ബഗ്ദാദിന്‍റെ മണല്‍പരപ്പിലൂടെ
സംസ്‌കാര സമൃദ്ധിയുടെ സുമോഹന സ്‌മാരകങ്ങള്‍ക്ക് ജന്മം നല്‍കിയ ചരിത്രഭൂമികയിലൂടെ ഒരു തീര്‍ത്ഥയാത്ര....അതാണ് ബഗ്ദാദ് സമ്മാനിക്കുന്നത്. ചരിത്രത്തിന്റെ ഗന്ധം മുറ്റി നില്‍ക്കുന്ന മണല്‍പ്പരപ്പിന് പറയാനുള്ളത് ഇന്നലെകളുടെ മഹനീയ ചരിതങ്ങള്‍.... അത്യുന്നതങ്ങളായ മിനാരങ്ങളില്‍നിന്നും ഗോപുരങ്ങളില്‍നിന്നും ഉയര്‍ന്ന് കേള്‍ക്കുന്നത് സംസ്‌കൃതിയുടെ സമര ഭൂമികയെ വിളിച്ചുണര്‍ത്തുന്ന പാശ്ചാത്യന്‍റെ മരണമണിയുടെ നാദങ്ങള്‍... ഇത് ബഗ്‌ദാദ്... യൂഫ്രട്ടീസിന്റെ തലോടലേറ്റ് സാന്ത്വനത്തിന്റെ മധുരം നുണഞ്ഞുറങ്ങുന്ന പുരാതന നഗരം... വിശ്വപ്രസിദ്ധനായ ശൈഖ് ജീലാനി(റ)വിന്റെ ജന്മദേശം... വിജ്ഞാനത്തിന്റെ കെടാവിളക്കുകള്‍ ഉദിച്ച് പൊങ്ങിയ ഭൂമിക... ചരിത്രത്തുടിപ്പുകളുടെ രക്തവും കണ്ണുനീരും കുതിര്‍ന്ന മണല്‍തരികളുടെ നിലക്കാത്ത തേങ്ങലുകള്‍ക്കിടയിലൂടെ നമുക്ക് മുന്നോട്ട് നടക്കാം. പട്ടണത്തിന്റെ തെക്ക് ഭാഗത്തെത്തുന്നതോടെ അതിശയിപ്പിക്കുന്ന കാഴ്‌ചകളാണ് നമ്മെ വരവേല്‍ക്കുക. തലയുയര്‍ത്തിനില്‍ക്കുന്ന ഒട്ടനവധി കെട്ടിടങ്ങള്‍... പട്ട്, പരുത്തി, രോമം എന്നിവയുടെ ഭീമന്‍ ഫാക്‌ടറികള്‍... പ്രകൃതി സൗന്ദര്യത്തിന്റെ മാസ്‌മരികത വിളിച്ചോതുന്ന ഈത്തപ്പഴത്തോട്ടങ്ങള്‍... എങ്ങുംകണ്ണഞ്ചിപ്പിക്കുന്ന കാഴ്‌ചകള്‍... അതാ... ആ പുരാതനമായ റെയില്‍പാതകള്‍ നമുക്ക് പറഞ്ഞ് തരുന്നത് ബഗ്‌ദാദിന്റെ സംസ്‌കാര സമ്പന്നതയുടെയും നാഗരികതയുടെയും കഥകളാണ്. അയല്‍രാജ്യങ്ങളുമായി ബഗ്‌ദാദിനെ ബന്ധിപ്പിക്കുന്നത് ഇവയാണ്. ബഗ്‌ദാദിലെ പുരാതന കെട്ടിടങ്ങള്‍ നമ്മെയോര്‍പ്പിക്കുന്നത് ഈ പട്ടണത്തിന്റെ ഉല്‍ഭവചരിത്രമാണ്. അബ്ബാസി ഖലീഫ മന്‍സൂറിന്റെ കാലത്ത് ഹി. 141ലാണ് ഇത് നിര്‍മ്മിക്കപ്പെടുന്നത്. ഒരു ലക്ഷത്തോളം തൊഴിലാളികള്‍ എട്ട് വര്‍ഷം പ്രയത്‌നിച്ചാണത്രെ ഇത് നിര്‍മ്മിതമായത്. 1638 മുതല്‍ 1917വരെ ഉസ്‌മാനിയ ഭരണത്തിലായിരുന്ന ഈ പട്ടണത്തിലേക്ക് 1917ല്‍ `മോഡ്യൂം'ന്റെ നേതൃത്വത്തില്‍ ഇംഗ്ലീഷുകാര്‍ ഇരച്ചുകയറുകയായിരുന്നു. `രണ്ട് നദികള്‍ക്കിടയിലെ യുദ്ധം' എന്ന പേരിലാണ് ചരിത്രം ആ സംഭവത്തെ ഓര്‍ക്കുന്നത്. വൃത്താകൃതിയിലുള്ള നഗരത്തിന്‌ചുറ്റും പരന്ന് കിടക്കുന്ന ഭീമാകാരമായ രണ്ട് കോട്ടകളാണ് നമ്മെ ഏറെ അല്‍ഭുതപ്പെടുത്തുക. ഇനി നമുക്ക് അങ്ങോട്ട് നടക്കാം.... പഴമയുടെ സ്വര്‍ണ്ണവര്‍ണ്ണം സ്‌ഫുരിക്കുന്ന ആ സര്‍വ്വകലാശാല നമ്മെ മാടിവിളിക്കുന്നില്ലേ... ബഗ്‌ദാദിന്റെ തിരുനെറ്റിയില്‍ ഒരു തിലകച്ചാര്‍ത്തായി ഉയര്‍ന്നുനില്‍ക്കുന്ന ഈ വൈജ്ഞാനിക മണ്ഡപത്തിനുമുണ്ട് ഒട്ടേറെ കഥകള്‍ അയവിറക്കാന്‍. 1926ലാണ് ഇത് പണിതത്.
വൈദ്യശാസ്‌ത്രം, ഭൂമിശാസ്‌ത്രം, ഗോളശാസ്‌ത്രം, തത്വജ്ഞാനം, അറബിസാഹിത്യം തുടങ്ങി ഒട്ടനവധി മേഖലകളില്‍ ബഗ്‌ദാദിനുണ്ടായിരുന്ന സജീവപങ്കാളിത്തം അതിന്റെ ഓരോ മൂലയില്‍നിന്നും നമുക്ക് ഇപ്പോഴും പെറുക്കിയെടുക്കാം. വിദ്യാസമ്പന്നതയുടെയും വിവരസാങ്കേതികതയുടെയും പറുദീസയില്‍നിന്ന് യാത്ര തിരിക്കുമ്പോള്‍, കണ്ണീരുണങ്ങാത്ത ചരിത്രസ്‌മാരകങ്ങള്‍ തേങ്ങിക്കരയുകയാണ്... ബോംബര്‍ വിമാനങ്ങള്‍ക്ക് മുമ്പില്‍, കനിവറ്റ പാശ്ചാത്യ പാദപതനങ്ങള്‍ക്ക് കീഴില്‍ ചരിത്രമുറങ്ങുന്ന ആ മണല്‍തരികള്‍ ഞെരിഞ്ഞമര്‍ന്നിരിക്കയാണ്.... ചിറകൊടിഞ്ഞ കുഞ്ഞാറ്റക്കിളികളെപ്പോലെ ആ ചരിത്ര ഭൂമിക കണ്ണീര്‍ വാര്‍ക്കുകയാണ്....ഇന്നും അന്തരീക്ഷത്തില്‍നിന്ന് ആ രക്തഗന്ധം നീങ്ങിയിട്ടില്ല... പല ഉമ്മമാരുടെയും കണ്ണീര്‍ ഇനിയും തോര്‍ന്നിട്ടില്ല...
Leave A Comment