മൗലിദിനുവേണ്ടി കരുതിവയ്ക്കുന്ന തേങ്ങയും 'തലക്കാണി' പണവും
വടക്കേമലബാറിനെ ഇസ്‌ലാമികമൂല്യങ്ങളുടെ തെളിനീരൊഴുക്കിന് ഊടും പാവുമേകിയ മണ്ണാക്കി പരിവര്‍ത്തിപ്പിച്ചെടുത്തതില്‍ രണ്ടാം പൊന്നാനിയെന്ന് വിളിപ്പേരുള്ള നാദാപുരത്തിന് വലിയ പങ്കാണുള്ളത്. പാരമ്പര്യമൂല്യങ്ങളെയും ആചാരങ്ങളെയും മറ്റേത് പ്രദേശവാസികളെക്കാളും ഇവിടത്തുകാര്‍ ആവേശപൂര്‍വ്വം ഉള്‍കൊള്ളുകയും പകര്‍ത്തുകയും ചെയ്യുന്നു. പണ്ഡിതകുലപതികളുടെ സാന്നിധ്യം കൊണ്ടനുഗൃഹീതമായ മണ്ണും മനസ്സുമാണ് നാദാപുരത്തിനുള്ളത്. ഇസ്‌ലാമിക മൂലപ്രമാണങ്ങളെ കലക്കിക്കുടിച്ച് ജീവിതം കൊണ്ട് ഭൂമിയില്‍ സാക്ഷികളായ ജ്ഞാനകേസരികളുടെ ഒട്ടനവധി തറവാടുകള്‍ ഒരു പക്ഷേ നാദാപുരത്തിന്റെ മാത്രം പ്രത്യേകതയാവും. അറിവിന്റെ വാതിലുകള്‍ വിജ്ഞാനാന്വേഷകര്‍ക്ക് മുന്നില്‍ മലര്‍ക്കെ തുറന്നിട്ടിരുന്നത് കൊണ്ട് തന്നെ വിജ്ഞാനദാഹികളുടെയും അതു പകര്‍ന്ന് നല്‍കുന്നവരുടെയും സാന്നിധ്യം ഇവിടത്തുകാര്‍ ആവോളം ആസ്വദിക്കുകയും പകര്‍ത്തുകയും ചെയ്തു. അതിന്റെ പരിണതിയായി പ്രത്യേകമായ ഈമാനികാവേശം ഇവിടെ തളംകെട്ടി നില്‍ക്കുന്നു. അതു കൊണ്ടാണ് ഇസ്‌ലാമികാചാരങ്ങളെ സ്വീകരിക്കാനും അനാചാരങ്ങളെ പ്രതിരോധിക്കാനും നാദാപുരത്തുകാര്‍ക്ക് മുന്‍കാലങ്ങളില്‍ സാധിച്ചത്.
പ്രവാചകനെ പാടിപ്പുകഴ്ത്തി സ്‌നേഹാനുരണനങ്ങള്‍ പ്രകടിപ്പിക്കാനും ഹൃദയത്തിലലയടിച്ചുയരുന്ന തിരുനബി പ്രണയഗീതങ്ങളായ മൗലിദുകള്‍ നടത്താനും നാദാപുരത്തിന് പ്രത്യേക ആവേശമായിരുന്നു. റബീഉല്‍ അവ്വല്‍ മാസവുമായും മൗലിദു സദസ്സുകളുമായും ബന്ധപ്പെട്ട് പ്രവാചകാനുരാഗത്തിന്റെ അടങ്ങാത്ത ആവേശത്തിമിര്‍പ്പിന്റെ ഓര്‍മകളുടെ സുഗന്ധ സാന്നിധ്യം നാദാപുരത്തിന് മാത്രം സ്വന്തമായുണ്ട്.
റബീഉല്‍ അവ്വല്‍ പിറവിയെ വലിയ ആഹ്ലാദാതിരേകത്തോടെയാണ് സ്വീകരിച്ചിരുന്നത്. റമളാനിലും റബീഉല്‍ അവ്വലിലുമാണ് വീടുകള്‍ ഒരുങ്ങുക. നാദാപുരത്തെ ചില പ്രദേശങ്ങളില്‍ വീടുകള്‍ ചുണ്ണാമ്പ് തേച്ച് വൃത്തിയോടെയും വെടിപ്പോടെയും മൗലിദ് മാസത്തിനു വേണ്ടി തയ്യാറെടുപ്പുകള്‍ നടത്തും. മനസാന്തരങ്ങളില്‍ പ്രത്യേകമായ അനുഭൂതിയായിരുന്നു ഈ മാസത്തിന്റെ വരവിലൂടെ ഉണ്ടാവുക. പ്രായഭേദമോ വലിപ്പച്ചെറുപ്പമോ വ്യത്യാസമില്ലാതെ എല്ലാവരും ഈ മാസത്തെ പ്രതീക്ഷയോടെ കാത്തിരുന്ന സുന്ദരചിത്രം നാദാപുരത്തുണ്ട്.
മാസം പിറക്കുന്നതോടു കൂടി മൗലിദ് സദസ്സുകളുടെ കാലമാണ്. ഇതര പ്രദേശങ്ങളിലൊന്നും കാണാന്‍ സാധിക്കാത്ത മൗലിദ് സദസ്സുകളും ആവേശോജ്ജ്വലമായ സമീപനവും ഇവിടെ കാണാമായിരുന്നു. ഒന്നു മുതല്‍ മുപ്പത് വരെ ഓരോ വീടുകള്‍ കേന്ദ്രീകരിച്ചും മൗലിദുകള്‍ നടത്താറുണ്ട്. സദസ്സുകളുടെ ആധിക്യം മൂലം പലര്‍ക്കും ദിവസങ്ങള്‍ ലഭിക്കാതെ പോയ കാലങ്ങള്‍ വരെയുണ്ടായിരുന്നു. മൗലിദിന് ശേഷം വലിയ സദ്യകളും ഏര്‍പ്പെടുത്താറുണ്ട്. ഇല്ലായ്മയില്‍ പെട്ടുഴലുന്നവര്‍ക്ക് വയര്‍ നിറയെ ഭക്ഷണം ലഭിച്ചിരുന്ന സമയം കൂടിയായിരുന്നു റബീഉല്‍ അവ്വല്‍ മാസമെന്ന് പ്രായമുള്ളവര്‍ ഓര്‍ത്തെടുക്കുന്നു. ഓരോ പ്രദേശത്തും രാത്രി 12 മണി വരെയൊക്കെ സാധാരണയായി മൗലിദാലാപനങ്ങള്‍ നീളാറുണ്ട്.
ആളുകള്‍ക്കൊക്കെ വലിയ ആവേശമായിരുന്നു. ‘നാളെ അവിടെ മൗലിദുണ്ട്’ എന്ന് പറഞ്ഞു കുട്ടികളടക്കമുള്ളവര്‍ കാത്തിരിക്കുന്ന അവസ്ഥയായിരുന്നു അന്ന് നിലവിലുണ്ടായിരുന്നത്.
വിവിധ മൗലിദുകളില്‍ അങ്ങേയറ്റത്തെ കഴിവും പ്രാപ്തിയുമുള്ളവര്‍ നാദാപുരത്തിന്റെ പ്രത്യേകതയായിരുന്നു. വിവിധ രീതികളിലും ഈണങ്ങളിലും മൗലിദുകള്‍ ചൊല്ലാന്‍ കഴിവുള്ള പ്രത്യേക വിഭാഗം തന്നെ അന്ന് നിലവിലുണ്ടായിരുന്നു. ഇവരുടെ നേതൃത്വത്തിലായിരിക്കും മൗലിദ് സദസ്സുകള്‍ നടന്നിരുന്നത്. വിവിധ രീതികളില്‍ മൗലിദ് ചൊല്ലുന്നത് പഠിപ്പിക്കാന്‍ നാദാപുരത്തും സമീപ പ്രദേശങ്ങളിലും പ്രത്യേക കേന്ദ്രങ്ങള്‍ സജ്ജമാക്കിയിരുന്നുവത്രെ. ‘എശല്‍ പഠിക്കുക’ എന്നാണ് അന്ന് ഇതിന് പറഞ്ഞിരുന്നത്.
വ്യത്യസ്ത ഈണങ്ങളിലൂടെ മാനസാന്തരങ്ങളെ റൗളയിലെത്തിക്കാന്‍ കഴിവുള്ളവരുടെ സാന്നിധ്യത്തെ മൗലിദുസദസ്സുകളില്‍ പ്രത്യേകം പരിഗണിക്കാറുണ്ടായിരുന്നു. ഇക്കൂട്ടരെ ആദ്യം തന്നെ ക്ഷണിക്കാന്‍ ഓരോരുത്തരും പ്രത്യേകം ശ്രദ്ധിക്കും. കല്ല്യാണത്തിന് പുതിയാപ്പിളയുടെ കൂടെ പാട്ടു പാടി പോകുന്ന കല്ല്യാണപ്പാട്ടുകാരും ഇവര്‍ തന്നെയായിരുന്നു. ഒരു മൗലിദിന്നിടയില്‍ തന്നെ രീതികള്‍ മാറ്റിചൊല്ലി കൂടുതല്‍ ആനന്ദകരമാക്കാന്‍ കഴിവുണ്ടായിരുന്ന ഈ പാട്ടുകാരായിരുന്നു മൗലിദ് സദസ്സിന്റെ പ്രധാന ആകര്‍ഷണങ്ങള്‍. മുമ്പ് നാട്ടിലെ ഏകദേശമാളുകള്‍ക്കൊക്കെ മൗലിദുകള്‍ വിവിധ രീതികളില്‍ ചൊല്ലാന്‍ കഴിഞ്ഞിരുന്നെന്ന് മാത്രമല്ല ഏകദേശ മൗലിദുകളെല്ലാം മനഃപ്പാഠവുമായിരുന്നു. അന്ന് ഇത് ഒരു അഭിമാനം പോലെ ഗണിക്കപ്പെടും. റബീഉല്‍ അവ്വലില്‍ മൗലിദ് നടത്താത്ത വീടുകളില്ലായിരുന്നു. അങ്ങനെയുണ്ടാവുന്നത് ഒരു കുറച്ചിലായി അനുഭവപ്പെട്ടിരുന്നു.
വീടുകളില്‍ പ്രവാചകാനുരാഗത്തിന്റെ തീക്ഷ്ണത വിളിച്ചോതി കടന്നു വന്നിരുന്ന റബീഉല്‍ അവ്വലിലെ മൗലിദ് സദസ്സുകള്‍ ഐശ്വര്യങ്ങള്‍ക്ക് വഴിവെച്ചു എന്ന് മാത്രമല്ല, അവയെ രോഗാതുരമായ സാഹചര്യങ്ങള്‍ക്ക് ഒരു പരിഹാരം കൂടിയായി ഇവിടത്തുകാര്‍ ഗണിച്ചിരുന്നു. പേരറിയുന്നതും അറിയാത്തതുമായ രോഗങ്ങള്‍ ഉറക്കം കെടുത്തുന്ന പുതിയ അവസ്ഥകള്‍ക്ക് കാരണമാകുന്നത് മൗലിദ് സദസ്സുകള്‍ വീടുകളില്‍നിന്നും എടുത്തു മാറ്റപ്പെട്ടതാണെന്ന് നാദാപുരത്തെ മുന്‍ഗാമികള്‍ ഉറപ്പ് നല്‍കുന്നു.
കഴിവനുസരിച്ച് മൗലിദുകള്‍ സംഘടിപ്പിക്കാന്‍ ഓരോരുത്തരും ശ്രമിച്ചിരുന്നു. ഇതിനുവേണ്ടി നാദാപുരത്തുകാരും സമീപപ്രദേശത്തുകാരും കാണിച്ച ആവേശം തലമുറകളിലേക്ക് കൈമാറ്റംചെയ്യപ്പെടേണ്ടതായിരുന്നെങ്കിലും അത് സംഭവിച്ചില്ലെന്നതാണ് ഖേദകരം.
മൗലിദ് നടത്താന്‍ വേണ്ടി കച്ചവടക്കാര്‍ വര്‍ഷാദ്യത്തിലെ പണം സ്വരൂപിച്ച് വെക്കും. കടകളില്‍ ഒരുക്കിയ പ്രത്യേക അളവില്‍ ഓരോ ദിവസവും നിശ്ചിത തുക നിക്ഷേപിക്കുകയും റബീഉല്‍അവ്വലെത്തിയാല്‍ ആ തുകയെടുത്ത് മൗലിദുകള്‍ സംഘടിപ്പിക്കുകയുമായിരുന്നു ചെയ്തിരുന്നത്. വീടുകളിലും ഇത്തരം ‘മൗലിദ് പെട്ടി’കള്‍ ഉണ്ടായിരുന്നു. അതില്‍ സ്ത്രീകളടക്കമുള്ളവര്‍ നാണയത്തുട്ടുകള്‍ നിക്ഷേപിക്കുകയും മൗലിദ് കഴിക്കുന്നതിലേക്ക് ആ സംഖ്യകള്‍ നീക്കിവെക്കുകയും ചെയ്തിരുന്നു. റബീഉല്‍ അവ്വലെത്തിയാല്‍ പണില്ലാത്തതിന്റെ പേരില്‍ മൗലിദുകള്‍ വീട്ടില്‍ നടത്തപ്പെടാതെ പോകരുതെന്ന ഉറച്ച നിര്‍ബന്ധമുള്ളത് കൊണ്ടായിരുന്നു ഇങ്ങനെ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നത്.
അപ്രകാരം തേങ്ങയിടുന്ന സമയത്ത് ഓരോ പ്രാവശ്യവും കുറച്ച് തേങ്ങകള്‍ മൗലിദ് കഴിക്കാന്‍ വേണ്ടി മാത്രം സംഭരിച്ചുവെക്കുന്ന സമ്പ്രദായവും നിലനിന്നിരുന്നു. ഇതെല്ലാം ഈ രംഗത്തോടുള്ള ആളുകളുടെ ആവേശത്തിന്റെ നിദര്‍ശനങ്ങളായിരുന്നു.
മൗലിദ് സദസ്സുകളില്‍ ബര്‍ക്കത്തിനു വേണ്ടി പണം, വെള്ളം, മറ്റു വസ്തുക്കള്‍ എന്നിവ വെക്കുന്ന ശീലവും ചിലയിടങ്ങളിലുണ്ടായിരുന്നു. ഓരോ വീടുകളിലും കഴിച്ചിരുന്നതിന് പുറമെ പള്ളികള്‍ കേന്ദ്രീകരിച്ചും വലിയ മൗലിദ് സദസ്സുകള്‍ സംഘടിപ്പിച്ചിരുന്നു. സമ്പന്നരായ ആളുകള്‍ അന്ന് ഓലമേഞ്ഞ പന്തലുകള്‍ കെട്ടിയായിരുന്നു മൗലിദുകള്‍ നടത്തിയിരുന്നത്.
പ്രവാചക സ്‌നേഹത്തിന്റെ സുന്ദരമായ ദൃശ്യങ്ങളും കണ്‍കുളിര്‍മയേകുന്ന ആവേശകരമായ സമീപനങ്ങളും നാദാപുരത്ത് ജ്ഞാനപ്രസരണം നടത്തിയ പണ്ഡിതകേസരികളില്‍നിന്ന് താവഴിയായി കിട്ടിയതാണെന്ന് ചരിത്രം ബോധ്യപ്പെടുത്തുന്നുണ്ട്.
മുമ്പ് കാലത്ത് പുസ്തകക്കച്ചവടക്കാരുടെ അടുത്ത് കൂടുതലുണ്ടായിരുന്നത് മൗലിദ് കിതാബുകളായിരുന്നു. ഓരോ വീടുകളിലും ഇത് നിര്‍ബന്ധം പോലെ വാങ്ങുകയും ഉപയോഗിക്കുകയും ചെയ്തു. മൗലിദ് കിതാബുകളും ഏടുകളുമില്ലാത്ത വീടുകള്‍ അന്നില്ലായിരുന്നു. 1930 കാലങ്ങളില്‍ ഒരു മൗലിദിന്റെ ഏടിന്റെ വില 45 പൈസയായിരുന്നു.
മൗലിദിന് നേതൃത്വം നല്‍കുന്ന ഉസ്താദിന് വീട്ടിലെ പുതിയാപ്പിള പണം നല്‍കുന്ന സമ്പ്രദായം ചില പ്രദേശങ്ങളിലുണ്ടായിരുന്നു. ‘തലക്കാണി പണം’ എന്നായിരുന്നു ഇതിനെ വിളിച്ചിരുന്നത്. വീടുകളിലെ സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരുമടക്കം ഒരുമിച്ചിരുന്ന് മൗലിദ് ചൊല്ലുന്നത് ഒരുകാലത്ത് നാദാപുരത്തെ റബീഉല്‍ അവ്വലിലെ സ്ഥിരം കാഴ്ചയായിരുന്നു.
ഒന്നു മുതല്‍ മുപ്പത് വരെ മൗലിദിന്റെ ഈരടികള്‍ കൊണ്ട് രാവും പകലും ആനന്ദതുന്ദിലമായിരുന്നു. ജ്ഞാനോദയങ്ങള്‍ക്ക് തിരികൊളുത്തിയ ഈ പ്രദേശത്തെ പണ്ഡിതന്മാര്‍ പകര്‍ന്നു നല്‍കിയ പ്രവാചക സ്‌നേഹത്തിന്റെ അമ്യതുകള്‍ ഹൃദയത്തിലേക്കാവാഹിക്കാന്‍ നാദാപുരത്തുകാര്‍ കാണിച്ച ആവേശം സ്മരണീയവും ചിന്തനീയവുമാണ്. ഇന്നലെയുടെ ആ സുന്ദര നിമിഷങ്ങള്‍ ഇന്ന് അങ്ങിങ്ങയി മാത്രമേ ദൃശ്യമാകുന്നുള്ളൂവെന്നത് നമുക്ക് തിരിച്ചറിവിന്റെ പാഠമാകേണ്ടതുണ്ട്.
Leave A Comment