ബുഖാറ കഥ പറയുന്നു
അറേബ്യന്‍ സംസ്‌കാര ധാരയിലെ മഹനീയ ഈടുവെയ്‌പുകളുടെ ഭൂമികയിലൂടെ ഒരുയാത്ര. വിദ്യയുടെ വിളക്കുമാടങ്ങള്‍ക്കരികിലൂടെ നീങ്ങുമ്പോള്‍, ഉയര്‍ന്നുനില്‍ക്കുന്ന മിനാരങ്ങള്‍ക്ക് പറയാനുള്ളത് നൂറ്‌നൂറ് ചരിതങ്ങള്‍.... വിജ്ഞാനപ്രസരണത്തിന്റെയും അതിലൂടെ നിലവില്‍വന്ന വിചാരവിപ്ലവത്തിന്റെയും വിസ്‌മയിപ്പിക്കുന്ന കഥകള്‍... വിജ്ഞാനത്തിന്റെ ഈറ്റില്ലങ്ങളും പോറ്റില്ലങ്ങളുമായ പുരാതന നഗരങ്ങള്‍.... അഭിമാനത്തോടെ തലയുയര്‍ത്തിനില്‍ക്കുന്ന പടുകൂറ്റന്‍ മിനാരങ്ങള്‍.... അത്യാധുനിക വാസ്‌തുവിദ്യയെപ്പോലും നാണിപ്പിക്കുന്ന കുബ്ബകള്‍.... ഇത് ബുഖാറ.... സരാഫഷാന്‍ നദിയുമായി സല്ലപിച്ചുറങ്ങുന്ന സുന്ദരമായ അതിപുരാതന നഗരം... വൈദ്യലോകത്തെ മുടിചൂടാമന്നനായ ഇബ്‌നുസീനയുടെ കര്‍മ്മമണ്ഡലം.... സര്‍വ്വോപരി വിശ്വവിഖ്യാതനായ ഇമാം ബുഖാരിയുടെ ജന്മദേശം.... പ്രവാചകപുംഗവരുടെ ജീവിത വഴിയിലെ തുടിപ്പുകളന്വേഷിച്ച് നടന്ന ആ മഹാമനീഷിയെ മറക്കാത്ത മണല്‍ തരികള്‍ നമ്മെ ഒരിക്കലും വെറുതെ വിടില്ല. അവക്കോരോന്നിനും പറയാനുള്ളത് വൈവിധ്യമാര്‍ന്ന നൂറ്‌നൂറ് കഥകളാണ്. അറേബ്യന്‍ വാസ്‌തുവിദ്യയില്‍ തീര്‍ത്ത ഇമാം ബുഖാരിയുടെ ഖബ്‌ര്‍ സന്ദര്‍ശിക്കുന്നതോടെ ഏതോ ആത്മീയ ലോകത്തെത്തുന്ന അനുഭൂതിയാണ്. ഇനി നമുക്ക് തൊട്ടടുത്ത് കാണുന്ന മറ്റൊരു മനോഹര മസ്‌ജിദിലേക്ക് തിരിക്കാം. ഹിജ്‌റ 94ല്‍ നിര്‍മ്മിതമായ ബുഖാറയിലെ ആദ്യമസ്‌ജിദാണ് ഇത്
. പല പ്രമുഖ സ്വഹാബിവര്യരെയും കണ്‍കുളിര്‍ക്കെ കാണാന്‍ സൗഭാഗ്യം ലഭിച്ച മസ്‌ജിദിന്റെ നാല്‍ചുവരുകള്‍ ഇന്നും ആ മധുരസ്‌മരണകളില്‍ മുഴുകിയിരിക്കുന്നപോലെ തോന്നും. ഇമാം ബുഖാരിയോടുള്ള ആദരവ് മൂലമാണത്രെ ഈ നഗരത്തിനവര്‍ `ഖുബ്ബതുല്‍ഇസ്‌ലാം' എന്ന് പേരിട്ടത്. വിദ്യയുടെ ലോകത്ത് സോല്‍സാഹം തത്തിക്കളിച്ച ബുഖാറക്കാര്‍ യുദ്ധമുഖത്തും അവരുടേതായ പങ്ക് വഹച്ചിരുന്നുവെന്നാണ് ചരിത്രം. അടുത്തതായി നമുക്ക് അവിടുത്തെ അതിപുരാതനമായ കോട്ടയിലേക്ക് നീങ്ങാം. ബുഖാറക്കാരുടെ യുദ്ധവീര്യം തുളുമ്പുന്നതാണ് ഈ കോട്ട. ഹിജ്‌റ മൂന്നാം നൂറ്റാണ്ടില്‍ മുസ്‌ലിംകള്‍ പണിത ഇത് ഇന്നും വിസ്‌മയമായി ശേഷിക്കുന്നു. 1866ല്‍ ബുഖാറ റഷ്യയുടെ കീഴിലായതോടെ അത് രണ്ട് ഭാഗമായി വിഭജിക്കപ്പെട്ടു. ഉസ്‌ബകിസ്ഥാനും തുര്‍ക്‌മാനിസ്ഥാനും. വിഭജനത്തിന്റെ നഷ്‌ടങ്ങള്‍ സഹിക്കുന്നുണ്ടെങ്കിലും ഭൂതകാലത്തിന്റെ മഹത്വ പൂര്‍ണ്ണമായ പൈതൃകം നഷ്‌ടപ്പെടാതെ സൂക്ഷിക്കാന്‍ ഈ നഗരം ഇന്നും പരമാവധി ശ്രമിക്കുന്നുണ്ട്. ജീവസ്സുറ്റ ഇന്നലെകളുടെ ഓര്‍മ്മച്ചെപ്പുകളോരോന്നും ചികഞ്ഞ് നടക്കുമ്പോള്‍ നമ്മെ വരവേല്‍ക്കുക ബഹുനിലകെട്ടിടങ്ങളുള്‍ക്കൊള്ളുന്ന ആധുനിക സര്‍വ്വകലാശാലകളും കൂറ്റന്‍ നിര്‍മ്മിതികളുമാണ്. ആധുനികതയുടെ അതിപ്രസരത്തിലും ബുഖാറ പഴമയെത്തേടുന്നപോലെ നമുക്ക് തോന്നും. അല്ലെങ്കിലും ഈ പുതുമയേക്കാള്‍ എത്രയോ മഹത്തരമായത് ആ പഴമ തന്നെയല്ലേ. ബുദ്ധിയുള്ള നാം അതെക്കുറിച്ച് അബോധരാണെങ്കിലും മഹാന്മാരുടെ പാദസ്‌പര്‍ശങ്ങളേറ്റ മണല്‍തരികള്‍ക്ക് അത് മറക്കാനാകുമോ...? ബുഖാറയില്‍ നിന്ന് മടക്കയാത്ര തിരിക്കുമ്പോഴും ആ പുരാതന മിനാരങ്ങള്‍ നമ്മെ മാടിവിളിക്കുന്നപോലെ..... അറിവിന്റെ അക്ഷയലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ തിടുക്കപ്പെടുന്നത്‌പോലെ.... ബുഖാറ... അത് മുഴുക്കെ മിനാരങ്ങളും ഗോപുരങ്ങളുമാണ്.... എല്ലാം വിജ്ഞാനത്തിന്റെയും വിശ്വാസത്തിന്റെയും കേദാരങ്ങള്‍.... അറിവിന്റെയും അനുഭവങ്ങളുടെയും സങ്കേതങ്ങള്‍....
Leave A Comment