നബി(സ) : മനസ്സിന്റെ മൂന്നു കരുണക്കാഴ്ചകള്‍
ഒന്ന്:
ബദര്‍ യുദ്ധം കഴിഞ്ഞു. മക്കായിലെ പ്രധാനികളായ എഴുപതുപേര്‍ യുദ്ധതടവുകാരായി പിടികൂടപ്പെട്ടു. അവരേക്കാളും പ്രധാനികളായിരുന്ന മറെറാരു എഴുപതുപേര്‍ കൊല്ലപ്പെടുകയുമുണ്ടായി. തടവിലായവരില്‍ നബിതിരുമേനിയുടെ പിതൃവ്യന്‍ അബ്ബാസ് ബിന്‍ അബ്ദുല്‍ മുത്തലിബ് വരേയുള്ളവരുണ്ട്. കൊല്ലപ്പെട്ടവരില്‍ അന്നത്തെ മക്കായുടെ നായകന്‍ അംറ് ബിന്‍ ഹിശാമെന്ന അബൂ ജഹല്‍ വരെയുള്ളവരുണ്ട്.
തടവുകാര്‍ ഇസ്‌ലാമിനു മുമ്പില്‍ ആദ്യം വരികയായിരുന്നു. അവരെ പാര്‍പ്പിക്കുവാനുള്ള ജയില്‍, ജയില്‍ നിയമങ്ങള്‍, സമീപനങ്ങള്‍ തുടങ്ങിയ ഒന്നും രൂപപ്പെട്ടിട്ടില്ല. തല്‍കാലം തടവുകാരെ മസ്ജിദുന്നബവിയുടെ ഒരു ഭാഗത്തുള്ള ഒരു മുറിയില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. മുന്‍കരുതലിനെന്നോണം കയ്യുകളും കാലുകളും കെട്ടിയിട്ടുണ്ട്.സുരക്ഷക്കും കാവലിനുമായി ചില സഹാബിമാരെ നിയോഗിച്ചിട്ടുമുണ്ട്.
തൊട്ടപ്പുറത്തെ മുറിയില്‍ നബിതിരുമേനിക്ക് വല്ലാത്തൊരു വീര്‍പ്പുമുട്ടല്‍. തടവുപുള്ളികളുടെ ദയനീയത ഓര്‍ത്തിട്ടാകാം. തങ്ങളെ പോലുള്ള മനുഷ്യരുടെ കയ്യിലും കാലിലും കിടക്കുന്ന കൂച്ചുവിലങ്ങുകളെ ഓര്‍ത്തിട്ടാകാം. ബന്ധനത്തിന്റെ മുറുക്കത്തില്‍ കിടക്കുന്നവരുടെ ഞരക്കവും മൂളലും കൊണ്ടാവാം. തന്റെ ആദ്യ അനുഭവമായത് കൊണ്ടുമാവാം, നബിതിരുമേനി രാവേറെ ചെന്നിട്ടും ഉറങ്ങിയിട്ടില്ല. അവര്‍ക്ക് ഉറങ്ങുവാന്‍ കഴിയുന്നില്ല. തടവുപുള്ളികളുടെ സുരക്ഷക്കായി രണ്ടു സ്വഹാബീ സൈനികര്‍ അവര്‍ക്ക് കാവല്‍ നില്‍ക്കുന്നുണ്ട്. ഉടനെ ഒരു ആക്രമണമോ മറേറാ ഉണ്ടാകുമോ എന്ന ഭയം ഇപ്പോള്‍ എന്തായാലും ഇല്ല. നബിക്കുറങ്ങുവാന്‍ അങ്ങനെ ഒരു തടസ്സവുമില്ല.എന്നിട്ടും നബിതിരുമേനിക്കുറക്കം വരുന്നില്ല. അങ്ങോട്ടുമിങ്ങോട്ടും അസ്വസ്ഥതയും പിടിച്ച് നടക്കുകയാണ് പ്രവാചക സുല്‍ത്വാന്‍.
കാവല്‍ നില്‍ക്കുന്ന സൈനിക സ്വഹാബിമാര്‍ അതു ശ്രദ്ധിച്ചു. നബി തിരുമേനിയുടെ വിഷമം അവരെ വിഷമിപ്പിച്ചു. അവര്‍ കരുതി, നബിതിരുമേനിയുടെ ഉറക്കം കെടുത്തിയിരിക്കുന്നത് തടവുപുള്ളികളുടെ കൂട്ടത്തിലുള്ള അബ്ബാസ് ബിന്‍ അബ്ദുല്‍ മുത്തലിബിന്റെ കാര്യം ഓര്‍ത്തിട്ടായിരിക്കണം. നബിക്ക് അത്ര വേണ്ടപ്പെട്ടയാളാണല്ലോ അബ്ബാസ്. സ്വന്തം പിതൃവ്യന്‍ എന്നതിലപ്പുറം ചില ഹൃദയബന്ധങ്ങള്‍ നബിക്ക് അബ്ബാസുമായി ഉണ്ട് എന്നത് എല്ലാവര്‍ക്കുമറിയാം. അതിന്റെ ആഴം തന്നെയായിരുന്നുവല്ലോ അഖബയായുടെ രാത്രിയില്‍ അബ്ബാസ് -അവിശ്വാസിയായിരുന്നിട്ടുപോലും- നബിക്ക് അകമ്പടി സേവിച്ചത്. മക്കായില്‍ നിന്ന് മദീനായിലേക്ക് മാറുന്നതിന്റെ അവസാന ഒരുക്കവും തയ്യാറെടുപ്പുമായിരുന്നു രണ്ടാം അഖബാ ഉടമ്പടി. മിനാ താഴ്‌വരയില്‍ അതീവ രഹസ്യമായി നടന്ന ആ ഉടമ്പടിയില്‍ നബിയുടെ ഒപ്പം അബ്ബാസുമുണ്ടായിരുന്നു. ഉടമ്പടിയുടെ കൈമാററത്തിനു മുമ്പ് സംസാരിച്ചത് അബ്ബാസായിരുന്നു. അന്ന് അവരോട് 'നിങ്ങള്‍ക്ക് നല്ല ധൈര്യമുണ്ടെങ്കില്‍ മാത്രം ഉടമ്പടിക്കൊരുങ്ങിയാല്‍ മതി, അല്ലെങ്കില്‍ മുഹമ്മദിനെ ഞങ്ങള്‍ വേണ്ടവിധം നോക്കിക്കൊള്ളാം' എന്ന് പറഞ്ഞത് അബ്ബാസായിരുന്നു.
ഇസ്‌ലാമിലേക്ക് കടന്നുവരാന്‍ പക്ഷെ, അബ്ബാസ് വെറുതെ വൈമുഖ്യം കാണിച്ചു. ഹിജ്‌റക്ക് മുമ്പ് നബിയുടേയും അനുയായികളുടേയും എല്ലാ രഹസ്യങ്ങളും അറിയാമായിരുന്ന ആളായിരുന്നു അബ്ബാസ്. ഹിജ്‌റ രണ്ടില്‍ ബദര്‍യുദ്ധത്തിന്റെ കാഹളം ഉയര്‍ന്നപ്പോള്‍ അബ്ബാസ് ശക്തമായ സമ്മര്‍ദ്ദത്തിലായി. അബ്ബാസ് യുദ്ധത്തിനു വന്നേപററൂ എന്നായി മക്കായുടെ നേതൃത്വം. അബ്ബാസ് അങ്ങനെ യുദ്ധത്തിനിറങ്ങിയതാണ്. യുദ്ധ മുന്നണിയില്‍ അബ്ബാസിനെ കണ്ടതും നബിക്ക് വിഷമമായി. നബി അനുയായികളോട് അബ്ബാസിനെ കിട്ടിയാല്‍ കൊല്ലരുത് എന്നും പിടികൂടിയാല്‍ മതി എന്നും പറഞ്ഞിരുന്നു. ആ അബ്ബാസ് തൊട്ടപ്പുറത്തുനിന്ന് തടവില്‍ കിടന്ന് ഞരങ്ങുമ്പോള്‍ നബിക്കെങ്ങനെ ഉറങ്ങുവാനാകും?. മാത്രമല്ല തടവുപുള്ളികളുടെ കൂട്ടത്തില്‍ നിന്ന് ഉയര്‍ന്നുകേള്‍ക്കുന്ന ഞരക്കം അബ്ബാസ് ബിന്‍ അബ്ദുല്‍ മുത്തലിബിന്‍േറതാണ്.
നബിയുടെ മനസ്സിനൊരു ആശ്വാസം പകരുവാന്‍ സ്വഹാബിമാര്‍ അബ്ബാസ് ബിന്‍ അബ്ദുല്‍ മുത്തലിബിന്റെ കൈകളിലും കാലുകളിലുമുള്ള കെട്ടുകള്‍ അല്‍പം അയച്ചു. ബന്ധനത്തിന്റെ കെട്ട് ഒന്ന് അയഞ്ഞപ്പോള്‍ അബ്ബാസിന് ആശ്വാസമായി. ഞരക്കം നിന്നു. ഞരക്കം നിന്നതും നബിതിരുമേനി വാതില്‍ക്കലേക്ക് ഓടിയെത്തി. കാവല്‍ക്കാരോട് ചോദിച്ചു: 'അപ്പുറത്തുനിന്ന് ഞരക്കം കേട്ടിരുന്നുവല്ലോ, ഇപ്പോള്‍ അതു കേള്‍ക്കുവാനില്ല. എന്തുപററി?, അയാളെങ്ങാനും മരിച്ചുവോ? '. നബിതിരുമേനി വല്ലാതെ അസ്വസ്ഥനായിരുന്നു. സ്വഹാബിമാര്‍ പറഞ്ഞു: 'അത് അബ്ബാസിന്റെ ഞരക്കമായിരുന്നു. അങ്ങയുടെ വിഷമം കണ്ട് ഞങ്ങള്‍ അദ്ദേഹത്തിന്റെ കെട്ട് അല്‍പം അയച്ചു. അതുകൊണ്ടാണ്..'. നബി(സ) പറഞ്ഞു: 'എല്ലാവരുടെ വേദനയും വേദനയാണ്. അതിനാല്‍ ഇളവുചെയ്യുകയാണെങ്കില്‍ എന്റെ പിതൃവ്യനു മാത്രമായിക്കൂടാ അത്, എല്ലാവരുടേയും കെട്ടുകള്‍ അയക്കണം'.
രണ്ട്:
ഹിജ്‌റ ഏഴാം വര്‍ഷം നടന്ന ഖൈബര്‍ യുദ്ധം. ഖൈബറില്‍ കുടിക്കെട്ടിയ ജൂതന്‍മാര്‍ നബിക്കും അനുയായികള്‍ക്കുമെതിരില്‍ തന്ത്ര-കുതന്ത്രങ്ങള്‍ മെനയുകയാണ്. ഊണും ഉറക്കുമില്ലാതെ അവര്‍ ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കുമെതിരെ ആസൂത്രണങ്ങള്‍ നടത്തുകയാണ്. ഇതിനൊരു അറുതി വരുത്തുവാന്‍ ഒരു സൈനിക നടപടി കൂടാതെ കഴിയില്ല എന്ന സാഹചര്യം വന്നു. നബി തിരുമേനിയും ആയിരത്തി അറുനൂറ് സൈനികരും അങ്ങനെ ഹിജ്‌റ ഏഴ് മുഹര്‍റം അവസാനത്തോടെ ഖൈബറിലേക്ക് പുറപ്പെട്ടു.
അവിടെ ജൂതന്‍മാര്‍ ശക്തരായിരുന്നു. സാമ്പത്തികമായി വളരെ ഉയര്‍ന്നവരായിരുന്നു അവര്‍. അവര്‍ താമസിച്ചിരുന്നത് വലിയ കോട്ടകളിലായിരുന്നു. കോട്ടകള്‍ക്കുള്ളില്‍ ദിവസങ്ങളോം ജീവിക്കുവാന്‍ വേണ്ടതെല്ലാം ശേഖരിക്കപ്പെട്ടിട്ടുണ്ടായിരുന്നു. അതിനാല്‍ കരുതിയ അത്ര എളുപ്പമായിരുന്നില്ല ഖൈബറില്‍ വിജയം. ദിവസങ്ങളുടെ ഉപരോധം വേണ്ടിവന്നൂ അവരെ പുറത്തുചാടിക്കുവാന്‍ തന്നെ. ശക്തനും ധീരനുമായിരുന്ന മുറഹ്ഹബായിരുന്നു അവരുടെ നേതാവ്. പക്ഷെ, മുസ്‌ലിം ഉപരോധം മറികടക്കുവാന്‍ അവര്‍ക്കായില്ല. അവരുടെ കോട്ടവാതിലുകള്‍ തള്ളിത്തുറന്ന് അലി(റ)യുടെ നേതൃത്വത്തില്‍ മുസ്‌ലിം സേന അകത്തുകയറി.
അവരുടെ ഭാഗത്തുനിന്നും ഒരു ചെറുത്തുനില്‍പ്പുണ്ടായി.അതിനെ പരാജയപ്പെടുത്തുവാന്‍ മുസ്‌ലിംകള്‍ക്ക് ആയുധമെടുക്കേണ്ടി വന്നു. എണ്ണത്തില്‍ ചെറുതെങ്കിലും വലിയ ഏററുമുട്ടലുകള്‍ നടന്നു. ജൂതന്‍മാരുടെ കബന്ധങ്ങള്‍ അവരുടെ കോട്ടവാതിലിനു മുമ്പില്‍ ചിതറിക്കിടന്നു. യുദ്ധം കഴിഞ്ഞു. ഖൈബര്‍ മുസ്‌ലിംകള്‍ക്ക് അധീനപ്പെട്ടു. നബിതിരുമേനി വയ്ക്കുന്ന ഉപാധികള്‍ക്കു വിധേയരാകുവാന്‍ അവര്‍ സന്നദ്ധരായി.
കോട്ടക്കകത്തുള്ളവരെ ഓരോരുത്തരെയായി പുറത്തേക്കു കൊണ്ടുവന്നു. നബിതിരുമേനി അവരുടെ വിധി പറയുവാന്‍ പോകുകയാണ്. കോട്ടക്കകത്തെ സ്ത്രീകളെ കൊണ്ടൂവരുവാന്‍ ബിലാല്‍(റ)വിനെയാണ് നിയോഗിച്ചിരിക്കുന്നത്. നബി(സ) കണ്ടു. ബിലാല്‍ സ്ത്രീകളുമായി വരുന്നു. അവരെ കൊണ്ടുവരുന്നത് അവരുടെ സ്വന്തങ്ങളുടെ കബന്ധങ്ങള്‍ക്കരികിലൂടെയാണ്.
നബിതിരുമേനിയുടെ മുഖം വിവര്‍ണ്ണമായി. കോപത്തിന്റെ ലാഞ്ജന തിരുമുഖത്ത് വേറെ നിറവും ഭാവവും വരച്ചു. സ്വന്തങ്ങളുടെ വെട്ടേററു മരിച്ചുകിടക്കുന്നവരുടെ കബന്ധങ്ങള്‍ക്കകിലൂടെ നിര്‍മ്മല മനസ്‌കരായ സ്ത്രീകളെ കൊണ്ടുവരുമ്പോള്‍ ആ സ്ത്രീകളുടെ മനസ്സിലുയരുന്ന നൊമ്പരങ്ങള്‍ ആ മഹാചാര്യന്‍ വായിക്കുകയായിരുന്നു. സ്വന്തം പിതാവിന്‍േറയും ഭര്‍ത്താവിന്‍േറയും മകന്‍േറയും സഹോദരന്‍േറയും മുറിഞ്ഞുകിടക്കുന്ന മയ്യിത്തുകളുടെ കാഴ്ച ആ മനസ്സുകളെ എത്രമാത്രം നോവിക്കുന്നു എന്നോര്‍ത്ത് പുളയുകയായിരുന്നു നബിയുടെ മാനസം.
നബി(സ) പറഞ്ഞു: 'ബിലാല്‍, കാരുണ്യമെന്നത് നിങ്ങളുടെ മനസ്സില്‍നിന്ന് എടുത്തുമാററപ്പെട്ടുവോ'. ശത്രുപാളയത്തില്‍ ഉററിവീണ രണ്ടു പ്രവാചക കാരുണ്യത്തിന്റെ തുള്ളികളാണിവ.
മൂന്ന്:
ഹിജ്‌റ ഏഴില്‍ ഖൈബര്‍ യുദ്ധത്തിന്റെ തീ കെട്ടിട്ടും ചില മനസ്സുകളില്‍ കനലുകള്‍ എരിയുന്നുണ്ടായിരുന്നു. അവരിലൊരാളായിരുന്നു ജൂതനേതാവായിരുന്ന മുറഹ്ഹബിന്റെ സഹോദരന്‍ ഹാരിതിന്റെ മകള്‍ സൈനബ്. എല്ലാററിനും കാരണക്കാരനായ നബി തിരുമേനിയെ വധിക്കുവാനായിരുന്നു അവളുടെ പ്രതികാര ബുദ്ധി അവളോട് പറഞ്ഞിരുന്നത്. ഒരു സ്ത്രീ എന്ന നിലക്ക് നേരിട്ടുള്ള ഏററുമുട്ടലുകള്‍ക്ക് തന്റെ മുമ്പില്‍ പരിമിതികളുണ്ട് എന്നു തിരിച്ചറിയുന്ന അവള്‍ തന്ത്രത്തില്‍ നബി(സ)യെ വധിക്കുവാന്‍ പദ്ധതിയിട്ടു. അതിനായി അനുനയത്തില്‍ നബി(സ)യുടെ ഭക്ഷ്യതാല്‍പര്യങ്ങള്‍ അവള്‍ മനസ്സിലാക്കി. നബിക്ക് ഇഷ്ടം ആട്ടിറച്ചിയാണെന്നും അതില്‍ കാല്‍വണ്ണകളോടാണ് ഏറെ ഇഷ്ടമെന്നും മനസ്സിലാക്കിയ സൈനബ് ഒരു ആടിനെ അറുത്ത് നന്നായി പാകം ചെയ്തു. അതില്‍ മാരകമായ വിഷം തന്ത്രപരമായി പുരട്ടി. കുറകുകളില്‍ നന്നായിത്തന്നെ വിഷം പുരട്ടിപ്പിടിപ്പിച്ചു. ഹദ്‌യകള്‍ ഹൃദയപൂര്‍വ്വം സ്വീകരിക്കുന്ന നബി(സ) സൈനബിന്റെ ഹദ്‌യ സ്വീകരിച്ചു. ഒപ്പമുണ്ടായിരുന്ന സ്വഹാബിമാരുമായി പാകം ചെയ്ത ആടിന്റെ ചുററും അവര്‍ വട്ടമിട്ടു. ആദ്യം വായിലേക്കു വെച്ചത് സൂക്ഷമമായി പറഞ്ഞാല്‍ ബിശ്ര്‍ ബിന്‍ ബറാഅ്(റ) എന്ന സ്വഹാബിയായിരുന്നു. അദ്ദേഹം ഒരു കഷ്ണം എടുത്ത് വായില്‍ വെച്ചതും വായിലേക്ക് കൊണ്ടുപോകുകയായിരുന്ന കൈ പൊടുന്നനെ പിന്‍വലിച്ചുകൊണ്ട് നബി(സ)യുടെ സ്വരം ഉയര്‍ന്നതും ഒന്നിച്ചായിരുന്നു. 'തന്നില്‍ മാരകമായ വിഷാംശമുണ്ട് എന്ന് ഈ മാംസം എന്നോടു പറയുന്നു, ആരും തിന്നരുത്' എന്ന് നബി(സ) വിളിച്ചുപറഞ്ഞു. വായില്‍ എത്തിക്കഴിഞ്ഞിരുന്ന കഷ്ണം ബിശ്ര്‍(റ) ഛര്‍ദ്ദിച്ചു.
ശബ്ദകോലാഹലം ഉയര്‍ന്നു. എല്ലാവരും എഴുനേററു. സ്വഹാബിമാര്‍ വീട്ടുകാരിയെ തിരഞ്ഞുപിടിച്ചു. അവര്‍ അവളെ കയ്യോടെ നബി(സ)യുടെ മുമ്പില്‍ ഹാജരാക്കി. നബി(സ)യുടെ കോടതിയില്‍ സൈനബ് കുററം ഏററുപറഞ്ഞു. അതുകേട്ടതും സ്വഹാബിമാരുടെ ചോര തിളച്ചു. അവര്‍ വാളുകള്‍ വലിച്ചൂരി സമ്മതത്തിനു കാത്തുനിന്നു. തന്ത്രകുതന്ത്രങ്ങള്‍ കൊണ്ട് പൊറുതിമുട്ടിയപ്പോഴായിരുന്നു അവര്‍ ജൂതര്‍ക്കെതിരെ വാളെടുത്തത്. അതിന്റെ ചോര വററിയിട്ടില്ല. അപ്പോഴേക്കും കൊലച്ചതിയാണ് അവര്‍ ചെയ്തിരിക്കുന്നത്. അതാണ് അവരുടെ രോഷത്തെ ഇത്രമേല്‍ ഊതിക്കത്തിക്കുന്നത്. അവര്‍ സൈനബിനെ വധിക്കുവാന്‍ അനുവാദത്തിനു വേണ്ടി ശ്വാസമടക്കി നില്‍ക്കുകയാണ്. കാരുണ്യത്തിന്റെ കേതാരമായ നബി തിരുമേനി പറഞ്ഞു: 'ഞാന്‍ സുരക്ഷിതനാണല്ലോ, അതിനാല്‍ അവളെ വെറുതെവിടുക'. അവിടെ ലോകം വീണ്ടും ഒരു കരുണക്കാഴ്ച്ച കാണുകയായിരുന്നു. അവര്‍ അനുസരണയോടെ പിന്‍വാങ്ങി, ബിശ്‌റിനെന്തു സംഭവിക്കും എന്നുകൂടി അറിയുന്നതുവരേക്കും.
(റഹീഖുല്‍ മഖ്തൂം, അല്‍ ബിദായ വന്നിഹായ)
Leave A Comment