പ്രകൃതിദുരന്തങ്ങളും ദൈവത്തെ തിരയുന്നവരും

ഒമ്പതരപതിറ്റാണ്ടിനു ശേഷം കേരളക്കരയില്‍ വീണ്ടും മഹാപ്രളയമുണ്ടായിരിക്കുന്നു. അംഗുലീപരിമിതമായ നാളുകള്‍ക്കുള്ളില്‍ സംഭവിച്ച ഈ വന്‍ ദുരന്തം ഔദ്യോഗിക കണക്കനുസരിച്ചു ഗുരുതരമായ നാശനഷ്ടം വിതച്ചുകൊണ്ടാണു തല്‍ക്കാലം ശമിച്ചിരിക്കുന്നത്. പരശ്ശതമാളുകള്‍ മരിച്ചു, പലര്‍ക്കും ഗുരുതരമായ പരിക്കേറ്റു, ഒട്ടേറെപ്പേര്‍ ഭവനരഹിതരായി. വീടുകള്‍ക്കും കെട്ടിടസമുച്ചയങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും കേടുപാടുകളോ സമ്പൂര്‍ണനാശമോ സംഭവിച്ചു. 

കോടികള്‍ വിലമതിക്കുന്ന വന്‍ കൃഷിനാശമാണുണ്ടായത്. വിവിധ പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായി. പാറക്കെട്ടുകളും ചെളിമണ്ണും കുത്തിയൊലിച്ചു നാടാകെ കാടുപോലായി. വീട് നഷ്ടപ്പെടുകയോ ഉപയോഗശൂന്യമാവുകയോ ചെയ്ത ലക്ഷക്കണക്കിനാളുകള്‍ ദുരിതാശ്വാസക്യാംപുകളിലും ബന്ധുവീടുകളിലും ലോഡ്ജുകളിലും മറ്റും അഭയം തേടി. അതിലേറെപ്പേര്‍ സ്വസ്ഥതയും ശാന്തിയും സമാധാനവും നഷ്ടപ്പെട്ട് അനന്തമായ ശൂന്യതയുടെ മുമ്പില്‍ നിരാശ്രയരായി ഇരുന്നുപോയി...!

എന്തുകൊണ്ടാണിങ്ങനെ പ്രകൃതി ദുരന്തങ്ങളുണ്ടാകുന്നത്. ആരാണിതിനു പിന്നില്‍. ശാസ്ത്രസിദ്ധികളിലൂടെയും അത്യാന്താധുനിക സാങ്കേതികവിദ്യകളിലൂടെയും പ്രപഞ്ചത്തെ കൈപ്പിടിയിലൊതുക്കിയെന്നു വീരവാദം മുഴക്കുന്ന ആധുനിക മനുഷ്യന്‍ ഇത്തരം പ്രതിസന്ധികളില്‍ എന്തേ മാളത്തിലൊളിക്കുന്നു. ഭൂമിയില്‍നിന്നു നീരാവി പൊങ്ങിയാണു മഴ പെയ്യുന്നതെന്നു സിദ്ധാന്തിക്കുന്ന ശാസ്ത്രം മുന്‍ വര്‍ഷങ്ങളേക്കാള്‍ അനേകമിരട്ടി മഴ വര്‍ഷിച്ച ഇക്കൊല്ലത്തെ അതിവൃഷ്ടിക്കു കാണുന്ന ന്യായീകരണമെന്താണ്. 

നാടിനെയാകെ വെള്ളത്തില്‍ മുക്കിയ ഈ അതിവൃഷ്ടിക്കും കാരണം നീരാവി പൊങ്ങല്‍തന്നെയായിരുന്നെങ്കില്‍ അതെന്തുകൊണ്ടിത്ര കൂടി. അതീവഗുരുതരമായി ഭവിച്ച ഈ ആധിക്യമെന്തേ ആര്‍ക്കും കാണാന്‍ കഴിഞ്ഞില്ല. ഇങ്ങനെ എത്രയെത്ര ചോദ്യങ്ങള്‍.

ഇങ്ങനെയുള്ള പ്രകൃതിദുരന്തങ്ങള്‍ ലോകത്തു പലേടങ്ങളിലും ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്. പകര്‍ച്ചവ്യാധി, ഭൂകമ്പം, കൃഷിനാശം, പ്രളയം, ഉരുള്‍പൊട്ടല്‍, കാട്ടുതീ, കൊടുങ്കാറ്റ്, അതിവൃഷ്ടി, വരള്‍ച്ച എന്നിങ്ങനെ അവ നീണ്ടുപോകും. ആധുനികസംവിധാനങ്ങളത്രയും സ്വായത്തമാക്കിയ ലോകത്തെ വന്‍ശക്തിയായ അമേരിക്കപോലും ഇവയ്ക്കു വിധേയമാകുന്നു. എവിടെപ്പോയി അവരുടെ പ്രതിരോധമാര്‍ഗങ്ങള്‍.

പ്രപഞ്ചത്തിനു സ്രഷ്ടാവും സംവിധായകനും നിയന്താവും അന്നദാതാവുമൊക്കെയുണ്ടെന്നതു നഗ്‌നയാഥാര്‍ഥ്യമാണ്. അവനാണ് അല്ലാഹു. വസ്തുതകളില്‍ നിന്ന് ഒളിച്ചോടുന്ന ദുര്‍ബലമനസ്‌കരാണു യുക്തിവാദികളും നിരീശ്വരവാദികളും പ്രകൃതിവാദികളുമൊക്കെ. സ്രഷ്ടാവെന്ന ഈ മഹാശക്തി സ്ഥാപിക്കുന്ന ചില ചൂണ്ടുപലകകളാണു പ്രകൃതിദുരന്തങ്ങള്‍. ധിക്കാരികളും തെമ്മാടികളും അധര്‍മകാരികളുമായ മനുഷ്യര്‍ക്കുള്ള ചൊട്ടുചികിത്സയാണത്.

'സൃഷ്ടികളത്രയും, വിശിഷ്യാ, ബുദ്ധിജീവിയായ മനുഷ്യന്‍ പ്രപഞ്ചസ്രഷ്ടാവായ മഹാശക്തിക്കു മുമ്പില്‍ ദുര്‍ബലനാണെന്ന ശക്തമായ പാഠമാണ് ഇതിലൂടെ നല്‍കപ്പെടുന്നത്. ആരു വിസമ്മതിച്ചാലും അല്ലാഹുവിന്റെ തീരുമാനങ്ങള്‍ അപ്പടി അനുസരിക്കാന്‍ മാത്രമേ മനുഷ്യനു കഴിയൂ. ഭൂമിയിലോ ആകാശത്തോ നിങ്ങള്‍ക്ക് അല്ലാഹുവിനെ അശക്തനാക്കാനാവുകയേയില്ല. നിങ്ങള്‍ക്ക് അവനല്ലാതെ ഒരു സംരക്ഷകനോ സഹായിയോ ഉണ്ടാകുന്നതുമല്ല.' (ഖുര്‍ആന്‍ 40:22) ഇതേ ആശയം ഒട്ടേറെ സൂക്തങ്ങളിലൂടെ ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നുണ്ട്.

ഇപ്പോള്‍ മാത്രമല്ല, നൂറ്റാണ്ടുകളും സഹസ്രാബ്ദങ്ങളുമായി അല്ലാഹുവിന്റെ രീതി തന്നെയാണിത്. ആദ്, സമൂദ് ഗോത്രങ്ങളെയും നൂഹ് നബിയുടെ ജനസമൂഹത്തെയും അബ്റഹത്ത് സേനയെയും പ്രകൃതിവിരുദ്ധ ലൈംഗികത പതിവും പരസ്യവുമാക്കിയിരുന്ന സദൂമുകാര്‍ തുടങ്ങി പലരെയും ഈ ഗണത്തില്‍ കാണാം. 

'ഓരോരുത്തരെയും അവരുടെ പാപകൃത്യങ്ങള്‍ മൂലമാണു നാം സംഹരിച്ചത്. അവരില്‍, ശിലാവൃഷ്ടി നടത്തിയവരും ഘോരശബ്ദം പിടികൂടിയവരും ഭൂമിവിഴുങ്ങിയവരും മുക്കിക്കൊന്നവരുമുണ്ട്. അല്ലാഹു അവരോട് അക്രമം കാട്ടുകയായിരുന്നില്ല; പ്രത്യുത, സ്വന്തത്തോട് അക്കൂട്ടര്‍ തന്നെ അതിക്രമം പ്രവര്‍ത്തിക്കുകയായിരുന്നു.(ഖുര്‍ആന്‍, അല്‍അന്‍കബൂത്ത് 40) മദ്യന്‍ നിവാസികള്‍ അല്ലാഹുവിനെ ധിക്കരിച്ചപ്പോള്‍ ഭൂമികുലുക്കത്തിലൂടെയാണവര്‍ ഉന്മൂലനം ചെയ്യപ്പെട്ടത്. '(29; 36,37)

മൂസാ നബി (അ)യുടെ അടുത്ത ബന്ധുവും വലിയ വേദപണ്ഡിതനുമായിരുന്നു ഖാറൂന്‍. പടര്‍ന്നു പന്തലിച്ച സമ്പത്തില്‍ മതിമറന്ന് അവന്‍ അഹങ്കരിച്ചു ധിക്കാരിയായി. ഭൂമി വിഴുങ്ങിക്കളഞ്ഞ ഈ കോടീശ്വരന്റെ ഒരു ചില്ലിക്കാശുപോലും മറ്റൊരാള്‍ക്ക് ഉപയോഗപ്പെടുത്താനായില്ല. (ഖുര്‍. 28:76 -82) 

ഫറോവയും ശിങ്കിടികളും അതിരു കവിഞ്ഞപ്പോള്‍ അവരെ ചെങ്കടലില്‍ മുക്കിക്കൊല്ലുകയായിരുന്നു. (ഖുര്‍. 28:39,40) 

ചുടുകല്ലുകള്‍ വര്‍ഷിച്ചുകൊണ്ടാണ് കഅ്ബ പൊളിക്കാന്‍ വന്ന യമന്‍ രാജാവ് അബ്റഹത്തിനെയും സൈന്യത്തെയും ഉന്മൂലനം ചെയ്തത് (106:15)

 ഘോരശബ്ദം മൂലം സമൂദ് ഗോത്രവും അതിശക്തമായ കൊടുങ്കാറ്റ് മൂലം ആദ് ഗോത്രവും ഭൂതലത്തില്‍ നിന്ന് നിശ്ശേഷം നിഷ്‌കാസിതമായി (ഖുര്‍. 69:48). അവരുടെ വല്ല അവശിഷ്ടങ്ങളും നിങ്ങള്‍ക്ക് കാണാന്‍ കഴിയുന്നുണ്ടോ എന്നാണ് അല്ലാഹുവിന്റെ ചോദ്യം.

നാം അഭിമുഖീകരിച്ച ഈ പ്രളയത്തിന്റെ പശ്ചാത്തലകാരണങ്ങള്‍ എന്തായിരിക്കും. വിപത്തുകളുണ്ടാകുന്നതു സംബന്ധിച്ച ഖുര്‍ആന്റെ ഒരു പ്രതിപാദനം നോക്കൂ: 'നിങ്ങളെ എന്തെങ്കിലും ഒരാപത്തു പിടികൂടിയിട്ടുണ്ടെങ്കില്‍, നിങ്ങളുടെ സ്വയംകൃതാനര്‍ഥങ്ങളാലത്രേ അത്; ഒട്ടേറെ അല്ലാഹു മാപ്പാക്കുന്നുമുണ്ട്. ഈ ഭൂമിയിലെങ്ങും അവനെ തോല്‍പിക്കാന്‍ നിങ്ങള്‍ക്കാവില്ല. അവനല്ലാതെ മറ്റൊരു സംരക്ഷകനും സഹായിയും നിങ്ങള്‍ക്കില്ല താനും.' (ഖു. 42;30,31)

മനുഷ്യര്‍ ചെയ്തുകൊണ്ടിരിക്കുന്ന പാപങ്ങള്‍ക്കും കുറ്റ കൃത്യങ്ങള്‍ക്കുമുള്ള ശിക്ഷയല്ല ഇത്; വഴിയെ പരലോകത്താണ് അതുണ്ടാവുക. അതാണു ദുരന്തങ്ങള്‍ ചൂണ്ടുപലകകള്‍ മാത്രമാണെന്നു പറയുന്നത്. അധര്‍മങ്ങള്‍ക്കുള്ള ശിക്ഷ ഇവിടെ നിന്നു നല്‍കുകയായിരുന്നുവെങ്കില്‍ ഒരൊറ്റ മനുഷ്യനും ഭൂതലത്തില്‍ അവശേഷിക്കില്ലെന്നതാണു വസ്തുത. ഇത് അല്ലാഹു വ്യക്തമാക്കിയിട്ടുമുണ്ട്: 'മാനവന്റെ ദുഷ്ചെയ്തികളുടെ പേരില്‍ തല്‍ക്ഷണം ശിക്ഷിക്കുകയെന്ന രീതി സ്വീകരിക്കുകയാണെങ്കില്‍ ഭൂതലത്തില്‍ ഒരൊറ്റ ജീവിയെയും അല്ലാഹു അവശേഷിപ്പിക്കുകയില്ലായിരുന്നു. പ്രത്യുത, നിര്‍ണയിക്കപ്പെട്ട ഒരവധിവരെ അവരെയവന്‍ പിന്തിച്ചിടുകയാണ്.' (ഖു. 35:45) 

മറ്റൊരിടത്ത് ഇങ്ങനെയാണുള്ളത്: 'തങ്ങളുടെ അതിക്രമ നടപടികള്‍ കാരണമായി മനുഷ്യരെ അല്ലാഹു ഇവിടെ വെച്ചു തന്നെ പെട്ടെന്നു ശിക്ഷിക്കുകയായിരുന്നെങ്കില്‍ ഒരു ജീവിയെപ്പോലും ഭൂതലത്തില്‍ അവന്‍ വിട്ടേക്കുമായിരുന്നില്ല...' (16:61)

ഇത്രമാത്രം കടുംകൈകള്‍ നാം ചെയ്യുന്നുണ്ടോ, അനുവര്‍ത്തിച്ചിരുന്നുവോ എന്നു ചിലര്‍ ചോദിച്ചേക്കാം. സാമൂഹികജീവിതത്തിന്റെ ഹ്രസ്വമായ ഒരു വിലയിരുത്തലിലൂടെ ഇതിനുത്തരം കാണാനാകും. പാപങ്ങള്‍ സ്വയം അനുവര്‍ത്തിക്കുക എന്നതു മാത്രമല്ല അധിക്ഷേപാര്‍ഹം; പ്രത്യുത സമൂഹത്തിലനുവര്‍ത്തിക്കപ്പെടുന്ന കുറ്റകൃത്യങ്ങള്‍ക്കെതിരെ മറ്റുള്ളവര്‍ ഉപരോധം സൃഷ്ടിക്കണം, ശബ്ദമുയര്‍ത്തണം. ഇതുചെയ്യാതിരിക്കുന്നത് സാമൂഹികാപരാധമാണ്, കള്ളന് ചൂട്ടുപിടിക്കലാണ്, അധര്‍മത്തിന്റെ വ്യാപനത്തിനുള്ള മൗനാനുവാദമാണ്.

തീവണ്ടിയില്‍ യാത്ര ചെയ്യുന്ന നിരപരാധിയായ ഒരാളെ അല്ലെങ്കില്‍ കച്ചവടാവശ്യാര്‍ത്ഥം കാലികളെ കൊണ്ടുപോകുന്ന ഒരു വ്യാപാരിയെ ചിലര്‍ കൈയേറ്റം ചെയ്യുന്നു, അയാള്‍ക്കുനേരെ അക്രമ മര്‍ദനങ്ങളഴിച്ചുവിടുന്നു, നിര്‍ദാക്ഷിണ്യം തല്ലിക്കൊല്ലുന്നു. ബാക്കിയുള്ളവര്‍ ചുറ്റുഭാഗത്തും നിര്‍ന്നിമേഷരായി ഇതു നോക്കിനില്‍ക്കുന്നു. ഇതിലും വലിയ അപരാധമെന്താണ്. പൊതുഖജനാവ് കൊള്ളയടിച്ചു കോടികള്‍ തട്ടിയ രാഷ്ട്രീയ നേതാവു ജയിലിലടക്കപ്പെടുന്നു; അടുത്ത തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ അയാളുടെ ഭാര്യയെ മുഖ്യമന്ത്രിയാക്കുന്നു; മുന്‍മുഖ്യന്‍ ജയിലിലിരുന്നു രാജ്യം ഭരിക്കുന്നു. 

സമൂഹത്തിന്റെ അധഃപതനം ഒന്നോര്‍ത്തുനോക്കൂ. ആള്‍ക്കൂട്ടക്കൊലകള്‍, കൂട്ട ബലാത്സംഗങ്ങള്‍, കോടികളുടെ സാമ്പത്തിക തട്ടിപ്പുകള്‍, അക്രമം, അനീതി, കൊള്ള, കൊല, സാര്‍വത്രികമായ അഴിമതി, സ്ത്രീസമൂഹത്തിന്റെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും നാനാതലങ്ങളിലുമുള്ള അവകാശനിഷേധങ്ങള്‍ എന്നിവയൊക്കെ കൊടികുത്തിവാഴുകയും അഴിഞ്ഞാടുകയും ചെയ്യുകയല്ലേ നമ്മുടെ സമൂഹത്തില്‍.

ഒളിയും മറയുമില്ലാതെ പരസ്യമായി തിമര്‍ത്താടുകയാണ് ഇവയത്രയും. ദൈവത്തിന്റെ പ്രതിപുരുഷന്‍മാര്‍ വരെ ദൈവദാസികളെ വ്യഭിചരിക്കുന്നതും ചൂഷണം ചെയ്യുന്നതും സ്ഥിരം സമ്പ്രദായമാക്കിയിരിക്കുന്നു. വേലിതന്നെ വിളതിന്നുന്ന ബീഭത്സമായ സംഭവപരമ്പരകള്‍....!

ഇത്തരം ദുരന്തങ്ങളിലൂടെ കുട്ടികളെയും വൃദ്ധരെയും രോഗികളെയുമൊക്കെ ശിക്ഷിക്കുന്ന ദൈവത്തിനു കാരുണ്യത്തിന്റെ കണിക പോലുമില്ലേ എന്നാണു ചിലരുടെ ചോദ്യം. ആ ചിലര്‍ തന്നെയാണിവിടെ പ്രതിക്കൂട്ടിലാകുന്നത്.

ദൈവത്തിന്റെ പരസ്സഹസ്രം അനുഗ്രഹങ്ങളും ഔദാര്യങ്ങളും പറ്റി, അവകാശമെന്നവണ്ണം ചോദിച്ചുവാങ്ങി അനുഭവിച്ചുകൊണ്ടിരിക്കുന്ന ആ കൃതഘ്ന ശിരോമണികള്‍ തന്നെയാണ് പ്രകൃതിദുരന്തങ്ങള്‍ എന്ന ചൂണ്ടുപലകകള്‍ സ്ഥാപിക്കപ്പെടുന്നതിനു കാരണം. അല്ലാഹു മുന്നറിയിപ്പു നല്‍കി: ഒരു മഹാശിക്ഷ വരുന്നത് സംബന്ധിച്ച് നിങ്ങള്‍ അതീവ ജാഗ്രത കൈക്കൊള്ളുക- നിങ്ങളിലെ അതിക്രമകാരികളെ മാത്രമാകില്ല അതു പിടികൂടുക. കഠിനമായി ശിക്ഷിക്കുന്നവനാണ് അല്ലാഹു എന്ന് അറിഞ്ഞുകൊള്ളുക. (ഖു. 8:25)

പൊതുശിക്ഷ വരുമ്പോള്‍ അതിലകപ്പെട്ടുപോകുന്ന നിരപരാധികള്‍ക്ക് മികച്ച പാരത്രിക പദവികളും ശ്രേഷ്ഠതകളും ഉദാത്ത പ്രതിഫലവും വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നു എന്നതു ശ്രദ്ധേയമത്രേ. രക്തസാക്ഷികളുടെ പ്രതിഫലമാണവര്‍ക്കു ലഭിക്കുക. അതുകൊണ്ട് തന്നെ സത്യവിശ്വാസികളെ സംബന്ധിച്ച് അതുപ്രശ്നമല്ല. മനുഷ്യന്‍ നിര്‍മിക്കുകയും നിയന്ത്രിക്കുകയും ഓടിക്കുകയും ചെയ്യുന്ന വിമാനങ്ങളും മറ്റു വാഹനങ്ങളും അപകടത്തില്‍പെടുമ്പോഴും കുട്ടികളും വൃദ്ധരും രോഗികളും മരിച്ചുപോകുന്നുണ്ടല്ലോ. ഇതിന്റെ ഉത്തരവാദിത്വം ശാസ്ത്രം ഏറ്റെടുക്കുമോ.

പ്രളയത്തിന്റെ പിന്നില്‍ മാത്രമല്ല, സര്‍വജീവജാലങ്ങളുടെയും പ്രകൃതിപ്രതിഭാസങ്ങളുടെയും നിര്‍ജീവ വസ്തുക്കളുടെയുമൊക്കെ പിന്നില്‍ അല്ലാഹു എന്ന ആ മഹാശക്തിയുണ്ട്. അവനെ നേരിട്ടുകാണാനും ആശയവിനിമയം നടത്താനും ഇവിടുന്ന് മനുഷ്യനു കഴിയില്ല. പകരം, അവന്‍ സൃഷ്ടിച്ച പരകോടി ഉറുമ്പുകളില്‍ ഒന്നിനെയും കൊണ്ട് മികച്ച ടെലസ്‌കോപ്പ് സൗകര്യമുള്ള ഒരു ലബോറട്ടറിയില്‍ ചെന്നാല്‍ അതിലൂടെ ദൈവത്തെ കണ്ടെത്താം. സര്‍വ വസ്തുക്കളും ഇങ്ങനെത്തന്നെ- ഒരറബിക്കവി പാടി: 'ഓരോ വസ്തുവിലും അല്ലാഹു അജയ്യനും ഏകനുമാണെന്നതിനു ദൃഷ്ടാന്തമുണ്ട്. '

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter