ഇസ്‌ലാമിലെ യുദ്ധങ്ങള്‍
ഉഹ്ദ് യുദ്ധം
മദീനയില്‍നിന്ന് മൂന്ന് മൈല്‍ അകലെ വടക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ഒരു പര്‍വ്വതമാണ് ഉഹ്ദ്. മറ്റ് പര്‍വ്വതങ്ങളില്‍ നിന്നും ഒറ്റപ്പെട്ടു കിടക്കുന്നതിനാലാണ് ഉഹ്ദ് എന്ന് പേര് വന്നത്. മൂസ (അ)യുടെ സഹോദരന്‍ 'ഹാറൂണ്‍' നബി(അ) മറപെട്ടു കിടക്കുന്നത് അവിടെയാണെന്ന് പണ്ഡിതാഭിപ്രായമുണ്ട്. ഹിജ്‌റ മൂന്നാം വര്‍ഷം ശവ്വാല്‍ പതിനഞ്ചിനാണ് ഉഹ്ദ് യുദ്ധം നടന്നത്. നബിതിരുമേനി(സ)യുടെ നേതൃത്വത്തില്‍ ഇസ്‌ലാമും ശിര്‍ക്കും തമ്മില്‍ നടന്ന രണ്ടാമത്തെ പോരാട്ടമാണ് ഉഹ്ദ് യുദ്ധം. രണ്ടാം വര്‍ഷം നടന്ന ബദര്‍ യുദ്ധമാണല്ലോ ഒന്നാമത്തേത്. അപ്രതീക്ഷിതവും അതിലേറെ അസഹനീയവുമായിരുന്നു ഖുറൈശികള്‍ നേരിട്ട ബദ്‌റിലെ പരാജയം. അറബികള്‍ക്കിടയില്‍ തലനിവര്‍ത്തി നടക്കാന്‍ പറ്റാത്ത വിധം മാനഹാനിയും നേതൃനഷ്ടവുമാണ് അവര്‍ക്കത് വരുത്തിവെച്ചത്. കൊല്ലമൊന്ന് കഴിഞ്ഞിട്ടും ബദ്‌റിന്റെ ദുഃഖസ്മരണകള്‍ അവരെ വിട്ടുമാറിയിരുന്നില്ല. ബദ്ര്‍ യുദ്ധത്തിന് നിമിത്തമായ കച്ചവടസമ്പത്ത്, മൂലധനവും ലാഭവുമടക്കം ഉടമകള്‍ക്ക് വീതിച്ചുനല്‍കാതെ 'ദാറുന്നദ്‌വ' ത്തില്‍ സൂക്ഷിച്ചുവെച്ചിരിക്കുകയായിരുന്നു. ബദ്ര്‍ പരാജയത്തിന്റെ ആഘാതം ഖുറൈശികളെ അത്രമാത്രം ഇതികര്‍ത്തവ്യമൂഢരാക്കിയിരുന്നതിനാലാണിത്. എങ്ങനെയെങ്കിലും മുഹമ്മദിനോടും അനുയായികളോടും പ്രതികാരം ചെയ്യണമെന്ന ഉത്കടമായ അഭിവാഞ്ഛ ഓളംവെട്ടുകയായിരുന്നു മക്കയിലെ ഓരോ ഖുറൈശിയുടെയും അന്തരംഗത്ത്. ഒരു ദിവസം അബൂറബീഅത്തിന്റെ മകന്‍ അബ്ദുല്ല, അബൂജഹ്‌ലിന്റെ മകന്‍ ഇക്‌രിമത്ത്, ഉമയ്യത്തിന്റെ മകന്‍ സ്വഫ്‌വാന്‍ (ഇവര്‍ മൂന്നു പേരും പിന്നീട് മുസ്‌ലിംകളായി) ഖുറൈശി പ്രമുഖരായ മറ്റു ചിലരോടൊപ്പം അബൂസുഫ്‌യാനെ സമീപിച്ചു. പിതാവോ, സഹോദരന്‍മാരോ, മക്കളോ ബദ്ര്‍ യുദ്ധത്തില്‍ നഷ്ടപ്പെട്ടവരായിരുന്നു സംഘത്തിലെ മുഴുവന്‍ പേരും. അവര്‍ അബൂസുഫ്‌യാനോട് പറഞ്ഞു: ''മുഹമ്മദ് നമ്മെ പിന്‍ഗാമികളില്ലാതെയാക്കി. നേതാക്കളെ വകവരുത്തി. അവനോട് പ്രതികാരം ചോദിക്കുക തന്നെ വേണം. അതിനു വേണ്ടി ഉപയോഗപ്പെടുത്താന്‍ ദാറുന്നദ്‌വ:യില്‍ സൂക്ഷിച്ചു വെച്ച കച്ചവടധനം നല്‍കി സഹായിക്കണം. അതിലെ ലാഭവിഹിതം ഉപയോഗിച്ച് യുദ്ധസന്നാഹം നടത്താമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്.'' കച്ചവടധനത്തിന്റെ മറ്റ് അവകാശികളെയും അവര്‍ സമീപിച്ച് ആവശ്യം അറിയിച്ചിരുന്നു. അബൂസുഫ്‌യാന്‍ പറഞ്ഞു: ''ഈ പറഞ്ഞത് എനിക്ക് ആദ്യമേ സമ്മതമാണ്. ബനൂ അബ്ദിമനാഫും ഈ അഭിപ്രായത്തില്‍ എന്നോടൊപ്പമുണ്ട്.'' അങ്ങനെ ലാഭവിഹിതം നബി(സ)യോട് യുദ്ധം ചെയ്യാനുള്ള ചെലവിലേക്ക് എടുക്കാമെന്നും മൂലധനം ഉടമകള്‍ക്ക് തിരിച്ചേല്‍പിക്കാമെന്നും അവര്‍ തീരുമാനമെടുത്തു. അമ്പതിനായിരം ദീനാറായിരുന്നു മൂലധനം. അത്രതന്നെ ലാഭസംഖ്യയുമുണ്ടായിരുന്നു. ലാഭസംഖ്യ ഉപയോഗിച്ച് ഖുറൈശികള്‍ യുദ്ധത്തിനുള്ള തയ്യാറെടുപ്പ് നടത്തി. അവരുടെ സഖ്യകക്ഷികളായിരുന്ന കിനാനത്ത്, തിഹാമത്ത് തുടങ്ങിയവരും ഖുറൈശികളോടൊപ്പം തയ്യാറായി. അബൂ സുഫ്‌യാനായിരുന്നു ഖുറൈശികളുടെ പടനായകന്‍. മൂവ്വായിരം യോദ്ധാക്കളുമായി മദീനയെ ലക്ഷ്യമാക്കി അദ്ദേഹം പുറപ്പെട്ടു. ശവ്വാല്‍ അഞ്ചിനായിരുന്നു അവരുടെ പുറപ്പാട്. പടയങ്കി ധരിച്ച എഴുന്നൂറു പേരുണ്ടായിരുന്നു സൈനികരില്‍; ഇരുന്നൂറ് കുതിരകളും. ദഫുകളും വിനോദോപകരണങ്ങളുമായി പതിനേഴ് സ്ത്രീകളും കൂട്ടത്തിലുണ്ട്. അബൂസുഫ്‌യാന്റെ ഭാര്യ ഹിന്ത്, ഇക്‌രിമത്തിന്റെ ഭാര്യ ഉമ്മു ഹകീം, അംറുബ്‌നുല്‍ ആസ്വിയുടെ ഭാര്യ റൈത്വത്ത് തുടങ്ങിയവര്‍ ഇതില്‍പ്പെടുന്നു. സ്ത്രീകള്‍ ദഫ് മുട്ടിയും പാട്ടു പാടിയും നൃത്തം വെച്ചും പുരുഷ സൈന്യത്തെ ആവേശഭരിതരാക്കുകയായിരുന്നു. അങ്ങനെ കുടിച്ചും മതിച്ചും ആഘോഷാരവങ്ങള്‍ മുഴക്കിയുമാണ് അവരുടെ യാത്ര. ബദ്ര്‍ യുദ്ധാനന്തരം അവശേഷിച്ച ഖുറൈശി നേതാക്കളില്‍ പ്രമുഖനായ അബ്ബാസ്(റ)നെ (അന്നദ്ദേഹം ഇസ്‌ലാം സ്വീകരിച്ചിട്ടില്ല) അബൂസുഫ്‌യാന്‍ കൂടെ വരാന്‍ ക്ഷണിച്ചു. പക്ഷേ, അദ്ദേഹം ചില ഒഴിവുകഴിവുകള്‍ പറഞ്ഞു വിസമ്മതിക്കുകയായിരുന്നു. മാത്രമല്ല, സാമ്പത്തികമായി യാതൊരു സഹായവും ഖുറൈശി സൈനികര്‍ക്ക് അദ്ദേഹം നല്‍കുകയുമുണ്ടായില്ല. ഖുറൈശിപ്പട തയ്യാറെടുത്തപ്പോള്‍ തന്നെ അബ്ബാസ്(റ) രഹസ്യ ദൂതന്‍ വഴി വിവരം നബി(സ)ക്ക് കത്ത് മുഖേന അറിയിച്ചു. കത്ത് ലഭിക്കുമ്പോള്‍ നബി തിരുമേനി(സ) മസ്ജിദ് ഖുബായിലായിരുന്നു. കത്ത് കൈപ്പറ്റിയ നബി(സ) സീല്‍ പൊട്ടിച്ചു. ഉബയ്യുബ്‌നു കഅ്ബ്(റ) കത്ത് നബിയെ വായിച്ചു കേള്‍പിച്ചു. വിവരം രഹസ്യമാക്കിവെക്കാന്‍ തിരുമേനി ഉബയ്യ്‌നോട് ആവശ്യപ്പെടുകയും ചെയ്തു. മസ്ജിദു ഖുബായില്‍ നിന്ന് പ്രവാചകര്‍ തിരിച്ചുപോരുംവഴി സഅ്ദുബ്‌നുര്‍റബീഇന്റെ വീടില്‍ ഇറങ്ങി. കത്തിലെ വിവരം അദ്ദേഹത്തെ ധരിപ്പിച്ചു. അദ്ദേഹത്തോടും കാര്യം രഹസ്യമായിരിക്കാന്‍ നിര്‍ദേശിച്ചു. ഖുറൈശി സേന മദീനക്കഭിമുഖമായി ദുല്‍ഹുലൈഫയില്‍ വന്നിറങ്ങി. ശവ്വാല്‍ പന്ത്രണ്ട് ബുധനാഴ്ച ദിവസമായിരുന്നു അത്. ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ അവര്‍ അവിടെ കഴിച്ചുകൂട്ടി. നബി(സ) സ്വഹാബികളെ വിളിച്ചുകൂട്ടി. വിവരം പറഞ്ഞു. അവരോട് അഭിപ്രായം ആരാഞ്ഞു. ശത്രുവിനെ നേരിടാന്‍ അങ്ങോട്ടു പോകുകയോ അതല്ല മദീനയില്‍ തന്നെ നില്‍ക്കുകയോ? പല അഭിപ്രായങ്ങളും ഉയര്‍ന്നുവന്നു. നബി തിരുമേനി (സ)യുടെ അഭിപ്രായം മദീനയില്‍ തന്നെ നിലകൊള്ളുകയെന്നതായിരുന്നു. ശത്രുക്കള്‍ മദീനയെ ആക്രമിക്കുന്നപക്ഷം നേരിടാമെന്നും. മുഹാജിറുകളും അന്‍സ്വാറുകളുമായ മുതിര്‍ന്ന സ്വഹാബികളുടെയും അഭിപ്രായവും അതുതന്നെ. പക്ഷേ; ബദ്‌റില്‍ പങ്കെടുത്തിട്ടില്ലാത്തവരും അതിന്റെ പേരില്‍ ഖേദിിക്കുന്നവരുമായ ഒരുപറ്റം സ്വഹാബികള്‍ എതിരഭിപ്രായക്കാരായിരുന്നു, അവര്‍ ഒന്നടങ്കം പറഞ്ഞു: ''അല്ലാഹുവിന്റെ ദൂതരേ! ഇങ്ങനെയൊരവസരം ഞങ്ങള്‍ പ്രതീക്ഷിച്ച് കഴിയുകയാണ്. താങ്കള്‍ ഞങ്ങളെയും കൂട്ടി ശത്രുക്കളുടെ അടുത്തേക്ക് പുറപ്പെടുക. നമ്മള്‍ ഭീരുക്കളാണെന്ന് അവര്‍ വിചാരിക്കരുത്.'' ഹംസ(റ), സഅ്ദുബ്‌നു ഉബാദ(റ), നുഅ്മാനുബ്‌നു മാലിക്(റ) എന്നിവരും അന്‍സ്വാറുകളില്‍ ഒരു വിഭാഗവും ഇങ്ങനെ ശത്രുവിനെ അങ്ങോട്ട് ചെന്ന് നേരിടണമെന്ന പക്ഷക്കാരായിരുന്നു. അവരും ഇപ്രകാരം പറഞ്ഞു: ''പ്രവാചകരേ! നാം ഭീരുക്കളാണെന്ന് ശത്രുക്കള്‍ കരുതുമോ എന്നാണ് ഞങ്ങള്‍ ഭയപ്പെടുന്നത്. അതവര്‍ക്ക് നമ്മെ നേരിടാന്‍ കൂടുതല്‍ ആത്മവിശ്വാസവും ധൈര്യവും പ്രദാനംചെയ്യും.'' നുഅ്മാന്‍ (റ)ന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: ''അല്ലാഹുവിന്റെ ദൂതരേ! താങ്കള്‍ ഞങ്ങള്‍ക്ക് സ്വര്‍ഗ്ഗം തടയരുത്.'' ഹംസ(റ)യുടേത് ഒരു ശപഥമായിരുന്നു. അദ്ദേഹം പറഞ്ഞു: ''വിശുദ്ധ ഖുര്‍ആന്‍ താങ്കള്‍ക്ക് അവതരിപ്പിച്ച് തന്ന അല്ലാഹു തന്നെ സത്യം! മദീനയുടെ പുറത്തുവെച്ച് ഈ വാള്‍ ശത്രുസേനയുമായി നേരിട്ടിട്ടല്ലാതെ ഞാന്‍ ഭക്ഷണമേ കഴിക്കുകയില്ല; തീര്‍ച്ച.'' അവസാനം നബി തിരുമേനി(സ) ഈ അഭിപ്രായം സ്വീകരിച്ചു. ഖുറൈശികളെ മദീനക്ക് പുറത്തുവെച്ച് നേരിടാന്‍ നബി(സ)യും തീരുമാനിച്ചു. വെള്ളിയാഴ്ച ജുമുഅ: നിസ്‌കാരാനന്തരം നബി(സ) ജനങ്ങളെ അഭിസംബോധന ചെയ്തു. നേരിടാന്‍ പോകുന്ന യുദ്ധത്തിന്റെ ഗൗരവാവസ്ഥയെ ഓര്‍മ്മിപ്പിച്ചു. ക്ഷമിച്ച് നില്‍ക്കുന്നേടത്തോളം വിജയം സുനിശ്ചിതമായിരിക്കുമെന്നും ശത്രുവിനെ നേരിടാന്‍ ജാഗരൂകതയോടെ തയ്യാറാവണമെന്നും ഉപദേശിച്ചു. ജനങ്ങളെ കൂട്ടി അസ്വര്‍ നിസ്‌കരിച്ചു. ശേഷം വീട്ടിലേക്ക് കടന്നു. കൂടെ അബൂബക്കര്‍സിദ്ദീഖ്(റ), ഉമര്‍(റ) എന്നിവരുമുണ്ട്. അവര്‍ നബി(സ)യെ ആയുധവിഭൂഷിതനാക്കി. ജനങ്ങള്‍ നബി(സ) വരുന്നത് കാത്തു നില്‍ക്കുകയാണ്. അവരോട് സഅ്ദ് ബ്‌നു മുആദും ഉസൈദ്ബ്‌നു ഹുളൈറും പറഞ്ഞു: ''മദീനയുടെ പുറത്തു വെച്ച് യുദ്ധം ചെയ്യാന്‍ പ്രവാചകരെ നിങ്ങള്‍ നിര്‍ബന്ധിച്ചുവല്ലേ? കാര്യം നബി(സ)ക്ക് വിട്ടുകൊടുക്കുക.'' ആയുധമണിഞ്ഞ് പുറത്തു വന്ന തിരുമേനി(സ)യെ കണ്ടപ്പോള്‍ യുദ്ധം മദീനക്ക് വെളിയിലാകണമെന്ന് നിര്‍ബന്ധം പിടിച്ചവര്‍ക്ക് അങ്ങനെ വേണ്ടിയിരുന്നില്ല എന്ന് മനംമാറ്റമുണ്ടായി. അവര്‍ പറഞ്ഞു: ''പ്രവാചകരെ! താങ്കളുടെ അഭിപ്രായത്തിനെതിരെ നില്‍ക്കല്‍ ഞങ്ങള്‍ക്കനുയോജ്യമല്ല. അതിനാല്‍ യുദ്ധം താങ്കളുടെ അഭിപ്രായമനുസരിച്ച് തന്നെയാവാം.'' പ്രവാചകര്‍(സ) പ്രതികരിച്ചു: ''ഒരു പ്രവാചകനും ആയുധമണിഞ്ഞു കഴിഞ്ഞാല്‍ തന്റെയും ശത്രുവിന്റെയുമിടയില്‍ അല്ലാഹു തീരുമാനമെടുക്കുന്നത് വരെ ആയുധം അഴിച്ചുമാറ്റുന്നത് ഉചിതമല്ല.'' അങ്ങനെ അന്ന് വൈകുന്നേരം നബി(സ)യും സ്വഹാബികളും യാത്ര പുറപ്പെട്ടു. ആയിരം പേരാണ് നബി (സ) യോടൊപ്പം പുറപ്പെട്ടത്. ഇവരില്‍ മുന്നൂറ് പേര്‍ അബ്ദുല്ലാഹിബ്‌നു ഉബയ്യിന്റെ നേതൃത്വത്തില്‍ മടങ്ങിപ്പോയി. അവര്‍ മുനാഫിഖുകളായിരുന്നു. ശേഷിച്ച ഏഴുന്നൂറു പേരാണ് നബിയോടൊപ്പമുള്ളത്. പ്രഭാതത്തോടെ അവര്‍ ഉഹ്ദ് താഴ്‌വരയില്‍ എത്തിച്ചേര്‍ന്നു. ശവ്വാല്‍ പതിനഞ്ച് ശനിയാഴ്ചയായിരുന്നു പ്രസ്തുത ദിവസം. ഇരു വിഭാഗവും ഏറ്റുമുട്ടി. ഘോരമായ സംഘട്ടനം. ശത്രുനിരയെ അരിഞ്ഞുവീഴ്ത്തി മുസ്‌ലിം സൈന്യം മികച്ചുനിന്നു. ഒരുവേള ശത്രുക്കള്‍ യുദ്ധക്കളം വിട്ട് പിന്തിരിഞ്ഞോടി. സ്വഹാബികള്‍ ഗനീമത്ത് ശേഖരിക്കാന്‍ തുടങ്ങി. ഇത് കണ്ട് 'ജബലുല്‍റുമാത്തില്‍' നിര്‍ത്തിയിരുന്ന അമ്പെയ്ത്ത് വിദഗ്ധരായ മുസ്‌ലിം പടയാളികള്‍ ആ കുന്നില്‍ നിന്നിറങ്ങി സമരാര്‍ജ്ജിത സമ്പത്ത് ശേഖരിക്കുന്നതില്‍ വ്യാപൃതരായി. അവരോട് നബി (സ) കല്‍പിച്ചിരുന്നു: ''ഞങ്ങളെ പക്ഷികള്‍ കൊത്തിയെടുക്കുന്നത് കണ്ടാലും നിങ്ങള്‍ ഈ സ്ഥലം വിട്ടിറങ്ങരുത്. ശത്രുനിരയെ ഞങ്ങള്‍ തുരത്തിയോടിക്കുന്നതും അവരെ കൊന്നൊടുക്കുന്നത് കണ്ടാലും ഞാന്‍ ആളയച്ച് ഇറങ്ങാന്‍ പറയുന്നത് വരെ ഈ കുന്നില്‍ നിന്നിറങ്ങിപ്പോരരുത്.'' പക്ഷെ, യുദ്ധക്കളം ശൂന്യമാകുകയും സഹസൈനികര്‍ 'ഗനീമത്ത്' ശേഖരിക്കുന്നത് കാണുകയും ചെയ്ത ജബലുര്‍റുമാത്തിലെ ഭൂരിഭാഗവും താഴെയിറങ്ങി. യുദ്ധം അവസാനിച്ചുവെന്ന് കരുതിയാണ് അവര്‍ ഇറങ്ങിയത്. ഈ തക്കം നോക്കി ആ കൊച്ചു കുന്നിന്റെ പിന്നില്‍ കൂടി ശത്രുക്കള്‍ കടന്നുകയറുകയും മുസ്‌ലിം സൈന്യത്തിന് നേരെ അപ്രതീക്ഷിതമായി അക്രമം നടത്തുകയും ചെയ്തു. അതിലൂടെ നേതൃകല്‍പന പാലിക്കാത്തതിന്റെ ദുരന്തഫലം മുസ്‌ലിംകള്‍ ഉഹ്ദില്‍ അനുഭവിക്കേണ്ടിവന്നു. നബി തിരുമേനി(സ)യുടെ പിതൃവ്യനായിരുന്ന ഹംസ(റ) അടക്കം എഴുപത് പേരാണ് മുസ്‌ലിം പക്ഷത്ത് വീരമൃത്യു വരിച്ചത്. ശത്രുപക്ഷത്ത് ഇരുപത്തി മൂന്നു പേരും. ഘോരമായ സംഘട്ടനം നടക്കുമ്പോള്‍ ഒരുവേള നബി(സ) ബോധരഹിതനായി. അവിടുത്തെ മുട്ടുകാലിന് ക്ഷതമേറ്റു. മുന്‍പല്ല് പൊട്ടുകയും മുഖത്ത് പടത്തൊപ്പിയുടെ വട്ടക്കണ്ണി പതിഞ്ഞ് രക്തമൊലിക്കുകയുമുണ്ടായി. ''മുഹമ്മദ് വധിക്കപ്പെട്ടു'' എന്ന കിംവദന്തി പോലും പ്രചരിച്ചു. അതു കേട്ട സ്വഹാബികള്‍ പരിഭ്രാന്തരായി നാലുപാടും ഓടുകയുണ്ടായി. സത്യാവസ്ഥ മനസ്സിലാക്കിയ സ്വഹാബികള്‍ യുദ്ധമുന്നണിയിലേക്ക് തന്നെ തിരിച്ചെത്തി. ജീവന്‍മരണ പോരാട്ടം നടത്തി. അന്തിമവിജയം സ്വഹാബത്തിന് തന്നെയായിരുന്നു. പക്ഷെ, ഇടക്ക് വെച്ച് പരാജയം നേരിടുകയും അത് നിമിത്തം അപ്രതീക്ഷിത നഷ്ടം വന്നു ഭവിക്കുകയും ചെയ്തുവെന്നു മാത്രം. ഒരു വിഭാഗം നേതൃകല്‍പന ലംഘിച്ചതിന്റെ അനന്തരഫലമായിരുന്നു ഉഹ്ദിലെ പരാജയം. **** ഉദ്ധൃത സംഭവത്തെക്കുറിച്ച് നിഷ്പക്ഷവും സത്യസന്ധവുമായ വിശകലനത്തില്‍ നിന്ന് മുന്‍വിധിയില്ലാത്ത സദ്ബുദ്ധികള്‍ക്ക് ബോധ്യപ്പെടുന്ന കാര്യം, ഉഹ്ദ് യുദ്ധം പ്രവാചകപ്രഭുവിന്റെയും അനുയായികളുടെയും മേല്‍ അടിച്ചേല്‍പ്പിച്ചതായിരുന്നുവെന്നാണ്. ബദ്‌റില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയിട്ടും മക്കാഖുറൈശികളില്‍ അവശേഷിച്ചവരുടെ അഹന്തക്കും ധിക്കാരത്തിനും കുറവ് വന്നിട്ടില്ലായിരുന്നു. അതുകൊണ്ടാണല്ലോ പ്രതികാരമെന്ന പേരില്‍ പോര്‍വിളികളുമായി അവര്‍ ഉഹ്ദിലെത്തിയത്.പുണ്യപ്രവാചകരെയും ഇസ്‌ലാമിനെയും ഏതുവിധേനയും നാമാവശേഷമാക്കാനുള്ള ഹീനശ്രമത്തിന് മറയായിരുന്നു അവര്‍ക്ക് 'പ്രതികാരം'. ആ പേരിലാണല്ലോ കച്ചവടസ്വത്തിലെ ലാഭം ജനങ്ങളില്‍ നിന്നവര്‍ കൈവശപ്പെടുത്തിയത്. നബി(സ)യും സ്വഹാബത്തും അവരെ പ്രതിരോധിക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. സര്‍വ്വായുധ സജ്ജീകരണങ്ങളോടെ വലിയൊരു ശത്രുവ്യൂഹം മക്കയില്‍ നിന്ന് പുറപ്പെട്ട വിവരം അറിഞ്ഞിട്ടും അവരെ നേരിടാന്‍ അങ്ങോട്ടു പോകേണ്ടതില്ല, അവര്‍ മദീനയെ ആക്രമിക്കുന്ന പക്ഷം അപ്പോള്‍ നേരിടാം എന്നാണല്ലോ പ്രവാചക തിരുമേനി ആദ്യം കൈക്കൊണ്ട നയം. (അനുയായികളില്‍ ചിലരുടെ അഭിപ്രായം മാനിച്ച് പ്രസ്തുത നയം മാറ്റേണ്ടിവന്നെങ്കിലും) ഇതു സുതരാം സുവ്യക്തമാക്കുന്നത് നബി(സ) യുദ്ധവുമായി അങ്ങോട്ടു ചാടിവീണതല്ല ഉഹ്ദ് സംഭവം എന്ന് തന്നെയാണ്. ******* ഹംറാഉല്‍ അസ്ദ് മദീനയില്‍ നിന്ന് മൂന്ന് മൈല്‍ അകലെ ഒരു സ്ഥലമാണ് 'ഹംറാ ഉല്‍ അസ്ദ്.' നബി(സ)യുടെ നേതൃത്വത്തില്‍ ഒരു സൈനിക നീക്കം ഇതേ വര്‍ഷം പ്രസ്തുത സ്ഥലത്തേക്കുണ്ടായി. ഉഹ്ദ് യുദ്ധം നടന്നതിന്റെ പിറ്റേ ദിവസം തന്നെയായിരുന്നു അത്. യുദ്ധം കഴിഞ്ഞ അന്ന് രാത്രി പ്രമുഖരായ അന്‍സ്വാരി സഹാബികളൊക്കെ നബി(സ)യുടെ വാതില്‍ക്കല്‍ പള്ളിയില്‍ തന്നെ കഴിഞ്ഞുകൂടി. പ്രഭാതം പൊട്ടിവിടര്‍ന്നു. ബിലാല്‍ (റ) ബാങ്ക് വിളിച്ചു. അന്നേരം അബ്ദുല്ലാഹിബിനു അംറ്(റ) വന്നു പറഞ്ഞു: ശത്രു സൈന്യം 'മലല്‍' എന്ന സ്ഥലത്ത് (മദീനയുടെ അടുത്ത പ്രദേശം) താവളമടിച്ചിട്ടുണ്ട്. മാത്രമല്ല അവര്‍ ഇങ്ങനെ പറയുന്നത് ഞാന്‍ കേട്ടു: ''മുഹമ്മദിനും അനുയായികള്‍ക്കും കനത്ത പരാജയം ഏല്‍പിച്ചിട്ടും നമുക്ക് ഒന്നും വരുത്താന്‍ അവര്‍ക്കായില്ല. അതിനാല്‍ അവരില്‍ തല മുതിര്‍ന്ന കുറച്ചാളുകള്‍ കൂടി ബാക്കിയുണ്ട്. മടങ്ങിയെത്തി നമുക്ക് അവരെയും കൂടി വകവരുത്താം.'' എങ്കിലും സ്വഫ്‌വാനു ബ്‌നു ഉമയ്യത്ത് അവരെ പിന്തിരിപ്പിക്കുന്നുണ്ടായിരുന്നു. അയാള്‍ പറയുകയാണ്: ''അത് വേണ്ട; നമ്മള്‍ മടങ്ങിച്ചെല്ലുന്ന പക്ഷം ഉഹ്ദില്‍ പങ്കെടുക്കാത്ത ഖസ്‌റജ് ഗോത്രക്കാര്‍ കൂടി നമുക്കെതിരെ സംഘടിക്കും. അത് നമുക്ക് പരാജയം വരുത്തിവെക്കും. ഇപ്പോള്‍ വിജയം നമ്മുടെ പക്ഷത്ത് തന്നെയാണ്. അതിനാല്‍ നമുക്ക് തിരിച്ചുപോകാം.'' ഈ വിവരം അറിഞ്ഞ നബിതിരുമേനി(സ) നിരീക്ഷകരായി മൂന്നു പേരെ ശത്രുക്കള്‍ താവളമടിച്ച സ്ഥലത്തേക്കയച്ചു. അവരില്‍ രണ്ടു പേരെ ശത്രുക്കള്‍ കൊലപ്പെടുത്തി. വിവരം അറിഞ്ഞു നബി(സ)യും തലേദിവസം ഉഹ്ദില്‍ പങ്കെടുത്തവരും മാത്രം ഒരുങ്ങിപ്പുറപ്പെട്ടു. സാബിത്ബ്‌നു തുഹാക്ക് ആയിരുന്നു വഴികാട്ടി. അവര്‍ 'ഹംറാഉല്‍ അസ്ദ്' എന്ന സ്ഥലത്ത് താവളമടിച്ചു. വധിക്കപ്പെട്ട നിരീക്ഷകരായ രണ്ടു പേരുടെ മയ്യിത്ത് അവിടെ വെച്ച് ലഭിച്ചു. അവരെ മറമാടി. തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ഹംറാഉല്‍ അസ്ദില്‍ നബി (സ)യും സ്വഹാബികളും കഴിച്ചുകൂട്ടി. ശത്രുക്കള്‍ അവിടംവിട്ടുപോയിട്ടുണ്ടായിരുന്നു. ബദ്‌റില്‍ ബന്ധിയായി പിടിക്കപ്പെടുകയും പെണ്‍മക്കളുടെ ദയനീയാവസ്ഥ പറഞ്ഞതിന്റെ പേരില്‍ മോചനദ്രവ്യം ഈടാക്കാതെ വിട്ടയക്കപ്പെടുകയും ചെയ്ത അബൂഉസ്സ എന്ന കവിയെ അവിടെവെച്ച് നബി(സ) പിടികൂടുകയുണ്ടായി. അയാള്‍ ശത്രുസേനയെ കവിത പാടി ആവേശംകൊള്ളിക്കുകയായിരുന്നു. ബദ്‌റില്‍ നിന്നും അയാളെ മോചിപ്പിച്ചിരുന്നത് ഇസ്‌ലാമിനെതിരെ കവിത പാടി ആളുകളെ വശീകരിക്കരുത് എന്ന വ്യവസ്ഥയോടെയായിരുന്നു. അയാള്‍ പക്ഷെ; വ്യവസ്ഥ ലംഘിച്ച് കൊണ്ടാണ് ഉഹ്ദിലേക്ക് ശത്രുസേനയോടൊപ്പം ആഗതനായിരുന്നത്. പിടികൂടപ്പെട്ടപ്പോള്‍ അയാള്‍ പഴയതുപോലെ പെണ്‍മക്കളുടെ കാര്യം പറഞ്ഞുകൊണ്ട് മേലില്‍ ആവര്‍ത്തിക്കില്ല എന്ന് ഉറപ്പ് പറഞ്ഞു മോചനത്തിന് വേണ്ടി നബി(സ) യോട് കേണപേക്ഷിച്ചു നോക്കി. നബി (സ) പറഞ്ഞു: ''ഇനിയൊരിക്കല്‍ മക്കയില്‍ പോയി മുഹമ്മദിനെ ഞാന്‍ വഞ്ചിച്ചു രക്ഷപ്പെട്ടു എന്ന് പറയാന്‍ നിനക്ക് അവസരം വേണ്ട.'' തുടര്‍ന്ന് നബി(സ) സൈദ്(റ) നോട് കല്‍പിച്ചു: ''വെട്ടൂ, അവന്റെ കഴുത്തില്‍! ഒരു സത്യവിശ്വാസിയെ ഒരു മാളത്തില്‍നിന്ന് രണ്ടു പ്രാവശ്യം പാമ്പു കടിക്കുകയില്ല.'' സൈദ്(റ) തിരുമേനി(സ)യുടെ കല്‍പന നടപ്പാക്കി. അബൂഉസ്സയുടെ തലയുമായാണത്രെ സ്വഹാബികളും നബിതിരുമേനിയും മദീനയിലേക്ക് തിരിച്ചുപോന്നത്. ഒരു ശത്രുവിനോട് ഇത്രമാത്രം ഗൗരവമേറിയ ഇടപെടല്‍ മറ്റൊരാളോടും നബി(സ) നടത്തിയിട്ടില്ല. അഞ്ച് ദിനങ്ങള്‍ക്ക് ശേഷം നബി(സ)യും അനുയായികളും മദീനയില്‍ തിരിച്ചെത്തി. അന്ന് വെള്ളിയാഴ്ചയായിരുന്നു. മദീനയില്‍ വെച്ചാണ് ജുമുഅഃ നിസ്‌കാരം നിര്‍വഹിച്ചത്.
ഖന്തഖ് എഡി 627 ഫെബ്രുവരി (ഹിജ്‌റ 5 ശവ്വാല്‍) മാസത്തിലാണ് ചരി ്രപ്രസിദ്ധമായ ഖന്തഖ് യുദ്ധം ഉണ്ടായത്. എന്നാല്‍ ചരിത്രപണ്ഡിതനായ ഇബ്‌നുഖുല്‍ദൂന്‍ ഹിജ്‌റ നാലിനാണ് ഖന്തഖ് സംഭവിച്ചതെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന് ഉപോല്‍ബലകമായി ഇബ്‌നു ഉമര്‍(റ)വില്‍ നിന്ന് ഉദ്ധരിക്കുന്ന ഒരു ഹദീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സീറഇബ്‌നുഹിശാം, താരീഖുത്തിബ്‌രി തുടങ്ങിയ ചരിത്ര ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിയ പ്രസ്തുത ഹദീസിന്റെ പിന്‍ബലത്തിലാണ് ഇബ്‌നുഖുല്‍ദുന്‍ ഖന്തഖ് യുദ്ധം ഹിജ്‌റ നാലിലാണെന്ന് സമര്‍ത്ഥിച്ചത്. എന്നാല്‍ ചരിത്ര പണ്ഡിതന്‍മാര്‍ ഈ വിശദീകരണം സ്വീകരിച്ചിട്ടില്ല. അവര്‍ ഐകകണ്‌ഠ്യേന സമര്‍ത്ഥിച്ചത് ഖന്തഖ് യുദ്ധം ഹിജ്‌റ അഞ്ചില്‍ തന്നെയാണെന്നാണ്. മദീനയില്‍ സ്ഥിരതാമസക്കാരായ യഹൂദികളെ സ്വാധീനിച്ചു നബി(സ)ക്കെതിരില്‍ ഖുറൈശികള്‍ ഉപജാപങ്ങള്‍ സംഘടിച്ചുപോന്നു. ഇസ്‌ലാം മതത്തെ യഹൂദികള്‍ വളരെ ആദരവോടെയാണ് ആദ്യം വീക്ഷിച്ചിരുന്നത്. ഖുറൈശികളുടെ മതത്തില്‍ വിഗ്രഹാരാധന ഉള്ളതുകൊണ്ട് യഹൂദികള്‍ക്ക് പ്രസ്തുത മതത്തോട് തീരെ മതിപ്പില്ലായിരുന്നു. ജൂതമതത്തില്‍ വിഗ്രഹാരാധന ഇല്ലെന്നത് സ്മരണീയമാണ്. എന്നാല്‍ ഈ നയത്തില്‍ മാറ്റം വരുത്തുകയും, മക്കക്കാരുടെ മതത്തിന് ഇസ്‌ലാമിനേക്കാള്‍ പദവിയുണ്ടെന്നവര്‍ പില്‍ക്കാലത്ത് പ്രചരിപ്പിച്ചും തുടങ്ങി. അവര്‍ക്കിടയില്‍ തന്നെ അഭിപ്രായഭിന്നതയുണ്ടാക്കിയ ഈ നയംമാറ്റം 'താരീഖുല്‍ യഹൂദ്' 142-ല്‍ വിവരിച്ചിട്ടുണ്ട്.
ഖൈബര്‍ മദീനയില്‍ നിന്ന് സിറിയയുടെ ഭാഗത്തായി 96 മൈല്‍ അകലെ സ്ഥിതി ചെയ്യുന്ന ഫലഭൂയിഷ്ടമായ ഒരു മലഞ്ചെരുവാണ് ഖൈബര്‍. എല്ലാ അനാശാസ്യങ്ങളുടെയും അക്രമത്തിന്റെയും കേന്ദ്രമായ ഖൈബര്‍ മുറഹിബ് (ഇദ്ദേഹം ഒരു പൊതുപടനായകനാണെന്നും ചരിത്രകാരന്‍മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്) എന്നൊരു ജൂതന്റെ അധികാരപരിധിയിലായിരുന്നു. മൂന്ന് വന്‍കോട്ടകള്‍ കെട്ടി അതിനകത്തായിരുന്നു ഖൈബറുകാരുടെ ആയുധങ്ങളും, സമ്പത്തുകളും സൂക്ഷിച്ചിരുന്നത്. യുദ്ധക്കൊതിയന്‍മാരും ധിക്കാരികളുമായിരുന്ന ഖൈബറിലെ ജൂതന്‍മാര്‍ വളരെ കാലങ്ങള്‍ക്കു മുമ്പേ അവിടുത്തേക്ക് കുടിയേറി താമസം തുടങ്ങിയവരായിരുന്നു. ഈത്തപ്പന കൃഷിക്ക് പേരുകേട്ട ഖൈബര്‍, വിട്ടുമാറാത്ത പനിക്കും പേരുകേട്ട സ്ഥലമാണ്. മദീനയില്‍ താമസിച്ചിരുന്ന ജൂതന്‍മാരുമായി പല നിലക്കും ബന്ധം പുലര്‍ത്തിയിരുന്ന ഖൈബറിലെ ജൂതന്മാര്‍ നബി (സ)ക്കും സഹാബാത്തിനും ശല്യവും, ബുദ്ധിമുട്ടുമുണ്ടാക്കിക്കൊണ്ടിരുന്നു. അഹങ്കാരികളെ അമര്‍ച്ച ചെയ്തില്ലെങ്കില്‍ ധര്‍മ്മച്യുതിക്ക് ആക്കം കൂട്ടുകയും, സമാധാന ജീവിതത്തിനു ഭംഗം വരുത്തുകയും ചെയ്യുമായിരുന്നു. മദ്യവും, മദിരാക്ഷിയും മാത്രമല്ല, അത്യന്തം ആപല്‍ക്കരമായ സംഘട്ടന പ്രിയരും, കലഹക്കാരുമായിരുന്നു ഖൈബറിലെ യഹൂദികള്‍. കാര്‍ഷിക മേഖലയായ ഖൈബറിലെ സമ്പല്‍സമൃദ്ധി യഹൂദികളെ അഹങ്കാരികളും, എന്തിനും മടിക്കാത്തവരുമാക്കിത്തീര്‍ത്തു. ഖൈബറിലെ ജൂതരുടെ സംസ്‌ക്കാരശൂന്യമായ സാമൂഹ്യ ജീവിത പശ്ചാത്തലം 'താരീഖുല്‍ യഹൂദി ബി ബിലാദുല്‍ അറബ്' പേജ് 170-ല്‍ വിശദമാക്കിയിട്ടുണ്ട്. നബി(സ) ഹുദൈബിയ്യയില്‍ മടങ്ങിയ ശേഷം മുഹര്‍റ മാസത്തിലാണ് ഖൈബറിലേക്ക് പുറപ്പെട്ടത് (ഹിജ്‌റ 7, മുഹറം; എ.ഡി 628 ആഗസ്ത്). 200 കുതിരപ്പടയാളികളുള്‍പ്പെടെ 1500 സഹാബാക്കളാണ് നബി തങ്ങളെ അനുഗമിച്ചിരുന്നത്. അവിടുത്തെ പത്‌നി ഉമ്മുസല്‍മ(റ) തങ്ങളോടൊപ്പമുണ്ടായിരുന്നു. അനസ്(റ)വില്‍ നിന്ന് 'സഹീഹുല്‍ ബുഖാരി' ഉദ്ധരിച്ച ഒരു ഹദീസില്‍ നബി(സ) ഖൈബറില്‍ ഒരു രാത്രിയാണ് എത്തിച്ചേര്‍ന്നതെന്നും അന്നവിടെ ഉറങ്ങിയെന്നും, നേരം പുലര്‍ന്നതില്‍ പിന്നെയാണ് യുദ്ധം തുടങ്ങിയതെന്നും കാണുന്നു. നാലു ദിവസത്തെ യാത്രക്കു ശേഷമാണ് നബിതങ്ങളും, സംഘവും ഖൈബറിലെത്തിച്ചേര്‍ന്നത്. 10,000 യുദ്ധഭടന്‍മാരുള്ള ഖൈബറുകാര്‍ കോട്ടകളില്‍ കയറി വാതിലടച്ചു നബി(സ)ക്കെതിരില്‍ അസ്ത്രയുദ്ധം ആരംഭിച്ചു. ഇതുകാരണം മുസ്‌ലിം സൈന്യത്തിന് വമ്പിച്ച പ്രയാസങ്ങള്‍ നേരിട്ടു. മുഹമ്മദ്ബ്‌നു മസ്‌ലമ(റ) അമ്പേറ്റ് ശഹീദായി. ഒരു ദിവസം അതികഠിനമായ യുദ്ധം നടത്തിയെങ്കിലും കോട്ട കീഴടക്കാന്‍ കഴിഞ്ഞില്ല. ചെങ്കണ്ണ് ബാധിച്ചു കിടപ്പിലായിരുന്ന അലി(റ)വിനെ വരുത്തി നബി (സ) തന്റെ ഉമിനീര്‍ പുരട്ടി കണ്ണുരോഗം സുഖപ്പെടുത്തുകയും, അവിടുത്തെ തൃക്കരം കൊണ്ട് അലി(റ)വിന് തലയില്‍ കെട്ടിക്കൊടുക്കുകയും, യുദ്ധം നയിക്കാന്‍ കല്‍പ്പിക്കുകയും ചെയ്തു. യുദ്ധതന്ത്രജ്ഞനും, ധൈര്യശാലിയുമായ മഹാനായ അലി(റ) ഖൈബറിലെ യഹൂദികള്‍ക്കെതിരില്‍ അവിടുത്തെ പ്രസിദ്ധമായ 'ദുല്‍ഫുഖാര്‍' ചലിപ്പിച്ചു. പൊതുമൈതാനത്തു നിന്ന് യുദ്ധം ചെയ്യാന്‍ ഭയന്ന യഹൂദികള്‍ കോട്ടക്കകത്തു നിന്നായിരുന്നു യുദ്ധം നിയന്ത്രിച്ചിരുന്നത്. അലി(റ) കോട്ടവാതിലിലെത്തിയപ്പോള്‍ യുദ്ധനിപുണനും, യഹൂദികളുടെ നേതാവും മുറഹിബിന്റെ സഹോദരനുമായ ഹാരിസ് അലി(റ) വിനെ നേരിട്ടു. അധികം താമസിയാതെ ആ അതികായന്റെ കഥ അലി(റ) കഴിച്ചു. അതില്‍പിന്നെ സര്‍വ്വായുധങ്ങളും, ചമയങ്ങളുമായി സാക്ഷാല്‍ മുറഹിബ് തന്നെ യുദ്ധത്തിന് തയ്യാറായി. രണ്ട് അങ്കിയും, രണ്ടു വാളും ധരിച്ച മുറഹിബ് തലക്ക് പരുക്കേല്‍ക്കാതിരിക്കാന്‍ തലയില്‍ കല്ലു വെച്ചുകെട്ടിയിരുന്നു. കൂടാതെ അമ്പും കുന്തവും ഉണ്ടായിരുന്നു. (മുഹമ്മദ് റസൂലുല്ലാഹ്- പേജ് 280).മുഅ്ത ഇസ്‌ലാമിക ചരിത്രത്തിലെ വീരേതിഹാസങ്ങളിലൊന്നാണ് ഹിജ്‌റ ഏഴാം വര്‍ഷം ജമാദുല്‍ ഊലയില്‍ നടന്ന മുഅ്ത: യുദ്ധം. അന്ത്യപ്രവാചകന്‍ മുഹമ്മദ്(സ) റോമാ ചക്രവര്‍ത്തി ഹിറഖല്‍ രാജാവിന്റെ സന്നിധിയിലേക്ക് നിയോഗിച്ച സന്ദേശവാഹകന്‍ ഹാരിസ്ബ്‌നു ഉമൈര്‍ അല്‍- അസ്ദി(റ)യെ മുഅ്ത: യെന്ന സ്ഥലത്തു വെച്ച് ശുറഹ്ബീലുബ്‌നു അംറില്‍ ഗസ്സാനിയെന്ന റോമന്‍ സൈനികന്‍ വധിച്ചുകളഞ്ഞതാണ് യുദ്ധത്തിന്റെ കാരണം. ഹാരിസി(റ)ന്റെ വധത്തില്‍ അത്യന്തം ദുഃഖിച്ച മഹാനായ പ്രവാചകന്‍(സ) റോമക്കാരെ ഒരു പാഠം പഠിപ്പിക്കാന്‍ തന്നെ തീരുമാനിക്കുകയായിരുന്നു. താമസിയാതെ പുണ്യ റസൂല്‍(സ) ഒരു സൈന്യത്തെ സജ്ജമാക്കുകയും അവരോട് ഹാരിസ്ബ്‌നു ഉമൈറി(റ)ന്റെ രക്തത്തിനു പകരം ചോദിക്കാന്‍ റോമിലേക്ക് മാര്‍ച്ച് ചെയ്യാന്‍ കല്‍പ്പിക്കുകയും ചെയ്തു. മൂവ്വായിരത്തോളം അംഗങ്ങളുണ്ടായിരുന്ന ആ സേനയുടെ നായകത്വം സൈദുബ്‌നു ഹാരിസ് (റ)യെ ആണ് റസൂല്‍ ഏല്‍പിച്ചത്. സൈദ് രക്തസാക്ഷിയാകുന്നപക്ഷം ജഅ്്ഫറുബ്‌നു അബീഥാലിബി(റ)നെയും അദ്ദേഹം വധിക്കപ്പെട്ടാല്‍ അബ്ദുല്ലാഹിബ്‌നുറവാഹ(റ) യെയും നേതാവായി നിശ്ചയിക്കാന്‍ നിര്‍ദേശിച്ച പ്രവാചകന്‍ ജഅ്ഫറി(റ)ന്റെ മരണം സംഭവിച്ചാല്‍ ആരെ നിശ്ചയിക്കണമെന്ന് വ്യക്തമാക്കിയിരുന്നില്ല. മുസ്‌ലിം സൈന്യത്തിന്റെ പുറപ്പാട് കേട്ടറിഞ്ഞ ഹിര്‍ഖല്‍ ഒരു ലക്ഷം റോമന്‍ യോദ്ധാക്കളും അറബ് വംശജരായ ഒരു ലക്ഷം ക്രിസ്ത്യാനികളുമുള്‍പ്പെടുന്ന രണ്ടു ലക്ഷത്തിലേറെ അംഗബലമുള്ള ഒരു വന്‍സൈന്യവുമായി യുദ്ധത്തിന് കോപ്പുകൂട്ടി. ശത്രുക്കളുടെ അംഗബലം കേട്ടറിഞ്ഞ മുസ്‌ലിംകള്‍ കൂടുതല്‍ സൈനികരെ അയച്ചുതരാന്‍ റസൂലിനോട് ആവശ്യപ്പെടണമോ എന്ന് ശങ്കിക്കുകയും പിന്നീട് ആ ഉദ്യമം ഉപേക്ഷിച്ച് ധൈര്യം സംഭരിച്ച് യാത്ര തുടരുകയും ചെയ്തു. മുസ്‌ലിം സൈന്യം ബല്‍ഖാഇലെത്തിയപ്പോള്‍ ഹിര്‍റഖലിന്റെ സേന അവിടെ തമ്പടിച്ചിരുന്നു. ശേഷം ഇരുപക്ഷവും തമ്മില്‍ ശക്തമായ ഒരേറ്റുമുട്ടല്‍ തന്നെ അരങ്ങേറുകയുണ്ടായി. മുസ്‌ലിംകള്‍ ശത്രുനിരകള്‍ ഭേദിച്ച് മുന്നേറുന്നതിനിടയില്‍ സേനാനായകന്‍ സൈദുബ്‌നു ഹാരിസ്(റ) വെട്ടേറ്റു വീണു. പ്രവാചകരുടെ മുന്‍നിര്‍ദേശ പ്രകാരം ജഅ്ഫറുബ്‌നു അബീഥാലിബ്(റ) പതാകയേന്തി യുദ്ധത്തിന് ചുക്കാന്‍ പിടിച്ചു. പോരാട്ടം മുറുകുന്നതിനിടെ വലതു കൈയിനു വെട്ടേറ്റ ജഅ്ഫര്‍ (റ) ഇടതുകൈയില്‍ കൊടിയേന്തി. അല്‍പം കഴിഞ്ഞ് ഇടതുകൈയും മുറിഞ്ഞെങ്കിലും പതാക വീണുപോകാതിരിക്കാന്‍ അദ്ദേഹമതിനെ നെഞ്ചോടണച്ചുപിടിച്ചു. അധികം താമസിയാതെ പോര്‍ക്കളത്തില്‍ രക്തസാക്ഷിയായി വീണ ജഅ്ഫറി(റ)ല്‍ നിന്നും അബ്ദുല്ലാഹിബ്‌നു റവാഹ പതാകയേറ്റുവാങ്ങി. സൈന്യത്തെ മുന്നില്‍ നിന്നു നയിച്ച അദ്ദേഹവും രക്തസാക്ഷ്യം വരിച്ചു. ശേഷം നേതൃത്വമേറ്റെടുത്ത ഖാലിദ്ബ്‌നുല്‍ വലീദ്(റ) തന്റെ തന്ത്രപരമായ നീക്കങ്ങളിലൂടെ ശത്രുസേനയെ അടിയറവു പറയിച്ചു. രണ്ടു ലക്ഷം പേരുള്ള ഒരു വന്‍ സേനാവ്യൂഹം തുച്ഛം വരുന്ന മൂവ്വായിരം പേരോട് പരാജയപ്പെട്ടത് ചരിത്രത്തിന്റെ അപൂര്‍വതകളില്‍പ്പെട്ടതാണെന്നു പറയാം. മഅ്ത: യുദ്ധം പ്രവാചകന്റെ നയതന്ത്ര മര്യാദയെയാണ് ഒര്‍മിപ്പിക്കുന്നത്. ദൂതന്‍മാരെ ബഹുമാനിക്കുകയെന്ന ചിരപരിചിതമായ രാഷ്ട്രീയ തത്വം ഹിര്‍ഖലിന്റെ ആളുകള്‍ പാലിക്കാതിരുന്നപ്പോള്‍ അവരെ ശിക്ഷിക്കാന്‍ തീരുമാനിച്ച പ്രവാചകരുടെ ഉദ്യമം രാഷ്ട്ര തന്ത്രങ്ങളോടുള്ള അവിടുത്തെ പ്രതിബദ്ധതയാണ് ഉയര്‍ത്തിക്കാണിക്കുന്നത്. അംഗബലവും ആയുധശേഷിയും കൊണ്ട് എന്തും നേടാമെന്ന് അഹങ്കരിച്ചെത്തിയ റോമുകാരെ യഥാര്‍ത്ഥ വിജയം വിശ്വാസത്തിന്റെ കരുത്തുകൊണ്ടേ നേടാനാകൂ എന്ന് പഠിപ്പിക്കുകയായിരുന്നു മഹാന്‍മാരായ സഹാബികള്‍. ശത്രുപക്ഷത്ത് നിന്നും എണ്ണിത്തിട്ടപ്പെടുത്താനാവാത്ത വിധം ആള്‍നാശമുണ്ടായത് സഹാബത്തിന്റെ സമരവീര്യം എത്രമാത്രമായിരുന്നു എന്ന് വ്യക്തമാക്കുന്ന വിധത്തിലായിരുന്നു.ഫതഹു മക്ക ഐതിഹാസികമായ ഒരു മഹാസംഭവമാണ് മക്കാ കീഴടങ്ങല്‍. ലോകത്ത് നിരവധി പടയോട്ടങ്ങള്‍ നടന്നിട്ടുണ്ട്. പല രാജാക്കന്‍മാരും നിരവധി രാജ്യങ്ങള്‍ വെട്ടിപ്പിടിച്ചിട്ടുണ്ട്. എന്നാല്‍ അതില്‍നിന്നെല്ലാം വ്യത്യസ്തമായ തികച്ചും ആദരണീയമായ ഒരധ്യായമായി 'മക്കം ഫത്ഹ്' ചരിത്രമാക്കപ്പെട്ടിട്ടുണ്ട്. ഹുദൈബിയ്യ: സന്ധിയില്‍ വ്യവസ്ഥ ചെയ്തിരുന്ന കരാറുകള്‍ മക്കക്കാര്‍ ലംഘിച്ചതാണ് ഈ സായുധ നീക്കത്തിന് കാരണമാക്കിയത്. നബി(സ)യുടെ സഖ്യകക്ഷിയായിരുന്ന ബനൂഗുസാഅഃ ഗോത്രക്കാരും, ഖുറൈശികളുടെ സഖ്യകക്ഷിയായ ബനൂബക്കര്‍ ഗോത്രക്കാരും നിലവിലുണ്ടായിരുന്ന കരാറനുസരിച്ച് പരസ്പരം സഹായിക്കാന്‍ പാടില്ലാത്തതായിരുന്നു. എന്നാല്‍ ഇക്‌രിമത്ത്ബ്‌നു അബൂജഹല്‍, സഫ്‌വാനുബ്‌നു ഉമയ്യത്ത് തുടങ്ങിയ ഖുറൈശി നേതാക്കളുടെ നേതൃത്വത്തില്‍ ബനൂബക്കര്‍ ഗോത്രക്കാര്‍ക്കു വേണ്ടി നബി(സ)യുടെ സഖ്യകക്ഷിയായ ബനൂഖുസാഅഃ ഗോത്രക്കാരെ ആക്രമിക്കുകയും ഇരുപത്തിമൂന്ന് പേരെ കൊന്നൊടുക്കുകയും ചെയ്തു. (ചില അഭിപ്രായത്തില്‍ ഇരുപത് പേരാണ് കൊല്ലപ്പെട്ടത്. മു:റ: 303) ഈ കരാര്‍ ലംഘനം കടുത്ത അപരാധമായി പുരാതന കാലം മുതല്‍ തന്നെ വിലയിരുത്തപ്പെട്ടിരുന്നു. പത്തു വര്‍ഷങ്ങള്‍ യുദ്ധമില്ലെന്ന കരാര്‍ ഇതോടെ ഖുറൈശികള്‍ തന്നെ ലംഘിച്ചു. മദീനയില്‍ നിന്ന് മക്കയിലേക്ക് ഒരു സൈനിക നീക്കം നബി(സ) ഉദ്ദേശിക്കുന്നതായി സഹാബാക്കളില്‍ ചിലര്‍ക്ക് ധാരണയുണ്ടായിരുന്നു. ഈ നീക്കം വളരെ രഹസ്യമായി മക്കക്കാരെ അറിയിക്കാന്‍ ചിലര്‍ ശ്രമിക്കാനും മുതിര്‍ന്നിരുന്നു. പൂര്‍ണ്ണമായും നല്ല ഉദ്ദേശ്യമായിരുന്നു അവര്‍ക്കുണ്ടായിരുന്നതും. ബദ്ര്‍ യുദ്ധത്തില്‍ പങ്കാളിയായ ഖാത്തിബ്(റ) ഒരു സ്ത്രീ മുഖാന്തിരം വളരെ ഗോപ്യമായി ഒരു കത്ത് ഖുറൈശികളിലേക്കയച്ചിരുന്നു. ഈ കത്ത് നബി(സ)യുടെ നിര്‍ദ്ദേശാനുസരണം വഴിക്കുവെച്ച് അലി (റ) പിടിച്ചെടുക്കുകയാണുണ്ടായത്. ഖാത്തിബ്(റ)വിനെ വധിക്കണമെന്ന ഉമര്‍(റ)വിന്റെ ഇംഗിതം നബി(സ) നിരാകരിക്കുകയും ബദ്‌രീങ്ങളുടെ മഹത്വത്തിലേക്ക് വിരല്‍ ചൂണ്ടുകയും ചെയ്യുകയാണുണ്ടായത്. പരിശുദ്ധ റമസാന്‍ 20നു ശേഷമാണ് നബി(സ) മദീനയില്‍ നിന്നു പുറപ്പെട്ടത്. നബി(സ) നോമ്പുകാരനായിരുന്നു. 980 കുതിരപ്പടയാളികള്‍ ഉള്‍പ്പെടെ 12,000 സൈനികരായിരുന്നു അവിടുത്തോടൊപ്പം മക്കയിലേക്ക് നീങ്ങിയത്. മക്കക്കാരായ മുഹാജിറുകള്‍ 1000 പേരും, അന്‍സാറുകള്‍ 900 പേരുമുള്‍പ്പെടെ മദീനക്കാര്‍ 10,000 പേരും ചുറ്റുഭാഗക്കാരായ നാട്ടുകാര്‍ 2000 പേരുമുള്‍പ്പെടെ 12,000 വരുന്ന സൈനിക വ്യൂഹം ഹിജ്‌റ 8ല്‍ റമസാന്‍ 20നു ശേഷം ഒരു ജനുവരി മാസം ആദ്യവാരത്തില്‍ മദീനയില്‍ നിന്ന് പ്രയാണമാരംഭിച്ചു. 'ഫത്തഹുമക്ക' കൃത്യമായ ദിവസം നിര്‍ണയിക്കുന്നതില്‍ ചരിത്രകാരന്‍മാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നത ഉള്ളതുകൊണ്ട് മിക്ക ചരിത്രഗ്രന്ഥങ്ങളും കൊല്ലവും മാസവും മാത്രമേ രേഖപ്പെടുത്തുന്നുള്ളൂ. ഫത്തഹ് മക്ക ഹിജ്‌റ 8, റമസാന്‍, എ.ഡി 630 ജനുവരി എന്നാണ് മു:റ: 302-ല്‍ രേഖപ്പെടുത്തിയത്. പരിശുദ്ധ മക്കയില്‍ പ്രവേശിച്ച നബി(സ) പരിശുദ്ധ കഅ്ബാലയം ത്വവാഫ് ചെയ്തു. കഅ്ബാലയത്തില്‍ തൂക്കിയിരുന്ന 360 വിഗ്രഹങ്ങള്‍ നീക്കം ചെയ്തു. മക്കയുടെ വിവിധ ഭാഗങ്ങളിലൂടെ ഹറമിലേക്ക് ഇരമ്പിക്കയറിയ മുസ്‌ലിം സൈനികര്‍ക്ക് പറയത്തക്ക എതിര്‍പ്പുകളൊന്നും നേരിട്ടില്ല. എവിടെയും രക്തം ചിന്തിയില്ല. പാവനവും പവിത്രവും പരിശുദ്ധവുമായ പരിശുദ്ധ ഹറം ശരീഫില്‍ ശാന്തിയും സമാധാനവും സഹവര്‍ത്തിത്വവും പഠിപ്പിക്കുന്ന പരിശുദ്ധ ദീനുല്‍ ഇസ്‌ലാമിന്റെ ദിവ്യവെളിച്ചം വീണു പ്
Leave A Comment