കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി കവി സജ്ജാദ് ഹുസൈൻ
ന്യൂഡൽഹി: കശ്മീരിലെ നിയന്ത്രണങ്ങൾ ഇനിയും ഉയർത്താത്തതിനെ നിശിതമായി വിമർശിച്ച് കവി സജ്ജാദ് ഹുസൈനും കോൺഗ്രസ് നേതാവും ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഗുലാംനബി ആസാദും രംഗത്തെത്തി. കശ്മീരിൽ എല്ലാം ശാന്തമാണെന്ന അവകാശവാദങ്ങള്‍ ഉന്നയിക്കാതെ തടങ്കലിലാക്കിയ കശ്മീരിനെ സ്വതന്ത്രമാക്കാൻ തയ്യാറാവുകയാണ് മോദി സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് സജ്ജാദ് ഹുസൈൻ പറഞ്ഞു. മൗലിക അവകാശങ്ങള്‍ പോലും നഷ്ടപ്പെട്ട ജമ്മുകശ്മീര്‍ ജനത തള്ളിനീക്കുന്നത് നരക സമാനമായ ജീവിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാം തകര്‍ന്ന ജമ്മുകശ്മീര്‍ ജനതയുടെ അവസ്ഥ അനുദിനം മോശമായിക്കൊണ്ടിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. 'ഞങ്ങള്‍ക്കും പറയാനുണ്ട് ' എന്ന തലക്കെട്ടോടെ ഡല്‍ഹിയിലുള്ള കശ്മീരി ജനത നടത്തിയ കൂട്ടായ്മയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഇരുവരും. രാജ്യത്തെ ഒരു വിഭാഗം ജനത മൗലിക അവകാശങ്ങള്‍ പോലും നിഷേധിക്കപ്പെട്ട് ജീവിക്കുമ്പോള്‍ എല്ലാം ശാന്തമെന്ന് സര്‍ക്കാരിന് എങ്ങനെ പറയാനാകുന്നു എന്ന് സജ്ജാദ് ഹുസൈൻ ചോദിച്ചു. യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി സംഘത്തിന്‍റെ സന്ദര്‍ശനത്തിലും സജജാദ് അതൃപ്തി രേഖപ്പെടുത്തി. ഇ.യു സംഘത്തിന് അനുമതി നല്‍കാന്‍ പാടില്ലായിരുന്നു. രാജ്യത്തെ എം.പിമാര്‍ പുറത്ത് നില്‍ക്കുകയാണ്. വന്ന സംഘവും മോദി സര്‍ക്കാരിന്‍റെ അതേ മനസ്ഥിതി ഉള്ളവരാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാം തകര്‍ന്ന അവസ്ഥയില്‍ തുടരുകയാണ് കശ്മീരി ജനതയെന്ന് ഗുലാം നബി ആസാദും കൂട്ടിച്ചേര്‍ത്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter