മുസ്‍ലിം ചരിത്ര നഗരങ്ങള്‍ - 08  സാമറ: സാമ്രാജ്യങ്ങള്‍ കയറിയിറങ്ങിയ സര്‍പ്പിള മിനാരങ്ങള്‍

സാംസ്‌കാരിക പ്രാധാന്യമുള്ള വാസ്തുവിദ്യാ വിസ്മയങ്ങള്‍ക്ക് പ്രസിദ്ധമായ ഇറാഖിലെ ചരിത്രസമ്പന്നമായ പുരാതന നഗരമാണ് സാമറ. ടൈഗ്രിസ് നദിയുടെ ഇരുകരകളിലായി സ്ഥിതി ചെയ്യുന്ന നഗരം അബ്ബാസി ഖിലാഫത്തിന്റെ തലസ്ഥാനവും ഒരുകാലത്ത് ഇസ്‍ലാമിക ലോകത്തിലെ ഏറ്റവും സുപ്രധാന കേന്ദ്രങ്ങളിലൊന്നുമായിരുന്നു. അതിമനോഹരമായ അല്‍-മലാവിയ മസ്ജിദിന്റെ മിനാരമുള്‍പ്പെടെ നിരവധി വാസ്തുവിദ്യാ ശില്‍പങ്ങള്‍ക്ക് ജന്മം നല്‍കിയ നഗരം ഇന്ന് പഴയ സുവര്‍ണകാലത്തിന്റെ ഓര്‍മകളയവിറക്കി നിലകൊള്ളുന്നു.

സാമറയിലെ ഇസ്‍ലാമിന്റെ ചരിത്രം

നിരവധി സാമ്രാജ്യങ്ങളുടെ ചലനങ്ങള്‍ ഈ പ്രദേശത്തിന്റെ ഗതിയില്‍ മായാത്ത മുദ്ര പതിപ്പിച്ചിട്ടുണ്ട്. ഇസ്‍ലാമിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ വലിയ സ്ഥാനമാണ് സാമറ നഗരത്തിനുള്ളത്. സമാറയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാലഘട്ടം ആരംഭിക്കുന്നത് ഒന്‍പതാം നൂറ്റാണ്ടില്‍ തുണീഷ്യ മുതല്‍ മധ്യേഷ്യ വരെ നീണ്ടുകിടന്നിരുന്ന അബ്ബാസി ഖിലാഫത്തിന്റെ തലസ്ഥാനമാവുന്നതോടെയാണ്. എഡി 836-ല്‍, ഖലീഫ അല്‍-മുഅ്തസിം അധികാരകേന്ദ്രം ബഗ്ദാദില്‍ നിന്ന് മാറ്റുകയും സാമറയെ പുതിയ തലസ്ഥാനമായി പ്രഖ്യാപിക്കുകയും ചെയ്തു. നഗരത്തിന്റെ സൈനികവും തന്ത്രപരവുമായ സ്ഥാനവും ആഭ്യന്തര സംഘര്‍ഷങ്ങളില്‍ നിന്നും വിദേശ ശത്രുക്കളുടെ ഭീഷണികളില്‍ നിന്നും ഖിലാഫത്തിനെ സംരക്ഷിക്കുക എന്ന ലക്ഷ്യവുമായിരുന്നു ഈ നീക്കത്തിലേക്ക് അദ്ദേഹത്തെ നയിക്കുന്നത്.

Read More: ഇസ്‍ലാമിക ചരിത്രനഗരങ്ങള്‍ - 07 ഗോര്‍-മാല്‍ഡ : ബംഗാളിലെ ഷാഹി രാജവംശങ്ങളുടെ ചരിത്രവും വര്‍ത്തമാനവും

അബ്ബാസി കാലഘട്ടത്തില്‍, ചരിത്രത്തിലന്ന് വരെ കാണ്ടിട്ടില്ലാത്ത വിധത്തില്‍ ഗണ്യമായ പുരോഗതിയും സാംസ്‌കാരിക അഭിവൃദ്ധിയും സാമറയിലുണ്ടായി. ഗ്രേറ്റ് മോസ്‌ക് (851) ഉള്‍പ്പെടെയുള്ള കൂറ്റന്‍ വാസ്തുവിദ്യാ അത്ഭുതങ്ങളുടെ നിര്‍മ്മാണം അബ്ബാസി ഭരണാധികാരികളുടെ സമൃദ്ധിയും സ്വാധീനവും പ്രതിഫലിപ്പിക്കുന്നതാണ്. സാമറയിലെ അധികാര കേന്ദ്രത്തിലിരുന്ന് ഖലീഫമാര്‍ വിശാലമായ പ്രദേശങ്ങള്‍ ഭരിക്കുകയും മറ്റു സാമ്രാജ്യങ്ങളുമായും പ്രദേശങ്ങളുമായും നയതന്ത്ര ബന്ധങ്ങളിലും വ്യാപാരത്തിലും ഏര്‍പ്പെട്ടുപോരുകയും ചെയ്തു. 

സാമറയിലെ മുസ്‌ലിം ഖിലാഫത്തിന്റെ കാലഘട്ടം ബാഹ്യ ശക്തികളുടെ ഭീഷണകളില്‍ നിന്നും വെല്ലുവിളികളില്‍ നിന്നും മുക്തമായിരുന്നില്ല. ഏതൊരു ഭരണസിരാകേന്ദ്രത്തെയും പോലെ സാമറയും അനവധി പടയോട്ടങ്ങളെ അതിജീവിച്ചു. 869-883 കാലഘട്ടത്തില്‍ തെക്കന്‍ ഇറാഖില്‍ ആഫ്രിക്കന്‍ അടിമകള്‍ നടത്തിയ സെന്‍ജ് കലാപത്തിന് സാമറയും ഇരയായി. തുടര്‍ന്ന് ഒമ്പത് പത്ത് നൂറ്റാണ്ടുകള്‍ തുര്‍ക്കി സൈനിക ശക്തികളുടെ കടന്നുവരവ് സാമറയുടെ രാഷ്ടീയ സാംസ്‌കാരിക മണ്ഡലത്തില്‍ കാര്യമായ ക്ഷതങ്ങളേല്‍പിച്ചു. 941 ല്‍ അബ്ബാസി ഖിലാഫത്തിനെതിരെ ശീഇകള്‍ നടത്തിയ കലാപത്തിനും നഗരം സാക്ഷ്യം വഹിച്ചു. ഒടുവില്‍ പതിമൂന്നാം നൂറ്റാണ്ടിന്റെ മധ്യത്തോടെ (1258) ഹുലാഗു ഖാന്റെ നേതൃത്വത്തില്‍ മലവെള്ളപ്പാച്ചില്‍ പോലെ വന്ന മംഗോളുകളുടെ പടയോട്ടം നഗരത്തിന്റെ തലവര തന്നെ മാറ്റിയെഴുതി. 

അബ്ബാസി ഭരണകൂടത്തിന്റെ ആഭ്യന്തര സംഘട്ടനങ്ങളും അധികാര പോരാട്ടങ്ങളും നിരന്തര യുദ്ധങ്ങളും സാമറയുടെ രാഷ്ട്രീയ സ്ഥിരതയെ ക്രമേണ ദുര്‍ബലപ്പെടുത്തി. അബ്ബാസി ഖിലാഫത്തിന് ശിഥിലീകരണം നേരിട്ടപ്പോള്‍, ഖലീഫമാര്‍ക്ക് അവരുടെ പ്രദേശങ്ങളുടെ നിയന്ത്രണം കുറയുകയും സാമറയുടെ ജനപ്രീതി പതിയെ ക്ഷയിക്കുകയും ചെയ്തു. നഗരം തുടര്‍ച്ചയായ കലാപങ്ങള്‍ക്കും അട്ടിമറികള്‍ക്കും സാക്ഷ്യം വഹിച്ചു. ഇത് ഒരു രാഷ്ട്രീയ, ഭരണ കേന്ദ്രമെന്ന നിലയില്‍ ക്രമേണ അതിന്റെ പതനത്തിലേക്ക് നയിക്കുകയും ചെയ്തു.

അബ്ബാസികളുടെ പതനത്തിനുശേഷം, സെല്‍ജൂക്കുകളും മംഗോളിയരും ഉള്‍പ്പെടെ വിവിധ സാമ്രാജ്യങ്ങളുടെ ഭരണത്തിന് കീഴിലായിന്നു സാമറ. നഗരത്തിന്റെ സാംസകാരികവും രാഷ്ട്രീയവുമായ ഭൂപടത്തില്‍ തങ്ങളുടെതായ മുദ്ര പതിപ്പിച്ചാണ് ഓരോ ഭരണകൂടങ്ങളും കടന്ന് പോയത്. ഭരണനേതൃത്വത്തിലെ നിരന്തരമായ മാറ്റങ്ങള്‍ക്ക് ശേഷവും, കാലത്തെ അതിജീവിച്ച് സാമറ അതിന്റെ ചരിത്രപരവും മതപരവുമായ പ്രാധാന്യം നിലനിര്‍ത്തി, തീര്‍ത്ഥാടകരെയും പണ്ഡിതന്മാരെയും അതിന്റെ വിശുദ്ധ സ്ഥലങ്ങളിലേക്ക് ആകര്‍ഷിച്ച് കൊണ്ടിരിക്കുന്നു. 

വാസ്തുവിദ്യ ശൈലികള്‍


ചരിത്രപരമായി സാമറയുടെ പ്രാധാന്യം നഗരത്തില്‍ വിവിധ സാമ്രാജ്യ ശക്തികള്‍ പണികഴിപ്പിച്ച ശ്രദ്ധേയമായ വാസ്തുവിദ്യാ ഘടനകളും സാംസ്‌കാരിക പൈതൃകവും ഇന്നും നിലനില്‍ക്കുന്നതാണ്. അല്‍-മലാവിയ ടവര്‍ ഉള്‍പ്പെടുന്ന വിശേഷമായ സര്‍പ്പിള (spiral) മിനാരങ്ങള്‍ക്ക് പ്രശസ്തമായ ഗ്രേറ്റ് മോസ്‌കാണ് സാമറയിലെ ഏറ്റവും പ്രശസ്തമായ വാസ്തുവിദ്യാ അത്ഭുതങ്ങളിലൊന്ന്. 847 ല്‍ നിര്‍മാണമാരംഭിച്ച് 851 ല്‍ ഖലീഫ അല്‍-മുതവക്കിലാണ് മസ്ജിദ് കമീഷന്‍ ചെയ്യുന്നത്. 52 മീറ്റര്‍ ഉയരത്തില്‍ സ്‌പൈറല്‍ ശൈലിയില്‍ നിര്‍മിക്കപ്പെട്ട മലാവിയ മിനാരം തന്നെയാണ് ഈ മസ്ജിദിന്റെ പ്രധാന ആകര്‍ഷണം. ഒന്‍പതാം നൂറ്റാണ്ടില്‍ നിര്‍മാണം പൂര്‍ത്തീകരിക്കുമ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ പള്ളികളിലൊന്നായിരുന്നു സാമറയിലെ ഗ്രേറ്റ് മസ്ജിദ്. ആ കാലഘട്ടത്തിലെ കലാ വൈദഗ്ധ്യത്തിന്റെ ഉത്തമ തെളിവായി ഇന്നും മലാവിയ ടവര്‍ തലയുയര്‍ത്തി നിലകൊള്ളുന്നു. മിനാരത്തിന്റെ സങ്കീര്‍ണ്ണമായ രൂപകല്‍പ്പനയും ഇഷ്ടിക കൊണ്ടുള്ള അതിന്റെ അലങ്കാരപ്പണികളും വലിയ നടുമുറ്റവും പ്രാര്‍ത്ഥനാ ഹാളും സന്ദര്‍ശകരെ ആകര്‍ഷിക്കുകയും അമ്പരിപ്പിക്കുന്ന അബ്ബാസി  വാസ്തുവിദ്യാ ശൈലിയെ ലോകത്തിന് മുന്നില്‍ തുറന്ന് വെക്കുകുയും ചെയ്യുന്നു. 

ഇസ്‍ലാമിക കലയുടെ പുതിയൊരു പരീക്ഷണമായിരുന്നു മാള്‍വിയ, അബു ദുലാഫ് പള്ളികളിലേത്. മസ്ജിദുകളുടെ നിര്‍മാണത്തിലും അവയുടെ ആസൂത്രണം, നിര്‍മ്മാണം, ശേഷി എന്നിവയിലും മുന്‍ കാലങ്ങളിലെ ശൈലിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ വലിയ വ്യത്യാസം കാണാനാകും.  പ്രവിശാലമായ നടുമുറ്റവും അഭൂതപൂര്‍വമായി അലങ്കരിക്കപ്പെട്ട മിനാരങ്ങളും പകിട്ടേകുന്ന ഈ പള്ളികള്‍ അക്കാലത്തെ മുസ്‌ലിം സാമ്രാജ്യത്തിന്റെ പ്രൗഢിയും ഗരിമയും പ്രകടമാക്കുന്നു.  

സാമറയുടെ വാസ്തുവിദ്യാ പാരമ്പര്യത്തിന്റെ മറ്റൊരു മനോഹരമായ ഉദാഹരണമാണ് അബ്ബാസി പാലസ് കോംപ്ലക്സ്. ഒരു കാലത്ത് ഖലീഫമാരുടെയും അവരുടെ സഹചാരികളുടെയും വസതിയായി പ്രവര്‍ത്തിച്ചിരുന്ന ഈ വിശാലമായ സമുച്ചയത്തില്‍ വിസ്തൃതമായ മുറ്റങ്ങളും രാജകീയ ഹാളുകളും സങ്കീര്‍ണ്ണമായ കൊത്തുപണികളാല്‍  അലങ്കരിച്ച മുറികളും കാണാം. സെറാമിക് ടൈല്‍ വര്‍ക്കുകളുടെയും വിലകൂടിയ സ്റ്റക്കോയുടെയും ഉപയോഗം അബ്ബാസി കരകൗശല വിദഗ്ധരുടെ കലാപരമായ വൈദഗ്ദ്ധ്യം എടുത്തു കാണിക്കുന്നു. ഭരണാധികാരികളുടെ രാജകീയ ജീവിതത്തിന്റെയും വാസ്തുവിദ്യാ നിര്‍മാണങ്ങളോടുള്ള  പ്രതിബദ്ധതയുടെയും ഒരു നേര്‍ക്കാഴ്ച നല്‍കുന്നുണ്ട്, ഈ കൊട്ടാര സമുച്ചയം. 

സാമറയുടെ പാരമ്പര്യം അബ്ബാസി കാലഘട്ടത്തില്‍ മാത്രം ഒതുങ്ങുന്നില്ല. പില്‍ക്കാലത്തു വന്ന സെല്‍ജുക്കുകള്‍, ഓട്ടോമന്‍മാര്‍ തുടങ്ങിയവരുടെ സ്വാധീനവും നഗരത്തിലുണ്ട്. സെല്‍ജുക് വാസ്തുവിദ്യയുടെ അവശിഷ്ടങ്ങള്‍ അക്കാലത്ത് വ്യാപാര കേന്ദ്രമായും സത്രങ്ങളായും പ്രവര്‍ത്തിച്ചിരുന്ന കാരവന്‍ സെറായികളില്‍ കാണാം. ഇവയിലെ സങ്കീര്‍ണ്ണമായ കൊത്തുപണികളും അലങ്കാര ഘടകങ്ങളും നൂറ്റാണ്ടുകള്‍ നീളുന്ന സാമറയുടെ വാസ്തുവിദ്യാ ഭൂപ്രകൃതിയെ രൂപപ്പെടുത്തിയ കലാ വൈവിധ്യങ്ങലിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്. ചരിത്ര നിര്‍മിതികള്‍ക്കും സ്മാരകങ്ങള്‍ക്കും പുറമേ, നഗരാസൂത്രണത്തിന് കൂടി അറിയപ്പെട്ട നഗരമാണ് സാമറ. ഇടുങ്ങിയ തെരുവുകളും വളഞ്ഞുപുളഞ്ഞ ഇടവഴികളും നിറഞ്ഞ നഗരത്തിന്റെ ലേഔട്ട് അക്കാലത്തെ നഗരാസൂത്രണ വൈദഗ്ദ്യത്തിന്റെ നേര്‍ക്കാഴ്ച തന്നെയാണ് സമ്മാനിക്കുന്നത്. പരമ്പരാഗതമായ വീടുകളും കെട്ടിടങ്ങളും വരെ കൃത്യമായ അലങ്കാര ഘടനകള്‍ കൊണ്ടും സങ്കീര്‍ണ്ണമായ മരപ്പണികളാലും അലങ്കരിച്ചിരിക്കുന്നതായി കാണാം. 

Read More: ഇസ്‍ലാമിക ചരിത്ര നഗരങ്ങള്‍. (6) അലെപ്പോ: ചരിത്ര ശേഷിപ്പുകളാല്‍ സമ്പന്നമായ നഗരം

സാമറയുടെ വാസ്തുവിദ്യ ശില്‍പങ്ങളും പൈതൃക സമ്പത്തും മറ്റേതു പുരാതന നഗരത്തെയും പോലെ തന്നെ വെല്ലുവിളികളൊരുപാട് നേരിട്ടു. വര്‍ഷങ്ങളായി, നഗരം ഇസ്‍ലാമിക് സ്റ്റേറ്റ് (ISIS), സുന്നി-ശിയ പോരാട്ടങ്ങള്‍ തുടങ്ങി പലവിധ സംഘര്‍ഷങ്ങള്‍ക്ക് വേദിയാണ്. ഇത്തരം സംഘര്‍ഷങ്ങള്‍ അമൂല്യമായ പല വാസ്തുവിദ്യാ നിര്‍മിതികളുടെയും സമ്പൂര്‍ണമോ ഭാഗികമോ ആയ തകര്‍ച്ചയിലേക്ക് നയിച്ചിട്ടുണ്ട്. എന്നിരുന്നാലും, നഗരത്തിന്റെ സമ്പന്നമായ ചരിത്രവും ഇസ്‍ലാമിക നാഗരികതയുടെ പ്രബല കേന്ദ്രമെന്ന നിലയിലുള്ള അതിന്റെ പങ്കും മനസ്സിലാക്കി ഈ സാംസ്‌കാരിക നിധികളുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് അവയെ സംരക്ഷിക്കാനും പുനഃസ്ഥാപിക്കാനും പലകോണുകളില്‍ നിന്നും ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

നിലവിലെ സ്ഥിതി

ഇറാഖിലെ പല നഗരങ്ങളെയും പോലെ സാമറയും അടുത്ത കാലത്തായി  അടിസ്ഥാന സൗകര്യങ്ങള്‍, സുരക്ഷ, വികസനം എന്നിവയുമായി ബന്ധപ്പെട്ട് വിവിധ വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്നുണ്ട്. നഗരത്തിന്റെ ചരിത്രപരമായ പ്രാധാന്യവും വാസ്തുവിദ്യാ പൈതൃകവും പലപ്പോഴും അതിനെ സംഘര്‍ഷത്തിനും നശീകരണത്തിനും ഇരയാക്കി മാറ്റി എന്നുതന്നെ പറയാം.

ഇറാഖ് യുദ്ധത്തെ തുടര്‍ന്നുള്ള വര്‍ഷങ്ങളിലുണ്ടായ വിഭാഗീയ സംഘര്‍ഷങ്ങളും തീവ്രവാദ പ്രവര്‍ത്തനങ്ങളും സാമറയില്‍ അസ്ഥിരതയുടെ കാലമായിരുന്നു. ഷിയാ ഇസ്‍ലാമിന്റെ പുണ്യസ്ഥലങ്ങളിലൊന്നായ അല്‍-അസ്‌കരി ദേവാലയത്തില്‍ 2006-ല്‍ നടന്ന ബോംബാക്രമണം വ്യാപകമായ അക്രമത്തിന് കാരണമാവുകയും നഗരത്തിന്റെ സാമൂഹിക ഘടനയെ കൂടുതല്‍ വഷളാക്കുകയും ചെയ്തു.
 
സാമറയടങ്ങുന്ന ഈ മേഖലയില്‍ സ്ഥിരതയും സമാധാനവും പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ ക്രമേണ ആരംഭിച്ചിട്ടുണ്ട്. നഗരത്തിലെ ചരിത്രസ്മാരകങ്ങള്‍, പ്രത്യേകിച്ച് മതപരമായ പ്രാധാന്യമുള്ള അല്‍-അസ്‌കരി മസ്ജിദ് പുനഃസ്ഥാപിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള ശ്രമങ്ങള്‍ ഇറാഖി ഗവണ്‍മെന്റിന്റെയും യുനെസ്‌കോയുടെയും നേതൃത്വത്തില്‍ നടന്നു വരുന്നുണ്ട്. മസ്ജിദിന്റെ പുനരുദ്ധാരണം, രാജ്യത്തിനകത്തെ ഭിന്നതകള്‍ പരിഹരിക്കുന്നതിനും ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ശ്രമമായി കാണാം. സാമറയ്ക്കും ചുറ്റുമുള്ള പ്രദേശങ്ങളുടെ പുനര്‍നിര്‍മാണത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും ഗവണ്‍മെന്റ് മുന്‍ഗണന നല്‍കി വരുന്നു. നഗരത്തിന്റെ ചരിത്രപരവും സാംസ്‌കാരികവുമായ പൈതൃകം പ്രദര്‍ശിപ്പിക്കുന്നതിനായി ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും ഇതിനായി നിക്ഷേപകരെയും സംരംഭകരെയും ആകര്‍ഷിക്കുന്നതിനും ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ ഗവണ്‍മെന്റിന്റെ പരിഗണയിലുണ്ട്. 

ഉപസംഹാരം

ചരിത്രപരവും സംസ്‌കാരികവുമായി മുന്നിട്ടു നിന്ന ഇസ്‍ലാമിക നഗരങ്ങളില്‍ പ്രധാനിയായിരുന്നു ഇറാഖിലെ മധ്യകാല ഇസ്‍ലാമിക നാഗരികതയുടെ ഉത്പന്നമായ സാമറ നഗരം. വിവിധ രാജഭരണകൂടങ്ങളിലൂടെ വളര്‍ന്നും വിളര്‍ത്തും കാലക്രമേണ ജീര്‍ണിച്ച് സത്ത നഷ്ടപ്പെട്ടൊരു നഗരമാണിന്ന് സാമറ. ഇറാഖിലെ പ്രാദേശിക ഭരണകൂടവും യുനെസ്‌കോയും പോലെ ലോകമെമ്പാടുമുള്ള മുസ്‌ലിം സംഘടനകളും സാമറയുടെ പൈതൃക സംരക്ഷണത്തിന് ഉയര്‍ന്ന മുന്‍ഗണന നല്‍കണം. അമൂല്യമായ പൈതൃകവും വാസ്തുവിദ്യാ സൗന്ദര്യവും വഹിക്കുന്ന ഈ നഗരം എന്തുകൊണ്ടും അതിന്റെ ഗതകാല പ്രൗഢിയിലേക്ക് ഒരു തിരിച്ചുവരവ് അര്‍ഹിക്കുന്നുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter