിലക്ക് ഓക്സിജൻ സിലിണ്ടറുകൾ ആശുപത്രിയിലേക്ക് എത്തിക്കുവാൻ ശ്രമം നടത്തിയ കഫീൽഖാനെ ഉത്തർപ്രദേശ് സർക്കാർ തങ്ങളുടെ വീഴ്ച്ച മറച്ചുവെക്കാനായി ബലിയാടാക്കി അറസ്റ്റ് ചെയ്യുകയായിരുന്നു. നിരപരാധിത്വം തെളിഞ്ഞതിനെ തുടർന്ന് ഖാനെ പിന്നീട് വെറുതെ വിട്ടു. അതേസമയം കഫീൽ ഖാന് ജോലി വാഗ്ദാനവുമായി മധ്യപ്രദേശ് കോൺഗ്രസ് സർക്കാർ രംഗത്തെത്തി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter