ഹിജ്റയുടെ പാഠങ്ങള്‍

ഇസ്‌ലാമിക ചരിത്രത്തിലെ ഐതിഹാസിക സംഭവങ്ങളില്‍ ഏറ്റവും പ്രാധാന്യം നിറഞ്ഞതാണ് മുഹമ്മദ് നബി(സ)യുടെ മക്കയില്‍നിന്നും മദീനയിലേക്കുള്ള ഹിജ്‌റ. അന്ത്യപ്രവാചകന് അന്ന് 53 വയസ്സ് പ്രായമായിരുന്നു. പ്രവാചകത്വത്തിനു ശേഷം 13 വര്‍ഷം കഴിഞ്ഞ് സഫര്‍ മാസം ഇരുപത്തിയേഴിനായിരുന്നു ആ യാത്ര. ചരിത്ര പുസ്തകങ്ങളില്‍ നാം കാണുന്നതുപോലെ മക്കയില്‍ തന്റെ പ്രബോധനം വിജയിക്കാത്ത ഘട്ടത്തില്‍ ആത്മരക്ഷക്കു വേണ്ടി ഒരന്യനാട്ടിലേക്കുള്ള ഒളിച്ചോട്ടമായിരുന്നില്ല, അല്ലെങ്കില്‍ പലായനമായിരുന്നില്ല ഹിജ്‌റ. അതിനു വ്യക്തമായ ലക്ഷ്യങ്ങളും കരുതിവെപ്പുകളും പൂര്‍ണതയിലേക്കുള്ള പ്രയാണവുമായിരുന്നു. വളരെ ചടുലമായ കാല്‍വെപ്പുകളോടെ പ്രപഞ്ചനാഥനായ അല്ലാഹുവിന്റെ മേല്‍നോട്ടത്തില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ഉടും പാവും സംസ്ഥാപിക്കാനുള്ള മദീനയെന്ന ഇസ്‌ലാമിക രാഷ്ട്രത്തിന്റെ ബീജാവഹമായിരുന്നു ആ യാത്രയുടെ കാതല്‍.
റസൂല്‍ എന്ന പദം ‘റിസാലത്ത്’ എന്ന ധാതുവില്‍നിന്നുണ്ടായതാണ്.  പദ അര്‍ത്ഥം സന്ദേശം, സന്ദേശവാഹകന്‍ എന്നെല്ലാം. ഭൗതിക പ്രപഞ്ചത്തിലെ അചേതനവും സചേതനവുമായ  പദാര്‍ത്ഥങ്ങള്‍ മുഴുവന്‍  വ്യക്തമായ  ആസൂത്രണത്തോടെ  സൃഷ്ടിച്ച അല്ലാഹു, അവരില്‍നിന്നു മനുഷ്യനെ തെരഞ്ഞെടുത്തു. മനുഷ്യവിഭാഗത്തിന്  ഇതര ജീവജാലങ്ങളില്‍നിന്ന് വ്യത്യസ്തമായി നന്‍മതിന്‍മകള്‍ തെരഞ്ഞെടുക്കാനുള്ള  സ്വതന്ത്രമായ പ്രകൃതിയോടെ  അവനെ സൃഷിച്ചു. ശേഷം അവനോട്  നന്‍മയുടെ  വഴിയോ തിന്‍മയുടെ വഴിയോ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം (ഇഖ്തിയാര്‍) നല്‍കി. എന്നാല്‍ സന്ദേശം മനസ്സിലാക്കാനുള്ള  വേദഗ്രന്ഥങ്ങളെയും ദൈവദൂതന്‍മാരെയും  അയച്ചു. ഇങ്ങനെ അയച്ച ദൈവദൂതന്‍മാര്‍ മുഴുവനും ദൈവഭക്തിയുടെയും സത്യസന്ധതയുടെയും നിഷ്‌കളങ്കമായ ജീവിതത്തിന്റെയും വാര്‍പ്പുമാതൃകകളായിരുന്നു.
ലോകചരിത്രം അതിന്റെ സാംസ്‌കാരികൗന്നത്യത്തിലേക്കു കുതിക്കുന്ന ഘട്ടത്തില്‍ മനുഷ്യ മനസ്സിനു വഴികാട്ടാന്‍ വന്ന അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി (സ)ക്ക് ഇതുപോലെ സുവ്യക്തമായ ഒരു വാര്‍പ്പു മാതൃക സൃഷ്ടിക്കാനനുഗുണമായ പശ്ചാതലവും ഇസ്‌ലാമിക സംസ്‌കാരത്തിന്റെ തഴച്ചുവളരാനാവശ്യമായ മണ്ണും മദീനയില്‍ സര്‍വ്വലോക രക്ഷിതാവായ അല്ലാഹു തന്നെ ഒരുക്കുകയായിരുന്നു.
ഇസ്‌ലാം കേവലം ഒരു ആരാധനാലയത്തിന്റെ മൂലയിലിരുന്ന് നിര്‍വ്വഹിക്കേണ്ട ആത്മീയ പ്രഭാഷണമല്ല. അങ്ങനെയായിരുന്നുവെങ്കില്‍ മക്കയിലെ ഒരു കുന്നിന്‍ ചരുവിലിരുന്ന് ഇതു നിര്‍വ്വഹിക്കാമായിരുന്നു. എന്നാല്‍ മനുഷ്യന്റെ വ്യക്തിത്വവും സാമൂഹികവും വൈജ്ഞാനികവും സാംസ്‌കാരികവും സാമ്പത്തികവും രാഷ്ട്രതന്ത്രങ്ങളുമായ കാര്യങ്ങളില്‍ ദൈവ ഗ്രന്ഥത്തിനും ഇസ്‌ലാമിനും എന്തു പ്രസക്തിയുണ്ടെന്ന് തെളിയിക്കാന്‍, അതു പ്രയോഗവല്‍ക്കരിക്കാന്‍ പ്രവാചകന്‍ മദീന തെരഞ്ഞെടുക്കുകയായിരുന്നു.
‘ഒരു പ്രവാചകനും  തന്റെ നാട്ടില്‍ ആദരിക്കപ്പെട്ടിട്ടില്ല’ എന്ന ചൊല്ല് ആംഗലേയ ഭാഷയില്‍ പ്രസക്തമാണ്. ഖുറൈശീ സമൂഹത്തില്‍ രുഢമൂലമായിരുന്ന മൂല്യച്യുതികളെ ദൈവദൂതന്‍ തുറന്നെതിര്‍ത്തപ്പോള്‍ അന്നേവരെ തന്നെ  ആദരിച്ചിരുന്ന സമൂഹം കൊടിയ ശത്രുവായി പ്രവാചകനെ മുദ്രകുത്തുകയായിരുന്നു. തുടര്‍ന്നുള്ള  പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ ഇസ്‌ലാമിനെ നശിപ്പിക്കാനുള്ള  തന്ത്രങ്ങള്‍ക്കു  വേണ്ടിയായിരുന്നു. എന്നാല്‍ ഇവക്കു മുന്നിലൊന്നും പ്രവാചകന്‍ പതറിയില്ല. നാട്ടില്‍ ഇസ്‌ലാമിക പ്രബോധനം രഹസ്യമായും പിന്നെ പരസ്യമായും നിര്‍വ്വഹിച്ചു. ഓരോ വര്‍ഷവും ഹജ്ജുവേളയില്‍  വിശുദ്ധ ഹജ്ജിനു പല നാട്ടില്‍നിന്നും വരുന്ന ഹാജിമാക്കിടയില്‍ ഇസ്‌ലാമിനെ  പ്രവാചകന്‍ പരിചയപ്പെടുത്തി അതിനൊപ്പം തന്നെ അതിനെ അപഹസിക്കാനുള്ള ശ്രമവും ഖുറൈശികളുടെ ഭാഗത്തു നിന്നുണ്ടായി. എന്നാല്‍ വിശുദ്ധ ഇസ്‌ലാമിന്റെ  വിളി കേള്‍ക്കാനുള്ള സൗഭാഗ്യം  മദീനക്കാര്‍ക്കുണ്ടായി. അങ്ങനെ ഹിജ്‌റക്ക് വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഒരു ഹജ്ജു വേളയില്‍ അസ്ഹദു സരാരയെന്ന  ഖസ്‌റജ് നേതാവിന്റെയും റാഫിഉബ്‌നു മാലിക് എന്ന ഔസ് നേതാവിന്റെയും  നേതൃത്വത്തിലുള്ള മദീനാസംഘം ഖുറൈശികളില്‍ ഒരു കുഞ്ഞു പോലുമറിയാതെ  വിശുദ്ധമായ മിനായ്ക്കടുത്ത് അഖബാ പര്‍വ്വതത്തിന്റെ  താഴ്‌വരയില്‍ ഒരുമിച്ചു കൂടി. പ്രവാചകനെയും ഇസ്‌ലാമിനെയും സഹായിക്കാമെന്ന്  ബൈഅത്തു ചെയ്തു. ഈ ഒന്നാം അഖബാ ഉടമ്പടി ഇസ്‌ലാമിക ചരിത്രത്തിലെ നാഴികക്കല്ലായിരുന്നു. പ്രവാചകന്‍ അവര്‍ക്ക് പാലിക്കേണ്ട ധാര്‍മ്മിക നിര്‍ദ്ദേശങ്ങള്‍ നല്‍കി. മദീന ഇസ്‌ലാമിനു അനുകൂല മണ്ണാക്കി മാറ്റാന്‍ തന്റെ സന്തതസഹചാരി മിസ്ഹബുബ്‌നു ഉമൈര്‍(റ)വിനെ  അങ്ങോട്ടയച്ചു.
പിറ്റെ ദിവസം വീണ്ടും സംഘം ഹജ്ജുവേളയില്‍  പ്രവാചകനുമായി അഖബയില്‍ വെച്ചു സന്ധിച്ചു. ഈ സംഘത്തിന്റെ  നേതാവ് അബ്ദുല്ലാബിബ്‌നു അംറ് ആയിരുന്നു. ഈ സംഘം ഇസ്‌ലാം സ്വീകരിച്ചു. അവര്‍ നബി(സ)യുമായി വ്യക്തമായ കരാര്‍ എഴുതി. നബി(സ)യുടെ ഭാഗത്തു നിന്ന് അബ്ബാസ്(റ) സംസാരിച്ചു.  ഈ ഘട്ടത്തില്‍ നബി(സ)യുടെ കൈകള്‍ പിടിച്ചുകൊണ്ട് ബറാഉബ്‌നു മഅ്മൂന്‍(റ) മൊഴിഞ്ഞ വാക്കുകള്‍  ഹൃദയ സ്പര്‍ശിയാണ്. ”അല്ലാഹുവിന്റെ ദൂതരേ, താങ്കളെ നിയോഗിച്ച  ദൈവത്തെയാണേ സത്യം, ഞങ്ങള്‍ പോരാട്ടത്തിനു വന്നവരാണ്. ഞ്ങ്ങളുടെ ഓമന മക്കളെ സംരക്ഷിക്കുംപോലെ  താങ്കളെ ഞങ്ങള്‍ രക്ഷിക്കുന്നതാണ്.”
ശേഷം മദീന ഇസ്‌ലാമിന് അനുഗുണമായ മണ്ണായി മാറുകയാണ്. ഇസ്‌ലാം മദീനയില്‍ തഴച്ചു വളരുന്നു. രണ്ട് അഖബാ സന്ധികളുടെ സമയത്ത് ഇസ്‌ലാം വിശ്വസിച്ച മദീനക്കാരും  മിസ്ഹബ്(റ)യും മദീനയില്‍ അക്ഷീണ പരിശ്രമത്തിലൂടെ  ഇസ്‌ലാം  പ്രബോധനം ചെയ്യുകയാണ്. ഖുറൈശികളുടെ പീഢനം ഏറ്റു വാങ്ങിയ പ്രാവചകന്‍(സ) പതുങ്ങിപ്പതുങ്ങി, രാത്രിയുടെ യാമങ്ങളില്‍ മക്ക വിടുകയാണ്. ശിഷ്യന്‍മാരുടെ ഹിജ്‌റയുടെ മേല്‍നോട്ടം  വഹിക്കുകയാണ് പ്രവാചകന്‍(സ). പുറപ്പെടാനുള്ള ദൈവിക നിര്‍ദ്ദേശം  ലഭിക്കുന്നതു വരെ നബി(സ)യും  തന്നോടൊപ്പം  നില്‍ക്കുവാന്‍ തെരഞ്ഞെടുക്കപ്പെട്ട ശിഷ്യന്‍മാരും മക്കയില്‍ അവശേഷിച്ചു.
മക്കയില്‍നിന്നും മദീനയിലേക്കുള്ള പ്രവാചക സഖാക്കളുടെ തിരോധാനം ഖുറൈശികളുടെ ശ്രദ്ധയില്‍പ്പെട്ടു. ഓരോ മുസ്‌ലിമിന്റെയും ഒളിച്ചോട്ടം ഖുറൈശീ നേതാക്കളില്‍ ഒരു ഞെട്ടലുളവാക്കിയിരുന്നു.  ഓരോ മുസ്‌ലിമിന്റെയും തിരോധാനം ഇസ്‌ലാമിന്റെ അതിന്റെ ഞാറ്റടിയില്‍തന്നെ  കരിച്ചു കളയാമെന്ന അവരുടെ പ്രതീക്ഷയില്‍ പതിച്ച തീപന്തമായിരുന്നു. ഓരോ പലായനത്തിന്റെയും അപ്രതിരോധ്യമായ ഒരു തിരിച്ചു വരവിന്റെ ഭീഷണിയുണ്ടെന്നവര്‍ക്കറിയാമായിരുന്നു. ഖുറൈശി പ്രമാണിമാര്‍ ദാറുന്നദ്‌വയില്‍ യോഗം ചേര്‍ന്നു. പ്രവാചകനെ വധിക്കാന്‍ അവര്‍ പ്ലാനിട്ടു. വധത്തിന്റെ  പ്രതികാരം ഏതെങ്കിലും  ഒരു ഗോത്രത്തിനു നേരെ  തിരിയാതിരിക്കാന്‍, ഓരോ ഗോത്രത്തിലെയും ആരോഗ്യദൃഢഗാത്രരായ യുവാക്കളെ  ഊരിപ്പിടിച്ച വാളുമായി  പ്രവാചകനെ നിഗ്രഹിക്കാന്‍  അവര്‍ പ്ലാനിട്ടു. പക്ഷെ എല്ലാം അറിയുന്ന നാഥന്‍ പ്രവാചകനെ  വിവരമറിയിക്കുകയും  ഹിജ്‌റക്ക് അനുവാദം  നല്‍കുകയും ചെയ്തു.
വളരെ വ്യക്തമായ നിലയില്‍ അല്ലാഹുവിന്റെ സഹായം ലഭിച്ച സന്ദര്‍ഭങ്ങള്‍ ഹിജ്‌റയില്‍ നമുക്ക് കാണാം. ഈ സന്നിഗ്ധ ഘട്ടത്തിലും വിശ്വപ്രവാചകന്‍, തന്റെ ഇഷ്ടതോഴനും ബന്ധുവുമായ അലി(റ)വിനെ വിളിച്ച് തന്റെ വിരിപ്പില്‍ കിടക്കാന്‍ ആവശ്യപ്പെടുകയും മക്കാജീവിത ഘട്ടത്തില്‍ ഖുറൈശികള്‍ തന്നെ ഏല്‍പ്പിച്ച സൂക്ഷിപ്പു സ്വത്തുക്കള്‍ അവകാശികളെ തിരിച്ചേല്‍പ്പിക്കാനും  അദ്ദേഹത്തെ ഏല്‍പിച്ചു. തന്റെ ജീവിതത്തിലെ ഏറ്റവും പ്രതിസന്ധി ഘട്ടത്തില്‍ പോലും പ്രവാചകന്‍ കാണിച്ച ഈ സത്യസന്ധത മനുഷ്യ ചരിത്രത്തില്‍ തന്നെ അതുല്യമാണ്.
ഊരിപ്പിടിച്ച വാളുമായി നില്‍ക്കുന്ന ഖുറൈശീയുവാക്കള്‍ക്കിടയിലൂടെ യാസീനില്‍നിന്നുള്ള സൂക്തങ്ങളുരുവിട്ട്  ഒരുപിടി മണ്ണു വാരിയെറിഞ്ഞു പ്രവാചകന്‍ തന്റെ ചരിത്ര പ്രസിദ്ധമായ ഹിജ്‌റക്ക് തുടക്കം കുറിച്ചു. നേരെ സിദ്ദീഖ്(റ)വിന്റെ വീട്ടിലേക്ക്. സിദ്ദീഖ്(റ)വിന്റെ സന്തോഷം, യാത്രക്കുള്ള തയ്യാറെടുപ്പ് , മകള്‍ സല്‍മ(റ)യുടെ പഥേയമൊരുക്കാനുള്ള  ജാഗ്രത, മകന്‍ അബ്ദുല്ലയുടെ ചടുലത, ഭൃത്യന്‍ ആമിറുബ്‌നുസുഹൈറയുടെ ത്യാഗന്നദ്ധത. എല്ലാം വിശിഷ്ടമായ ഒരു സംസ്‌കാരത്തിന്റെ യുഗപ്പിറവിക്കു വേണ്ടിയുള്ള കരുതിവെപ്പുകളായിരുന്നു.
യാത്ര തുടരുകയാണ്. ഖുറൈശികള്‍ പിന്തുടരുന്നു. ഖുറൈശികളുടെ വാഗ്ദാനങ്ങളില്‍ കുടുങ്ങി പലരും കുതിച്ചിരുന്നു. സുറാഖഃ നബിയുടെയും സിദ്ദീഖിന്റെയും അടുത്തെത്തി. നിമിഷങ്ങള്‍കൊണ്ട് തങ്ങളെ പിടിക്കുമെന്നറിയാം. ഇവിടെ പ്രാവചകന്റെ കരളുരുകിയ പ്രാര്‍ത്ഥന അല്ലാഹു കേട്ടു. സുറാഖയുടെ കുതിരയുടെ പാദങ്ങള്‍ മണ്ണില്‍ പൂണ്ടു. ചലിക്കാന്‍ കഴിയാതെയായി. പിന്നീട് സൗര്‍ഗുഹയില്‍ രണ്ടുപേര് ഒളിച്ചിരിക്കുകയാണ്. ഗുഹാന്തര്‍ഭാഗത്ത് ശത്രുക്കളുണ്ട്. അവരുടെ പാദങ്ങള്‍ ഗുഹാനിവാസികള്‍ കാണുന്നുണ്ട്. ഇവിടെയും ഭൗതികയുടെ നിയമങ്ങള്‍ ഉല്ലംഘിക്കപ്പെടുകയാണ്. ഒരു മഹത്തായ സംസ്‌കാരത്തിന്റെ ഉദയം കുറിക്കാന്‍. ഉള്ളില്‍ ആളുകളുണ്ടായിട്ടും ഗുഹാമുഖത്ത് ചിലന്തി വല കെട്ടുകയും മാടപ്പ്രാവ് കൂടു കൂട്ടുകയും ചെയ്തു. കാരണം ലോകാനുഗ്രഹിയുടെ സാന്നിദ്ധ്യം ശത്രുക്കളറിയാതിരിക്കാന്‍. ഇവിടേക്ക് ഭക്ഷണമെത്തിച്ചു കൊടുക്കുന്ന സിദ്ദീഖിന്റെ കുടുംബം, പാലെത്തിച്ചു കൊടുക്കുന്ന ഭൃത്യന്‍ ആമിറുബ്‌നു സുഹൈറ, ഭക്ഷണവുമായി പോയ അബ്ദുല്ലയുടെ കാല്‍പാതങ്ങള്‍ തിരിച്ചറിയാതിരിക്കാന്‍ ആ വഴി ആടുകളെ മേയ്ച്ചു കൊണ്ട് നടക്കുന്ന ആമിറുബ്‌നു സുഹൈറ ഇവരെല്ലാം ചരിത്രത്തിലെ ത്യാഗത്തിന്റെ ശേഷിപ്പുകളായിരുന്നു.
അങ്ങനെ നാടും നഗരവും ലോകാനുഗ്രഹിയെ സ്വീകരിക്കാന്‍ ആവേശത്തോടെ  കാത്തിരുന്ന ഒരു പൊന്‍പ്രഭാതത്തില്‍ പ്രവാചകന്‍ മദീന പുല്‍കി. ചരിത്രത്തിലെ ഏറ്റവും വലിയ സ്വീകരണമാണ്  അന്നു പ്രവാചകന് ലഭിച്ചത്. മദീനയിലെ പെണ്‍കൊടികള്‍ താലവുമേന്തി പാട്ടുപാടി പ്രാവചകനെ സ്വീകരിച്ചു. ആദ്യം ഖുബായിലിറങ്ങിയ പ്രവാചകന്‍ പിന്നെ മദീനയിലെത്തി. അബൂ അയ്യൂബുല്‍ അന്‍സാരിയുടെ  വീട്ടിലെത്തി അടുത്തു തന്നെ മസ്ജിദ് പണിതു.  ഈ മസ്ജിദ് ലോക ചരിത്രത്തിനു തന്നെ പ്രകാശ ഗോപുരങ്ങള്‍ പണിതു.  ഇസ്‌ലാം, മദീനയും ബാഗ്ദാദും ഇറാനും  ഇസ്ഫഹാനും ടോളോഡോയും  സെവില്ലയും കോര്‍ഡോവയും  കടന്ന് പുഷ്‌കലമായി.
പുരാതന നദീതട സംസ്‌കാര കേന്ദ്രങ്ങളായ മെസപ്പെട്ടോമിയയും  ഈജിപ്തും സിന്ധുനദീതടവും മുഹമ്മദീയ സംസ്‌കാരത്തെ പുല്‍കി. അത്‌ലാന്റിക് സമുദ്ര തീരത്ത് അപരിഷ്‌കൃതരും  നരഭോജികളുമായി  കഴിഞ്ഞിരുന്ന യൂറോപ്യരെ  സ്‌പെയിനിലെ സെവില്ലയും മലാഗയും കോര്‍ഡോവയും  വിളിച്ചുണര്‍ത്തി.
അജ്ഞതയുടെ ഘനാന്ധകാരത്തിലുറങ്ങിയ  ലണ്ടനെയും പാരീസിനെയും വിളിച്ചുണര്‍ത്താന്‍  ബഗ്ദാദും  സ്‌പെയിനും  നഭോമണ്ഡലത്തില്‍  ജ്വലിച്ചു നിന്നു. ഇതിനെല്ലാം പ്രചോദനമായത് ഇസ്‌ലാമും വിശുദ്ധ ഖുര്‍ആനും പ്രവാചകന്‍ മുഹമ്മദ്(സ)യുടെ ചരിത്ര പ്രസിദ്ധമായ ഹിജ്‌റയുമായിരുന്നു.

 

/ സുന്നി അഫ്കാര്‍ വാരിക

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter