മഖ്ബറകള്‍: പാരമ്പര്യത്തിന്റെ ഊര്‍ജസ്രോതസ്സുകള്‍
ലോകചരിത്രത്തില്‍ ദിവ്യ പുരുഷന്‍മാരെയും ദൈവീക ബോധനം ലഭിച്ച മഹിളകളെയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുക എന്നത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. പരിപാവനങ്ങളായ സ്ഥാപനങ്ങളും വസ്തുക്കളും മേല്‍പ്പറഞ്ഞവരെ പോലെ തന്നെ അതീവ ബഹുമാനാര്‍ഹങ്ങളാണ്. മതവ്യത്യാസങ്ങളില്ലാതെ പരമ്പരാഗത മതാചാരങ്ങളുടെ ഭാഗമാണ് ഇവിടങ്ങള്‍. ഇസ്‌ലാമും ഇത്തരം സാദൃശ്യങ്ങളില്‍ നിന്നും വ്യത്യസ്തമല്ല എന്ന് മാത്രമല്ല, മറ്റെല്ലാ മതങ്ങളേക്കാളും ഇവ്വിഷയത്തില്‍ ഒരല്‍പം കൊഴുപ്പ് കൂടുതലാണ് ഇസ്‌ലാമിന്.എന്നാല്‍ ഇതിന് അപവാദമെന്നോണം സൗദി അറേബ്യയേയും യമനിലെ യസീദി പ്രവിശ്യകളെയും പോലെ ചരുക്കം ചില ഇസ്‌ലാമിക കേന്ദ്രങ്ങളും നിലനില്‍ക്കുന്നുണ്ട്. ഇവിടങ്ങളില്‍ മുളപൊട്ടി ആകാരം പൂണ്ട നവീകരണ ചിന്താഗതികളുടെ വടവൃക്ഷങ്ങളാണ് ഇതിനു കാരണം. സലഫിസത്തിന്റേയും പ്യൂരിറ്റാനിസത്തിന്റേയും നിഴലില്‍ തഴച്ചു വളര്‍ന്ന ഈ വിഷച്ചെടികളാണ് പിന്നീട് ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ക്കു മേല്‍ കത്തിവെക്കാനും കരിവാരിത്തേക്കാനും സഹായകമായത്. ''സത്യമേ വജയതേ'' എന്ന രീതിയിലാണ് ഇവരുടെ ഓരോ നീക്കങ്ങളും. എന്നാല്‍ ഇസ്‌ലാമിക നന്മയുടെ തോല്‍കട്ടി തുളക്കാനോ കീറിക്കളയാനോ ജീര്‍ണതയില്‍ ജന്മം കൊണ്ട ഇത്തരം നവീനാശയങ്ങള്‍ക്കായില്ല എന്നതാണ് വസ്തുത. ആധുനിക നവീകരണ ചിന്താഗതിയുടെ ജന്മം തന്നെ 'വിനാശകാലേ വിപരീത ബുദ്ധി' എന്ന രൂപേണയാണ്. കാരണം സൂഫിസത്തെയും വിലായത്തിനെയും വെറും മാനുഷിക സങ്കല്‍പങ്ങളുടെ ചങ്ങലകളില്‍ ബന്ധിച്ചിടാനാണ് നവീകരണ വാദികള്‍ ശ്രമിച്ചത്.
പൈതൃകത്തെ തച്ചുടച്ച് അതിന്മേല്‍ ആധുനികതയുടെ ആണിയടിക്കുക എന്ന ആശയമാണ് ഇക്കൂട്ടര്‍ക്കുണ്ടായിരുന്നത്. മുസ്‌ലിം സമുദായത്തില്‍ ഇസ്‌ലാമിന്റെ ആവിര്‍ഭാവം മുതല്‍ക്കു തന്നെ ദൈവീക പുരുഷന്മാരുടെ സ്ഥാനവും അവരില്‍ നിന്നുണ്ടാകുന്ന അസാധാരണ സംഭവങ്ങളുടെ (കറാമത്തുകള്‍) പ്രാധാന്യവും മതവിശ്വാസത്തിന്റെ ഭാഗമായിരുന്നു. എന്നാല്‍ പുതുതായി കടന്നുവന്ന നവീന ചിന്താഗതിക്കാര്‍ ഈ വിശ്വാസങ്ങളെ നുണയും കെട്ടുകഥകളുമായി പ്രചരിപ്പിക്കുകയായിരുന്നു.18,19 നൂറ്റാണ്ടുകളുടെ അസ്തമയോദയത്തില്‍ ഒരുപറ്റം മുസ്‌ലിം നാമധാരികള്‍ മതഭൗതിക വാദത്തിന്റെ ലേബലുമായി കടന്നുവരികയുണ്ടായി. പാശ്ചാത്യന്‍ ലോകമൊന്നടങ്കം ഹമ്പലി തിയോളജിയന്‍ എന്ന ബ്രാന്‍ഡ് നല്‍കിക്കൊണ്ട് പെരുമ്പറ കൊട്ടിയ ഇബ്‌നുതൈമിയ(729/1328)യില്‍ നിന്നായിരുന്നു ഈ പിഴച്ച ചിന്തകളുടെ സ്ഫുരണാരംഭം. ഇസ്‌ലാമിക ചരിത്രത്തിന്റെ ആദ്യ പകുതി പിന്നിട്ട സന്ദര്‍ഭത്തിലായിരുന്നു ഇത് മുളച്ച് പൊന്തിയതും പടര്‍ന്ന് പന്തലിച്ചതും.ദിവ്യ പുരുഷന്മാരുടെ മഖ്ബറകള്‍ സന്ദര്‍ശിക്കലും അവിടങ്ങളില്‍ ചെന്ന് പ്രാര്‍ഥിക്കലും അനര്‍ഥമായതും അധരവ്യായാമങ്ങളുമാണെന്നായിരുന്നു അവരുടെ ഭാഗം. സൂഫികളെയും അവരുടെ മഖ്ബറ സന്ദര്‍ശനത്തെയും ആദിമ കാലങ്ങളില്‍ നിലനിന്നിരുന്ന വിഗ്രഹാരാധനയോട് തുന്നിച്ചേര്‍ത്ത് ഇവയൊക്കെയും ജാഹിലിയ്യത്തിലൂടെ ഇസ്‌ലാമില്‍ ചേക്കേറ്റം നടത്തപ്പെട്ടവയാണെന്നുവരുത്തിത്തീര്‍ക്കുന്നതില്‍ ഒരു തരിമ്പെങ്കിലും അവര്‍ വിജയം കണ്ടിരുന്നു. ഇങ്ങനെ ചെയ്യുന്നവര്‍ക്ക് ശ്മശാനാരാധകര്‍' (ഖുബൂരിയ്യൂന്‍) എന്ന ലേബലും പതിച്ചു നല്‍കാന്‍ അവര്‍ മടിച്ചില്ല. ഇതിനായി ഇബ്‌നുതൈമിയയും അനുയായികളും ഉന്നയിച്ചിരുന്നത് പ്രവാചകരോ പ്രവാചകാനുയായികളോ ഇത്തരം അബൗദ്ധികങ്ങളായ ആചാരങ്ങളില്‍ മുഴുകിയിരുന്നില്ല, അത്‌കൊണ്ട് തന്നെ ഇതിനെയെല്ലാം യഥാര്‍ഥ ഇസ്‌ലാമിന്റെ അതിര്‍വരമ്പുകള്‍ക്കപ്പുറത്തേക്ക് മാറ്റി നിര്‍ത്തപ്പെടേണ്ടവയാണ്. ഇത്തരം ആചാരങ്ങള്‍ ഒരു മതവിശ്വാസിക്ക് അനുഷ്ടിക്കാന്‍ ഒരു നിലക്കും സാധ്യമല്ല.
സൂഫിസത്തിലൂടെയാണ് ദിവ്യപുരുഷത്വം ജന്മം കൊള്ളുന്നത് എന്ന് മനസിലാക്കിയതോടെ ഇബ്‌നുതൈമിയ തന്റെ അക്രമണ തട്ടകം സൂഫിസത്തിന്റെ നേര്‍ക്കാക്കുകയും അതിനെ സര്‍വവിധ അനിസ്‌ലാമിക ചേഷ്ടകളുടെയും ഉത്തരവാദിയാക്കുകയും ചെയ്തു. എന്നാല്‍, ഇബ്‌നു തൈമിയയുടെ സൈദ്ധാന്തികാശയങ്ങള്‍ക്ക് സജീവ സ്വീകാര്യത ലഭിച്ചിരുന്നില്ല. തന്റെ സമകാലികര്‍ ഇതിനെ ശരീഅ വിരുദ്ധതയിലധിഷ്ഠിതമാക്കിയതോടെ ആധുനിക നവീനതയുടെയും റിഫോര്‍മേഷന്റെയും പ്രതിസന്ധിക്ക് തുടക്കമായി.ഖുര്‍ആനിക ആയതുകളും ഹദീസ് വചനങ്ങളും വിഘടനത്തിന്റെ ചൂടിനെ പ്രതിരോധിച്ചു നിര്‍ത്തി. മാത്രമല്ല പ്രവാചകന്റെ അഹ്‌ലുബൈത്തും ലോകത്തുള്ള മറ്റുസകലമാന മുസ്‌ലിംകളും തമ്മില്‍ യാതൊരുവിധ വ്യത്യാസവുമില്ലെന്ന ബിദ്അത്തിന്റെ ആശയത്തെ ഖുര്‍ആനിന്റെ പിന്‍ബലത്തോടെ അരിഞ്ഞ് കളയുകയും ചെയ്തു. മഖ്ബറകളെ ആരാധിക്കരുതെന്ന പക്ഷത്തിന്റെ പക്ഷം അറുക്കുന്നതായിരുന്നു മറ്റൊരു അവകാശം.ഹജ്ജിനും ഉംറക്കുമായി പ്രവാചകന്റെ റൗളയെയും കഅ്ബയെയും സന്ദര്‍ശിക്കുന്നവര്‍യഥാര്‍ഥത്തില്‍ പ്രവാചകനെയൊ കഅ്ബയെയൊ ആരാധിക്കുകയല്ല ചെയ്യുന്നത് മറിച്ച് അല്ലാഹുവിന്റെ സന്നിധാനത്തെ ഇവരുടെ മഹത്വത്തിലൂടെ സന്ദര്‍ശകര്‍ക്കും മഹത്വം നേടാനുള്ള ഒരു ശ്രമമാണിവിടെ നടക്കുന്നത്. ഇതേ ഒരു ലക്ഷ്യം തന്നെയാണ് ഇതര മഹത്തുക്കളുടെ സന്ദര്‍ശനത്തിലൂടെയും ലക്ഷ്യം വെക്കപ്പെടുന്നത്.
ഇത്തരം ആശയങ്ങളുടെ ജനകീയത മിക്കരാജഭരണങ്ങളെയും സ്വാധീനിച്ചിരുന്നില്ല. കാരണം രാജാക്കന്മാര്‍ സാധാരണ മഖ്ബറകള്‍ ഉയര്‍ത്തിക്കെട്ടുകയും അവ അലങ്കരിക്കുകയും ചെയ്തിരുന്നു എന്ന് ചരിത്രത്തില്‍ കാണാം. കാലാകാലങ്ങളിലായി ഇത്തരം ആന്റി -ഇസ്‌ലാമികവും ആന്റി-സൂഫിസവുമായ പ്രവണതകള്‍ നാം കണ്ടുവന്നത് ബിദ്അത്തിന്റെ വിത്തുകള്‍ക്ക് ആര്‍ജവം ലഭിച്ച ഈജിപ്തിന്റെ മണ്ണില്‍ നിന്നും അല്‍-മനാര്‍ മാസികയിലൂടെയായിരുന്നു. പിന്നീടത് അള്‍ജീരിയന്‍ റിഫോര്‍മര്‍ അബ്ദുല്‍ ഹാമിദിബിന്‍ ബാദിസിലൂടെയും അയാളുടെ ശിഷ്യന്മാരിലൂടെയും പകര്‍ന്നു പോന്നു. ശേഷം അല്ലാമല്‍ ഫസ്ല്‍ നയിച്ച മൊറോക്കന്‍ സലഫിസത്തിലൂടെയും മധ്യേഷ്യയിലെയും വോള്‍ഗാ പ്രവിശ്യയിലെ നൂതന മുസ്‌ലിമിസത്തിലൂടെയും അത് നിലനിന്ന് പോന്നു. ഇത്തരം സന്ദര്‍ശനങ്ങള്‍ എന്നും തൗഹീദീന്റെ അടിസ്ഥാനത്തിന് എതിരാണെന്നും അവര്‍ പ്രചരിപ്പിച്ചു. പൈതൃകമായി സൂക്ഷിച്ച് പോന്നിരുന്ന ഈ ആത്മീയ സംരംഭങ്ങളെ സൂഫിസവും ചൂഷണത്തിനിരയാക്കുന്നു എന്ന വാദവും ഇതില്‍ നിന്ന് വ്യത്യസ്തമായിരുന്നില്ല. സൂഫികളും മുരീദുമാരും ഇവയെ ഭൗതികാവശ്യങ്ങളെ പൂര്‍ത്തീകരിക്കുന്നതിനും സ്വതാല്‍പര്യങ്ങള്‍ക്കുമായും വിനിയോഗിക്കുന്നു എന്നതായിരുന്നു വിവക്ഷ. ഇബ്‌നുതൈമിയക്ക് ശേഷം അയാളുടെ പാത പിന്തുടര്‍ന്ന് വന്ന നവോഥാന നായകന്മാര്‍ ഇതിനെ ന്യായികരിച്ചത് പ്രവാചകനിലൂടെ ലഭിച്ച ഇസ്‌ലാമിന്റെ തനദ് ആദര്‍ശങ്ങള്‍ക്കുമേല്‍ കുമിഞ്ഞ് കൂടിയ അനിസ്‌ലാമികാചാരങ്ങളെ വെടിപ്പിക്കുക എന്ന തലക്കെട്ടോടെയായിരുന്നു.
അതിന് വേണ്ടി തങ്ങളുടെ എതിര്‍ ചേരിയിലെ ഓര്‍ത്തഡോക്‌സികളായ മതപണ്ഡിതന്മാരെ ശ്മശാനരാധകരും (ഖുബൂരിയ്യൂന്‍) ബിദ്അത്തിന്റെ വാഹകരും (അസ്ഹാബുല്‍ ബിദ്അ) വിഗ്രഹാരാധകരും(ഇബാദുസ്സനം) ആക്കി മാറ്റുവാനും ഒടുവില്‍ അനിവാര്യതയുടെ സമയമെത്തിയപ്പോള്‍ അവരെ അമുസ്‌ലിം(കാഫിര്‍) ആക്കി മാറ്റുവാന്‍ വരെ ശ്രമങ്ങള്‍ നടക്കുകയുണ്ടായി. എന്നാല്‍ പരമ്പരാഗത ഇസ്‌ലാമികാചാരനുഷ്ഠാനങ്ങള്‍ ഹൃദയത്തോട് ചേര്‍ത്ത് പിടിച്ച് ജീവിച്ച് പോന്ന യാഥാസ്ഥിക പണ്ഡിതന്മാര്‍ ഇതിനെ നഖശിഖാന്തം ചെറുത്ത് നിന്നതിന്റെ പരിണിതഫലമെന്നോണം ഒരുപാട് സ്ഥലങ്ങളില്‍ ഈ വിഷയത്തിന് ബീജാവാപം ലഭിക്കാതെ പോയി. ഹളര്‍മൗത്ത് പൈതൃകത്തെ നെഞ്ചേറ്റിയപ്പോള്‍ കേരളക്കരയിലെ ഇസ്‌ലാമിക വളര്‍ച്ചയെയും വാഴ്ചയെയും ഒരുപോലെ സ്വാധീനിച്ച അറേബ്യന്‍ മണ്ണാണ് ഹളര്‍മൗത്തിന്റെത്. യമനിന്റെ ഭാഗമായ ഈ സ്ഥലം പൗരാണിക കാലം മുതല്‍ തന്നെ മത പാണ്ഡിത്യത്തില്‍ അതിന്റെ സ്ഥാനം സംരക്ഷിച്ച് പോന്നു. പ്രവാചകാനുയായികളില്‍ ശ്രേഷ്ഠനായിരുന്ന മുആദ് ബ്‌നു ജബല്‍(റ)ന്റെ നിശ്ചയദാര്‍ഢ്യത്തില്‍ വളര്‍ന്ന് വന്ന ഇസ്‌ലാമിക യമനിന്റെ അന്തസിനും ആഭിജാത്യത്തിനും ഹളര്‍മൗത്ത് ഒരു തിലകക്കുറിയായിരുന്നു. കേരളത്തിലെ മലബാറില്‍ മാപ്പിളവീര്യത്തിന്റെ ചോരപൊടിഞ്ഞിട്ടുണ്ടെന്ന് ചരിത്രം പറയുമ്പോള്‍ അവിടെയും കാണാം ഹളര്‍മൗത്തിന്റെ സ്ഥാനം. മമ്പുറം തങ്ങള്‍, വരക്കല്‍ മുല്ലക്കോയ തങ്ങള്‍, ശംസുല്‍ ഉലമ തുടങ്ങിയ പാണ്ഡിത്യ വിഹായുസുകളുടെ പിതൃപരമ്പര ചെന്നെത്തുന്നത് യമനിലെ ഹളര്‍മൗത്തിലാണ്. ചെറുതും വലുതുമായ ഒരുപാട് ശ്രേഷ്ഠരുടെ മഖ്ബറകളാല്‍ നിറഞ്ഞതാണ് ഹളര്‍മൗത്ത്. ഇവയുടെ അലങ്കൃതങ്ങളായ ഖുബ്ബകളും ചുണ്ണാമ്പ് പൂശിയ ചുമരുകളും ഒരേസമയം ലാളിത്യത്തെയും ഭൂമിയുടെ വിശാലതയെയും തുറന്ന് കാട്ടുന്നതാണ്.
നൂറ്റാണ്ടുകളായി ഇതാണ് ഹളര്‍മൗത്തിന്റെ ഭൗതിക ചിത്രമെന്നു ചരിത്ര രേഖകളില്‍ നിന്നും നമുക്ക് നിസ്സംശയം മനസിലാക്കാം. ഇവിടങ്ങളിലെ മഖ്ബറകളില്‍ അന്തിയുറങ്ങുന്ന മഹാന്മാരെ വിശ്വാസിവൃന്ദം അല്ലാഹുവിന്റെ ഇഷ്ടദാസന്മാ(ഔലിയാക്കള്‍)രായി കണക്കാക്കുന്നു. സ്വാലിഹീങ്ങളായ മനുഷ്യരുടെ ഖബ്‌റുകളില്‍ ചെന്ന് അവര്‍ മുഖേന പ്രാര്‍ഥിക്കുന്നതും ഇവിടങ്ങളില്‍ കാണാവുന്നതാണ്. ഇന്നും ഇവിടെ ഇത്തരം മഹാന്മാരുടെയും മഹതികളുടെയും മൗലീദുകള്‍ ആഘോഷിച്ച് പോരുന്നു. ഇതെല്ലാം ഇവരുടെ ജീവിതത്തിന്റെ ഒഴിച്ച് കൂടാനാകാത്ത ഭാഗമായിമാറിയിട്ട് നൂറ്റാണ്ടുകളായിട്ടുണ്ട്. സമുദായിക സാമ്പത്തിക ശേഷിക്കും ഐക്യത്തിനും മികച്ച ഒരു താങ്ങും കൂടിയാണ് ഈ മഖ്ബറകള്‍. സാമുദായിക സംഘര്‍ഷങ്ങളില്‍ ശബ്ദം നിലച്ച ഒരുപാട് സമൂഹങ്ങളെ ഒന്നിപ്പിക്കുന്നതാണ് ഇവിടത്തെ മന്‍സബ് രീതി. മശായിഖ്, സയ്യിദ് വിഭാഗങ്ങളിലെ ഒരു നേതൃത്വത്തിന്റെ കീഴില്‍ ഹളര്‍മൗത്തിലെ മന്‍സബ് രീതി ലോകത്തിന് തന്നെ മാതൃകയാണ്. ഹളര്‍മൗത്തിലെ പ്രാദേശികമായ ഇവകള്‍ ഹൗത്ത എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇവകള്‍ മഖ്ബറകളെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. ഇത്തരം ഹൗത്തകള്‍ സ്ഥാപിച്ചത് ആ മഖ്ബറകളിലെ മഹാന്മാരായ സൂഫിവര്യന്മാര്‍ തന്നെയാണ് എന്നതാണ് ഇതിന് കാരണം. ചരിത്രകാരന്മാര്‍ ഈ രീതികളെ വടക്കന്‍ ആഫ്രിക്കയിലെ മൊറോക്കോയിലും ടൂണീഷ്യയിലും അള്‍ജീരിയയിലും രൂപപ്പെട്ടിരുന്ന സമ്പ്രദായങ്ങളോടുള്ള സാമ്യത തേടാറുണ്ട്. എന്നാല്‍ ഹളര്‍മൗത്തിനും നോര്‍ത്ത് ആഫ്രിക്കക്കുമിടയില്‍ ഒരു ഭീമാന്തരം നിലനില്‍ക്കുന്നുണ്ട്. ഹളര്‍മൗത്തിലെ ഇത്തരം രീതികളെ നവീകരണത്തിന്റെ പ്രാദേശിക വാള്‍ത്തലപ്പുകള്‍ക്ക് സ്പര്‍ശിക്കാനായില്ല എന്നതും വടക്കന്‍ ആഫ്രിക്കയില്‍ ഇവ ഗോത്രങ്ങള്‍ക്കിടയില്‍ തന്നെ ഉയര്‍ത്തതാണ് എന്നതുമായിരുന്നു. അത്. മാത്രവുമല്ല ഹളര്‍മൗത്തിലെ മതകീയ രംഗങ്ങളിലെ അനിഷേധ്യ നേതൃത്തങ്ങളായിരുന്ന മശായിഖന്മാരും സയ്യിദന്മാരും വടക്കന്‍ ആഫ്രിക്കയിലെ ശുറഫാക്കളുടെയും മുറാബിത്തുകളുടെയും നേര്‍പതിപ്പ് തന്നെയായിരുന്നു. മധ്യകാല ഹളര്‍മൗത്തിലെ പണ്ഡിതന്മാര്‍ ബിദ്അത്തിന്റെ ആശയങ്ങള്‍ക്കെതിരെ സംഹാര താണ്ഡവമാടുന്നതില്‍ അതീവ ജാഗരൂകരായിരുന്നു.
ഹമ്പലി തിയോളജിസ്റ്റിന്റെ ജാര ചിന്താ ധാരകള്‍ ഏറ്റെടുക്കാന്‍ ആളില്ലാതിരുന്നതും ഹളര്‍മൗത്തിലായിരുന്നു. അവസരോചിത ഇടപെടലുകള്‍ യാഥാസ്ഥിക പണ്ഡിതന്മാര്‍ ചെയ്തിരുന്നു എന്നതിന് ജീവിച്ചിരിക്കുന്ന തെളിവുകളാണ് അവരുടെ രചനകള്‍. ഭക്തി നിര്‍ഭരമായ സന്ദര്‍ശനങ്ങളും ഔലിയാക്കളുടെ അമാനുഷികമായ കറാമത്തുകളും മഖ്ബറകളിലെ പ്രാര്‍ത്ഥനകളും ദൈവീക സ്വീകാര്യയും അവര്‍ പര്‍വതീകരിക്കുകയും പൈതൃകത്തെ നെഞ്ചോട് ചേര്‍ക്കുകയും ചെയ്യുകയായിരുന്നു. സനദുകളിലൂടെയും വിവരണാത്മകങ്ങളായ ആത്മകഥകളിലൂടെയും ചരിത്ര രേഖകളിലൂടെയും കാവ്യ ശകലങ്ങളിലൂടെയും ഇത്തരം ഇസ്‌ലാമികാചാരങ്ങള്‍ ഉപജീവനം കണ്ടെത്തി. മനുഷ്യരുടെയും ദൈവത്തിന്റെയും ഇടയിലെ മധ്യസ്ഥരായി ഇവര്‍ ജീവിച്ച് പോന്നു. മാത്രവുമല്ല 20ാം നൂറ്റാണ്ടിന് മുമ്പുണ്ടായിരുന്ന ഒരു രചനകളിലും ഇത്തരം മതാചാരങ്ങളെ അനിസ്‌ലാമികമാക്കുന്ന പ്രവണത ഇല്ലായിരുന്നു. ഈജിപ്തിലെയും സൗദിഅറേബ്യയിലെയും വഹാബിസത്തിന്റെ രക്ഷസുകള്‍ ഇരുട്ടിന്റെ മറപിടിച്ച് ഹളര്‍മൗത്തിന്റെ തീരങ്ങളിലെത്തിയപ്പോള്‍ തന്നെ ഹളറമികള്‍ യാഥാസ്ഥികതയുടെ കവചകുണ്ഡലങ്ങളില്‍ അഭയം തേടിയിരുന്നു. ഇബ്‌നുതൈമിയയുടെയും റശീദ് റിളയുടെയും പാതയിലൂടെ നടന്നു നീങ്ങിയവരില്‍ പ്രമുഖരായിരുന്നു പുരോഗമന സമൂഹത്തിന്റെ(ീെരശല്യേ ളീൃ ൃലളീൃാ മിറ ഴൗശറമിരല) സജീവ പ്രവര്‍ത്തകനായിരുന്ന സ്വലാഹല്‍ ബക്‌രിയും അലി അഹ്മദ് ബാഖാതിരും. അതിരൂക്ഷമായി സയ്യിദ് കുടുംബത്തിന്റെ നേതൃപാടവത്തെ വിമര്‍ശിച്ചവരില്‍ പ്രമുഖനായ അല്‍ ബക്‌രി ഉന്നത ശീര്‍ഷരായ സയ്യിദ് കുടുംബത്തിന്റെ ഈ കുലീനതക്ക് പ്രധാനമായും രണ്ട് കാരണങ്ങളാണ ഉന്നയിച്ചത്.
ഒന്ന്: മഖ്ബറകളില്‍ ശാന്തിദര്‍ശനത്തിനെത്തുന്ന വിശ്വാസികള്‍ ഒരിക്കലും വെറും കൈയോടെ വരാറില്ല. സംഭാവനകളായും കാണിക്കകളായും ഒരുപാട് കാഴ്ചവെക്കുന്നതിലൂടെ മഖ്ബറവാസികളുടെ പിന്‍മുറക്കാര്‍ മുട്ടില്ലാതെ ജീവിച്ച് പോകുന്നു. രണ്ടാമതായി ബക്‌രി ഉന്നയിക്കുന്നത് കാര്യമാത്രമായും അലവിസയ്യിദന്മാരെ അധികരിച്ചാണ്. അലവികുടുംബത്തിലെ സയ്യിദന്മാരുടെ മഖ്ബറകള്‍ അവരുടെ ആത്മീയാധികാരികത്തെ അരക്കിട്ടുറപ്പിക്കുന്നതില്‍ നിസ്തുല സേവനമര്‍പ്പിക്കുന്നുണ്ട്. അതിലൂടെ അവരുടെ രാഷ്ട്രീയ-സാമൂഹിക പദവികള്‍ വേലികെട്ടിപ്പടുക്കുകയും ചെയ്യുന്നു. ജാറം മൂടല്‍, പ്രാര്‍ഥനകള്‍, ചുംബിക്കല്‍, വലയം വെക്കല്‍, നേര്‍ച്ചച്ചോറ് സ്വീകരിക്കല്‍ തുടങ്ങിയ മതകീയ പിന്‍ബലമുള്ള ആചാരങ്ങളെ അനിസ്‌ലാമികമാക്കുന്നതിലും അതിലൂടെ അവയുടെ പ്രധാന്യത്തെ താഴ്ത്തിക്കെട്ടുന്നതിനുമുള്ള ബക്‌രിയുടെ ശ്രമങ്ങള്‍ കണ്ടാല്‍ ഇസ്‌ലാമിക വിരുദ്ധതയുടെ കാളസര്‍പങ്ങള്‍ ചീറ്റുന്ന വിഷം ഇത്ര തീവ്രമായിരുന്നോ എന്ന സംശയം നിവാരിതമാകുന്നു. ഇത്തരം പ്രവണതകളില്‍ വിശ്വാസികള്‍ സൂഫികളോട് അമിത ഭയഭക്തി കാണിക്കുന്നതിലൂടെ സൃഷ്ടാവിന്റെ പ്രാധാന്യം വിസ്മൃതമാവുന്നു എന്ന ഞൊണ്ടി ന്യായങ്ങള്‍ അക്കമിട്ട് നിരത്തുകയാണ് ഇത്തരം ആധുനികവാദികള്‍ ചെയ്തിട്ടുള്ളത്. രോഗങ്ങളും അസുഖങ്ങളും വന്നാല്‍ മെഡിക്കല്‍ ചികിത്സ തേടുകയല്ലാതെ സൂഫികളെയും ഔലിയാക്കളെയും സന്ദര്‍ശിച്ച് ബറക്കത്ത് കൊണ്ട് രോഗശമനം സാധ്യമാക്കാനുള്ള ആചാരത്തെ അതീവ ബുദ്ധിശൂന്യതയായാണ് ഇവര്‍ കാണുന്നത്. തന്റെ വാദങ്ങളെ ഉരുക്കിയെടുക്കാനായി ഹളര്‍മൗത്തിലെ പ്രധാനപ്പെട്ട മുഴുവന്‍ കേന്ദ്രങ്ങളുടെയും ലിസ്റ്റ് തയ്യാറാക്കുകയും അതെല്ലാം തന്നെ സയ്യിദ് കുടുംബത്തിന്റേതാണെന്നും തിരിച്ചറിഞ്ഞിട്ടുമുണ്ട്. സലാഹല്‍ ബക്‌രിയുടേതില്‍ നിന്നും തെല്ലിട വിടാതെയെന്നോണമാണ് അലിബാഖാതിറിന്റെ ഹള്‌റമീ നവീകരണ ചിന്താഗതി നീങ്ങുന്നത്. മാതൃഗ്രഹത്തോടുള്ള തന്റെ അടങ്ങാത്ത സ്‌നേഹം ഖാതിറിന്റെ ആദ്യകാലസാഹിത്യ കൃതികളില്‍ നിഴലിച്ച് കാണാം.
ഹളര്‍മൗത്തിലെ പ്രാദേശിക ജനങ്ങളുടെയും അവരുടെ സാമ്പത്തിക-സാമൂഹിക ജീവിതത്തെയും പ്രതിഫലിക്കുന്നതായിരുന്നു ഖാതിറിന്റെ രചനകള്‍ മിക്കതും. സനദിന്റെ പിന്‍ബലം കൊണ്ടുള്ള വാദങ്ങളെയും സംവാദങ്ങളെയും ബാഖാതിര്‍ പാടെ അവഗണിച്ചു. യമനിലെ പുരാതന മഖ്ബറകളിലെ പ്രധാനപ്പെട്ട ശൈഖ് സഈദിന്റെ ഖബറിങ്കല്‍ പോകലും പ്രാര്‍ഥിക്കലും അവിടെ നടക്കുന്ന മതാചാരങ്ങളും ഹള്‌റമികളുടെ തിന്മ പ്രതീകമായാണ് അദ്ദേഹം കണ്ട്‌പോന്നതും പ്രചരിപ്പിച്ചതും. മുഹമ്മദ് അവദ് ബഫള്‌ലിന്റെ(മ.1949) 1920-25 കാലഘട്ടത്തില്‍ എഴുതപ്പെട്ട പുസ്തകത്തില്‍ കാണാം. തരീമിലെ അനേകം ശ്മശാനങ്ങളില്‍ മറവ് ചെയ്യപ്പെട്ട തന്റെ പ്രപിതാക്കന്മാരെ കുറിച്ചും അവരുടെ അമാനുഷികമായ ശക്തിയെക്കുറിച്ചും പറയുന്ന വിവരണങ്ങള്‍ നവീകരണ വാദികള്‍ കാതുകൂര്‍പിച്ച് കേള്‍ക്കേണ്ടത് തന്നെയാണ്. എന്നാല്‍ ഇതേ കുടുംബത്തിലെ മുഹമ്മദലി ബാഫളല്‍ ഇത്തരം ചിന്താഗതിക്കെതിരായി നീങ്ങിയയാളാണ്. ഓര്‍ത്ത്‌ഡോക്‌സിയേ ചോദ്യം ചെയ്യല്‍ നയമായി സ്വീകരിക്കുകയും അതിന്റെ ആധികാരികതക്ക് മുകളില്‍ ചെളിവാരിത്തേക്കുകയും ചെയ്യുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം.
ഈ ചിന്തയുടെ ഭാഗമെന്നോണം ബാഫള്ല്‍ ഒരു കാമ്പയിന്‍ നടത്തുകയും സര്‍വസാധരണയായി ജനങ്ങള്‍ സന്ദര്‍ശിച്ചിരുന്ന സയ്യിദ് ഉമര്‍ അല്‍ ഹദ്ദാദിന്റെ മഖ്ബറയെ കക്കൂസാക്കി മാറ്റുക വരെ ചെയ്യുകയുണ്ടായി. വടക്കനാഫ്രിക്കയില്‍ ബിദ്അത്ത് രൂപംപ്രാപിച്ചത് സ്വന്തം മണ്ണില്‍ നിന്നായിരുന്നെങ്കില്‍ ഹളര്‍മൗത്തില്‍ അത് വിദേശ ഇറക്കുമതിച്ചരക്കായിരുന്നു. സഊദി അറേബ്യയില്‍ നിന്നിറങ്ങുന്ന ഇത്തരം വികല ബാലന്മാര്‍ തനത് ഇസ്‌ലാമിക ജീവിത രീതിയുടെ മൂര്‍ത്തികളായ പണ്ഡിതവരേണ്യരുടെ ചെറുത്ത് നില്‍പ്പിനു മുന്നില്‍ മൂര്‍ച്ച നഷ്ടപ്പെട്ടുപോയി എന്നതാവും സത്യം. ഈ ചിന്തകള്‍ ഹളര്‍മൗത്തിന്റെ വീടുകളെയും തെരുവോരങ്ങളേയും ബാധിക്കാതിരുന്നതിന് നവീകരണവാദികള്‍ പറയുന്ന കാരണങ്ങള്‍ പലതാണ്. ഭൂമിശാസ്ത്രപരമായി അറിവ് ശേഖരണവും പ്രസരണവും മാത്രമായിരുന്നു ഉണ്ടായിരുന്നത്. ആധുനികവല്‍കരണത്തിന്റെ മാറ്റൊലികള്‍ ഇവിടങ്ങളില്‍ മുഴങ്ങിക്കേട്ടിരുന്നില്ല. കാലാകാലങ്ങളായി ഇസ്‌ലാമില്‍ നവീകരണത്തിന്റെ വിത്തിറക്കാന്‍ വന്നവര്‍ അതിന്റെ പാരമ്യതയില്‍ നിന്നും താഴോട്ട് നോക്കി അന്തംവിട്ടു നിന്നതായെ ചരിത്രം നമ്മോട് പറയുന്നുള്ളൂ. ഇതിന്റെ നാരുവേര്പടലം എന്ന നിലയില്‍ മാത്രമാണ് ഹളര്‍മൗത്തിന്റെ ആചാരങ്ങളിലും ഇത്തരക്കാര്‍ കൈകടത്താന്‍ ശ്രമിച്ചത്. എന്നാല്‍ അറിവെന്ന ആയുധം കൈമുതലാക്കി യാഥാസ്ഥിക പണ്ഡിതന്മാര്‍ പടര്‍ന്ന് പന്തലിച്ച് ഈ എബോളയെ പിടിച്ച്‌കെട്ടുകയായിരുന്നു.
Leave A Comment