ഫിറോസാബാദ്; ആ നഗരസുന്ദരിയുടേതായി ഇന്ന് ശേഷിക്കുന്നത് നാമം മാത്രമമാണ്
ഇന്ത്യയുടെ വൈവിധ്യത്തിലും നാനാത്വത്തിലും വിശ്വസിക്കുന്ന പ്രശസ്ത എഴുത്തുകാരിയാണ് റനാ സ്വഫ്‍വി. ഇന്ത്യയുടെ സംസ്കാരത്തെയും പൈതൃകത്തെയും അധികരിച്ച് ഒമ്പത് ഗ്രന്ഥങ്ങള്‍ ഇത് വരെ അവര്‍ രചിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ പുരാതന നഗരങ്ങളുടെ കഥ പറയുന്ന, The Forgotten cities of Delhi എന്ന പുസ്തകത്തിലെ അഞ്ചാം അധ്യായമായ ഫിറോസാബാദിലെ പ്രസക്തമായ ഭാഗങ്ങളുടെ സ്വതന്ത്ര വിവര്‍ത്തനമാണ് ഇത്.
വിവർത്തനം: മിദ്‌ലാജ് തച്ചംപൊയിൽ
എന്റെ ഹൃദയവും ദില്ലിയും തകർന്നുപോയിട്ടുണ്ടായേക്കാം...
എങ്കിലും ഈ അവശിഷ്ടങ്ങൾക്കിടയിൽ സന്തോഷമിപ്പഴും ബാക്കി കിടക്കുന്നു.
- മീർ തഖീ മീർ
ഡൽഹി നഗരത്തിൽ നിന്ന് 15 കിലോമീറ്റർ അകലെ, യമുനാ നദീ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമായിരുന്നു ഗെവിന്‍. അതിന്റെ സൌന്ദര്യവും സാധ്യതകളുമെല്ലാം തിരിച്ചറിഞ്ഞ ഭരണാധികാരിയായിരുന്നു ഫിറോസ് ഷാ തുഗ്ലക്. താമസിയാതെ അങ്ങോട്ട് താമസം മാറ്റാന്‍ തന്നെ അദ്ദേഹം തീരുമാനിച്ചു. കൊട്ടാരങ്ങളും അനുബന്ധ നിര്‍മ്മിതികളും പണിതതോടെ, ആ ഗ്രാമത്തിന്റെ മട്ടും ഭാവവുമെല്ലാം മാറി. ഒരു തലസ്ഥാന നഗരിയുടെ പ്രൌഢിയും അതോടൊപ്പം ഗ്രാമത്തിന്റെ വശ്യസൌന്ദര്യവും ഒത്ത് ചേര്‍ന്ന ഒരു നഗരം തന്നെ അതോടെ അവിടെ രൂപപ്പെട്ടു. പിന്നീട് അത് അറിയപ്പെട്ടത് ഫിറോസാബാദ് എന്ന പേരിലായിരുന്നു. യമുനാ നദിയോട് മുഖാമുഖം നിന്ന് വടക്ക് ഭാഗത്ത് റിഡ്ജ് (ആരവല്ലി മലനിരകൾ) വരെയും തെക്ക് ഭാഗത്ത് ഹൗസ്കാസ് നഗരം വരെയും പരന്നുകിടക്കുന്നതായിരുന്നു ആ നഗരസുന്ദരി. ആ നാമം ഇന്നും ഇന്ത്യയുടെ പ്രൌഢ ചരിത്രത്തിന്റെ ഭാഗമായി ശേഷിക്കുന്നു, നഗരത്തിന്റെ ഭൌതികാവശിഷ്ടങ്ങള്‍ കാര്യമായി ശേഷിക്കുന്നില്ലെങ്കിലും.
ഇന്ത്യയുടെ ആദ്യത്തെ സംരക്ഷകനും നിർമാതാവുമെന്നറിയപ്പെടുന്ന സുൽത്താൻ ഫിറോസ് ഷാ തുഗ്ലക്ക് പണിത നഗരമാണ് ഫിറോസാബാദ്. അദ്ദേഹം ആശുപത്രികളും സത്രങ്ങളും മസ്ജിദുകളും കൊട്ടാരങ്ങളും നിർമ്മിക്കുക മാത്രമല്ല, മറിച്ച് ഖുതുബ് മിനാർ, ഹൗസ് കാസ് തുടങ്ങിയ പുരാതന നിർമ്മിതികളും സുൽത്താൻ ഇൽത്തുമിഷിന്റെയും സുൽത്താൻ അലാവുദ്ദീൻ ഖിൽജിയുടെയും മഖ്ബറകളും പുതുക്കിപ്പണിയുകയുമുണ്ടായി.
38 വര്‍ഷത്തിലേറെ നീണ്ട രാജവാഴ്ചക്കിടയിൽ ഫിറോസ് ഷാ 40 പള്ളികൾ, 30 മദ്രസകൾ, 20 ഖാൻ ഖാഹുകൾ, 200 സത്രങ്ങൾ, 30 നഗരങ്ങൾ, 40 ഡാമുകൾ, 100 കൊട്ടാരങ്ങൾ, 150 പാലങ്ങൾ, പിന്നെ എണ്ണമറ്റ പൂന്തോട്ടങ്ങൾ എന്നിവയും നിർമ്മിച്ചിട്ടുണ്ട്.
യമുനാ നദീ തീരത്തെ ഗവിൻ എന്ന ഗ്രാമമാണ് ഫിറോസാബാദ് പണിയാന്‍ അദ്ദേഹം തിരഞ്ഞെടുത്തത്. ആദ്യമായി സുൽത്താന്റെ കൊട്ടാരവും കൊട്ടാര പണ്ഡിതരുടെ വീടുകളും അവിടെ നിർമ്മിക്കപ്പെട്ടു. അങ്ങനെ ഡൽഹി നഗരത്തിൽ നിന്ന് 15 കിലോമീറ്റർ അകലെ പുതിയൊരു നഗരം പിറവി കൊണ്ടു. ഫിറോസാബാദ് യമുനാ നദിയോട് മുഖാമുഖം നിന്ന് വടക്ക് ഭാഗത്ത് റിഡ്ജ് (ആരവല്ലി മലനിരകൾ) വരെയും തെക്ക് ഭാഗത്ത് ഹൗസ്കാസ് നഗരം വരെയും പരന്നുകിടക്കുന്നു.
പ്രസ്തുത കാലത്തെ സംസ്കാരമനുസരിച്ച് പുരാതന നഗരങ്ങളിൽ നിന്നുള്ള കല്ലുകളും വസ്തുക്കളും വീണ്ടും ഉപയോഗിക്കുകയാണ് ഫിറോസാബാദ് പണിയാൻ സുൽത്താൻ ചെയ്തത്. ഫിറോസാബാദ് നഗരത്തിലെ ആദ്യ നിർമിതി സുൽത്താന്റെ കൊട്ടാരം തന്നെയായിരുന്നു. പിന്നീട് മറ്റ് ഉദ്യോഗസ്ഥരുടെ ഭവനങ്ങൾ ചുറ്റും നിർമ്മിക്കപ്പെട്ടു. കണക്കുകൾ ഏകദേശം ഒന്നര ലക്ഷം ജനങ്ങൾ ഫിറോസാബാദ് നഗരത്തിൽ താമസിച്ചിരുന്നു.
ഫിറോസാബാദിൽ 8 പൊതു മസ്ജിദുകളും ചക്രവർത്തിയുടെ ഒരു സ്വകാര്യ മസ്‌ജിദുമാണ് ഉണ്ടായിരുന്നത്. ഇതിലെ ഓരോ മസ്ജിദുകളും തന്നെ പതിനായിരം ആളുകളെ വരെ ഉൾക്കൊള്ളാൻ പാകത്തിൽ വിശാലമായിരുന്നു. മൂന്നു കൊട്ടാരങ്ങൾ അടക്കം മറ്റനേകം നിർമ്മിതികളും ഫിറോസാബാദ് നഗരത്തിലുണ്ട്. സുൽത്താൻ ഫിറോസ് ഷാ തുഗ്ലക്കിന്റെ മുഖ്യ ആർക്കിടെക്റ്റായ മലിക് ഗാസി ഷഹ്നയും അദ്ദേഹത്തിന്റെ സഹായിയായ അബ്ദുൽ ഹഖുമാണ് ഫിറോസാബാദ് നഗരത്തിന്റെ നിർമ്മിതിക്ക് മേൽനോട്ടം വഹിച്ചത്. ചെങ്കോട്ടയും ജുമാ മസ്ജിദുമെല്ലാമടങ്ങുന്ന മുകൾ രാജാവ് ഷാജഹാന്റെ നഗരമായ ഷാജഹാനാബാദിന്റെ ഇരട്ടിയോളം വരുമായിരുന്ന ഫിറോസാബാദിന്റെ തകർന്നു കിടക്കുന്ന ചില അവശിഷ്ടങ്ങൾ മാത്രമാണ് ഇന്ന് ബാക്കിയുള്ളത്.
ഫിറോസ് ഷാ കോട്ല
ഡൽഹിയിലെ ബഹദൂർഷാ സഫർ റോഡിലാണ് ഫിറോസ് ഷാ കോട്ല സ്ഥിതി ചെയ്യുന്നത്. സുൽത്താൻ ഫിറോസ് ഷാ തുഗ്ലക്ക് യമുനാ നദി തീരത്തെ ഗവിൻ എന്ന ഗ്രാമത്തിൽ 1354 ലാണ് ഈ നഗരം പണികഴിപ്പിച്ചത്. ഇതിന്റെ യഥാർത്ഥ നാമം കുഷ്ക്-ഇ-ഫിറോസാബാദ് എന്നായിരുന്നു. പിന്നീട് അത് ബ്രിട്ടീഷുകാർ ഫിറോസ് ഷാ കോട്ല എന്നാക്കി മാറ്റി.
പൊതുജനങ്ങൾക്ക് ഇടപെടാനായി ദീവാനെ ആം (പൊതു ദർബാർ), പണ്ഡിതർക്കും പ്രമുഖർക്കുമായി ദീവാനെ ഖാസ് (പ്രത്യേക ദർബാർ) എന്നീ സമ്പ്രദായം ആദ്യമായി തുടങ്ങിയത് ഫിറോസ് ഷാ കോട്ലയിലാണ്. ലഖ്നൌതിലെയും ജജ്നഗറിലെയും ജൈത്രയാത്രക്ക് ശേഷം മടങ്ങുമ്പോഴാണ് തന്റെ വിജയങ്ങൾ രേഖപ്പെടുത്തി വെക്കാൻ നല്ലൊരു ചരിത്രകാരനില്ലാത്തതിന്റെ കുറവ് ചക്രവർത്തിക്ക് ബോധ്യപ്പെട്ടത്. അത് കൊണ്ട് തന്നെ സുൽത്താൻ ഫിറോസ് ഷാഹ് തന്റെ ജയഭേരികൾ സ്വയമേ തന്നെ രേഖപ്പെടുത്തി വെക്കാൻ ആരംഭിച്ചുവെന്നാണ് ചരിത്രം.
ഫിറോസ് ഷാ കോട്ലയിലെ മുഖ്യ കവാടം പടിഞ്ഞാറ് ഭാഗത്ത് ഒറ്റ നിലയിലുള്ള ഒട്ടേറെ കെട്ടിടങ്ങളാൽ ചുറ്റപ്പെട്ടതാണ്. അവയിൽ മിക്കതും ഇന്ന് നശിച്ച് കഴിഞ്ഞിട്ടുണ്ട്. കേവലം ചില ചുമരുകൾ മാത്രമാണ് ഇപ്പോൾ ബാക്കിയുള്ളത്. ഈ കെട്ടിടങ്ങളെല്ലാം കൊട്ടാരം കാവൽക്കാരുടെ വീടുകളായിരുന്നു. ഇന്ന് ഈ കെട്ടിടങ്ങളെല്ലാം ഡൽഹിയിലെ മറ്റ് പുരാതന കെട്ടിടങ്ങളെപ്പോലെ പ്രാവുകളുടെയും മറ്റു പക്ഷികളുടെയും സങ്കേതങ്ങളാണ്.
കാവൽക്കാരുടെ മുറികൾ കഴിഞ്ഞാല്‍ നമുക്ക് കാണാൻ സാധിക്കുന്നത് സന്ദർശകർ തെളിച്ച വിളക്കിൽ നിന്നുള്ള എണ്ണയും കരിയും കൊണ്ട് കറുത്ത് പോയ, എന്നാൽ റോസാ പൂവിതളുകൾ കൊണ്ട് പ്രകാശിച്ചു കൊണ്ടിരിക്കുന്ന കോട്ലയിലെ പ്രധാന ജിന്ന് സൂഫിയായ നാനെ മിയാൻ എന്നവരുടെ ഇടമാണ്. ഈ മൂലയിൽ ജിന്നുകൾ തങ്ങളുടെ പ്രശ്നങ്ങൾ പരിഹരിച്ചു തരുമെന്ന് വിശ്വസിക്കുന്നവർ അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനാവശ്യപ്പെട്ടുകൊണ്ടും, വിവാഹത്തിനുള്ള ധനസഹായത്തിനും, കമിതാക്കൾ തങ്ങളുടെ പ്രണയ സാഫല്യത്തിനും മറ്റുമായ് കത്തുകളും എഴുത്തുകളും തൂക്കിയിട്ടിരിക്കുന്നത് ഇന്നും പോയാൽ കാണാൻ സാധിക്കും.
താരീഖെ ഫിറോസ് ഷാഹിയിൽ പറയുന്നത് പ്രകാരം ഫിറോസാബാദിൽ 3 കൊട്ടാരങ്ങളാണുള്ളത്. ഈ കൂട്ടത്തിൽ പെട്ട ആദ്യത്തെ കൊട്ടാരമാണ് Mahal e sehan e gilin (കളിമൺ കൊട്ടാരം). Mahal e Angoor (മുന്തിരിത്തോപ്പുകളുടെ കൊട്ടാരം) എന്നും ഇതറിയപ്പെടുന്നു. പ്രഭുക്കൻമാർക്കും മറ്റു രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾക്കും അത് പോലെ സാഹിത്യകാരൻമാർക്കും ചക്രവർത്തി വിരുന്നൊരുക്കിയിരുന്നത് ഈ കൊട്ടാരത്തിലാണ്.
രണ്ടാമത്തെ കൊട്ടാരം Mahal e chajja e chabin (മരക്കൊട്ടാരം) എന്നറിയപ്പെടുന്നു. ഇത് ചക്രവർത്തിയുടെ സ്വകാര്യ വിരുന്നുകൾ സംഘടിപ്പിച്ചിരുന്ന ഇടമായിരുന്നു. Mahal e Bari Amm (പൊതുജനങ്ങളുടെ ദർബാർ) എന്ന പേരിലുള്ളതാണ് ഫിറോസാബാദിലെ കൊട്ടാരങ്ങളിലെ മൂന്നാമത്തേത്. ഷെഹാനെ മിയാനഗി എന്നും ഈ കൊട്ടാരം വിളിക്കപ്പെടുന്നു. സുൽത്താന്റെ സൽക്കാര വിരുന്നുകൾ നടത്തപ്പെട്ടിരുന്ന ഇവിടം ഇന്ന് അറിയപ്പെടുന്നത് ജിന്നുകളുടെ വാസസ്ഥലമായിട്ടാണ്. ഇവിടെ പ്രസിദ്ധമായ ഒരു ചുമര് കാണാം, അതിൽ ജിന്നുകൾക്കുള്ള കത്തുകൾ തൂക്കിയിട്ടിട്ടുണ്ടാവും. ഈ ചുമരിനു കീഴെ മെഴുകുതിരികളും ചന്ദനത്തിരികളും എപ്പോഴും വെളിച്ചത്തോടൊപ്പം സുഗന്ധവും പരത്തിക്കൊണ്ടിരിക്കുന്നു.
മസ്ജിദ് ജാമി, ഫിറോസ് ഷാ കോട്ല
നഗര സമുച്ചയത്തിലെ മറ്റൊരു ശ്രദ്ധേയമായ നിർമ്മിതിയാണ് സുൽത്താൻ ഫിറോസ് ഷായുടെ പ്രധാനമന്ത്രിയായ ഖാനെ ജഹാൻ 1354 ൽ നിർമ്മിച്ച ജാമി മസ്ജിദ്. അദ്ദേഹം നിർമ്മിച്ച ഏഴ് മസ്ജിദുകളിലൊന്നാണിത്.
മംഗോൾ ചക്രവർത്തിയായ തിമൂർ ഇവിടെ വന്ന് നിസ്കരിക്കുകയും ഖുത്തുബ നടത്തുകയും സമാനമായ ഒന്ന് സമർഖന്ദിൽ പണിയാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നുവെന്നാണ് ചരിത്രം. പ്രവേശന കവാടം, പടവുകൾ, പിന്നെ ചുമരുകളുടെ ചില ഭാഗങ്ങൾ എന്നല്ലാതെ ഒന്നും തന്നെ ഇന്ന് ഇവിടെ അവശേഷിക്കുന്നില്ല എന്നത് ഏറെ സങ്കടകരമാണ്.
സാധാരണ മസ്ജിദുകളിൽ കാണുന്നതിൽ നിന്ന് വിഭിന്നമായി പ്രവേശനകവാടം പള്ളിയുടെ വടക്ക് ഭാഗത്ത് വരുന്ന രീതിയിലാണ് ജാമി മസ്ജിദിന്റെ നിർമ്മിതി. കിഴക്ക് ഭാഗത്തെ ചുമരിന് തൊട്ടുചേർന്ന് യമുനാ നദി ഒഴുകുന്നത് കൊണ്ടായിരുന്നു ജാമി മസ്ജിദിന്റെ പ്രവേശനകവാടം വടക്ക് ഭാഗത്ത് പണിതത് എന്ന് പറയപ്പെടുന്നു.
വിവർത്തനം: മിദ്‌ലാജ് തച്ചംപൊയിൽ
Leave A Comment