മുത്വലാഖിനെക്കുറിച്ച അറബിമലയാള ഗ്രന്ഥത്തെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ?
2016-1-4മുത്വലാഖും മുസ്‌ലിം വിവാഹ നിയമങ്ങളും പൊതുതലത്തില്‍ സജീവ ചര്‍ച്ചകള്‍ക്ക് വിഷയീഭവിക്കുമ്പോള്‍ സമ്പന്നമായ അറബി-മലയാള വൈജ്ഞാനിക ലോകം ഒരിക്കലൂടെ ശ്രദ്ധിക്കപ്പെടുന്നു. 1961 ല്‍ കരങ്ങനാട് കെ.പി. മുഹമ്മദ് മുസ്‌ലിയാര്‍ അറബി മലയാളത്തില്‍ എഴുതിയ മുത്വലാഖിനെക്കുറിച്ച സമഗ്ര രചനയാണ് ഇപ്പോള്‍ ഗവേഷകരെപ്പോലും ഏറെ ആകര്‍ഷിച്ചിരിക്കുന്നത്. മൂന്നു ത്വലാഖ് ഒന്നിച്ചു ചൊല്ലുന്നതിന്റെ സാധ്യതയും സാധുതയും അതില്‍ മതപരമായ വീക്ഷണങ്ങളും ചര്‍ച്ച ചെയ്യുന്നതാണ് നൂറിലേറെ പേജ് വരുന്ന ഈ ഗ്രന്ഥം. കശ്ഫുല്‍ ഗലാഖ് അന്‍ സലാസി ത്വലാഖ് (മുത്വലാഖിനെക്കുറിച്ച ആശയക്കുഴപ്പങ്ങള്‍ നീക്കല്‍) എന്ന പേരില്‍ തയ്യാറാക്കിയ കൃതി മനോഹരമായ അറബിമലയാള ഭാഷയിലാണ് തയ്യാര്‍ ചെയ്തിരിക്കുന്നത്. നിലമ്പൂര്‍ ഖാസിയും മുദരിസുമായിരുന്നു ഗ്രന്ഥകാരന്‍ മുഹമ്മദ് മുസ്‌ലിയാര്‍. പണ്ഡിതനും ജ്ഞാനിയുമായിരുന്ന അദ്ദേഹത്തിന് വേറെയും ശ്രദ്ധേയമായ എഴുത്തുകുത്തുകളുണ്ട്. ഗേവേഷണാത്മക രീതിയില്‍ സംവിധാനിച്ച പുസ്തകം മലയാളത്തില്‍പോലും വായന സാധ്യത ഉള്ളതാണ്. 1961 കാലത്തെ കേരളത്തിലെ മുസ്‌ലിം ജീവിത സാഹചര്യവും ഈ പുസ്തകത്തിന്റെ പശ്ചാത്തലം വെച്ച് വായിച്ചെടുക്കാന്‍ കഴിയും. മലയാളം പോലും കൈകാര്യം ചെയ്തിട്ടില്ലാത്ത അതിസൂക്ഷ്മ വിഷയങ്ങള്‍ പോലും അറബിമലയാള ഗ്രന്ഥകാരന്മാര്‍ കൈകാര്യം ചെയ്തിരുന്നുവെന്നതിനുള്ള തെളിവാണിത്. ഇത്തരം അനവധി രചനകള്‍ ഇനിയും മറ നീക്കി പുറത്തുവരേണ്ടതായിട്ടുണ്ട്. മുസ്‌ലിം സാമൂഹിക, കുടുംബ ജീവിതവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളെക്കുറിച്ചും സമ്പന്നമായ രചനകള്‍ വിവിധ കാലങ്ങളിലായി അറബിമലയാളത്തില്‍ വന്നിട്ടുണ്ടെന്നുവേണം ഇതില്‍നിന്നും മനസ്സിലാക്കാന്‍. അവ സമാഹരിക്കാനും സംരക്ഷിക്കാനുമുള്ള സംഘടിത ശ്രമങ്ങളാണ് നമ്മുടെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter