റാബിഥതുല്‍ ആലമില്‍ ഇസ്‌ലാമി (മുസ്‌ലിം വേള്‍ഡ് ലീഗ്)
മക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഗോള ഇസ്‌ലാമിക സംഘടന. 1962 ഒക്‌ടോബര്‍ മാസം ഫൈസല്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ രൂപീകരിക്കപ്പെട്ടു. 1963 ല്‍ ഭരണഘടന നിലവില്‍ വന്നു, സെക്രട്ടറി ജനറല്‍ അടക്കം 70 പണ്ഡിതന്മാര്‍ അടങ്ങുന്നതാണ് ഇതിന്റെ ഭരണഘടനാ കൗണ്‍സില്‍. ലോകത്തെങ്ങുമുള്ള മുസ്‌ലിംകളെ പ്രതിനിധാനം ചെയ്യുന്ന റാബിഥ ഒരു സ്വതന്ത്ര അന്തര്‍ദേശീയ പ്രസ്ഥാനമാണ്. ലോകമാകെ ഇസ്‌ലാമിക സന്ദേശം പ്രചരിപ്പിക്കുക, ഇസ്‌ലാമിനെയും മുസ്‌ലിംകളെയും കുറിച്ച് ശത്രുക്കള്‍ പ്രചരിപ്പിക്കുന്ന തെറ്റിദ്ധാരണകള്‍ നീക്കുക, അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന മുസ്‌ലിം നൂനപക്ഷങ്ങളെ സഹായിക്കുക, മുസ്‌ലിം ഐക്യത്തിനും വിദ്യാഭ്യാസത്തിനും സാമ്പത്തിക പുരോഗതിക്കും പ്രോത്സാഹനം നല്‍കുക എന്നിവയാണ് റാബിഥയുടെ ലക്ഷ്യങ്ങള്‍. ഇസ്‌ലാമിക പ്രബോധനം ലക്ഷ്യമാക്കി റാബിഥ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അനവധി മബ്ഊസുമാരെ (പ്രബോധകന്മാരെ) നിയമിച്ചിട്ടുണ്ട്. ലോകനേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് അന്താരാഷ്ട്ര സമ്മേളനങ്ങളും ചര്‍ച്ചകളും സംഘടനകളും സംഘടിപ്പിക്കുന്നു. പ്രവര്‍ത്തനം സുഗമമാക്കാന്‍ വേണ്ടി സംഘടനയെ വിവിധ വിംഗുകളായി തിരിച്ചിട്ടുണ്ട്. മസ്ജിദ് കൗണ്‍സില്‍, ഫിഖ്ഹ് കൗണ്‍സില്‍, എജ്യുക്കേഷന്‍ ബോര്‍ഡ്, പബ്ലിഷിംഗ് വിംഗ് തുടങ്ങിയവയാണവ. റാബിഥയുടെ പ്രഥമ ഉപഘടകമാണ് മസ്ജിദ് കൗണ്‍സില്‍. 1971 ല്‍ നിലവില്‍ വന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ആയിരക്കണക്കിന് പള്ളികള്‍ ഇതിന്റെ കീഴിലായി നിര്‍മിക്കപ്പെട്ടു. പ്രധാനമായും ദരിദ്ര മുസ്‌ലിം പ്രദേശങ്ങളിലും മുസ്‌ലിം നൂനപക്ഷമേഖലകളിലുമാണിത്. ഇമാമുമാര്‍ക്കും ഖഥീബുമാര്‍ക്കും പ്രത്യേകം പരിശീലനവും കൗണ്‍സില്‍ നല്‍കുന്നു.
മൗരിത്താനിയ, ഇന്തോനേഷ്യ, യു.എസ്.എ, യൂഗോസ്ലാവിയ, സോമാലിയ, ഫ്രാന്‍സ്, സൈപ്രസ്, ബെല്‍ജിയം, സുഡാന്‍, അല്‍ബേനിയ, ഉഗാണ്ട, തായ്‌ലന്റ്, കാമറൂണ്‍, ഘാന, ഫിലിപൈന്‍സ്, മെക്‌സിക്കോ, ബംഗ്ലാദേശ്, മാലി ദ്വീപ്, ബ്രസീല്‍, മലേഷ്യ, സൗത്ത് ആഫ്രിക്ക, ഇന്ത്യ, ബര്‍മ തുടങ്ങിയവയെല്ലാം ഇതിന്റെ പ്രവര്‍ത്തന കേന്ദ്രങ്ങളാണ്. ആധുനിക നാഗരിക വിഷയങ്ങളില്‍ ഇസ്‌ലാമിക പ്രമാണങ്ങളെ അധികരിച്ച് മതവിധി (ഫത്‌വ) നല്‍കുന്ന സംഘമാണ് ഫിഖ്ഹ് കൗണ്‍സില്‍. ഏതാനും വിശ്വപ്രസിദ്ധ പണ്ഡിതന്മാര്‍ അടങ്ങുന്നതാണ് ഈ സഭ. രക്തദാനം, അവയവദാനം, ബാങ്കിംഗ്, ഇന്‍ഷൂറന്‍സ്, ഭ്രൂണഹത്യ, ടെസ്റ്റ് ട്യൂബ് ശിശു, ക്ലോണിംഗ് തുടങ്ങിയ വിഷയങ്ങളില്‍ പണ്ഡിതോചിതമായ വിശദീകരണങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇന്റര്‍നാഷ്‌നല്‍ ഇസ്‌ലാമിക് റിലീഫ് ഏജന്‍സിയാണ് മറ്റൊരു ഉപ ഘടകം. നിരാലംബരായ വ്യക്തികളെയും സമൂഹങ്ങളെയും സഹായിക്കുകയാണ് ഇതിന്റെ ലക്ഷ്യം. അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ബര്‍മ, സോമാലിയ, എത്യോപ്യ, സുഡാന്‍, ഉഗാണ്ട, ബോസ്‌നിയ, കൊസോവ, നേപ്പാള്‍, ജിബൂട്ടി തുടങ്ങിയ രാഷ്ട്രങ്ങളിലെ അഭയാര്‍ത്ഥികളെ സഹായിക്കുകവഴി ലോക ശ്രദ്ധ പിടിച്ചുപറ്റി. മുസ്‌ലിം വ്യക്തികളിലൂടെയും സംഘടനകളിലൂടെയും ലഭിക്കുന്ന സംഭാവനകള്‍വഴിയും വഖ്ഫുകള്‍ വഴിയുമാണ് ഇതിനുള്ള ഫണ്ട് സ്വരൂപിക്കുന്നത്. വിദ്യാഭ്യാസ മേഖലയാണ് റാബിഥ ശ്രദ്ധ പതിപ്പിച്ച മറ്റൊരു മേഖല. ധാരാളം സ്‌കൂളുകള്‍ക്കും യൂണിവേഴ്‌സിറ്റികള്‍ക്കും ഇതിന്റെ സഹായം ലഭിക്കുന്നുണ്ട്. വിദ്യാഭ്യാസ സമ്മേളനങ്ങള്‍, ട്രൈനിംഗുകള്‍, ഉപരിപഠനത്തിനുള്ള സ്‌കോളര്‍ഷിപ്പുകള്‍ തുടങ്ങിയവ നടത്തുന്നു. ആഫ്രിക്കന്‍ രാഷ്ട്രങ്ങളെ കേന്ദ്രീകരിച്ചാണ് കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍. ക്രിസ്ത്യന്‍ മിഷനറിയെ തടയാന്‍ സഹായിക്കുന്നു. പ്രസിദ്ധീകരണ വിഭാഗമാണ് ഇതിന്റെ മറ്റൊരു മേഖല. ഇതിനകം ഇസ്‌ലാമിക പ്രബോധനാര്‍ത്ഥം അനവധി പ്രസിദ്ധീകരണങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. മജല്ല റാബിഖതു ആലമില്‍ ഇസ്‌ലാമി, അഖ്ബാറുല്‍ ആലമില്‍ ഇസ്‌ലാമി, ദഅ്‌വത്തുല്‍ ഹഖ്, ദി ജേര്‍ണല്‍, മജല്ലത്തുല്‍ മുജ്മഉല്‍ ഫിഖ്ഹില്‍ ഇസ്‌ലാമി തുടങ്ങിയവ അതില്‍ ചിലതാണ്. ലോകത്തെ വിവിധ ലൈബ്രറികള്‍ക്ക് പ്രസിദ്ധീകരണങ്ങള്‍ സൗജന്യമായി നല്‍കുന്നു. ലോകത്തെ അധികം രാഷ്ട്രങ്ങളിലും റാബിഥക്ക് ഓഫീസുകളുണ്ട്. ഓഫീസുകള്‍ മുഖേനയാണ് അത് പ്രബോധന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
Leave A Comment