ബുദ്ധഭീകരത: ബര്‍മയിലെ മുസ്‌ലിം ദയനീയ കാഴ്ചകള്‍

 width=ബര്‍മയിലെ യോഹിന്‍ഗ്യ പ്രദേശത്തെ മുസ്‌ലിംകള്‍ക്കെതിരെ നടന്ന വംശീയ ആക്രമണങ്ങളുടെ മുറിവുകള്‍ ഇപ്പോഴും ഉണങ്ങിയിട്ടില്ല. സുരക്ഷയും അഭയവും തേടി ഇന്ത്യയടക്കം വിവിധ ഭാഗങ്ങളിലേക്ക് പലായനം ചെയ്യുന്ന തിരക്കിലാണ് അവരിന്ന്. ഒടുവില്‍ യു.എന്‍. കാര്യത്തില്‍ ഉപരിപ്ലവമായി ഇടപെടുകയും പ്രസ്താവന നടത്തുകയും ചെയ്തിട്ടുണ്ടെങ്കിലും കാലങ്ങളായി അവിടെ നടന്നുകൊണ്ടിരിക്കുന്ന മുസ്‌ലിം വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ശക്തി ഇപ്പോഴും മൂര്‍ച്ചയോടെത്തന്നെ നില്‍ക്കുകയാണ്.

കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് ഭൂരിപക്ഷംവരുന്ന അവിടത്തെ ബുദ്ധവര്‍ഗം അനവധി മുസ്‌ലിംകളെ നിഷ്‌കരുണം കൂട്ടക്കൊല നടത്തിയത്. രാജ്യത്തെ ന്യൂനപക്ഷമായ മുസ്‌ലിംകള്‍ക്കെതിരെ നടന്ന കടന്നാക്രമണം ലോക മന:സാക്ഷിയെത്തന്നെ ഞെട്ടിച്ച സംഭവമായിരുന്നു. നൂറോളം മുസ്‌ലിംകള്‍ക്ക് ജീവഹാനി സംഭവിച്ച ഇതില്‍ അനവധിയാളുകള്‍ക്ക് മുറിവ് പറ്റുകയും അത്രയുംപേര്‍ക്ക് വീട് നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്.

സര്‍ക്കാര്‍ സൈന്യത്തെ ഉപയോഗപ്പെടുത്തി സ്വന്തം ചെലവില്‍ ചെയ്യുകായാണെന്നാണ് ആരോപണം.  പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു പകരം പോലീസ് പ്രശ്‌നത്തില്‍ മുസ്‌ലിംകളെ കരുവാക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. ജൂണില്‍ നടന്ന മുസ്‌ലിംകൂട്ടക്കൊലയുടെ യഥാര്‍ത്ഥ കാരണം അറിവായിട്ടില്ല. എന്നാലും സര്‍ക്കാറുമായി കൈക്കോര്‍ത്തുകൊണ്ടുള്ള ബുദ്ധഭീകരതയുടെ ക്രൂരമായ കരങ്ങളായിരുന്നു അതിനു പിന്നില്‍.  ആഴ്ചകളോളം യു.എന്‍ പോലും ഇതിനെതിരെ പ്രതികരിക്കാന്‍ മുന്നോട്ടുവന്നിരുന്നില്ല. ജയിലിലായിരുന്നപ്പോള്‍ മനുഷ്യാവകാശങ്ങള്‍ക്കായി ശക്തമായി ശബ്ദിച്ചിരുന്ന ആങ് സാന്‍ സൂ കി പോലും തന്റെ രാജ്യത്തിലെ മുസ്‌ലിം ന്യൂനപക്ഷത്തിനെതിരെ ബുദ്ധഭൂരിപക്ഷം തിരിഞ്ഞപ്പോള്‍ അതിനെതിരെ യാതൊന്നും പ്രതികരിച്ചില്ലായെന്നതാണ് വാസ്തവം.

 മുസ്‌ലിം വിരുദ്ധ കലാപങ്ങള്‍ നിരന്തരം നടന്നുകൊണ്ടിരിക്കുന്ന സ്ഥലമാണ് ബര്‍മ. 1920 മുതല്‍ പല തവണ ഇത് പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. ഭൂരിപക്ഷ ബുദ്ധിസ്റ്റുകളുടെ അസഹിഷ്ണുതാപരമായ സമീപനങ്ങളാണ് ഇതിന് നിമിത്തമായിരുന്നത്.

ബര്‍മയിലെ മുസ്‌ലിംകള്‍ പ്രധാനമായും പടിഞ്ഞാറന്‍ തീരത്തെ അറാക്കാന്‍ സംസ്ഥാനത്തിലാണ് താമസിച്ചുവരുന്നത്. റോഹിന്‍ഗ്യ മുസ്‌ലിംകള്‍ എന്ന പേരില്‍ അവര്‍ വിളിക്കപ്പെടുന്നു. ഈ പദത്തിന്റെ നിഷ്പത്തി കരുണ എന്ന് അര്‍ത്ഥം വരുന്ന റഹ്മ എന്ന അറബ് പദത്തില്‍നിന്നാണെന്ന് വിശ്വസിക്കപ്പെടുന്നു. എട്ടാം നൂറ്റാണ്ടു മുതല്‍തന്നെ മുസ്‌ലിംകള്‍ അറാക്കാന്‍ പ്രദേശത്ത് താമസിച്ചുവരുന്നുവെന്നാണ് ചരിത്രം. അറബികളിലൂടെയാണ് അവിടെ ഇസ്‌ലാം എത്തിയത്. എട്ടു ലക്ഷത്തിലേറെ മുസ്‌ലിംകള്‍ ഇന്ന് ഈ ഭാഗത്ത് മാത്രം താമസിക്കുന്നുണ്ട്. 'ലോകത്തെ ഏറ്റവും കൂടുതല്‍ പീഢിപ്പിക്കപ്പെടുന്ന ന്യൂനപക്ഷം' എന്നാണ് യു.എന്‍. അവരെ വിശേഷിപ്പിക്കുന്നത്. അവരെ സംരക്ഷിക്കാനുള്ള വഴികളെക്കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ല.

ബര്‍മയില്‍ ഈയിടെയായി മുസ്‌ലിംകള്‍ക്ക് മതസ്വാതന്ത്ര്യം വളരെ പരിമിതപ്പെട്ടിരിക്കുന്നു. വിശിഷ്യാ,  വേള്‍ഡ് ട്രെയ്ഡ് സെന്റര്‍ ആക്രമണത്തിനുശേഷം ബുദ്ധിസ്റ്റുകള്‍ അവര്‍ക്കുനേരെ ശക്തമായി ഭീകരവാദവും ആരോപിക്കാന്‍ തുടങ്ങിയിരിക്കുന്നു. റോഹിന്‍ഗ്യ മുസ്‌ലിംകളെ ഔദ്യോഗിക പൗരന്മാരായിപോലും അംഗീകരിക്കാന്‍ ബര്‍മയിലെ സര്‍ക്കാറും ബുദ്ധിസ്റ്റ് ഭൂരിപക്ഷവും ഇതുവരെ തയ്യാറായിട്ടില്ല. ഒരു പ്രാദേശിക ജനവര്‍ഗമായി തങ്ങളെ അംഗീകരിക്കണമെന്നും ജന്മാവകാശമായ പൗരത്വം തങ്ങള്‍ക്ക് നല്‍കണമെന്നും ആവശ്യപ്പെട്ട് മുസ്‌ലിംകള്‍ പലതവണ സര്‍ക്കാറിനെ സമീപ്പിച്ചിട്ടുണ്ട്. പക്ഷെ, ബംഗ്ലാദേശില്‍നിന്നും മറ്റും കടന്നുകൂടിയ അനധികൃത കുടിയേറ്റക്കാരായി മാത്രമാണ് സര്‍ക്കാര്‍ ഇന്നും അവരെ പരിഗണിക്കുന്നത്.

നോബല്‍ പ്രൈസ് ജേതാവ് ആങ് സാന്‍ സൂ കി പോലും മുസ്‌ലിംകളെ പൗരന്മാരായി അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. 2012 ജൂണില്‍ തന്റെ യു.കെ. സന്ദര്‍ശന വേളയില്‍ ലണ്ടനിലെ സ്‌കൂള്‍ ഓഫ് എക്‌ണോമിക്‌സില്‍ വെച്ചു നടന്ന പ്രസംഗത്തില്‍ 'റോഹിന്‍ഗ്യ മുസ്‌ലിംകളെ പൗരന്മാരായി അംഗീകരിച്ചുകൂട' എന്നാണ് അവള്‍ പറഞ്ഞത്. ശേഷം, ഡോണിംഗ് സ്ട്രീറ്റില്‍ വെച്ചുനടന്ന പത്ര സമ്മേളനത്തില്‍ ബര്‍മയില്‍ നടന്ന മുസ്‌ലിം കൂട്ടക്കൊലയെ അപലപിക്കാന്‍ വരെ അവര്‍ തയ്യാറായില്ല. പകരം, ഈ 'വര്‍ഗ സംഘട്ടനങ്ങള്‍ അന്വേഷിക്കപ്പെടുകയും ബുദ്ധിയുപയോഗിച്ച് കൈകാര്യം ചെയ്യപ്പെടുകയും വേണ' മെന്ന് പ്രസ്താവിക്കുകായയിരുന്നു. ഒരു നോബല്‍ പ്രൈസ് ജേതാവില്‍നിന്നും ഒരിക്കലും ഉണ്ടാവാന്‍ പാടില്ലാത്ത അഭിപ്രായപ്രകടനമായിരുന്നു ഇത്. ബുദ്ധകേന്ദ്രമായ ബര്‍മയില്‍ ഇത്രയുംവലിയൊരു കൂട്ടക്കൊല നടന്നിട്ട് ആചാര്യന്‍ ദലൈലാമ ഇതിനെതിരെ ഒരക്ഷരംപോലും പ്രസ്താവന ഇറക്കിയില്ല എന്നതാണ് മറ്റൊരു വസ്തുത. സഹികെട്ട മുസ്‌ലിംകള്‍ പ്രതിരോധാര്‍ത്ഥം ആയുധ പ്രയോഗത്തിലേക്കു വരെ ചെന്നെത്തേണ്ടിവരുമെന്നതായിരിക്കും ഇതിന്റെ അനന്തര ഫലം.

കഴിഞ്ഞ ജൂണ്‍ മൂന്നിന് അറാക്കാന്‍ പ്രദേശത്തെ ഒരു പള്ളി സന്ദര്‍ശിച്ച് ബസില്‍ റങ്കൂണിലേക്കു മടങ്ങുകയായിരുന്ന എട്ടു മുസ്‌ലിം ചെറുപ്പക്കാരെ നൂറുക്കണക്കിനു വരുന്ന ബുദ്ധ പട നിഷ്‌കരുണം കടന്നാക്രമിക്കുകയായിരുന്നു. സംഭവം ആഘോഷിക്കുകയും കള്ളു കുടിച്ച് മരിച്ചവരുടെ ശരീരത്തില്‍ കയറി നൃത്തംവെക്കുകയുമായിരുന്നു അവരെന്നാണ് ദൃശാക്ഷികള്‍ വ്യക്തമാക്കിയത്. 'എല്ലാ അര്‍ത്ഥത്തിലും മൃഗീയമായിരുന്നു ഈ കൂട്ടക്കൊല.' റോഹിന്‍ഗ്യ മുസ്‌ലിംകളുടെ അവകാശങ്ങല്‍ക്കു വേണ്ടി നിലകൊള്ളുന്ന നാഷ്ണല്‍ ഡമോക്രാറ്റിക് പാര്‍ട്ടി തലവന്‍ അബൂ ഥാഹ പറയുന്നു.

1970 കള്‍ മുതല്‍തന്നെ മനുഷ്യത്വരഹിതവും അതിമൃഗീയവുമായ പല കടന്നാക്രമണങ്ങളും റോഹിന്‍ഗ്യ മുസ്‌ലിംകള്‍ക്കെതിരെ ഉണ്ടായിട്ടുണ്ട്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ആയിരക്കണക്കിന് ആളുകളാണ് തായ്‌ലന്റ്, ഇന്തൊനേഷ്യ, ബംഗ്ലാദേശ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് അഭയാര്‍ത്ഥികളായി ഓടിപ്പോയത്.  അഭയാര്‍ത്ഥികള്‍ക്കുനേരെയും തായ്‌ലന്റില്‍ ശക്തമായ ആക്രമണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നുവെന്നതാണ് പുതിയ വാര്‍ത്ത. 2009 ഫെബ്രുവരി മാസത്തില്‍ റോഹിന്‍ഗ്യ മുസ്‌ലിംകള്‍ തിങ്ങി നിറഞ്ഞ് യാത്ര ചെയ്യുകയായിരുന്ന അഞ്ചു ബോട്ടുകള്‍ തായ് ജലസേന പിടികൂടുകയും ആഴക്കടലില്‍ കൊണ്ടുപോയി തള്ളുകയും ചെയ്യുകയുണ്ടായി. ഇതില്‍ നാലെണ്ണം കൊടുങ്കാറ്റില്‍പെട്ട് മുങ്ങുകയും അവയുടെ അവശിഷ്ടങ്ങള്‍ ഇന്തോനേഷ്യന്‍ തീരങ്ങളില്‍ അണയുകയും ചെയ്തു. ഇതില്‍നിന്നും മുടിനാരിഴക്ക് രക്ഷപ്പെട്ടുവന്ന ചുരുക്കം ആളുകളാണ് തായ് സൈന്യം കാണിച്ച ഈ കൊടും ക്രൂരതയെക്കുറിച്ച് ലോകത്തെ അറിയിച്ചത്.

ചുരുക്കത്തില്‍, സമാധാന ചിന്തയും ശാന്തി മനോഭാവവും തൊട്ടുതീണ്ടുകപോലും ചെയ്യാത്തവരായി മാറിയിട്ടുണ്ട് ബര്‍മയിലെ ബുദ്ധന്മാര്‍ മുസ്‌ലിംകള്‍ക്കു മുമ്പില്‍. കൊടും ശത്രുതയും ഈര്‍ഷ്യതയും ഉള്ളില്‍ നിറച്ചുകൊണ്ടാണ് അവര്‍ ജീവിക്കുന്നത്. ഏതെങ്കിലും ഭാഗങ്ങളില്‍ ബുദ്ധന്മാരും മുസ്‌ലിംകളും തമ്മിലോ ഹിന്ദുക്കളും മുസ്‌ലിംകളും തമ്മിലോ വല്ല അസ്വാരസ്യവും ഉണ്ടായാല്‍ അതിനെ ഒരു വലിയ കാരണമായി ഉയര്‍ത്തിക്കാണിച്ച് റോഹിന്‍ഗ്യ മുസ്‌ലിംകള്‍ക്കെതിരെ പീഢന നിരകള്‍ അഴിച്ചുവിടാന്‍ അവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇന്തോനേഷ്യയില്‍ മുസ്‌ലിംകളും അമുസ്‌ലിംകളും തമ്മില്‍ വല്ല പ്രശ്‌നങ്ങളുമുണ്ടായാല്‍ ബുദ്ധന്മാര്‍ അതിന് പ്രതികാരം ചോദിക്കുന്നതും റോഹിന്‍ഗ്യ മുസ്‌ലിംകള്‍ക്കു നേരെയാണ്. തൊടുന്നതിനും പിടിക്കുന്നതിനുമെല്ലാം മുസ്‌ലിംകളെ ആക്രമിക്കാന്‍ തക്കം പാര്‍ത്തിരിക്കുകയാണ് അവരെന്ന് ചുരുക്കം. അഫ്ഗാനിസ്ഥാനിലെ ബാമിയാനില്‍ ബുദ്ധ പ്രതിമകള്‍ തകര്‍ക്കപ്പെട്ടപ്പോള്‍ റോഹിന്‍ഗ്യയിലെ മുസ്‌ലിംകള്‍ക്ക് കരിദിനങ്ങളായിരുന്നു. ശക്തമായ പീഢനങ്ങള്‍ അന്ന് അവര്‍ക്കു നേരെ ഉണ്ടായിട്ടുണ്ട്. ബുദ്ധ സന്യാസികളുടെ നേതൃത്വത്തില്‍ മുസ്‌ലിം ഏരിയകള്‍ കടന്നാക്രമിച്ച അവരന്ന് മുസ്‌ലിംകളുടെ കച്ചവട സ്ഥാപനങ്ങളും മറ്റും നശിപ്പിക്കുകയും അവര്‍ക്ക് ഭീമമായ നാശനഷ്ടങ്ങള്‍ വരുത്തിവെക്കുകയും ചെയ്യുകയുണ്ടായി.

 മോയിന്‍ ഹുദവി മലയമ്മ  

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter