പൊന്നാനിയിലെ മിസരിപ്പള്ളി
പൊന്നാനിയിലെ പഴയ പള്ളികളാണ് അവിടത്തെ ഇസ്ലാമിനെ സജീവമായി നിലനിറുത്തുന്നതെന്ന് തോന്നുന്നു. മഖ്ദൂമിന്‍റെ പേരുകേട്ട പള്ളിക്ക് പുറമെ, 400 വര്‍ഷങ്ങളിലേറെ പഴക്കമുള്ള നിരവധി പള്ളികളാണ് പൊന്നാനിയുടെ വിവിധ ഗലികളിലായി ഇന്നും സ്ഥിതി ചെയ്യുന്നത്.
1516 ല്‍ ഖാനിസുല് ഗൌരി സഹായത്തിനായി ഒരു സൈന്യവ്യൂഹത്തെ ഇന്ത്യയിലേക്കയച്ചു. 13 കപ്പലുകളിലായി 1500 പേരാണ് അന്ന് മുസ്‌ലിംകളെ സഹായിക്കുന്നതിനായി മലബാറിലെത്തിയതെന്ന് പറയപ്പെടുന്നു. ഗുജറത്താന്‍റെ തെക്ക് ഭാഗത്തു വെച്ച് ഇവര്‍ പറങ്കികളുമായി ഉഗ്രപോരാട്ടം നടത്തുന്നുണ്ട്. തറ പറ്റിയ പറങ്കികള്‍ ദേശ്യം തീര്‍ക്കാനായി എത്തിയത് പൊന്നാനിയിലാണ്. അവിടെ 50 വഞ്ചികള്‍ തീയിട്ട് നശിപ്പിക്കുകയും 70 ഓളം മുസ്‌ലിംകളെ വധിക്കുകയും ചെയ്തു. അതറിഞ്ഞ മിസരിസൈന്യം നേരെ പൊന്നാനിയിലേക്ക് പോന്നുവെന്നും പോര്‍ച്ചുഗീസുകാരുമായി ഏറ്റുമുട്ടിയെന്നും പറയപ്പെടുന്നു. അവര്‍ ഏറെ കാലം പൊന്നാനിയില് തങ്ങിയിട്ടുണ്ടത്രെ. അക്കാലത്ത് അവര്‍ നിര്‍മിച്ച പള്ളിയായതിനാലാണ് മിസരിപ്പള്ളി എന്നറിയപ്പെടുന്നതെന്നാണ് ചരിത്രപക്ഷം. പൊന്നാനിയില്‍ അവര്‍ തമ്പടിച്ച സ്ഥലത്ത് പില്‍ക്കാലത്ത് നിര്‍മിക്കപ്പെട്ടതാണ് ഈ പള്ളിയെന്നും ചരിത്രത്തിന് ഒരു അഭിപ്രായമുണ്ട്. പൊന്നാനിയിലെ തീരദേശക്കാരാണ് ഈ പള്ളിയിലേക്ക് കാര്യമായും നിസ്കരിക്കാന് വരുന്നത്. തീരദേശക്കാര്‍ മരണപ്പെടുമ്പോള്‍ അവരെ ഖബറടക്കം ചെയ്യുന്നതും ഇതേ പള്ളിമുറ്റത്ത് തന്നെ. ഇവിടെ ജുമുഅ നടക്കുന്നില്ല. പെരുന്നാള്‍ നിസ്കാരങ്ങളും റമദാന് തറാവീഹ് നിസ്കാരവുമെല്ലാം നടത്തപ്പെടുന്നുണ്ട്. പള്ളിക്ക് അടുത്ത് തന്നെ പുതുക്കിപ്പണിതു കൊണ്ടിരിക്കുന്ന ഒരു കുളമുണ്ട്. മയ്യിത്തു നിസ്കാരത്തിനും മറ്റും ആളുകള്‍ അധികരിക്കുന്ന സമയത്ത് അവിടെ നിന്നായിരുന്നു കാര്യമായും വുദൂ എടുത്തിരുന്നത്. പുതിയ കാലത്ത് അതിനടുത്ത് വന്ന സര്‍ക്കാര്‍ ശൌച്യാലയം കാരണം കുളം അശുദ്ധമായിരിക്കുന്നു. അതിന്‍റെ പരിസരത്ത് വളര്‍ന്ന് നില്‍ക്കുന്ന തെങ്ങുകളാണ് പള്ളിയുടെ കാര്യമായ വരുമാനമാര്‍ഗം. രണ്ടു നിലയും ഓട് മേഞ്ഞ മിസരിപ്പള്ളി പൊന്നാനിയിലെ വലിയ പള്ളി നിര്‍മിച്ച മരത്തിന്‍റെ ബാക്കി വന്ന ഭാഗം ഉപയോഗിച്ച് നിര്‍മിച്ചതാണെന്ന് തദ്ദേശീയരുടെ കഥകളില്‍ കേള്‍ക്കുന്നു. കോട്ടക്കലെ മരക്കാര്‍ പള്ളിയുമായി ഏകദേശം രൂപസാദൃശ്യമുണ്ട് ഈ പള്ളിക്ക്.