പൊന്നാനി തോട്ടുങ്ങല്‍ പള്ളി
പൊന്നാനി. അറബിക്കടലിനോട് കിന്നാരം പറഞ്ഞൊഴുകുന്ന ആപ്പിത്തോടിനോട് ചാരിക്കിടക്കുന്നു ഈ മസ്ജിദ്. തെരുവത്ത് പള്ളിയുടെ പരിസരത്ത് തന്നെ കാണുന്ന തോടിനോട് ചാരി നടന്നാല്‍ നേരെ തോട്ടുങ്ങല്‍ പള്ളിയിലെത്താം. തീരദേശ പ്രദേശങ്ങളിലെല്ലാം ഇതുപോലെ ഒരു തോട്ടുങ്ങല്‍ പള്ളി കാണുമെന്ന് സഹയാത്രികനായി കൂടെ പോന്ന ശമീര്‍. താനൂരിലും കടലോരത്തോട് ചാരി ഒരു തോട്ടുങ്ങല്‍ പള്ളിയുണ്ടെന്ന് അവന്‍ തന്‍റെ വാദത്തിന് തെളിവുമുദ്ധരിച്ചു. കടലിലേക്ക് മുഖം തിരിച്ചിരിക്കുന്ന ഈ മസ്ജിദിന്‍റെ പഴയ പ്രതാപം അല്‍പം മങ്ങിയ പോലെ തോന്നി. ആധുനികതയുടെ കടലിരമ്പത്തില്‍ മാര്‍ബിളും ഇന്‍റര്‍ലോക്കുകളുമെല്ലാം ചേര്‍ന്ന് ഈ പള്ളിയെ പുതിയതായി മാറ്റിയിരിക്കുന്നു. നിര്‍മാണ മാതൃകയില്‍ തോട്ടുങ്ങല്‍ പള്ളിയും പഴയുടെ ഗരിമ നിലനിറുത്തുന്നുണ്ടെന്നത് ശരിതന്നെ. പഴയകാല വാസ്തു കലയും ശൈലിയും മറ്റു പള്ളികളിലെന്ന പോലെ ഇവിടെയും പ്രസരിച്ചു കാണാം. എന്നാല്‍ റോഡില്‍ നിന്ന് പള്ളിയിലേക്ക് കയറുന്നതുമുതല് തന്നെ മുറ്റത്ത് ഇന്‍റര്‍ലോക്കു കട്ടകള്‍ പതിച്ചിരിക്കുന്നു. അതുകാരണം മസ്ജിദും പരിസരവും ആധുനിക രീതിയിലാക്കിയിരിക്കുന്നു. ഈയടുത്ത് നടന്ന പുനര്‍നിര്‍മാണ പ്രവര്‍ത്തനം വഴി പള്ളിയുടെ അകം പൂര്‍ണമായും മാര്‍ബിള് വിരിച്ചിരിക്കുന്നു. (പള്ളിയുടെ പഴയ ഫോട്ടോയാണ് മുകളില്‍ കൊടുത്തിരിക്കുന്നത്) ഈ മസ്ജിദിലെ പഴയ കാല ഹൌദ് പൊളിച്ചുമാറ്റി പൂര്‍ണമായും മാറ്റി നിന്നു വുദൂ ചെയ്യുന്ന ടൈലും മറ്റും പതിച്ച വളരെ ആധുനികമായ ഹൌദ് സിസ്റ്റമാക്കിയിട്ടുണ്ട്.
പഴയ പള്ളികളുടെ നിര്‍മാണ രീതിക്ക് ഇപ്പോഴും ഒരു മാറ്റവും വരുത്തിയിട്ടില്ല. പ്രധാന അകത്തെപള്ളിയും അതിനു പുറത്ത് ഒരു പ്രധാന പുറം പള്ളിയും പടിഞ്ഞാറ്, വടക്കു, കിഴക്ക് കാണപ്പെടുന്ന ചെരുകളുമെല്ലാം അപ്പടി തന്നെ ഇവിടെയും നിലനിറുത്തിയിട്ടുണ്ട്. പള്ളിയുടെ മുകള്‍ഭാഗത്തിനും മാറ്റമൊന്നും വരുത്തിയിട്ടില്ല. നിലത്ത് പൂര്‍ണമായും മാര്‍ബിള്‍ പതിച്ചിരിക്കുന്നു. കാലിന് താഴെ ആധുനികതയും മേലെ പഴമയും ഒരു പോലെ തുടിക്കുന്ന പ്രതീതി. പുതുമയെ പഴമ കൊണ്ട് ഒപ്പിച്ചു നിര്‍ത്താന്‍ ശ്രമിച്ച പോലെ തോന്നും. പള്ളിയുടെ ഇമാമിനും ബന്ധപ്പെട്ടവര്‍ക്കുമുള്ള മുറിയുടെ സ്ഥാനത്തിനും ചെറിയ മാറ്റം വരുത്തിയിട്ടുണ്ട്. മിഹ്റാബിനു അപ്പുറത്തുള്ള ചെരുവിന്‍റെ വടക്ക് ഭാഗത്ത് പ്രത്യേകം തയ്യാര്ചെയ്തതാണ് ഈ മുറി. ഇതു പുതിയ നിര്‍മാണ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി ചെയ്തതാണെന്ന് മനസ്സിലാകുന്നു. പൊന്നാനിയിലെ പുരാതനമായ മറ്റുപള്ളികളില്‍ നിന്ന് വ്യത്യസ്തമായി ഏറെ സജീവമാണ് ഈ മസ്ജിദ്. പുഴയിലേക്ക് ജീവിതോപാധി തേടി ഇറങ്ങുന്നവരെയും തിരിച്ചുകയറുന്നവരെയും ഒരു പോലെ സ്വാഗതം ചെയ്യുന്ന പള്ളിയായതു കൊണ്ടു കൂടിയാകണം ഈ സജീവത. ഈ സജീവത തന്നെയാണ് പള്ളിയെ അതിന്‍റെ പഴമയില്‍ നിന്ന് അടര്‍ത്തിയെടുത്ത് ആധുനികമാക്കിയത്. പഴയ അജൈവമാണല്ലോ.
ചരിത്രം
ആദ്യകാലത്തെ ജുമുഅ പള്ളിയാണ് തോട്ടുങ്ങല്‍ പള്ളി. 800 വര്‍ഷത്തിലേറെ പഴക്കമുണ്ട് ഈ പള്ളിക്ക്. ഫരീദുദ്ദീന്‍ ശൈഖ് എന്ന പേരലറിയപ്പെടുന്ന ഫരീദുദ്ദീന്‍ അബ്ദുല്‍ ഖാദര്‍ അല്‍ഖുറാസാനിയാണത്രെ ഈ പള്ളി നിര്‍മിച്ചത്. ശൈഖ് ജീലാനിയുടെ ശിഷ്യരില്‍ പ്രമുഖനായിരുന്നുവത്രെ ഫരീദുദ്ദീന്‍ ശൈഖ്. ഫരീദുദ്ദീന്‍ ശൈഖിന്‍റെ ശിഷ്യയനായിരുന്ന ശൈശഖ് ഹുസൈന് എന്ന ഉത്താന്‍ (റ)വിന്‍റെ ഖബറിടം ഈ പള്ളിപ്പരിസരത്ത് സ്ഥിതി ചെയ്യുന്നുണ്ട്. നിര്‍മാണ കാലത്ത് ഈ പള്ളി ടൌണിന്റെ മധ്യത്തില്‍ തന്നെയായിരുന്നുവെന്നും പില്‍ക്കാലത്ത് പുഴയുടെ പരിണാമം കാരണം കനോലിക്കനാലിന്റെ ഒരു ഭാഗമായി തീര്‍ന്ന ആപ്പിത്തോടിന്‍റെ കരയിലേക്കു മാറുകയയാരുന്നുവെന്നും പൊന്നാനി ചരിത്രങ്ങളില്‍ കാണുന്നു. പണ്ട് പള്ളിയോടനുബന്ധിച്ച് ഒരു മദ്റസ പ്രവര്‍ത്തിച്ചിരുന്നുവെന്ന് തദ്ദേശീയരുടെ വാമൊഴിചരിത്രത്തില്‍ നിന്ന് മനസ്സിലാകുന്നു.
Leave A Comment