'സത്യ'ത്തിന് കാവലായി കൊടിഞ്ഞിപ്പള്ളി
കൊടിഞ്ഞി പ്രദേശം. മമ്പുറത്തെ പുഴക്കടവത്ത് നിന്ന് അത്ര ദൂരത്തല്ല ഈ ഉള്‍നാട്. 'സത്യംചെയ്യലി'ന് പേര് കേട്ട കൊടിഞ്ഞിപ്പള്ളിയെ കുറിച്ചുള്ള കുറിപ്പ് മുമ്പുറത്ത് നിന്ന് തന്നെയാണ് തുടങ്ങേണ്ടത്. അതിന് കാരണവുമുണ്ട്. മമ്പുറം തങ്ങളുടെ മേല്‍നോട്ടത്തിലാണ് ഈ പള്ളിയുടെ നിര്‍മാണം നടന്നതെന്നാണ് ചരിത്രം. ആള്‍പാര്‍പ്പ് കുറഞ്ഞ പ്രദേശം അക്കാലത്ത് തങ്ങള്‍ അമുസ്ലിമായ ഉടമയില്‍ നിന്ന് തീറെഴുതി വാങ്ങിയെന്നും അവിടെ ഈ മസ്ജിദ് സ്ഥാപിച്ചുവെന്നും പറയപ്പെടുന്നു. മുസ്‌ലിം ഭൂരിപക്ഷപ്രദേശമാണ് കൊടിഞ്ഞി. ഏറെ വിശാലമായ മഹല്ല്. മുസ്‌ലിംകളുടേത് മാത്രമായി ഇവിടെ 3000 ത്തിലധികം വീടുകളുണ്ട്. മദ്റസകളോട് കൂടിയ പന്ത്രണ്ട് ഉപമഹല്ലുകളുണ്ട് ഈ പള്ളിക്ക് കീഴില്‍. അവിടെയെല്ലാം പ്രത്യേകം പ്രത്യേകം ജുമുഅ നടക്കുമ്പോഴും അവിടത്തുകാരെല്ലാം മരിക്കുമ്പോള്‍ മയ്യിത്ത് ഖബറടക്കുന്നത് ഇവിടെ തന്നെ. അവിടങ്ങളിലെല്ലാം നടക്കുന്ന നികാഹിന്‍റെ ഒരു പങ്കും മസ്ജിദിന് വരുമാനമായി ലഭിക്കുന്നു. അത്ര ശോച്യമല്ലാത്ത ഒരു ദര്‍സും പള്ളിയില്‍ നടക്കുന്നുണ്ട്. നേരത്തെ ദര്‍സിനും മസ്ജിദിനും രണ്ട് കമ്മിറ്റികളായിരുന്നു. ഇന്ന് രണ്ടും ഒരു കമ്മറ്റിക്ക് കീഴില്‍ നടക്കുമ്പോഴും രണ്ടിനും വെവ്വേറെ കണക്കുകളാണ്.
വരുമാന മാര്‍ഗങ്ങളും രണ്ടിനും വ്യത്യസ്തങ്ങളാണ്. സാധാരണ മഹല്ലുപള്ളികള്‍ക്കപ്പുറം കൊടിഞ്ഞിപ്പള്ളി സമൂഹത്തിലിടപെടുന്നു. മുസ്‌ലിം-അമുസ്‌ലിം സമൂഹങ്ങളെ പള്ളി അതിന്‍റെ അകത്തളങ്ങളിലേക്ക് ചേര്‍ത്ത് പിടിക്കുന്നു. അമുസ്‌ലിംകളടക്കമുള്ള പൊതുജനം നല്‍കുന്ന സംഭാവനകളാണ് പള്ളിയുടെ വലിയൊരു സാമ്പത്തിക സ്രോതസ്സ് പോലും. ഈയടുത്ത് സ്ഥാപിക്കപ്പെട്ട നാലുമുറി വാടകകെട്ടിടം വരുന്നതിന് മുമ്പ് പൊതുജനം ഏല്പിക്കുന്ന സംഭാവന മാത്രമായിരുന്നു പള്ളിയുടെ വരുമാനമാര്‍ഗം. സംഭാവന തന്നവരുടെ പേരുവിവരങ്ങള്‍ കുറിച്ചു വെച്ച പ്രത്യേക ലഡ്ജറുകള്‍ തന്നെ അടുക്കിവെച്ചിട്ടുണ്ട് ഖത്വീബിന്‍റെ റൂമില്‍. തങ്ങളുടെ ചില ആവശ്യങ്ങള്‍ സഫലമാകുന്നതിന് വേണ്ടി നിരവധി പേര്‍ ഈ പള്ളിയിലേക്ക് സംഖ്യ സംഭാവന ചെയ്യുന്നു. ഖത്വീബിനെ സംബന്ധിച്ചിടത്തോളം ഇതര പള്ളികളില് നിന്ന് വ്യത്യസ്തമായി ഒരു ക്ലര്ക്കിന്‍റെ പണികൂടെ എടുക്കുന്നുണ്ടിവിടെ.
ഏതുസമയത്തും സംഭാവനയുമായി വരുന്ന ആളുകള്‍ക്ക് രസീതി എഴുതി കൊടുക്കേണ്ട ഉത്തരവാദിത്തം കൂടെ ഖത്വീബിനാണ്. പഴയകാലത്ത് ‘പാളയും കയറും’ സംഭാവന ചെയ്യാന്‍ നേര്‍ച്ചയാക്കുന്ന പ്രത്യേക ഒരു രീതിയുണ്ടായിരുന്നു ഇവിടെ. കരന്‍റിലാത്തിരുന്ന അക്കാലത്ത് കിണറില്‍ നിന്ന് പള്ളിയുപയോഗത്തിന് ആവശ്യമായ വെള്ളം കോരുന്നതിന് വേണ്ടിയാണ് ഈ പാളയും കയറും ഉപയോഗിച്ചിരുന്നത്. ഹൌദിലേക്ക് ആവശ്യമായ വെള്ളം കോരിക്കൊടുക്കാന്‍ നേര്‍ച്ചയാക്കുന്ന രീതിയും അക്കാലത്ത് പ്രദേശത്തുകാരായ സ്ത്രീകളില്‍ ഉണ്ടായിരുന്നുവത്രെ. തങ്ങളുടെ കാര്യലബ്ധിക്ക് ഇത്തരം സംഭാവനകള്‍ ഏറെ ഫലിക്കുമെന്ന് അവര്‍ക്ക് വിശ്വാസമുണ്ടായിരുന്നു. പുതിയ കാലത്ത് അത് നേര്‍ച്ചയാക്കുന്നവര്‍ അതിന്‍റെ പൈസ പള്ളിക്കമ്മിറ്റിയെ ഏല്‍പിക്കുന്നു. തൊട്ടിയും കയറും തന്നെ വാങ്ങിക്കൊണ്ട് വന്ന് ഏല്‍പിക്കുന്ന അപൂര്‍വം ചിലരും ഇല്ലാതില്ല. ദര്സിലെ മുതഅല്ലിമുകളുടെ കുളിയാവശ്യത്തിനായി അവ ഇന്നും ഉപയോഗപ്പെടുത്തപ്പെടുന്നു. പള്ളിയില്‍ നിന്ന് അധികം ദൂരത്തല്ലാതെ കൊടിഞ്ഞി ക്ഷേത്രവുമുണ്ട്. അക്കാലത്ത് അവിടെ വന്ന് താമസമാക്കിയ ഹൈന്ദവ സുഹൃത്തുക്കള്‍ക്ക് മമ്പുറം തങ്ങള്‍ തന്നെയാണ് അതിനുള്ള സ്ഥലം അനുവദിച്ചു കൊടുത്തതെന്ന് ചരിത്രം.
പാരമ്പര്യത്തിന്‍റെ മിഹ്റാബില്‍
പരമ്പര്യത്തിന്‍റെ ഏറെ ഘടകങ്ങളുണ്ട് ഈ പള്ളിക്കകത്ത്. ഒരു പക്ഷേ, പ്രസ്തുത ഘടകങ്ങള്‍ മാത്രമാണ് ഈ പള്ളിയെ ഇന്നും സീജവമാക്കി നിര്‍ത്തുന്നതെന്നു പോലും പറയാം. നിലവില്‍ മസ്ജിദിന്‍റെ മിമ്പറും മിഹ്റാബും നിലകൊള്ളുന്നത് മമ്പുറത്തെ തങ്ങള്‍ സ്ഥാപിച്ച അതെ സ്ഥാനത്ത് തന്നെയാണത്രെ. പുറംപള്ളിയിലും മറ്റുമെല്ലാം പില്‍ക്കാലത്ത് പല ഘട്ടങ്ങളിലായി പുനര്‍നിര്‍മാണ പ്രവര്‍ത്തനം നടന്നിട്ടുണ്ടെങ്കിലും അകത്തെ പള്ളിയുടെ മൊത്തഘടന കാര്യമായ മാറ്റങ്ങള്‍ കൂടാതെ പഴയഗരിമ നിലനിറുത്തുന്നുണ്ട്. ജമാഅത്തിന് മുപ്പത് പേര്‍ക്ക് കഷ്ടിച്ച് നില്‍ക്കാവുന്ന തരത്തില്‍ മൂന്ന് സ്വഫുകള്‍ മാത്രമാണ് അകത്തെ പള്ളിയിലുള്ളത്. ഓരോ സ്വഫിലും പത്ത് വീതം പേര്‍ക്ക് നില്‍ക്കാം. എന്നാല്‍ ഈ അകത്തെ പള്ളിക്ക് മാത്രം ഇപ്പോഴും എട്ടുകവാടങ്ങളുണ്ട്. എല്ലാം പഴയകാലത്തെ ഉശിരന്‍ മരങ്ങളില്‍ തീര്‍ത്ത ശബ്ദിക്കുന്ന വാതിലുകള്‍ തന്നെ. നിസ്കാരത്തിന് ഇമാം നില്‍ക്കുന്ന മിഹ്റാബ് രൂപഘടനയില്‍ ചെറുതാണ്. പരിസരങ്ങളിലെ മറ്റു പള്ളികളെ അപേക്ഷിച്ച് ഏറെ ചെറുത്. ഇമാമിനെ സംബന്ധിച്ചിടത്തോളം മിഹ്റാബിന്‍റെ ഈ ചെറുപ്പം പ്രയാസമുണ്ടാക്കുന്നുണ്ടെന്ന് പോലും ഖത്വീബ് സംസാരത്തിനിടെ സൂചിപ്പിച്ചു. എന്നാലും മമ്പുറത്തെ തങ്ങളുടെ ആ പാരമ്പര്യം ഇന്നാട്ടുകാര്‍ വിടാതെ പിന്തുടരുന്നു.
ആ മിഹ്റാബിന്‍റെ കുടുസ്സിലും അവര്‍ തങ്ങളുടെ നിത്യജീവിതത്തിന്‍റെ ആയാസം മറക്കുന്നു, പാരമ്പര്യങ്ങളില്‍ വിമ്മിഷ്ടം പ്രകടിപ്പിക്കുന്ന നിലവിലെ പൊതുമുസ്‌ലിം സാഹചര്യങ്ങള്‍ക്ക് അപവാദമാകുന്നുണ്ട് ഇവിടത്തെ ഈ മിഹ്റാബ്. മിമ്പറിന് മാറ്റങ്ങള്‍ വന്നിട്ടുണ്ടെങ്കിലും തങ്ങള്‍ സ്ഥാപിച്ച അതെ സ്ഥാനത്ത് തന്നെയാണ് ഇന്നും നിലനില്‍ക്കുന്നത്. കൊടിഞ്ഞി പള്ളിക്ക് മാത്രമായി ഒരു പ്രത്യേക നേര്ച്ചയുണ്ട്. സ്വഫര്‍ 12 ന് നടക്കുന്ന ‘സ്ഥാപന നേര്‍ച്ച’. അന്ന് മമ്പുറം തങ്ങള്‍ ഈ പള്ളിക്ക് ശിലാസ്ഥാപനം നടത്തിയത് ഒരു സ്വഫര്‍ 12 നായിരുന്നുവത്രെ. അടുത്ത വര്‍ഷം മുതല്‍ തങ്ങള്‍ തന്നെയാണ് ഈ നേര്‍ച്ച നടത്താന്‍ നാട്ടുകാരോട് ആവശ്യപ്പെട്ടതെന്നും മഹാനവര്‍കള് തന്നെയാണ് അതിന് നേതൃത്വം നല്‍കിയതെന്നും പഴമക്കാരില്‍ നിന്ന് ഈ നാട് കേട്ടുപഠിച്ച ചരിത്രം. അന്ന് നാട്ടുകാര്‍ ചേര്‍ന്ന് ദുഹറിന് മുമ്പ് പള്ളിയില്‍ ഒരുമിച്ചു കൂടി മന്കൂസ് മൌലിദ് പാരായണം ചെയ്യുന്നു. നിസ്കാര ശേഷം അന്നദാനം നടക്കുന്നു. ഇറച്ചിയും ചോറും. നേര്ച്ചക്ക് എല്ലാ വര്‍ഷവും മൂരിയാണ് അറുക്കാറ് എന്നും പള്ളിയിലെ ഖത്വീബ് സൂചിപ്പിച്ചു. അതും ഒരു പാരമ്പര്യ സൂക്ഷിപ്പിന്‍റെ ഭാഗമാണത്രെ. മമ്പുറം തങ്ങളുടെ കാലത്തും ഭക്ഷണത്തിനായി മൂരിയെ ആണ് അറുത്തതെന്ന് നാട്ടുചരിത്രം. അറുത്ത മൂരിയുടെ തോല്‍ അവിടത്തെ കൊല്ലന്മാര്‍ക്ക് അടുത്ത കാലം വരെ നല്‍കിയിരുന്നത്. അതും തങ്ങള്‍ തന്നെ പറഞ്ഞതനുസരിച്ച് ചെയ്തു വരികയയാരുന്നവെത്രെ.
സത്യത്തിന് കാവലായി ഒരു മിമ്പര്‍
കൊടിഞ്ഞിപ്പള്ളിയിലെ സത്യം ചെയ്യല്‍ പരിപാടി ഏറെ പ്രസിദ്ധമാണ്. അതിന്‍റെയും ചരിത്രം മടങ്ങുന്നത് മമ്പുറത്തേക്ക് തന്നെ.തങ്ങളുടെ കാലം. ചില്ലറ വിഷയത്തില്‍ പരസ്പരം തര്‍ക്കത്തിലായിരുന്ന രണ്ട കക്ഷികള്‍ വന്ന് തങ്ങളുടെ മുമ്പില്‍ സത്യം ചെയ്യണമെന്ന് പറഞ്ഞു. തങ്ങള്‍ അവരെ സത്യം ചെയ്യുന്നതിന് കൊടിഞ്ഞിയിലെ ഈ പള്ളിയിലേക്ക പറഞ്ഞയച്ചുവത്രെ. അന്ന് തൊട്ട് ഈ പള്ളിയില്‍ ഇതൊരു പതിവാണ്. വെള്ളിയാഴ്ച ജുമുഅക്ക് ശേഷം പള്ളിയുടെ മിമ്പറിന് മുന്നില്‍ ഖിബിലക്ക് തിരിഞ്ഞു നിന്നു വേണം സത്യം ചെയ്യാന്‍. നാട്ടുകാരുടെ മുമ്പില്‍ പരസ്യമായി തന്നെ. അമുസ്‌ലിംകളെ സ്ത്രീകളോ ആണെങ്കില്‍ മിമ്പറിന് നേരെ തെക്കുഭാഗത്തുള്ള വാതില്‍ പടിയില്‍ നിന്ന് ഖിബിലക്ക് തിരിഞ്ഞ് സത്യം ചെയ്യും. സത്യം ചെയ്യല്‍ നേരിട്ടു കാണുന്നതിന് വെള്ളിയാഴ്ച തന്നെ പോകണമെന്ന് സുഹൃത്ത് ഉപദേശിച്ചത് അനുസരിച്ചാണ് പള്ളിയുടെ ചരിത്രം തേടിയുള്ള പോക്ക് വെള്ളിയാഴ്ചയിലേക്ക് നീട്ടി വെച്ചത്. എന്നാല്‍ അവിടെ എത്തിയപ്പോഴാണ് ആ അബദ്ധം മനസ്സിലായത്. റമദാനില്‍ പള്ളിയില്‍ ഒരു കേസും സ്വീകരിക്കില്ല. റമദാനല്ലാത്ത പതിനൊന്ന് മാസങ്ങളിലെയും വെള്ളിയാഴ്ചകളില്‍ സത്യംചെയ്യല്‍ പരിപാടി നടക്കുന്നു. നിലവിലെ സാഹചര്യത്തില്‍ മിക്കവാറും വെള്ളിയാഴ്ചകളിലും ചുരുങ്ങിയത് ഒരു കേസെങ്കിലും സത്യം ചെയ്യാനായി കൊടിഞ്ഞി പള്ളിയില് കാണും. കക്ഷികള്‍ നേരത്തെ പള്ളിക്കമ്മിറ്റിയെ വിളിച്ച് ബുക്ക് ചെയ്യുന്നു. അവര്‍ സത്യം ചെയ്യുന്നതിന് മുന്നെ ഇരുകക്ഷികളെയും വിളിച്ച് മധ്യസ്ഥ ശ്രമം നടത്തുന്നു. അതു ഫലിക്കാതെ വരുമ്പോഴാണ് പിന്നെ സത്യംചെയ്യലിലേക്ക് പോകുന്നത്.
രണ്ടു കക്ഷികളോടും സാക്ഷികളോടൊത്ത് നിശ്ചിത വെള്ളിയാഴ്ച ഹാജറാകാന്‍ കമ്മിറ്റി ആവശ്യപ്പെടുന്നു. സത്യം ചെയ്യുന്നതിന് മുന്നെ നുണ പറഞ്ഞാല്‍ സംഭവിക്കാവുന്ന ഭവിഷ്യത്തുക്കളെ കുറിച്ച കക്ഷികളെ ബോധ്യപ്പെടുത്തുന്നു. ഇവിടെ വെച്ച് നുണ പറഞ്ഞതിന്‍റെ പേരില്‍ പില്‍ക്കാലത്ത് കടുത്ത ദുരന്തം അനുഭവിക്കേണ്ടി വന്ന ചിലരുടെ കഥകളും ബന്ധപ്പെട്ടവര്‍ പറഞ്ഞുതന്നു. മഹാനായ പാങ്ങില് അഹ്മദ് കുട്ടി മുസ്ലിയാര്‍ മമ്പുറം തങ്ങളെ കുറിച്ച് എഴുതിയ ഒരു മൌലിദ് ഉണ്ട്. അതില്‍ കൊടിഞ്ഞിപ്പള്ളിയിലെ സത്യംചെയ്യലുമായി ബന്ധപ്പെട്ട ഒരു സംഭവം പറയുന്നുണ്ട്. സംഭവമിങ്ങനെ: ഒരു ചെട്ടിയാരില്‍ നിന്ന് ഒരു മുസ്‌ലിം കുറച്ച് പണം കടം വാങ്ങി. അവധിയായതോടെ അത് തിരിച്ച് കൊടുക്കുകയും ചെയ്തു. എന്നാല്‍ തന്നില്‍ നിന്ന് കടം വാങ്ങിയ പൈസ മാപ്പിള തിരിച്ചു തന്നില്ല എന്നായിരുന്നു ചെട്ടിയാരുടെ വാദം. കൊടിഞ്ഞിപ്പള്ളിയില്‍ വെച്ച് സത്യം ചെയ്യാനായി തീരുമാനം. ചെട്ടിയാര് സത്യം ചെയ്യാന്‍ വാതില്‍പടിയിലെത്തിയതും അദൃശ്യമായ ഒരാള്‍ അയാളെ അടിച്ചു നിലത്തുവീഴ്ത്തി. ഇതാണ് മൌലിദിലെ പരാമര്‍ശം.
തന്‍റെ നിരപരാധിത്വം വ്യക്തമാക്കി പള്ളിയിലെ മിമ്പറിന് മുന്നില്‍ വെച്ച് സത്യം ചെയ്താല്‍ പിന്നെ, മറുകക്ഷി അയാളെ നിരപരാധിയായി അംഗീകരിക്കാനും മുന്‍വിദ്വേഷം ഒഴിവാക്കാനും തയ്യാറാണെന്ന് ഉറപ്പുനല്‍കിയാല്‍ മാത്രമെ സത്യം ചെയ്യലിന് ഭാരവാഹികള് അവസരം നല്‍കൂ. ഇവിടെ സത്യം ചെയ്തു പോയവരുടെ കേസുകള്‍ പില്‍ക്കാലത്ത് കോടതിയിലും പോലീസ് സ്റ്റേഷനിലുമെല്ലാം എത്തുമ്പോള്‍, തെളിവിന് പള്ളിയിലെ സത്യവുമായി ബന്ധപ്പെട്ട ഫയലുകള്‍ ആവശ്യപ്പെട്ട് കോടതി മഹല്ല് കമ്മിറ്റിക്ക് എഴുതിയ നിരവധി സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
നടത്തിപ്പിലും ചില പാരമ്പര്യങ്ങള്‍
പള്ളിയിലെ ബാങ്കുവിളി, ഖബറ് കുഴിക്കല്‍ തുടങ്ങിയ പണികളെല്ലാം അന്നാട്ടിലെ പള്ളിക്കല്‍ കുടുംബമാണ് പാരമ്പര്യമായി നിര്‍വഹിച്ച പോരുന്നത്. മമ്പുറം തങ്ങളുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് ഇക്കുടുംബം ഈ പണികള്‍ നടത്തി വരുന്നത്. അതിനവര്‍ക്ക് പ്രത്യേക ശമ്പളമൊന്നും ഇല്ല. പള്ളിക്കല്‍ കുടുംബത്തിലെ ഏഴാം തലമുറയിലെ സന്തതികളാണ് ഇന്നിവിടെ ഖബറ് കുഴിക്കുന്നതും ബാങ്ക് വിളിക്കുന്നതും. മറ്റു ജോലിക്കിടയിലും ഈ രണ്ടു കാര്യങ്ങള്‍ക്കായി അവര്‍ കൃത്യസമയത്ത് പള്ളിയിലെത്തുന്നു. പള്ളിക്കല്‍ കുടുംബത്തിലെ തന്നെ ഒരു ഉപകുടുംബത്തിനാണ് പള്ളിമുറ്റം വൃത്തിയാക്കുന്ന ഉത്തരവാദിത്തം. അതും മമ്പുറം തങ്ങള്‍ ഏല്‍പിച്ചതിനനുസരിച്ച് ഇപ്പോഴും അവര്‍ നടത്തി വരുന്നു. കരന്‍റില്ലാതിരുന്ന അക്കാലത്ത് വൈകീട്ട് പള്ളിയിലേക്കുള്ള തീയും കൊണ്ടുവരാന്‍ ഈ കുടംബത്തോട് തങ്ങള്‍ ആവശ്യപ്പെട്ടിരുന്നു പോലും. ഇന്നും ഈ കുടുംബം പ്രസ്തുത കല്‍പന മാനിക്കുന്നു. എന്നും വൈകീട്ട് ഒരു ചകിരിയില്‍ തീയുമായി കുടുംബത്തിലെ ഒരംഗം പള്ളിക്കവാടത്തിലെത്തുന്നു. മസ്ജിദില്‍ അതുകൊണ്ട് പ്രത്യേകിച്ച് ഉപയോഗമൊന്നുമില്ലെങ്കിലും അവരാ പാരമ്പര്യം വിടാതെ പിന്തുടരുന്നു. കൊടിഞ്ഞി പള്ളി മൊത്തം രൂപഘടനയില്‍ തന്നെ അതിന്‍റെ പാരമ്പര്യം കാത്തു സൂക്ഷിക്കുന്നുണ്ട്. ചെറിയൊരു അകത്തെപള്ളിയും അതിന് പുറത്തായി പുറം പള്ളിയും. പുറംപള്ളിക്കും പുറത്തായി സാധാരണഗതിയില്‍ പഴയാകല മസ്ജിദുകളില്‍ മൂന്ന് ഭാഗത്തും കുറഞ്ഞ വിതിയില്‍ ചെരുകള്‍ കാണാറുണ്ട്. ഇവിടെ ഒരുഭാഗത്തെ ചെരു പൂര്‍ണമായും ഇല്ലാതായിരിക്കുന്നുവെങ്കിലം മറ്റു രണ്ടു ഭാഗത്തും ചെറിയ ചെരുകള്‍, ആധുനികവത്കരിക്കപ്പെട്ടുവെങ്കിലും, അതുപോലെ അവശേഷിക്കുന്നു.. മരത്തിന്‍റെ താങ്ങില്‍ തീര്‍ന്ന് മൂന്ന് നിലകള്‍. ജുമുഅക്ക് ആളുകളെ ഉള്‍ക്കൊള്ളാനാകത്തത് കാരണം പുറത്ത് മുറ്റത്തു പായ വിരിച്ചാണ് നിരവധി പേര് നിസ്കരിക്കുന്നത്.
മൂന്ന് നിലകളിലും മിഹ്റാബിന് പിന്നില്‍ ചെരുകളുണ്ട്. അവയെല്ലാം ജമാഅത്ത് നിസ്കാരസമയത്ത് ഉപയോഗശൂന്യമായി കിടക്കുമ്പോഴാണ് ആളുകള്‍ പുറത്ത് പായ വിരിച്ചു നിസ്കരിക്കുന്നതെന്നോര്‍ക്കണം. വേണമെങ്കില്‍ അകത്തെപള്ളിയൊന്ന് പൊളിച്ചു മിഹ്റാബു മാറ്റിപ്പണിത് വിശാലമാക്കിയാല്‍ അതിനകത്ത് തന്നെ നിരവധി പേരെ ഉള്‍ക്കൊള്ളാനാകും. എന്നിട്ടും പഴയരീതി തന്നെ ബന്ധപ്പെട്ടവര്‍ കാത്തുസൂക്ഷിക്കുന്നു. പലപ്പോഴും പഴയപള്ളികള്‍ നവീകരണം നടത്തി വിശാലമാക്കുന്നത് കാണുമ്പോഴെല്ലാം കുറിപ്പുകാരന് തോന്നാറുളള ഒരു കാര്യമുണ്ട്. അതുകൂടി ഈ കുറിപ്പില്‍ സാന്ദര്‍ഭികമായി ഉള്‍പ്പെടുത്തട്ടെ. അതായത്, പള്ളി എപ്പോഴും പള്ളിയുടെ ഘടന സൂക്ഷിക്കണമെന്ന ഒരഭിപ്രായക്കാരനാണ് കുറിപ്പുകാരന്‍. ആശുപത്രികള്‍ നോക്കൂ. അവ ആധുനിക കാലത്തും അതിന്റെതായ ഒരു ഘടന സൂക്ഷിക്കുന്നണ്ടല്ലോ. ആധുനിക കാലമെന്ന് കരുതി ഇന്നും ആശുപത്രികളുടെ നിര്‍മാണപ്ലാന്‍ തൊട്ടപ്പുറത്തുള്ള ഷോപ്പിങ്ങ് കോംപ്ലക്സുകളുടെ പ്ലാനിന് സമാനമാക്കാറില്ല. കാരണം ആശുപത്രികളിലെ ഓരോ റൂമിനും പ്രത്യേകം ഉപയോഗങ്ങളുണ്ട്. ആ കാര്യം നടക്കണമെങ്കില്‍ ആശുപത്രി അതിന്‍റെ ഘടനയില്‍ തന്നെ തുടരണം. പള്ളികളുടെ പഴയഭാവം വെട്ടിപ്പൊളിച്ച് ഒരു ഓഡിറ്റോറിയത്തിനോട് സമാനമാക്കുമ്പോള്‍ കാലങ്ങളായി നമ്മുടെ സമൂഹത്തില്‍ പള്ളി നടത്തിവന്നിരുന്ന ചില ധര്‍മങ്ങളെ നാം തിരസ്കരിക്കുകയാണെന്ന് പറയേണ്ടിവരും. ഒരു ഉദാഹരണം മാത്രം പറയാം. പണ്ട് കാലത്ത് വീട്ടിലെ ഉമ്മമാര്‍ക്കും സ്ത്രീകള്‍ക്കും എന്തെങ്കിലും കാര്യത്തിന് വെള്ളം മന്ത്രിച്ചൂതി ലഭിക്കണമെങ്കില്‍ പള്ളിയിലെ ഉസ്താദിന്‍റെ അടുത്തേക്ക് ധൈര്യമായി വരാമായിരുന്നു. ജമാഅത്തിന്‍റെതല്ലാത്ത സമയം നോക്കി മസിജിദില്‍ വന്നാല്‍ മതി. എന്നാല്‍ അന്യപുരുഷന്മാര് ആരും കാണാതെ തന്നെ അവര്‍ക്ക് വെള്ളവുമായി തിരിച്ചുപോകാമെന്ന് ഏകദേശം ഉറപ്പായിരുന്നു.
കാരണം പുറത്തെ പള്ളിയില്‍ അത്തരം സന്ദര്‍ഭങ്ങളില്‍ പൊതുവെ പുരുഷന്‍മാര്‍ കാണില്ല. അഥവാ ഉണ്ടെങ്കില്‍ തന്നെ സ്ത്രീവെട്ടത്ത് നിന്ന് തത്കലാം അവര്‍ക്ക് മാറിനില്‍ക്കാന്‍ അകത്തെ പളളിയുണ്ട് താനും. പള്ളിയുടെ പിന്‍ഭാഗത്ത് കൂടെ സ്ത്രീകള്‍ക്ക് ഉസ്താദിനെ കണ്ട് കാര്യം പറഞ്ഞ് പോകാമായിരുന്നു. അതിനോട് അനുസരിച്ച രീതിയിലായിരുന്നു പള്ളിയില്‍ ഉസ്താദുമാരുടെ മുറികള്‍ ക്രമീകരിച്ചിരുന്നത് പോലും. ഇന്നിപ്പോള്‍ പള്ളികളുടെ അവസ്ഥ തന്നെ ആകെ മാറി. പള്ളിയില്‍ ഏത് മൂലിയിലിരിക്കുന്ന ആള്‍ക്കും എതിര്‍മൂലയിലിരിക്കുന്നത് ആരാണെന്ന് കൃത്യമായി മനസ്സിലാക്കാം. പൊതുവെ തുറസ്സായ ബില്‍ഡിംഗാണെന്നതിനാല്‍ മസ്ജിദിലിരിക്കുന്ന ആര്‍ക്കും വഴിയിലൂടെ വരുന്ന ആരെയും കൃത്യമായി കാണാം. പള്ളിയിലെ ഉസ്താദുമാരുടെ റൂമുകളാകട്ടെ ഇന്ന് മുകളിലെ നിലകളിലേക്ക് മാറുകയും ചെയ്തിരിക്കുന്നു. ഒരു ചരട് മന്ത്രിച്ചൂതാന്‍ നമ്മുടെ വീട്ടിലെ സഹോദരിമാര്‍ ഇക്കാലത്ത് എങ്ങനെ മഹല്ലിലെ ജുമാമസ്ജിദിലേക്ക് വരും? മന്ത്രവും ഊത്തുമെല്ലാം ഇല്ലാതായ ഒരു കാലത്ത്, സ്ത്രീകള്‍ നേരിട്ട് ഖുതുബ വരെ ഓതുന്ന വാര്‍ത്തകള്‍ പുറത്തുവന്നു കൊണ്ടിരിക്കുന്ന പുതിയ സാഹചര്യത്തില്‍ ഇത്തരം ചോദ്യങ്ങള്‍ക്ക് എന്തുപ്രസക്തിയെന്നാണ് വായനക്കാരുടെ ചോദ്യമെങ്കില്‍ പിന്നെ പ്രത്യേകിച്ച് മറുപടിയൊന്നുമില്ല. കുറുപ്പുകാരന്‍ ഒരു ‘ഖുറാഫി’യാണെന്ന് മാത്രം മനസ്സിലാക്കുക. മന്‍ഹര്‍ യു.പി കിളിനക്കോട് കടപ്പാട്: ഹൈദറലി ഫൈസി കുറ്റിപ്പുറം, മുസ്തഫ പള്ളിക്കല്‍ കൊടിഞ്ഞി
Leave A Comment