പൊതുസമൂഹത്തിനു പ്രാപ്യമാവേണ്ട തിരുമേനി വായനകള്‍

കുട്ടിക്കാലത്ത് മൂന്നു പെരുന്നാളുകളാണ് സന്തോഷത്തിന്റെ ചക്രവാളങ്ങളില്‍ മഴവില്ല് വിടര്‍ത്തിയിരുന്നത്. ഒന്ന്, വിശപ്പിന്റെ പകലുകള്‍ക്കും തറാവീഹിന്റെ രാവുകള്‍ക്കുമൊടുവില്‍ കാത്തിരുന്ന് വന്നിരുന്ന ചെറിയ പെരുന്നാള്‍. രണ്ട്, തക്ബീര്‍ ധ്വനിയുടെയും ഹജ്ജ് പെരുമയുടെയും അനുഭൂതികള്‍ക്ക് നടുവിലെ ബലി പെരുന്നാള്‍. മൂന്നാമത്തേത് റബീഉല്‍ അവ്വല്‍ 12-ലെ മീലാദിന്റെ വര്‍ണാഭമായ പെരുംനാള്‍. അന്ന് ഖല്‍ബ് ആഹ്ലാദം കൊണ്ടും ആകാംക്ഷ കൊണ്ടും തൊണ്ടയിലെത്തും. വര്‍ഷത്തില്‍ ഈ മൂന്നു പെരുന്നാളുകള്‍ക്ക് വേണ്ടിയാണ് ഉപ്പ പുതുമണമുള്ള വസ്ത്രങ്ങള്‍ എടുത്ത് തന്നിരുന്നത്. മൂന്ന് ആഘോഷങ്ങള്‍ക്കും ഭക്ഷണത്തിന്റെയും രുചിയുടെയും സമൃദ്ധിയുമുണ്ടായിരുന്നു.
റബീഉല്‍ അവ്വലിന്റെ വരവറിയിച്ച്, പറങ്കിമാവുകളും ചെല്ലിച്ചന്ദനമരങ്ങളും അതിനേക്കാള്‍ നേര്‍ത്ത കമ്യൂണിസ്റ്റപ്പയും മൈലാഞ്ചിച്ചെടികളും നിറഞ്ഞ, വെട്ടുകല്ലുകള്‍ മീസാന്‍ കല്ലുകളായി നിരന്നു നില്‍ക്കുന്ന പള്ളിക്കാടിനോട് ചേര്‍ന്ന ഞങ്ങളുടെ മദ്‌റസയില്‍ ഒരുക്കങ്ങള്‍ തുടങ്ങും. മുറ്റവും പിന്നാമ്പുറവും അടിച്ചു വാരിയും ചുമരുകള്‍ വെള്ളവലിച്ചും സന്നാഹങ്ങള്‍ തകൃതിയാകുമ്പോള്‍ കഴുക്കോലും ചുമരും ചേരുന്നിടത്ത് താമസമാക്കിയിരുന്ന പ്രാവു കുടുംബം സന്തോഷത്തോടെ കുറുകുന്നുണ്ടായിരിക്കും. ആ വര്‍ഷത്തെ മീലാദാഘോഷത്തിനുവേണ്ടി സാധനങ്ങള്‍ പണ്ടാരി കൂടിയായ അബ്ദുകാക്ക എഴുതിക്കഴിഞ്ഞിരിക്കും. നാക്കിന്റെയും കാതിന്റെയും അതുല്യമായ അനുഗ്രഹങ്ങള്‍ അല്ലാഹു ഒരേസമയം അദ്ദേഹത്തിനു കനിഞ്ഞേകിയിരുന്നു. ബദ്‌രീങ്ങളുടെ ആണ്ടിനും അദ്ദേഹമുണ്ടായിരുന്നു വരട്ടിയ പോത്തിറച്ചിയുടെ രുചി കഴിച്ചുതന്നെ അറിയണം.
ഉസ്താദുമാര്‍ കുട്ടികള്‍ക്ക് വിവിധ കലാപരിപാടികളുടെ കോച്ചിംഗ് ആരംഭിച്ചിരിക്കും. കഥാപ്രസംഗം മുതല്‍ തമിഴ് പ്രസംഗം വരെ. സംഘഗാനം മുതല്‍ സംഭാഷണം വരെ. മദ്‌റസയിലെ പ്രസംഗങ്ങള്‍ക്ക് അവതരണത്തിന്റെ ഒരു സവിശേഷ കയറ്റിറക്കമുണ്ട്. സംഘഗാനങ്ങള്‍ ചിലപ്പോഴെങ്കിലും സ്വന്തഗാനമായി മാറും. സംഭാഷണമാണ് ക്ലാസിക് പ്രോഗ്രാം. അങ്ങാടിയിലോ വഴിയിലോ വെച്ച് കണ്ടുമുട്ടുന്ന രണ്ടു കൂട്ടുകാര്‍ റബീഉല്‍ അവ്വല്‍ 12-ന്റെ പശ്ചാത്തലത്തില്‍ നടത്തുന്ന സംസാരം വേദിയില്‍ അഭിനയിക്കുന്നു. സംഭാഷണം തീരാറാവുമ്പോഴേക്ക് ‘നല്ല’യാള്‍ മറ്റവനെ ഉപദേശിച്ച് നന്നാക്കിയിരിക്കും. അതൊരു വശ്വാസമാണ്. നബിദിനാഘോഷത്തിലുടനീളം ഈ വിശ്വാസം അടിത്തറയും മേലാപ്പുമായി നില്‍ക്കുന്നത് കാണാം. തിന്മയെ നന്മ കീഴടക്കുന്നതല്ലെങ്കില്‍ മറ്റെന്താണ് തിരുനബി(സ)യുടെ തിരുപ്പിറവി?!
മീലാദിന്റെ തലേരാത്രി ഒരുക്കങ്ങള്‍ മൂര്‍ദ്ധന്യത്തിലെത്തുന്നു. മദ്‌റസയും വഴികളും വര്‍ണക്കടലാസുകളുടെ മാല വലിച്ചുകെട്ടി അലങ്കരിക്കും. വര്‍ണക്കടലാസുകള്‍ ഒരേ വടിവില്‍ വെട്ടി ചാക്കുനൂലില്‍ മൈദപ്പശ തേച്ച് ഒട്ടിച്ചാണ് മാല. ഗെയ്റ്റില്‍ നിന്ന് മദ്‌റസയുടെ നടുമുറ്റത്തേക്ക് എത്തും വരെയുള്ള ഭാഗം ഈന്തിന്റെ പട്ട കൊണ്ട് അലങ്കരിക്കും. ഈന്തിന്റെ പട്ടയൊടിച്ച് മുള്ളുരഞ്ഞ് നിരനിരയായി നിര്‍ത്തുമ്പോള്‍ മക്കത്തെയും മദീനത്തെയും ഈത്തപ്പനയും പനയോലയും കുട്ടികളുടെ മനസ്സിലുണ്ടായിരുന്നോ ആവോ? ഓരോ കാറ്റിനൊപ്പം മാലയുടെ അലയടി ശബ്ദം ഉയരും. മാല കെട്ടിയൊരുക്കാന്‍ തലേരാത്രി ഉറക്കമിളച്ച് കുട്ടികളുടെ മനസ്സും അതിനൊപ്പം ശ്രദ്ധിക്കും.
12-ന്റെ അന്നു രാവിലെ നഗരം പ്രദക്ഷിണം ചെയ്തുള്ള ഘോഷയാത്രയാണ്. പുതുവസ്ത്രങ്ങളില്‍ കുട്ടികള്‍ പാട്ടുപാടി ഞങ്ങളുടെ നാടിന്റെ രണ്ട് അതിരുകളിലുള്ള ഉപമദ്‌റസയിലെത്തി അവിടത്തെ വിദ്യാര്‍ത്ഥികളെ ചേര്‍ത്താണ് വലിയ മദ്‌റസയില്‍ തിരിച്ചെത്തുക. വഴിനീളെ മധുരപാനീയങ്ങള്‍, മിഠായികള്‍, നിറഞ്ഞ കാഴ്ചക്കാര്‍. തിരിച്ചെത്തി മദ്‌റസയുടെ സെന്‍ട്രല്‍ ഹാളില്‍ മൗലിദ് പാരായണം. അതവസാനിക്കാറാവുമ്പോഴേക്ക് അലാവുദ്ദീന്റെ അത്ഭുതവിളക്കിനെ ഓര്‍മിപ്പിക്കുന്ന പാത്രത്തിന്റെ പനിനീര്‍ വെള്ളം കുടഞ്ഞ് ഉസ്താദുമാരെത്തും. തുടര്‍ന്ന് ഉച്ചഭക്ഷണത്തിന്റെ ഊഴമായി. ബെഞ്ചും ഡസ്‌ക്കും പുറത്തേക്കിട്ട ഹാളില്‍ പുല്‍പ്പായ വിരിച്ച് അതിന്‍മേല്‍ സുപ്രയായി പാത്രം വിരിച്ചാണ് നെയ്‌ച്ചോറും ഇറച്ചിക്കറിയും കഴിക്കുക. നാലു മണിക്ക് കുട്ടികളുടെ കലാപരിപാടികള്‍ തുടങ്ങും. രാത്രി 12 മണിക്കപ്പുറവും അത് നീണ്ടേക്കാം. അതിനിടക്ക് മുദര്‍രിസിന്റെയും ഖത്വീബിന്റെയും പ്രഭാഷണങ്ങള്‍. കലാകാരന്‍മാരെ കാത്ത് സ്റ്റേജിനിരുവശത്ത് ‘വസി’യും ക്ലാസും ക്ലോക്കും നോട്ടു പുസ്തകങ്ങളും നിലയുറപ്പിച്ചിരിക്കും. ഇത്തരത്തിലുള്ള ആഘോഷ പരിപാടികള്‍ നാടിന്റെ വിവിധ ഭാഗങ്ങളില്‍ വീടുകള്‍ കേന്ദ്രീകരിച്ച് റബീഉല്‍ അവ്വലില്‍ നടന്നുകൊണ്ടേയിരിക്കും.
തിരുനബി(സ)യുടെ ജീവിതം ചരിത്രത്തിന്റെ പിന്നാമ്പുറത്തേക്ക്, തിരശ്ശീലക്ക് പിന്നിലേക്കെന്നപോലെ നീങ്ങിപ്പോകാനുള്ളതല്ല, അല്ലാഹു തെരഞ്ഞെടുത്ത ആ മാതൃകാജീവിതം സ്തുതിക്കാനും പുകഴ്ത്താനുമുള്ളതാണ്. കാലത്തിന്റെ ഏതോ ബിന്ദുവില്‍ വെച്ച് നിശ്ചലമായ നല്ല ആ ജീവിതം. വര്‍ത്തമാനത്തിന്റെ സന്ദര്‍ഭങ്ങളിലേക്ക് അതിന്റെ വായനകള്‍, ആവര്‍ത്തനങ്ങള്‍, ചമയങ്ങള്‍ നാം വ്യാപിപ്പിക്കേണ്ടതുണ്ട്. നമ്മുടെ നാള്‍വഴികളില്‍ അനുനിമിഷം അനുകരിക്കപ്പെടേണ്ട ആ ജീവിതം ഓര്‍മിക്കുന്നത് എങ്ങനെ തെറ്റായിത്തീരുന്നു? തിരുനബി(സ)യുടെ കര്‍മ്മങ്ങള്‍ വീക്ഷണം, സമുദ്ധാരണം, സന്ദേശം, സമകാലിക പ്രസക്തി എന്നിവ വിലയിരുത്താന്‍ ഒരുക്കുന്ന വേദികളാണ് മീലാദുശരീഫിന്റേത്.
നബിദിനാഘോഷം സരളമായ വികാരപ്രകടനത്തിന്റെ വേദിയാണ്. സ്‌നേഹിക്കുമ്പോഴാണ് പ്രേമഭാജനത്തെ പൂര്‍ണമായി ഉള്‍കൊള്ളുന്നതും അനുഭവിക്കുന്നതും അതേ പാത പിന്തുരുന്നതും. ‘മാതാപിതാക്കളേക്കാള്‍, സര്‍വ്വജനങ്ങളേക്കാള്‍ ഞാന്‍ നിങ്ങളുടെ പ്രേമഭാജനമാകുന്നത് വരെ നിങ്ങളിലാരും വിശാസിയാകുന്നില്ലെ’ന്നു തിരുനബി(സ) പഠിപ്പിച്ചു. പ്രവാചകസ്‌നേഹം സൃഷ്ടിച്ച അനന്തം അനശ്വരകാവ്യങ്ങള്‍ ഇതിന്റെ ചരിത്ര സാക്ഷ്യമാണ്. കഅബ്ബ്‌നു സുഹൈല്‍(റ), ഇമാം ബൂസ്വൂരി മുതല്‍ ഉമര്‍ ഖാളി വരെ. നബിദിനാഘോഷ വേളകളില്‍ ആലപിക്കുന്ന ഗാനങ്ങള്‍, അവതരിപ്പിക്കുന്ന പ്രസംഗങ്ങള്‍ എല്ലാം അതിരുകളില്ലാത്ത സ്‌നേഹത്തിന്റെ നാവുകൊണ്ടുള്ള വെളിവാക്കിപ്പറച്ചിലാണ്.
സ്‌നേഹത്തിന്റെ വിശാലമായ വൈകാരിക്കതകപ്പുറത്ത് വിചാരത്തിന്റെ ചില ശീലുകള്‍ കൂടി മീലാദിന്റെ സന്ദര്‍ഭങ്ങളില്‍ ആവിഷ്‌ക്കരിക്കേണ്ടിയിരിക്കുന്നു. നമ്മുടെ കാലത്ത് ഇസ്‌ലാമും റസൂലും തെറ്റിദ്ധാരണകളുടെ പുകമറക്കുള്ളിലേക്ക് മുങ്ങിപ്പോരുകയാണ്. കൈവെട്ട് പോലുള്ള സംഗതികള്‍ക്ക് ശേഷം അതിന്റെ കേരളീയ പരിസരം കലുഷവുമാണ്. ഈ ചുറ്റുപാടില്‍ പ്രവാചകജീവിതം വിവേകപൂര്‍വ്വം സാംസ്‌കാരിക-സാമൂഹിക രീതിശാസ്ത്രങ്ങള്‍ക്കകത്തു നിന്ന് അവതരിപ്പിക്കാനും ബോധ്യപ്പെടുത്താനും നമുക്ക് സാധിക്കേണ്ടതുണ്ട്.
നബിദിനാഘോഷത്തിന്റെ മുഹൂര്‍ത്തങ്ങളില്‍ സഹോദരമതസ്ഥര്‍ക്ക് പ്രവാചകജീവിതം അടുത്തറിയാനുള്ള സാഹചര്യം നാം ഒരുക്കാറുണ്ടോ? സര്‍വ്വ പ്രപഞ്ചങ്ങള്‍ക്കും അനുഗ്രഹമായ, മാനവര്‍ക്കും ജിന്നുകള്‍ക്കും നിയോഗിക്കപ്പെട്ട തിരുനബി(സ) ആ വൃത്തങ്ങളിലേക്ക് എത്തിച്ചേരുന്നുണ്ടോ? പരസ്പര അവിശ്വാസത്തിന്റെയും കുഴമറിച്ചിലിന്റെയും കാലത്ത് ഈ ചോദ്യം കൂടുതല്‍ പ്രസക്തമാണ്.
റസൂലിന്റെയും ഇസ്‌ലാമിന്റെയും മുഖ്യശത്രുക്കള്‍ യൂറോപ്യരായിരുന്നു. മധ്യകാലത്ത് ഇതിന്റെ കാഠിന്യം വലിയൊരളവില്‍ ഉണ്ടായിരുന്നു. ഇസ്‌ലാമിനെ ക്രിസ്തുമത വിരുദ്ധരായി മതനിഷേധികളായും റസൂലിനെ സാത്താന്റെ സന്തതികളായും പാശ്ചാത്യര്‍ ചിത്രീകരിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയാണ് കാര്‍ട്ടൂണുകളിലും ക്ഷുദ്രരചനകളിലും കാണുന്നത്.
പക്ഷേ, ഇതിനിടയിലും ആ മഹല്‍ ജീവിതം അടുത്തറിയാനുള്ള ശ്രമങ്ങള്‍ അവിടെ നടക്കുന്നുണ്ട്. അന്വേഷണത്തിന്റെയും അറിയിക്കലിന്റെയും സംവാദത്തിന്റെയും ഒരു തലം കൂടി അവിടെ നിലനില്‍ക്കുന്നുണ്ട്. ക്രൈസ്തവ ഏകാധിപത്യ ദുഷ്പ്രവണത കൂടുതുറന്നുവിട്ട മധ്യകാല ഇസ്‌ലാം വിരുദ്ധ ഭൂതങ്ങളെ തടവിലാക്കിയത് യൂറോപ്പുകാരായ പ്രവാചകന്റെ ജീവചരിത്രകാരന്‍മാര്‍ തന്നെയാണെന്നറിയണം. വില്ല്യം വാട്ട് മോണ്ടിഗോറി, ആന്‍മേരി ഷിമ്മല്‍, മാര്‍ടിന്‍ ലിങ്‌സ്, കാരണ്‍ ആംസ്‌ട്രോങ് തുടങ്ങിയ തിരുനബി(സ)യുടെ ജീവചരിത്രം എഴുതിയവരുടെ നിര നീണ്ടതാണ്. പരസ്പരം അറിയുന്നതിലൂടെ മാത്രം മാറുന്നതാണ് തെറ്റിദ്ധാരണയും അവിശ്വാസവും. പക്ഷേ, നിര്‍ഭാഗ്യകരമാണ് നമ്മുടെ നാട്ടില്‍ പ്രവാചക ജീവിതം അറിയാനും അറിയിക്കാനുമുള്ള സംവിധാനങ്ങള്‍ കുറഞ്ഞുവരുന്നു. നിലവിലുള്ളത് ചില ഉപാധികള്‍ക്കും പരിമിതികള്‍ക്കും അകത്താണ്. നമ്മുടെ മൗലിദാഘോഷ വേളകളില്‍ അത്തരം വേദികള്‍ സംരക്ഷിക്കേണ്ടതില്ലേ? അതിനു പറ്റാവുന്ന ചില പ്രായോഗിക മാതൃകകള്‍ കൂടി ഈ കുറിപ്പിന്റെ ഭാഗമായി മുന്നോട്ടുവെക്കുന്നു. മീലാദിന്റെ ഭാഗമായി പഞ്ചായത്ത്-ജില്ലാ തലങ്ങളില്‍ പ്രവാചക ജീവിത സംബന്ധമായ പ്രസംഗ-പ്രബന്ധ-പ്രശ്‌നോത്തരി മത്സരം എല്ലാ മതവിശ്വാസികളെയും പങ്കെടുപ്പിച്ച് നടത്താവുന്നതാണ്. ഇതിനു തയ്യാറെടുക്കുന്നവര്‍ ആ ജീവിതത്തിലൂടെ കടന്നുപോകാതിരിക്കില്ലല്ലോ? മഹല്ല് കമ്മിറ്റികള്‍, ഇസ്‌ലാമിക സംഘടനകള്‍ എന്നിങ്ങനെ ആര്‍ക്കും ഏറ്റെടുക്കാവുന്നതാണ് ഈ ദൗത്യം. സംശയങ്ങളുടെ പുകമറക്കകത്ത് നിന്ന് സുതാര്യതയുടെ സൂര്യവെളിച്ചത്തേക്ക് ഇസ്‌ലാമിനെ എത്തിക്കേണ്ടത് നമ്മുടെ ബാധ്യതയാണ്.
തെറ്റിദ്ധാരണകളുടെ വലയത്തിനകത്ത് ഖുര്‍ആനും പെട്ടുപോകുന്നുണ്ട്. നബി തിരുമേനി(സ) പരാമര്‍ശിക്കുമ്പോള്‍ ഖുര്‍ആനെ തൊടാതിരിക്കാനാവില്ല. ‘അവിടുത്തെ പ്രകൃതം ഖുര്‍ആനായിരുന്നു’ എന്നാണ് പ്രിയ പത്‌നി ആഇശ(റ) പ്രവാചക ജീവിതത്തെ സംഗ്രഹിച്ചത്. ആ അര്‍ത്ഥത്തില്‍ റബീഉല്‍അവ്വല്‍ ഖുര്‍ആന്റെയും മാസമാണ്. മക്കാ വിജയത്തിന്റെയും മറ്റും ചരിത്രസന്ദര്‍ഭങ്ങളില്‍ നിന്ന് ഉദാരമായ പ്രവാചക ജീവിതത്തിന്റെ സൗന്ദര്യം പൊതുസമൂഹത്തില്‍ ആവിഷ്‌ക്കരിക്കേണ്ടതുണ്ട്. ഖുര്‍ആന്റെ സന്ദേശം, ഉള്‍സാരം, അതിന്റെ വ്യാഖ്യാനാത്മകമായ പ്രവാചക ജീവിത ക്രമം എന്നിവ അറിയിക്കാനുള്ള ഊഴങ്ങള്‍ കൂടി റബീഉല്‍ അവ്വലില്‍ കാണേണ്ടതുണ്ട്.
മതങ്ങളുടെ ബഹുസ്വര സമൂഹത്തില്‍ ജീവിക്കുമ്പോള്‍ പുലര്‍ത്തേണ്ട ചില തലങ്ങളാണ് ഇവിടെ സൂചിപ്പിച്ചത്. അറിയുന്നത് പരസ്പരം പങ്കുവെക്കുന്ന സമൂഹത്തില്‍ തെറ്റിദ്ധാരണകള്‍ക്കും അതുവഴിയുള്ള കാലുഷ്യങ്ങള്‍ക്കും ഒരു പരിധി വരെ ഇടം ഉണ്ടാകില്ല. ആര്‍ക്കും വായിക്കാവുന്ന ലളിതവും വിസ്മയകരവുമായ സമ്പൂര്‍ണ പുസ്തകമാണ് തിരുനബി(സ).

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter