സമ്പൂര്‍ണ്ണ നിശ്ശബ്ദതിയില്‍ അല്‍പ്പനേരം

സൌദി അറേബ്യയിലെ ചില പരിപാടികള്‍ക്കിടയില്‍ ഒരിക്കല്‍ ഞാന്‍ അബ്ദുല്‍അസീസ് അല്‍തുവൈജിരിയുടെ അതിഥിയായി അല്‍പസമയം ചെലവഴിച്ചു. പ്രശസ്ത പണ്ഡിതനും ഗ്രന്ഥകാരനും പ്രബോധകനുമായിരുന്ന അദ്ദേഹത്തിന്റെ കൃഷിയിടത്തിലായിരുന്നു ഞങ്ങള്‍ സംസാരിക്കാനിരുന്നത്. ഒന്നിലധികം പരിപാടികളില്‍ പങ്കെടുത്ത് ഞാനാകെ ശാരീരികമായും അതിലേറെ മാനസികമായും ക്ഷീണിതനായിരുന്നു. എങ്കിലും അത് കഴിഞ്ഞ് ഒരു പരിപാടിയില്‍ കൂടി പങ്കെടുക്കാനുണ്ടായിരുന്നതിനാല്‍, അധികം അവിടെ ഇരിക്കാനും സാധിക്കുമായിരുന്നില്ല. 
ഇത് മനസ്സിലാക്കിയ അദ്ദേഹം എന്നോട് പറഞ്ഞു, നിങ്ങളുടെ സമയത്തില്‍ 3 മിനുട്ട് എനിക്ക് തരണം, നിങ്ങള്‍ ഏറെ ക്ഷീണിതനാണ്, അതിന് ഒരു പരിഹാരം എനിക്ക് നല്‍കാനാവും.
ഞാന്‍ സമ്മതിച്ചു. അദ്ദേഹം എന്നെ അവിടെയുള്ള ഒരു റൂമിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഏതോ ചൈനീസ് വ്യായാമ രീതികളോ മറ്റോ അകത്തുണ്ടാവുമെന്നാണ് ഞാന്‍ കരുതിയത്. അകത്തെത്തിയ എന്നോട് അവിടെ വിരിച്ചിരുന്ന കാര്‍പറ്റില്‍ കിടക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. ശേഷം, കണ്ണുകളും വായയുമടച്ച് ഈ ലോകം തന്നെ മറന്ന് 3 മിനുട്ട് നേരം ചെലവഴിക്കാന്‍ നിര്‍ദ്ദേശിച്ചു. കൂടെ അദ്ദേഹവും കിടക്കുന്നുണ്ടായിരുന്നു.
3 മിനുട്ട് കഴിഞ്ഞ് കണ്ണ് തുറന്നെണീറ്റപ്പോള്‍, ഞാന്‍ അനുഭവിച്ച സുഖം പറഞ്ഞറിയിക്കാനാവാത്തതായിരുന്നു. പീന്നീട് ഞാന്‍ ഇടക്കിടെ ഇതിന് സമയം കണ്ടെത്തുമായിരുന്നു, വിശിഷ്യാ, പരിപാടികളുടെ ആധിക്യം കാരണം ക്ഷീണിതനാവുന്ന വേളയില്‍. 
പുറം ലോകത്തിന്റെ ശബ്ദകോലാഹലങ്ങളില്‍നിന്നെല്ലാം അകന്ന്, മനസ്സിനെ യാതൊന്നും അലട്ടാതെ, സ്വസ്ഥമായി ചെലവഴിക്കുന്ന ഏതാനും നിമിഷങ്ങള്‍ ഏത് തിരക്കിനിടയിലും ആവശ്യമാണ്. നാമൊക്കെ ജീവിതത്തില്‍ ഏറെ തിരക്ക് പിടിച്ചവരാണ്, നാമില്ലെങ്കില്‍ പല കാര്യങ്ങളും മുറക്ക് നടക്കില്ലെന്നാണ് നമ്മുടെ വിചാരം. 
എന്നാല്‍, ആലോചിച്ചുനോക്കിയാല്‍, എത്ര വലിയ വിഢിത്തമാണ് ആ ചിന്തയെന്ന് നമുക്ക് ലളിതമായി ബോധ്യപ്പെടാവുന്നതേയുള്ളൂ. രാത്രി മണിക്കൂറുകളോളം നാം ഉറങ്ങി ഉണരുമ്പോഴും യാതൊരു മാറ്റവുമില്ലാതെ ലോകം ഇവിടെത്തന്നെയുണ്ട്. നാം ഭൂമിയിലേക്ക് ജനിക്കുന്നതോടെയോ മരണം വരിച്ച ശേഷമോ ഇവിടെ പ്രത്യേകിച്ചൊന്നും സംഭവിക്കുന്നില്ല. എല്ലാം മുറ പോലെ നടക്കും. നമ്മുടേതിനേക്കാള്‍ എത്രയോ വലിയ വലിയ പദ്ധതികള്‍ ഭൂമിലോകത്ത് ധാരാളമുണ്ട്, അവയിലൊന്നും നാമില്ലെങ്കിലും എല്ലാം വളരെ വിജയകരമായിത്തന്നെ നടക്കുന്നുമുണ്ട്. അഥവാ, നമ്മുടെ സാന്നിധ്യമോ അസാന്നിധ്യമോ ഇവിടെ ഒരു പ്രശ്നമേയല്ല എന്നര്‍ത്ഥം. 
ഇതാണ് യാഥാര്‍ത്ഥ്യം എന്നിരിക്കെ, പിന്നെന്തിനാണ് നാമിങ്ങനെ ഭൂഗോളം തലയിലേറ്റിയ പോലെ നടക്കുന്നത്, എന്തിനാണ് നാം വെറുതെ മാനസിക സംഘര്‍ഷങ്ങളും പിരിമുറുക്കങ്ങളുമായി സമയം കളയുന്നത്. സംഭവിക്കാനുള്ളതെല്ലാം ഇവിടെ സംഭവിക്കുക തന്നെ ചെയ്യും. ഈ ഒരു ഉത്തമ ബോധ്യത്തോടെ, സന്തോഷത്തോടെ ജീവിതം നയിക്കാന്‍ നമുക്കാവണം, അപ്പോഴാണ് നാം യഥാര്‍ത്ഥത്തില്‍ വിജയികളാവുന്നത്. അല്ലാത്തിടത്തോളം കാലം, നാമെന്ത് നേടിയാലും യഥാര്‍ത്ഥത്തില്‍ പരാജിതര്‍ തന്നെയാണ്, മറ്റുള്ളവരുടെ കണ്ണിലും അങ്ങനെത്തന്നെ.
ആയതിനാല്‍, ദിവസവും 5 മിനുട്ടെങ്കിലും എല്ലാം മാറ്റിവെച്ച്, യാതൊന്നും നമ്മെ അലട്ടാനില്ലാത്ത സമ്പൂര്‍ണ്ണ നിശ്ശബ്ദതയുടെ ലോകത്ത് ചെലവഴിക്കുക. നിങ്ങളത് ശീലമാക്കുക തന്നെ ചെയ്യും, അത് നിങ്ങള്‍ക്ക് ഏറെ ഉപകാരപ്പെടുകയും ചെയ്യും, തീര്‍ച്ച.

(ഡോ. ആഇദുല്‍ ഖര്‍നിയുടെ അവസാനം വിജയരഹസ്യം കണ്ടെത്തി എന്ന പുസ്തകത്തില്‍ നിന്ന്)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter