ആ ജീവിതം, അത് നമുക്ക് വേണ്ടിയായിരുന്നു..
ക്രിസ്ത്വബ്ദം 571മുതലുള്ള അറുപത്തി മൂന്ന് വര്‍ഷം, ഭൂമിയും ആകാശവും ഏറെ സന്തോഷിച്ച വര്‍ഷങ്ങള്‍ അതായിരുന്നു എന്ന് നിസ്സംശയം പറയാം. പ്രപഞ്ച സൃഷ്ടിക്ക് തന്നെ കാരണഭൂതരായ പ്രവാചകര്‍ ഭൂമിയിലൂടെ നടന്ന് നീങ്ങിയത് ആ കാലയളവിലായിരുന്നുവല്ലോ.
മനുഷ്യസൃഷ്ടിപ്പിന്റെ ലക്ഷ്യം സമുന്നതമായി സാക്ഷാല്‍ക്കരിക്കപ്പെട്ടതും അന്നു തന്നെ. ആ ജീവിതം തന്നെ മുഴുവന്‍ മനുഷ്യകുലത്തിനും വേണ്ടിയായിരുന്നു.
ആ മനുഷ്യന്‍ ജീവിച്ചത് നമുക്ക് വേണ്ടിയായിരുന്നു. സുഖങ്ങള്‍ ത്യജിച്ചതും ദു:ഖങ്ങള്‍ വരിച്ചതും നമ്മുടെ വഴികളെ പച്ചപിടിപ്പിക്കാനായിരുന്നു. അവിടുന്ന് കൊണ്ട വെയിലുകളാണ് ഇന്ന് നമ്മുടെ പാതകളിലെ നിഴലുകള്‍. അവിടുത്തെ പ്രാര്‍ത്ഥനകളിലെല്ലാം നാമുണ്ടായിരുന്നു. തന്റെ മുന്നിലിരിക്കുന്നവര്‍ മാത്രമല്ല, അവസാന നാള്‍ വരെ വരാനിരിക്കുന്ന തന്റെ സമുദായാംഗങ്ങളെല്ലാം.
മരണമടഞ്ഞവരെ ഖബ്റ്സ്ഥാനിലെത്തി സന്ദര്‍ശിക്കുന്നതിനിടെ ഒരിക്കല്‍ അവിടുന്ന് കൂടെയുള്ള സ്വഹാബികളോട് പറഞ്ഞു, എനിക്ക് നമ്മുടെ സഹോദരങ്ങളെ കാണാന്‍ കൊതിയാവുന്നു. സ്വഹാബികള്‍ ചോദിച്ചു, പ്രവാചകരേ, ഞങ്ങളല്ലേ താങ്കളുടെ സഹോദരങ്ങള്‍. പ്രവാചകരുടെ മറുപടി ഇങ്ങനെയായിരുന്നു, നിങ്ങള്‍ എന്റെ സ്വഹാബികളാണ്. ഇത് വരെ വന്നിട്ടില്ലാത്ത, അന്ത്യനാള്‍ വരെ വരാനിരിക്കുന്ന എന്റെ അനുയായികളാണ് എന്റെ സഹോദരങ്ങള്‍. അവരെ നാളെ പരലോകത്ത് ഹൌളിന് സമീപം ഞാന്‍ കാത്തിരിക്കും, അവരെയെല്ലാം എനിക്ക് വ്യക്തമായി തിരിച്ചറിയാനാവും.
മറ്റൊരിക്കല്‍ പ്രവാചകന്‍ (സ്വ) മുന്‍ പ്രവാചകരുടെ വാക്കുകള്‍ അനുസ്മരിച്ച് പൊട്ടിക്കരഞ്ഞു 'നാഥാ, എന്‍റെ സമുദായം,'. ആ നെടുവീര്‍പ്പിന്‍റെ തേങ്ങലുകള്‍ നാഥന്‍ കേട്ടു. തല്‍ക്ഷണം ജിബ്രീല്‍ (അ) നബി സവിധം എത്തി. പരലോകത്ത് തന്‍റെ സമുദായത്തിന്‍റെ അവസ്ഥയെ കുറിച്ചാണ് നബി വേദനിക്കുന്നതെന്ന വിവരം ജിബ്രീല്‍ (അ) അല്ലാഹുവിനോട് പറഞ്ഞു. ഉടനെ നാഥന്‍റെ മറുപടി ' നിങ്ങളുടെ സമുദായത്തിന്‍റെ കാര്യത്തില്‍ നിങ്ങള്‍ വേദനിക്കേണ്ടി വരില്ല'. അല്ലാഹുവിന്‍റെ സമാശ്വാസത്തിന്‍റെ ഇളം കുളിര് കൊണ്ട മനസ്സുമായി നബി പ്രതിവചിച്ചു. 'എങ്കില്‍ എന്‍റെ സമൂഹത്തില്‍ പെട്ട മുഴുവന്‍ പേരും നരകത്തില്‍ നിന്ന് മോചിതനായാലേ എനിക്ക് സമാധാനം ലഭിക്കൂ. എന്‍റെ മനസ്സ് തൃപ്തമാവൂ'.
ഇതെല്ലാം നമുക്ക് വേണ്ടിയായിരുന്നു. നമ്മെയോര്‍ത്തുള്ള കരുതലും വിചാരപ്പെടലുകളുമാണ് ഇവയെല്ലാം. ഈ നോവും സമാധാനവും നമുക്ക് കൂടിയായിരുന്നുവെന്ന തിരിച്ചറിയലാണ് നമ്മെ നബിയിലേക്കടുപ്പിക്കുന്നത്. നമ്മെ കാത്തിരിക്കുന്ന ജഹന്നം നമ്മെക്കാള്‍ നബിയെ ആകുലപ്പെടുത്തുന്നു എന്നറിയുമ്പോള്‍ ഈ പ്രവാചകനെ എങ്ങനെ സ്നേഹിക്കാതിരിക്കും.
ഇസ്‍ലാം അല്ലാത്ത വഴികളൊന്നും സ്വര്‍ഗ്ഗത്തിലേക്കല്ലെന്ന് മനസ്സിലാക്കുമ്പോള്‍ ഈ ഇസ്‍ലാം പറഞ്ഞു തന്ന നബിയെ എങ്ങനെ വിലമതിക്കാതിരിക്കും. നമ്മുടെ മാതാപിതാക്കളും എന്തിന് സ്വന്തം അവയവങ്ങള്‍ പോലും ഒരു വേള നമ്മെ മറക്കുന്നവരെങ്കില്‍ നമ്മെ മറക്കാത്ത ഒരു മനുഷ്യന്‍ നബിയാണെന്നറിയമ്പോള്‍ എങ്ങനെ ആ തണലിനെ പ്രണയിക്കാതിരിക്കും.
ഇങ്ങനെ, നീണ്ടു പോവുന്ന ആ കരുതലുകള്‍ നമ്മുടെയും പ്രവാചകന്‍റെയും സ്നേഹ ബന്ധത്തിന്‍റെ അനിവാര്യതയെ കുറിച്ച് പറഞ്ഞ് തരുന്നു. ഉത്തമ സ്വഭാവം പ്രവാചകന്‍റെതെങ്കില്‍ ആ സ്വഭാവം എന്‍റേതുമാണെന്ന താദാത്മ്യത്തില്‍ ഈ ബന്ധം സുദൃഢമാവുന്നു. അവിടെ നബി വിശ്വാസിയുടെ പ്രിയങ്കരനും മാതൃകാപുരുഷനുമായിത്തീരുന്നു. അനുകരണം ആക്ട്റ്റിവിസമാവുമ്പോള്‍ പ്രവാചകന്റെ ഇസ്‍ലാം എല്ലാത്തിനും പരിഹാരമായിത്തീരുന്നു. ഇരുട്ടില്‍ വെളിച്ചത്തിന്‍റെയും വെറിയുടെ കാലത്ത് സമൃദ്ധിയുടെയും. അവിടെ പ്രവാചക സ്നേഹം മൊട്ടിടുന്നു, പൂക്കുന്നു, കായ്ക്കുന്നു. അതിലൂടെ വിശ്വാസം സമ്പൂര്‍ണ്ണമാവുന്നു. അങ്ങനെ നമ്മള്‍ മനുഷ്യനാവുന്നു. സമ്പൂര്‍ണ്ണനായ പ്രവാചകനെ(സ്വ) പോലെ.
അതോടെ, സ്വര്‍ഗ്ഗത്തില്‍ നിന്നും ഹൃദയങ്ങളിലേക്ക് സ്വര്‍ണ്ണനൂല്‍പാലം പണിയപ്പെടുന്നു. അഥവാ, ഭൂമി തന്നെ സ്വര്‍ഗ്ഗമായി മാറുന്നു.. നാഥന്‍ തുണക്കട്ടെ.
അല്ലാഹുമ്മ സ്വല്ലി വസല്ലിം വബാരിക് അലൈഹി..
Leave A Comment