മദീനത്തുന്നബി: പള്ളികളുടെ നാട്
മദീനത്തുന്നബി’ എന്ന പേരില്‍ വിശ്രുതമായ പട്ടണമാണ് മദീന മുനവ്വറ. സഊദി അറേബ്യയില്‍ പ്രധാന നഗരങ്ങളിലൊന്നായ മദീന പുരാതന നഗരമാണ്. യസ്‌രിബ് എന്ന പേരിലറിയപ്പെടുന്ന ഇവിടം കര്‍ഷകരും കച്ചവടക്കാരും തങ്ങുകയും താമസിക്കുകയും ചെയ്ത രാജ്യമാണ്.
ചരിത്രത്തിലെ ഏറ്റവും വലിയ അഭയാര്‍ത്ഥി സഹായം നല്‍കിയ രാജ്യം. വ്യവസ്ഥാപിത ഭരണകൂടങ്ങള്‍ നിലവിലില്ലാതിരുന്ന ആറാം നൂറ്റാണ്ടില്‍ (എ.ഡി 624) വിശുദ്ധ മക്കയില്‍നിന്ന് മുഹമ്മദ് നബിയും അനുയായികളും വിശ്വാസ സംരക്ഷണാര്‍ത്ഥം അഭയംതേടിയെത്തിയ രാജ്യം.
മദീനക്കാര്‍ ‘അന്‍സ്വാരികള്‍’ (സഹായികര്‍) എന്നാണറിയപ്പെട്ടിരുന്നത്. രണ്ടു ഭവനമുള്ളവര്‍ ഒന്നും ഇരുനില കെട്ടിടമുള്ളവര്‍ ഒരു നിലയും, രണ്ടു ഭാര്യയുള്ളവര്‍ ഒരു ഭാര്യെയ വിവാഹമോചനം ചെയ്തും തന്റെ അഭയാര്‍ത്ഥിയായ സഹോദരനു ദാനം നല്‍കിയ, തുല്യതയില്ലാത്ത മഹാമനസ്‌കത കാണിച്ചവര്‍ പാര്‍ത്തിരുന്ന നാട്.
പത്തു വര്‍ഷമാണ് പ്രവാചകര്‍ ഇവിടെ പാര്‍ത്തത്. ദിവ്യ സന്ദേശങ്ങളടങ്ങിയ അനുഗ്രഹീത നാടെന്നാണ് മഹാന്‍മാര്‍ രേഖെപ്പടുത്തിയത്. പ്രവാചകര്‍ അന്ത്യവിശ്രമം കൊള്ളുന്നതും (റൗള) മദീനയില്‍ തന്നെ. അബൂബക്കര്‍, ഉമര്‍, ഉസ്മാന്‍ (റ) ഉള്‍പ്പെടെ പതിനായിരത്തിലധികം സ്വഹാബികളും ആയിശ, ഫാത്വിമ, മൈമൂന, സൈനബ (റ) തുടങ്ങിയ വിശ്വവിഖ്യാത വനിതകളും അന്ത്യവിശ്രമം കൊള്ളുന്നതും മദീനയില്‍ തന്നെ.
മദീനയിലെ പ്രധാന സന്ദര്‍ശക കേന്ദ്രമാണ് ‘മസ്ജിദുന്നബി’. പ്രതിഫലത്തില്‍ ലോകത്ത് രണ്ടാം സ്ഥാനമുള്ള ഈ പള്ളി, മുഹമ്മദ് നബി(സ)യുടെ കാലത്ത് നിര്‍മ്മിക്കപ്പെട്ടതാണ്. ഈ പള്ളിനിര്‍മ്മാണത്തില്‍ നബി(സ) നേരിട്ട് ഏര്‍പ്പെട്ടിരുന്നു. മദീനയില്‍ തന്നെയാണ് ഇസ്‌ലാമിക ഖിലാഫത്തിന്റെ തുടക്കം. ഇവിടെയാണ് ഭരണസിരാകേന്ദ്രവും. നിരവധി പള്ളികളുള്ള രാജ്യമാണ് മദീന.
നഗരത്തിന്റെ പ്രൗഢി തന്നെ തലയുയര്‍ത്തി നില്‍ക്കുന്ന പള്ളികളാണ്. ‘മസ്ജിദുന്നബവി’യാണ് പ്രധാന പള്ളി. സഊദി രാജാവ് ഫഹ്ദുബ്‌നു അബ്ദുല്‍ അസീസ് രണ്ടു ഹറമുകളുടെയും പരിചരണത്തിനു വേണ്ടി വര്‍ഷാവര്‍ഷം നീക്കിവെക്കുന്നത് പരകോടി രിയാലുകളാണ്.
എല്ലാവിധ സൗകര്യങ്ങളും മക്കയിലെ മസ്ജിദുല്‍ ഹറാമിലും മദീനയിലെ മസ്ജിദുന്നബവിയിലും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സന്ദര്‍ശകര്‍ക്ക് സൗകര്യപ്പെടുന്നവിധം കവാടങ്ങളും വിതാനങ്ങളും രാജവീഥികളും സജ്ജീകരിക്കുകയും പാര്‍ക്കിംഗ് സൗകര്യങ്ങളും വെള്ളം, വെളിച്ചം, ശീതീകരണം, സെക്യൂരിറ്റി സംവിധാനം, ക്ലീനിംഗ് സംവിധാനം എന്നിവയെല്ലാം കുറ്റമറ്റ രീതിയില്‍ ഇന്നു നിലനില്‍ക്കുന്നുമുണ്ട്.
മദീനയുടെ പ്രൗഢിയായി നിലനില്‍ക്കുന്ന 64 പുരാതന പള്ളികള്‍ സര്‍ക്കാര്‍ സംരക്ഷിച്ചും വികസിപ്പിച്ചും വരുന്നു. ചരിത്രപ്രാധാന്യമുള്ള ഈ പള്ളികള്‍ ഭരണകൂടത്തിന്റെ പ്രതിബദ്ധതയുടെ സാക്ഷ്യവും കൂടിയാണ്. ചരിത്രപ്രാധാന്യമുള്ള 64 പള്ളികള്‍: മസ്ജിദു ഖുബാഅ്, മസ്ജിദു ഫത്ഹ്, മസ്ജിദു ഖിബ്‌ലതൈനി, മസ്ജിദു ഫദീഹ്, മസ്ജിദു ബനീ ഖുറൈദ, മസ്ജിദു ഇജാബ, മസ്ജിദു ജുമുഅഃ, മസ്ജിദു റായ, മസ്ജിദുല്‍ ബലീഗ, മസ്ജിദു സഖ്‌യ, മസ്ജിദു ഉമ്മുബനി കഅ്ബ്, മസ്ജിദു മുസ്വല്ല, മസ്ജിദുസ്സിദ്ദീഖ്, മസ്ജിദു ഉമര്‍ ഖത്താബ്, മസ്ജിദു അലിയ്യുബ്‌നു അബീ ത്വാലിബ്, മസ്ജിദു ഹുമൈസ, മസ്ജിദു ജഹീന, മസ്ജിദു ബനീ സാഇദ, മസ്ജിദു ശജറ, മസ്ജിദുസ്സഖാല, മസ്ജിദു ബനീ ഹറാമുല്‍ കബീര്‍, മസ്ജിദു വാദീ, മസ്ജിദു ഖുബൈഹ്, മസ്ജിദു മഖ്മല്‍, മസ്ജിദു ജബല്‍ ഉഹ്ദ്, മസ്ജിദുസ്സാനിയ, മസ്ജിദു ജബല്‍ റുകുനു ഐനൈനി, മസ്ജിദുല്‍ മാഇദ, മസ്ജിദുസ്സയ്യിദുനാ ഹംസ, മസ്ജിദു ശൈഖൈനി, മസ്ജിദുദ്ദാറുത്താബിഅ, മസ്ജിദുന്നൂര്‍, മസ്ജിദുല്‍ മിനാറതൈനി, മസ്ജിദു ഇത്ബാനു മാലിക്, മസ്ജിദു ബനൂഹുദ്‌റ, മസ്ജിദുഗസ്സാലൈനി, മസ്ജിദു ബനീ അബ്ദുല്‍ അശ്ഹല്‍, മസ്ജിദു ബനീല്‍ ഹമ്പലീ, മസ്ജിദു ബനീ ഉമയ്യ, മസ്ജിദു ബനീ അനീഫ്, മസ്ജിദു ബനീ ബയാള, മസ്ജിദുസ്സിദ്ഖസ്സുബൈര്‍, മസ്ജിദു ദാറുസഅദ്ബ്‌നു ഹൈസമ, മസ്ജിദുഫീഫാഉല്‍ ഹിയാര്‍, മസ്ജിദുബനീ വാഖിഫ്, മസ്ജിദു തൗബ, മസ്ജിദുബനീ ഖതമ, മസ്ജിദു ബനീ വാഇല്‍, മസ്ജിദു ബനീ ഹാരിസ്.
ഈ പള്ളികള്‍ കൂടാതെ, മസ്ജിദു ഖൂസന്‍, മസ്ജിദു ബനീ ഹറാം, മസ്ജിദു ബനീ മാസില്‍, മസ്ജിദു ബനീ ഹുദ്‌റ, മസ്ജിദു ബനീ ഉമറുല്‍ മസ്ദൂന്‍, മസ്ജിദു ബനീ സരീബ്, മസ്ജിദു ബിന്‍ ഹബ്‌സ ബിന്‍ ബിഅ്‌റ് ശദാഅ്, മസ്ജിദു മുസീബ്, മസ്ജിദു ബനീ ഹദാറ, മസ്ജിദു റാതിജ്, മസ്ജിദു ബനീ ഹാരിസ്, മസ്ജിദു ഖബീഅ് സുബൈര്‍, മസ്ജിദു മീഖാത്തുല്‍ ഹുലൈഫ എന്നീ പള്ളികള്‍ നിലവിലുണ്ട്. ഈ പള്ളികള്‍ക്കും നീണ്ട നൂറ്റാണ്ടുകളുടെ പഴക്കവും ചരിത്രപ്രാധാന്യവുമുണ്ട്.
മുസ്‌ലിം സമൂഹത്തില്‍ ഭിന്നിപ്പിനു ലക്ഷ്യമാക്കി നിര്‍മിക്കപ്പെട്ട മസ്ജിദു ളിറാര്‍ മദീനയുടെ കളങ്കമായി വിലയിരുത്തപ്പെടുന്നു.
മസ്ജിദു ഖുബാഅ്, മസ്ജിദു ദുല്‍ ഹുലൈഫ, മസ്ജിദുല്‍ ഖിബ്‌ലതൈന്‍, മസ്ജിദുല്‍ ഗമാമ (മുസ്വല്ല), മസ്ജിദു അബൂബക്കര്‍ സിദ്ദീഖ്, മസ്ജിദു ഉമറുബ്‌നു ഖത്താബ്, മസ്ജിദു ജുമുഅഃ, മസാജിദുസ്സബഅ എന്നീ പള്ളികള്‍ ഏറെ ചരിത്രപ്രാധാന്യമുള്ളതാണ്. മദീനയില്‍ ആദ്യം ശിലയിട്ട പള്ളിയാണ് മസ്ജിദുല്‍ ഖുബാഅ്. നബി(സ) നേരിട്ടു നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയ ഈ പള്ളി മൂന്നാം ഖലീഫ ഉസ്മാനുബ്‌നു അഫാന്‍, അമവീ ഖലീഫ ഉമറുബ്‌നു അബ്ദില്‍ അസീസ് എന്നിവര്‍ പുനര്‍നിര്‍മ്മാണം നടത്തി. 13500 ച. മീറ്റര്‍ വലിപ്പമുള്ള ഈ പള്ളിക്ക് 4 മിനാരങ്ങളും 56 ഖുബ്ബകളുമുണ്ട്. നബി(സ)യുമായി നേരിട്ടു ബന്ധമുള്ള ഈ പള്ളി സഊദി ഔഖാഫ് അര്‍ഹിക്കുന്ന ആദരവോടെ സംരക്ഷിച്ചും വികസിപ്പിച്ചും പോരുന്നു.
മസ്ജിദുല്‍ ഹുലൈഫ- ഈ പള്ളിക്കു മസ്ജിദുശ്ശജറ എന്നും മസ്ജിദു വിഖായത്ത് എന്നും പേരുണ്ട്-നിലവിതാനത്തില്‍നിന്നും രണ്ടു മീറ്റര്‍ ഉയരത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇവിടെയുണ്ടായിരുന്ന ഒരു വൃക്ഷത്തിന്റെ തണലില്‍ നബി(സ) വിശ്രമിച്ചിരുന്നതു കാരണമായി ‘മസ്ജിദുശ്ശജറ’ എന്നുമറിയപ്പെടുന്നു എന്നാണ് ചരിത്രഭാഷ്യം. മദീനക്കാരുടെ ഹജ്ജിന്റെ മീഖാത്തു കൂടിയാണീ പള്ളി. ആയിരക്കണക്കായ തീര്‍ത്ഥാടകര്‍ക്ക് എല്ലാവിധ സൗകര്യങ്ങളും ഇഹ്‌റാം ചെയ്യുന്നതിനു ഇവിടെ ഒരുക്കിയിട്ടുണ്ട്.
മസ്ജിദു ഖിബ്‌ലതൈനി മദീനാ നഗരിയില്‍നിന്ന് വടക്കു പടിഞ്ഞാറു ഭാഗത്ത് ഖാലിദുബ്‌നു വലീദ് റോഡിലാണ് ചരിത്രപ്രസിദ്ധമായ ഈ പള്ളി. ഫലസ്തീനിലെ ബൈതുല്‍ മുഖദ്ദസിലെ മസ്ജിദുല്‍ അഖ്‌സയിലേക്കു തിരിഞ്ഞു നിന്നു നിസ്‌കരിച്ചുകൊണ്ടിരിക്കെ, മക്കയിലെ കഅ്ബ ശരീഫ് ഖിബ്‌ലയായി നിശ്ചയിച്ചുകൊണ്ടുള്ള ദിവ്യസന്ദേശം ലഭിച്ചതിനെ തുടര്‍ന്നു ഖഅ്ബയിലേക്ക് നബി
(സ) തിരിഞ്ഞു നിസ്‌കരിച്ചതിനാണ് ‘രണ്ട് ഖിബ്‌ലയുടെ പള്ളി’ എന്ന റിയപ്പെടുന്നത്.
കഅ്ബയെ ലോക മുസ്‌ലിംകളുടെ ഖിബ്‌ലയാക്കുക വഴി ഒരു സ്വാതന്ത്ര്യ പ്രഖ്യാപനമാണുണ്ടായത്. ചരിത്രത്തില്‍ പലപ്പോഴും ജൂത കൈവശത്തിലായിരുന്ന പള്ളിയില്‍നിന്ന് മുസ്‌ലിം നിയന്ത്രണത്തിലായ കഅ്ബയെ നിശ്ചയിക്കുക വഴി സമ്പൂര്‍ണ സ്വാതന്ത്ര്യം.
ഹിജ്‌റ 893, 950 വര്‍ഷങ്ങളില്‍ വിപുലമായ വികസനം നടന്നിട്ടുണ്ട്. ഹിജ്‌റ 1408-ല്‍ വിപുലമായ വികസന പ്രവര്‍ത്തനങ്ങളാണ് നടന്നത്. രണ്ടു മനോഹര മിനാരങ്ങളുള്ള ഈ പള്ളി അകലെനിന്നു തന്നെ കാണാവുന്നതാണ്.
മസ്ജിദുല്‍ ഗമാമഃ (മുസ്വല്ല): മദീനയില്‍ നിന്ന് തെക്കു പടിഞ്ഞാറാണ് ഈ പള്ളി. നബി(സ) ആദ്യമായി പെരുന്നാള്‍ നിസ്‌കരിച്ചത് ഈ പള്ളിയിലാണ്. അവസാന കാലത്ത് എല്ലാ പെരുന്നാള്‍ നിസ്‌കാരങ്ങളും ഇവിടെയാണ് നിര്‍വ്വഹിക്കപ്പെട്ടിരുന്നത്. 26 മീറ്റര്‍ നീളവും 13 മീറ്റര്‍ വീതിയും 12 മീറ്റര്‍ ഉയരവും 1.5 മീറ്റര്‍ ചുമര്‍ വ
ണ്ണവുമുള്ളതാണ് പുരാതന പള്ളി. ഇപ്പോള്‍ 775 ച. മീറ്റര്‍ വലിപ്പമുണ്ട്. ഹിജ്‌റ 1387-1409-ലാണ് രണ്ടു മില്യണ്‍ റിയാല്‍ ചെലവഴിച്ച് വമ്പിച്ച വികസനം നടത്തിയത്.
മസ്ജിദു അബൂബക്കര്‍ സിദ്ദീഖ്(റ):- 240 ച. മീറ്റര്‍ വലിപ്പമുള്ള ഈ പള്ളി മദീനാ നഗരിയുടെ വടക്കു പടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു. ഹിജ്‌റ 1254-ലാണ് ഏറ്റവും പുതിയ വിപുലീകരണം നടന്നത്.
മസ്ജിദു ഉമറുബ്‌നുല്‍ ഖത്താബ്:- മസ്ജിദുന്നബവിക്കടുത്താണ് ഈ പള്ളി. മഹാനായ ഖലീഫ ഉമര്‍(റ) ഇവിടെവെച്ചു പെരുന്നാള്‍ നിസ്‌കാരം നടത്തിയതാവണം ഈ പേരിനു കാരണമെന്ന് ചരിത്രകാരന്‍മാര്‍ പറയുന്നു.
മസ്ജിദു ജുമുഅഃ, മസ്ജിദുല്‍ വാദീ, മസ്ജിദുല്‍ ആതിഖ എന്നീ പേരുകളും ഈ പള്ളിക്കുണ്ട്. മസ്ജിദു ഖുബാന്റെ പ്രാന്തപ്രദേശമായ റാനൂറാഅ് എന്ന സ്ഥലത്താണ് ഈ പള്ളി. നബി(സ)യുടെ ഒന്നാമത്തെ ജുമുഅഃ നടന്നത് ഈ പള്ളിയിലാണ്. എട്ടു മീറ്റര്‍ നീളവും നാലു മീറ്റര്‍ വീതിയുമുള്ളതായിരുന്നു പുരാതന പള്ളി. ഇപ്പോള്‍ വലിയ തോതിലുള്ള വികസനങ്ങള്‍ നടന്നിട്ടുണ്ട്.
മസാജിദുസ്സബ്അഃ:- ഖന്തഖ് യുദ്ധാവസരത്തില്‍ നബി(സ) ഈ പള്ളിയില്‍ വെച്ചു ദീര്‍ഘനേരം പ്രാര്‍ത്ഥിച്ചിരുന്നു. മദീനയെ ശത്രുക്കളില്‍നിന്നും രക്ഷപ്പെടുത്തിയ യുദ്ധാവസരം എന്ന നിലക്കാവണം ഫത്ഹ് എന്ന നാമം സിദ്ധിച്ചത്. ഇതോടനുബന്ധിച്ചു മസ്ജുദു സല്‍മാനുല്‍ ഫാരിസി, മസ്ജിദു അമീറുല്‍ മുഅ്മിനീന്‍, മസ്ജിദു അബീത്വാലിബ്, മസ്ജിദു അബൂബക്കര്‍ സിദ്ദീഖ്, മസ്ജിദു ഉമറുബ്‌നുല്‍ ഖത്താബ്, മസ്ജിദു സയ്യിദഃ ഫാത്വിമ എന്നീ പള്ളികളുമുണ്ട്.
മദീനയുടെ നഗരിക്കു സംരക്ഷണം തീര്‍ത്തുകൊണ്ട് കുതിരപ്പടയാളികള്‍ക്കു ചാടിക്കടക്കാന്‍ സാധിക്കാത്തവിധം അകലമുള്ള കിടങ്ങുകള്‍ കുഴിച്ച യുദ്ധമാണ് ഖന്തഖ് യുദ്ധം. ഈ യുദ്ധാവസരം പ്രമുഖ സ്വഹാബികള്‍ നിലയുറപ്പിച്ച സ്ഥാനങ്ങളില്‍ പില്‍ക്കാലത്ത് പള്ളികള്‍ നിര്‍മ്മിക്കപ്പെട്ടിരുന്നു.
മാനവ സമൂഹത്തെ സമാധാനത്തിലേക്ക് ക്ഷണിക്കാന്‍ വന്ന നബി(സ) യുടെ പ്രവാചക ദൗത്യത്തിന്റെ സത്യസാക്ഷ്യങ്ങളായി വിജയത്തിലേക്കുള്ള വിളിയാളം മുഴക്കി ആകാശത്തുയര്‍ന്നു നില്‍ക്കുന്ന മിനാരങ്ങങ്ങള്‍ മദീന ഉയര്‍ത്തുന്ന സന്ദേശത്തിന്റെ പ്രതീകാത്മകതയുടെ പ്രതിരൂപങ്ങള്‍ തന്നെ.
Leave A Comment