ഫലസ്ഥീനിലൂടെ ഒരു യാത്ര
”ഫലസ്തീനിലേത് മുസ്‌ലിംകളുടെ മാത്രം പ്രശ്‌നമല്ല. ലോകത്തെ ഏത് മതേതര വിശ്വാസിക്കും ഉള്‍ക്കൊള്ളാനാവാത്ത വിധം ക്രിസ്ത്യാനികളും ഫലസ്തീനില്‍ പീഡിപ്പിക്കപ്പെടുന്നുണ്ട്”
ജാക്ക് വികാരഭരിതനായി. ജാക്ക് എന്ന ഞങ്ങളുടെ ഗൈഡ് ഒരു ക്രൈസ്തവനായിരുന്നു. സ്വന്തം മണ്ണില്‍ കാലുകുത്താനായി ഒരു വിദേശി പോലീസിന്റെ അനുവാദം വേണം എന്ന അവസ്ഥയോട് അവനെങ്ങനെ പൊരുത്തപ്പെടാനാകും! രോഗ ബാധിതരായ മാതാപിതാക്കളെ ആശുപത്രിയിലേക്ക് ചുമലിലേറ്റി പോവേണ്ട നിസ്സഹായാവസ്ഥ, ആശുപത്രിയിലെത്താനാവാതെ വഴിമധ്യേ പ്രസവിക്കേണ്ടിവരുന്ന സഹോദരിമാര്‍, ചികിത്സ കിട്ടാനാകാതെ മരണമടയുന്നവര്‍…….
ഫലസ്തീനിലെ സ്ഥിര കാഴ്ച്ചയാണിതൊക്കെ. ജാക്ക് വീണ്ടും വികാര ഭരിതനാകുന്നു. സെക്യൂരിറ്റി ബോര്‍ഡറില്‍ തോക്ക് ചൂണ്ടികൊണ്ട് രേഖകള്‍ പരിശോധിക്കുന്ന ആ ഇസ്രയേലി പോലീസുകാരന്‍ ഒരു എത്യോപ്യ ക്കാരനാണ്.
ഇങ്ങനെ വീര്‍പ്പ് മുട്ടുന്ന എത്രയോ കാഴ്ചകളാണ് ഫലസ്തീന്‍ നമുക്ക് നല്‍കുന്നത്. ഒരു മതില്‍ കെട്ടുന്ന തിരക്കിലാണ് ഇപ്പോള്‍ ഇസ്രയേലികള്‍. ഫലസ്തീന്‍ അതിര്‍ത്തികള്‍ വേര്‍തിരിച്ച്, ആ ജനതക്ക് ഒരു വിധ സൗകര്യമോ, സ്വാതന്ത്ര്യമോ ഇല്ലാത്ത വിധം ഇലക്‌ട്രോണിക്ക് മോണിറ്റിങ്ങിലൂടെ അവരെ തടവറയിലടച്ചിടാനുള്ള നീക്കമാണ് ഇവിടെ നടക്കുന്നത്.
1896 ല്‍ പുറത്ത് വന്ന ഹെര്‍സലിന്റെ ദേര്‍ ജൂതന്‍ സ്റ്റാറ്റ് എന്ന കുറിപ്പില്‍ ജൂതന്‍മാര്‍ക്ക് ഒരു ഭൂരിപക്ഷ രാഷ്ട്രം ഉണ്ടാവണമെന്ന നിര്‍ദേശത്തിന്റെ അടിസ്്ഥാനത്തില്‍ രൂപം കൊണ്ട ഇസ്രായേല്‍, ലോകത്താകമാനമുള്ള ജൂത സമൂഹങ്ങളെ ഇസ്രായേലിലേക്ക് ക്ഷണിച്ച് വരുത്തി മികച്ച ജോലിയും വീടും മറ്റും നല്‍കി അവരെ സ്ഥിര താമസക്കാരാക്കിയിരിക്കുകയാണ്. പക്ഷെ നൂറ്റാണ്ടുകളായി അവിടെ ജീവിച്ച് പോരുന്ന ഫലസ്തീനികള്‍ക്ക് താമസ സ്ഥലത്തേക്ക് കൊള്ളാവുന്ന ഒരു റോഡില്ല, നല്ല വീടോ വാഹനമോ ഇല്ല. എല്ലാം നിഷേധിക്കപ്പെട്ട സമൂഹമാണ് അവര്‍.
ജറുസലേമിലെ പരിശുദ്ധമായ മസ്ജിദുല്‍ അഖ്‌സ എന്ന മുസ്‌ലിംകളുടെ മൂന്നാമത്തെ തീര്‍ത്ഥാടന കേന്ദ്രത്തില്‍ പ്രാര്‍ത്ഥന നടത്താന്‍ ഫലസ്തീനികള്‍ക്ക് സ്വാതന്ത്ര്യമില്ല. ജോര്‍ദാന്‍ സര്‍ക്കാറിന്റെ വഖ്ഫ് വകുപ്പും ഇസ്രായേലി സേനയുമാണ് പള്ളി നിയന്ത്രിക്കുന്നത്. മുഹമ്മദ് നബി(സ) ആകാശാരോഹണം നടത്തിയ വിശുദ്ധമായ ഭൂമിയിലെ പള്ളി, സോളമന്‍ രാജാവിന്റെ ക്ഷേത്രം നിന്ന സ്ഥലത്താണെന്നാണ് ജൂതരുടെ വാധം. ശ്രീരാമ ജന്മ ഭൂമിയില്‍ രാമ ക്ഷേത്രം നിന്നിടത്താണ് ബാബരി മസ്ജിദ് സ്ഥാപിച്ചതെന്ന ഫാഷിസ്റ്റ് സംഘടനകളുടെ വാദത്തിന്ന് തീര്‍ത്തും സമാനമായ ഒരവകാശ വാദം. അയോദ്ധ്യയില്‍ ക്ഷേത്രാവശിഷ്ടം കണ്ടെത്താന്‍ നടത്തിയ ഉത്ഖനനത്തിന്ന് സമാനമായി ഇവിടെ മസ്ജിദുല്‍ അഖ്‌സയുടെ അടിക്കല്ലിളക്കുന്ന തരത്തില്‍ ഇസ്രായേല്‍ സേന പള്ളിക്ക് ചുറ്റും എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് കിളച്ച് കൊണ്ടിരിക്കുകയാണ്. ഈ പള്ളിക്കകത്ത് സോളമന്റെ ക്ഷേത്രമുണ്ടെന്ന് അവകാശപ്പെട്ട് മുമ്പും പല തവണ ഉത്ഖനനം നടത്തിയിരുന്നു; ഒരു തെളിവും ലഭിച്ചില്ലെങ്കിലും.
ഒരിക്കല്‍ കുരിശുപടക്കാര്‍ കൈക്കലാക്കിയ ഈ പള്ളി, സ്വലാഹുദ്ദീന്‍ അയ്യൂബി എന്ന ധീര പോരാളിയാണ് മോചിപ്പിച്ചത്. ഈ വിശുദ്ധ ഗേഹം 250ല്‍ അധികം തവണ അക്രമിക്കപ്പെട്ടതായി ചരിത്ര രേഖകളില്‍ കാണാം അക്രമത്തിന്ന് ഉപയോഗിച്ച ബോംബുകളും മറ്റു അവശിഷ്ടങ്ങളും പള്ളിയുടെ ഒരു ഭാഗത്ത് കാഴ്ചവസ്തു എന്നോണം സൂക്ഷിച്ച് വച്ചിട്ടുണ്ട്.
അധിനിവേശക്കാര്‍ കടന്ന് കേറിയ നിരവധി നാടുകളുടെ ചരിത്രം നമുക്കറിയാം. പക്ഷെ, അധിനിവേശത്തിന്റെ പേരില്‍ തടവറയിലെന്ന പോലെ കഴിയേണ്ടി വരുന്ന അവസ്ഥ ഫലസ്തീനികള്‍ക്കല്ലാതെ മറ്റൊരു സമൂഹത്തിന്നും ഉണ്ടായിട്ടില്ല. നീതി നിഷേധിക്കപ്പെട്ട ഈ സമൂഹത്തിന്ന് വേണ്ടി ശബ്ദിക്കാന്‍ ലോകമുസ്‌ലിം രാഷ്ട്രങ്ങള്‍ക്കാവുന്നില്ല എന്നത് എടുത്തുപറയണം.
ലൂത്വ് നബിയുടെ കാലഘട്ടത്തില്‍, പ്രകൃതിവിരുദ്ധ ജീവിതം നയിച്ച സമൂഹത്തിലേക്ക് ദൈവിക ശിക്ഷയിറങ്ങി. ഒരു പ്രദേശം മുഴുവനും കീഴ്‌മേല്‍ മറിക്കപ്പെട്ടു. ഇപ്പോള്‍ അവിടെയുള്ളത് ചാവുകടല്‍ (the dead sea). ഉപ്പിന്റെ അംശം കൂടിയത്‌കൊണ്ട് ഈ കടലില്‍ ആര്‍ക്കും മുങ്ങിത്താഴാന്‍ പറ്റില്ല. മത്സ്യങ്ങള്‍ക്കോ മറ്റ് ജീവജാലങ്ങള്‍ക്കോ നിലനില്‍ക്കാനുമാവില്ല.
ഹമാസും ഫതഹും തമ്മിലുള്ള തര്‍ക്കം മൂര്‍ച്ഛിക്കുകയും ഏറ്റുമുട്ടലില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും ചെയ്തത് മൂലം ഞങ്ങള്‍ക്ക് ഹൈബ്രോണിലേക്ക് പോകാന്‍ സാധിച്ചില്ല.
Leave A Comment