മലബാര്‍, മരണമില്ലാത്ത അനേകം മനുഷ്യരുടെ പേരാണ് അത്
നെല്ലിക്കുത്ത് ആലി മുസ്‍ലിയാർ, ആമിനുമ്മാന്റകത്ത് പരീക്കുട്ടി മുസ്‌ലിയാർ, പാലക്കതൊടി അബൂബക്കർ മുസ്‌ലിയാർ, കട്ടിലശ്ശേരി മുഹമ്മദ് മുസ്‌ലിയാർ, കിടങ്ങഴി ഇബ്രാഹിം മുസ്‌ലിയാർ, പാങ്ങിൽ അഹ്മദ് കുട്ടി മുസ്ലിയാർ, പുതിയാപ്പിള അബ്ദുറഹ്മാൻ മുസ്‌ലിയാർ... ചരിത്രത്താളുകളിൽ അധികമൊന്നും കേൾക്കാത്ത ധീര ദേശാഭിമാനികളാണിവർ. ചരിത്രതൂലികകൾക്ക് മറവി പിടിച്ചപ്പോഴും മരിച്ചവരെ മറക്കാതെ മലബാറിന്റെ മൺതരികൾ ഇന്നും ഇവരെ വാഴ്ത്തുന്നുണ്ട്. വീഴ്ത്താൻ തന്ത്രങ്ങൾ പതിനെട്ടും പയറ്റി വന്ന വെള്ളക്കാരോട് 'പിറന്ന നാട്, അത് തങ്ങളുടെ രക്തത്തിലലിഞ്ഞ ഒന്നാണ്' എന്ന് ഉച്ച സ്വരത്തിൽ പ്രഖ്യാപിച്ച ധീര ദേശാഭിമാനികളെ ഓർക്കുന്നുണ്ട്.
1921, പോരാട്ടങ്ങളുടെ കാലമായിരുന്നു, വിശിഷ്യാ മലബാറിന്. അതിനെ പലരും 'മലബാർ കലാപം' എന്നും 'മാപ്പിള കലാപം' എന്നും 'ഖിലാഫത്ത് സമരം' എന്നുമൊക്കെ പേര് ചാർത്തിയെങ്കിലും നീണ്ടു പോവുന്ന നീതി നിഷേധത്തിനെതിരെയുള്ള അവകാശപോരാട്ടമായിരുന്നു അത്. പാലക്കാട് മുതൽ വടക്കോട്ടുള്ള പ്രദേശങ്ങളാണ് മലബാർ എന്ന് വിളിക്കുന്നത്. ഭൂത കാലങ്ങളിലെ മലബാറിന്റെ തേജസ്സു കണ്ടു കേരളം മുഴുവനും മലബാർ എന്നറിയപ്പെട്ടിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് മദ്രാസ് പ്രവിശ്യയിൽ ആയിരുന്ന മലബാർ ഇന്ന് കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് എന്നീ ജില്ലകളെയാണ് മലബാർ എന്ന് വിശേഷിപ്പിക്കുന്നത്. തഞ്ചാവൂർ മഹാക്ഷേത്രത്തിലെ ശിലാരേഖയിലും ക്രിസ്ത്യൻ ടോപ്പ് ഗ്രഫി എന്ന ഗ്രന്ഥത്തിലും മലകളുടെ നാട് എന്നർത്ഥം വരുന്ന മലെയ്നാടിൽ നിന്നാണ് മലബാർ പിറവിയെടുത്തത് എന്ന് പരാമർശിക്കുന്നുണ്ടെങ്കിലും വാണിജ്യ സമ്പന്നമായ ഈ പ്രദേശത്തെ അറബികളുടെ കച്ചവടബന്ധം വഴിയാണ് മലബാർ ജന്മം കൊണ്ടത് എന്നാണ് പ്രബലം. മലബാറിനെ അടുത്തറിയാൻ സ്വദേശികളും വിദേശികളും അക്കാലത്തുതന്നെ മലബാറിൽ വന്നു താമസിക്കുകയും യാത്രകൾ നടത്തുകയും ചെയ്തിരുന്നു. പ്രശസ്തരായ അൽബിറൂനിയും മാർക്കോപോളോയും അക്കൂട്ടത്തിലെ ചിലരാണ്.
1921 ഓഗസ്റ്റ് മാസത്തോടെയാണ്, ഇന്ത്യൻ സ്വാതന്ത്രസമര ചരിത്രത്തിൽ കാർഷിക പ്രക്ഷോഭമായും വർഗീയ കലാപമായും മാപ്പിളകലാപമായും മാറി മാറി വിളിക്കപ്പെട്ട ആ അധ്യായത്തിന്റെ തുടക്കം. ഏറനാട്, വള്ളുവനാട്, പൊന്നാനി, കോഴിക്കോട് തുടങ്ങിയ താലൂക്കുകൾ കേന്ദ്രമാക്കി സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്വ ശക്തികളോടുള്ള അവകാശ പോരാട്ടങ്ങള്‍ തുടക്കം കുറിച്ചത് ഏറനാട്ടിലായിരുന്നു. കർഷകരായ മാപ്പിളമാരോടുള്ള ക്രൂര നടപടികളായിരുന്നു കാരണം. ഭൂമി പാട്ടത്തിനെടുത്തും കൂലിവേല ചെയ്തും ജീവിതം മുന്നോട്ടു നീങ്ങിയ സാധാരണക്കാരായ മാപ്പിളമാർക്ക് മേലെ കുടിയൊഴിപ്പിക്കലും അന്യായമായ നികുതി പിരിവും ഉയർന്ന പാട്ടവും കൂടിയായതോടെ ജന്മിമാരോടും ബ്രിട്ടീഷുകാരോടും ഇവർക്ക് വെറുപ്പായി. ഖിലാഫത്ത് നിർത്തലാക്കിയതില്‍ ബ്രിട്ടീഷുകാരോടുള്ള മുസ്‍ലിംകളുടെ പ്രതിഷേധവും സമ്പന്നമായ മലബാർ പ്രദേശത്തെയും കേരളത്തിനെ മുച്ചൂടും കവർന്നെടുത്ത വെള്ളക്കാരുടെ ചൂഷണ മനോഭാവത്തോടുമുളള ദേശസ്നേഹികളുടെ പ്രതിഷേധമാണ് ഈ പ്രക്ഷോഭത്തിന് ആധാരമായിത്തീർന്നത്. ബ്രിട്ടീഷുകാരെ സഹായിച്ച ജന്മികളേയും ശത്രുക്കളായി കണ്ടതും സ്വാഭാവികം.
ചെറുതും വലുതുമായ ധാരാളം പ്രക്ഷോഭങ്ങൾക്ക് ശേഷമാണ് 1921ൽ വലിയൊരു പ്രക്ഷോഭത്തിന് തുടക്കം കുറിച്ചത്. സമാധാനാന്തരീക്ഷത്തിൽ ജീവിച്ചിരുന്ന ഒരു പറ്റം ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ള ബ്രിട്ടീഷ് തന്ത്രങ്ങൾ വിജയിപ്പിക്കാൻ മാപ്പിളമാർ ഒരുക്കമല്ലായിരുന്നു. അതുകൊണ്ട് അരക്കിട്ടുറപ്പിച്ച ധൈര്യവും പേറി അവർ ഇറങ്ങി പോരാടി. ആലി മുസ്ലിയാർ, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, സീതിക്കോയ തങ്ങൾ, ചെമ്പ്രശ്ശേരി തങ്ങൾ, എം.പി. നാരായണ മേനോൻ, കാപ്പാട് കൃഷ്ണൻ നായർ, പാണ്ടിയാട്ട് നാരായണൻ നമ്പീശൻ എന്നിവർ നേതൃത്വമേകി. സാധാരണക്കാരിൽ സാധാരണക്കാരായവരും ജാതിമതഭേദമന്യേ ദേശസ്നേഹികളും അണിനിരന്ന മഹാ വിപ്ലവത്തിൽ മലബാർ ഒന്നടങ്കം സ്വാതന്ത്ര്യത്തിനായി പോരാടി. അതോടെ അക്ഷരാർത്ഥത്തിൽ മലബാർ നിന്നു കത്തിയെന്ന് പറയുന്നതാവും ശരി. പ്രക്ഷോഭത്തിൽ കൂടുതലും മാപ്പിള കർഷകർ ആയതിനാലാണ് പിൽക്കാലത്ത് പലരും മാപ്പിള കലാപം എന്ന് വിളിച്ചത്.
1920 ജൂൺ 14-ന് മഹാത്മാഗാന്ധിയും മൗലാന ഷൗക്കത്തലിയും കോഴിക്കോട് കടപ്പുറത്ത് ഖിലാഫത്ത് പ്രസ്ഥാനത്തിനുവേണ്ടി പ്രസംഗിച്ചതോടെ പ്രസ്ഥാനം മലബാറിൽ ശക്തികൊണ്ടു. ഖിലാഫത്തിലൂടെ ഭാരത സ്വാതന്ത്ര്യം എന്നതായിരുന്നു ലക്ഷ്യം. അതിനാൽ തന്നെ പല സമ്മേളനങ്ങളും സമരക്കളങ്ങളായി മാറി. പലരും അറസ്റ്റ് വരിച്ചു. മമ്പുറം പള്ളിയിൽ കയറി വരേ അറസ്റ്റുണ്ടായി. മഖാം തകർത്തെന്ന വ്യാജവാർത്ത പടർന്നു. കലാപം പൊട്ടിപ്പുറപ്പെട്ടു. വലിയൊരു സംഘം മുസ്‍ലിംകൾ തിരൂരങ്ങാടിയിൽ തടിച്ചു കൂടി. അവർക്ക് നേരെ വെടിയുണ്ടകൾ ചീറിപ്പാഞ്ഞു. മുന്നൂറോളം പേർ മരിച്ചു. പിന്നീട് സമരക്കാരും പോലീസും പരസ്പരം പോരാടി. സർക്കാരിനും ജന്മികൾക്കും എതിരെ നടത്തിയ കലാപം ബ്രിട്ടീഷ് അനുകൂലികളായ ഹിന്ദുക്കൾക്കെതിരെയും പലയിടത്തും വഴിതെറ്റി. ഓഗസ്റ്റ് 21-ന് നിലമ്പൂർ കോവിലകം സമരക്കാർ കൊള്ളയടിച്ചു. മഞ്ചേരിയിലേ നമ്പൂതിരി ബാങ്കും കൊള്ളയടിച്ചു. ഈ വിവരമറിഞ്ഞ കുഞ്ഞഹമ്മദാജി ദേഷ്യപ്പെടുകയും അവയെല്ലാം തിരിച്ചു കൊടുപ്പിക്കുകയും ചെയ്തു. പിന്നീട് രണ്ടുകൂട്ടരും ഉൾപ്പെടുന്ന അഡ്ഹോക്ക് കമ്മിറ്റി രൂപവൽക്കരിച്ചു. കലാപത്തെക്കുറിച്ച് വിവരം നൽകാത്തവരെ കലാപകാരികൾ എന്ന് മുദ്രകുത്തി പോലീസ് പീഡിപ്പിച്ചു. വിവരങ്ങൾ നൽകിയവരെ സമരക്കാർ ആക്രമിച്ചു. ഇതൊക്കെയാവാം മലബാർ കലാപത്തിന് മതപരമായ ചുവ ഉണ്ടാകാൻ കാരണമായി തീർന്നതും. ഇന്നും മലബാറിൻറെ മണ്ണിലൂടെ യാത്ര ചെയ്യുമ്പോൾ ഒരുപാട് സ്മരണ കേന്ദ്രങ്ങൾ കാണാൻ നമുക്ക് കഴിയും. നൂറു വർഷം പിന്നിടുന്ന ഈ കാലത്തും അവയോരോന്നും അഭിമാനത്തോടെ വിളിച്ചു പറയുന്നുണ്ടാകും, പോയ കാലത്തെ പടയോട്ടങ്ങളെ കുറിച്ച്.
പൂക്കോട്ടൂർയുദ്ധം
ഇന്നും പൂക്കോട്ടൂരിൽ എത്തിയാൽ യുദ്ധത്തിൻറെ അനേകം ചിത്രങ്ങൾ അവിടെ നമുക്ക് കാണാൻ കഴിയും. കോഴിക്കോട് മലപ്പുറം റോഡിലെ പാലവും വെള്ളൂർ പാപ്പാട്ടുങ്ങൽ പാലവും പൊളിച്ച് സമരക്കാർ പൂക്കോട്ടൂരിൽ പട്ടാളത്തെ നേരിടാൻ തയ്യാറായി തമ്പടിച്ചു. കുന്നുകളും വിശാലമായ പാടവും കിടങ്ങായി ഉപയോഗിക്കാവുന്ന തോടും ഉൾപ്പെടെ ഗറില്ലാ യുദ്ധത്തിനു പറ്റിയ എല്ലാ ഭൗതിക സാഹചര്യങ്ങളുമുള്ള പ്രദേശമായതിനാലാണ് കലാപകാരികൾ ഈ സ്ഥലം തിരഞ്ഞെടുത്തത്. പട്ടാളത്തെ നേരിടാനൊരുങ്ങി മൂവായിരത്തോളം പേരാണ് എത്തിയിരുന്നത്. പാലങ്ങളും റോഡും നന്നാക്കി ഓഗസ്റ്റ് 26ന് രാവിലെ പട്ടാളം പൂക്കോട്ടൂരെത്തി. ക്യാപ്റ്റൻ മെക്കന്റി പരീക്ഷണാർത്ഥം ഒരു വെടി ഉതിർത്തപ്പൊഴേക്ക് നാനാ ഭാഗത്തുനിന്നും പട്ടാളക്കാർക്കു നേരെ ആക്രമണമുണ്ടായി. പട്ടാളക്കാരുടെ മെഷീൻ ഗണിനും കൈ ബോമ്പിനും എതിരെ കലാപകാരികൾ വാളും കുന്തവുമായി കുതിച്ചു. അഞ്ചു മണിക്കൂർ നീണ്ട പൊരിഞ്ഞ യുദ്ധത്തിനൊടുവിൽ പട്ടാളം പ്രതിഷേധക്കാരെ കീഴടക്കി. പട്ടാള ഓഫീസറും സൂപ്രണ്ടുമുൾപ്പെടെ നാല് ബ്രിട്ടീഷ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. പട്ടാളക്കാരിൽ എത്രപേർ മരിച്ചുവെന്നു വ്യക്തമല്ല. ലഹളക്കാരുടെ ഭാഗത്തു നിന്ന് 250ലേറെപ്പേർ മരണപ്പെട്ടു. ലഹളക്കാരുടെ നേതാവ് വടക്കെ വീട്ടിൽ മുഹമ്മദും കൊല്ലപ്പെട്ടു.
ബാംഗ്ലൂരിൽ നിന്നും മറ്റും കൂടുതൽ പട്ടാളം എത്തി വൻ സേനയായി ഓഗസ്റ്റ് 30ന് തിരൂരങ്ങാടിയിലേക്കു നീങ്ങി. പള്ളി വളഞ്ഞ് ആലി മുസലിയാരെ പിടിക്കുകയായിരുന്നു ഉദ്ദേശ്യം. പട്ടാളം ജമാഅത്ത് പള്ളി വളഞ്ഞ് വെടിയുതിർത്തു. കലാപകാരികൾ തിരിച്ചും. പള്ളിയിൽ 114 പേരേ ഉണ്ടായിരുന്നുള്ളൂവെങ്കിലും 8 മണിക്ക് ആരംഭിച്ച വെടിവെപ്പ് 12 മണിവരെ നീണ്ടു. ഒടുവിൽ ആലി മുസ്ലിയാരെയും ശേഷിച്ച 37 പേരെയും പട്ടാളം പിടികൂടി. ഇവരെ വിചാരണ ചെയ്ത പട്ടാളക്കോടതി ആലി മുസലിയാരടക്കം 13 പേർക്ക് വധശിക്ഷ വിധിച്ചു. ബാക്കിയുള്ളവരെ നാടുകടത്തി. ആലി മുസലിയാരെ 1922 ഫെബ്രുവരി 17ന് കോയമ്പത്തൂർ ജയിലിൽ തൂക്കിക്കൊന്നു. നേതാക്കളായ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ചെമ്പ്രശേരി തങ്ങൾ എന്നിവർ പിന്നീട് കീഴടങ്ങി. ഇവരെ പട്ടാള കോടതി വിധിയനുസരിച്ച് വെടിവെച്ച് കൊന്നു. ബ്രട്ടീഷ് പട്ടാളത്തിന് മുമ്പിൽ ധൈര്യത്തോടെ നെഞ്ച് വിരിച്ചവർ ബുളളറ്റുകൾ ഏറ്റുവാങ്ങി. ലഹളയിൽ ആയിരത്തിലധികം മാപ്പിളമാർ കൊല്ലപ്പെട്ടു. 14,000ത്തിൽ പരം പേർ അറസ്റ്റ് ചെയ്യപ്പെട്ടു.
വാഗൺട്രാജഡി
ബ്രിട്ടീഷ് നരനായാട്ടിന്റെ ഭീകര ചിത്രമാണ് വാഗൺ ട്രാജഡി. ബ്രിട്ടീഷ് സർക്കാരിന്റെ ഭീകരതക്കു മകുടം ചാർത്തുന്ന സംഭവമാണ് വാഗൺ ട്രാജഡി എന്ന പേരിൽ അറിയപ്പെടുന്ന മനുഷ്യക്കുരുതി. ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ജാലിയൻ വാലാബാഗ് കഴിഞ്ഞാല്‍ ഇത്രയേറെ മനുഷ്യത്വ രഹിതമായ മറ്റൊരു സംഭവമുണ്ടാകില്ലെന്നാണ് ചരിത്രകാരൻമാരുടെ അഭിപ്രായം. മലബാർ കലാപത്തെ തുടർന്ന് അറസ്റ്റ് ചെയ്ത കലാപകാരികളെ കാറ്റുപോലും കടക്കാത്ത ഗുഡ്സ് വാഗണിൽ അടച്ചിട്ടാണ് ജയിലുകളിലേക്കു കൊണ്ടുപോയിരുന്നത്. പട്ടാള ഓഫീസറായ ഹിച് കോക്കാണ് പുറത്തുള്ളവർ പ്രതിഷേധക്കാരെ കാണുന്നതു തടയാൻ ഈ ആശയം നടപ്പാക്കിയത്. 1921 നവംബർ 17ന് ഇരുനൂറോളം തടവുകാരെ ഒരു വാഗണിൽ കുത്തിനിറച്ച് തിരൂരിൽ നിന്ന് കോയമ്പത്തൂരിലേക്കു പുറപ്പെട്ടു. വണ്ടി പുറപ്പെടും മുമ്പുതന്നെ ശ്വാസം കിട്ടാതെ നിലവിളി തുടങ്ങിയിരുന്നു. വണ്ടി കടന്നുപോയ വഴിനീളെ തടവുകാരുടെ നിലവിളി കേൾക്കാമായിരുന്നു. കോയമ്പത്തൂരിനടുത്തുള്ള പോത്തന്നൂരിൽ വണ്ടിയെത്തിയപ്പോൾ വാഗണിൽ നിന്ന് അനക്കമൊന്നും കേൾക്കാത്തതിനെത്തുടർന്ന് പട്ടാളക്കാർ വാഗൺ തുറന്നു. ശ്വാസം കിട്ടാതെ പരസ്പരം കടിച്ചും മാന്തിക്കീറിയും 64 തടവുകാർ മരിച്ചിരുന്നു. ബാക്കിയുള്ളവരിൽ പലരും ബോധരഹിതരായിരുന്നു. പുറത്തിറക്കിയ ശേഷവും കുറെപ്പേർ മരിച്ചു..!
തിരൂർ വഴികളിലിന്നും ആ ശബ്ദങ്ങൾ ഉയർന്നു കേൾക്കാം. അവരെ മറമാടിയ കോരങ്ങത്ത് പള്ളിയിലും കോട്ടുപള്ളിയിലും ഇന്നും ആ അനുരണനങ്ങള്‍ ഉയരുന്നുണ്ട്. ആ മൃതശരീരങ്ങളിലെ അമുസ്‍ലിംകളുടേത് പോലും മുസ്‍ലിംകളോടൊപ്പം തന്നെയാണത്രെ മറവ് ചെയ്തത്. പ്രക്ഷോഭ സമയത്ത് പോലും മരിക്കാത്ത മതസൗഹാർദ്ദത്തിന്റെ ചിത്രങ്ങള്‍. ബ്രിട്ടീഷ് സർക്കാരിനെതിരെ സമരങ്ങൾ സംഘടിപ്പിക്കുന്നതിന് മുമ്പ് മാപ്പിളമാർ മുസ്‍ലിം പുണ്യ പുരുഷൻമാരുടേയും രക്ത സാക്ഷികളുടേയും അനുഗ്രഹം തേടി രക്ഷ ധരിക്കുകയും, മഖ്ബറ സന്ദർശനം നടത്താറുമുണ്ടായിരുന്നു. സിയാറത്ത് എന്ന പേരിലാണ് ഇത്തരം യാത്രകൾ അറിയപ്പെട്ടിരുന്നത്.
മലബാറിലെ സൂഫി സ്വാതന്ത്ര്യ സമര പോരാളി മമ്പുറം സയ്യിദ് അലവി തങ്ങൾ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങൾക്ക് മുമ്പ് തിരൂരങ്ങാടി നടുവിലത്തെ പള്ളി ജാറം, ഹസ്സൻ ജിഫ്രിയുടെ മഖ്‌ബറ, കോഴിക്കോട് തെക്കുംതല ജുമുഅത്ത് പള്ളി ശൈഖ് അബുൽവഫാ ശംസുദ്ദീൻ മുഹമ്മദ് ജാറം, പൊന്നാനി മഖ്ദൂമുമാരുടെ മഖ്ബറ എന്നിവിടങ്ങളിലേക്ക് അനുഗ്രഹം തേടി യാത്ര നടത്താറുണ്ടായിരുന്നു. ബ്രിട്ടീഷ് രാജ് ഭരണകാലത്ത് കലാപങ്ങൾ സംഘടിപ്പിക്കുന്നതിന് ഇത്തരം യാത്രകൾ പ്രചോദനം നൽകുന്നുവെന്ന് ബ്രിട്ടീഷ് അധികാരികൾ വിലയിരുത്തിയതിനെ തുടർന്ന് സംഘടിതമായുള്ള ഇത്തരം യാത്രകൾക്കും റാതീബുകൾക്കും പലയിടങ്ങളിലും നിരോധനമേർപ്പെടുത്തി.
കളക്ടർ കനോലിയുടെ കൊലപാതകത്തെ തുടർന്ന് മലബാറിലെ ചുമതല വഹിച്ചിരുന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥർ മേലധികാരികൾക്ക് സമർപ്പിച്ച റിപ്പോർട്ടുകളിൽ ഇത്തരം ആചാരങ്ങൾ ബ്രിട്ടീഷ് വിരുദ്ധതയ്ക്ക് ആക്കം കൂട്ടുന്നതായി ആരോപിക്കുന്നു. ഏത് കൃത്യം ചെയ്യുന്നതിനുമുമ്പും മാപ്പിളമാർ തറമ്മൽ ജാറം അടക്കമുള്ള കേന്ദ്രങ്ങളിൽ പോയി പ്രാർത്ഥന നടത്താറുണ്ടെന്നും അത് കൊണ്ട് ഇവ നശിപ്പിക്കണമെന്നും പ്രത്യേകിച്ചും തറമ്മൽ ജാറം നശിപ്പിച്ച് അവിടെ അടക്കം ചെയ്ത തങ്ങന്മാരുടെ ഭൗതികാവശിഷ്ടങ്ങൾ തോണ്ടിയെടുത്ത് നാടുകടത്തി പുനഃസംസ്കരണം നടത്തണമെന്നും പിന്തുടർവകാശികളെ നാടുകടത്തി ജാറങ്ങളുടെ സ്ഥലങ്ങൾ പിടിച്ചെടുത്ത് കൃഷി നടത്തി അടക്കപ്പെട്ടവരുടെ ഓർമ്മകൾ ഇല്ലാതാക്കണമെന്നുമുള്ള നിർദ്ദേശങ്ങൾ സമർപ്പിച്ചെങ്കിലും ഭവിഷ്യത്തുകൾ ഭയന്ന് ഇത്തരം ആവശ്യങ്ങൾ അംഗീകരിക്കാതെ ആചാരങ്ങൾക്ക് വിലക്കിടാൻ വേണ്ട നിയമ നടപടികൾ സ്വീകരിക്കുകയായിരുന്നു. നിരോധനം മറികടന്നു ആലി മുസ്ലിയാരും അനുയായികളും നടത്തിയ ചേരൂർ മഖാം സിയാറത്ത് യാത്രകളാണ് 1921 ലെ മലബാർ കലാപത്തിന് നിദാനമായി മാറിയത് .
ഈ മഖാമുകൾ മലബാറിലെ നാനാജാതി ജനങ്ങളുടെയും ആശ്രയ കേന്ദ്രമായി ഇന്നും നിലകൊള്ളുന്നു. കുട്ടിക്കാലം മുതൽ മനസ്സിൽ ചേർന്ന മതസൗഹാർദ കേന്ദ്രങ്ങളായി ഇന്നും ജ്വലിക്കുന്നു. മലബാർ കലാപത്തിന്റെ ചൂടു ചോരാതെ പലരും ചരിത്രത്തെ ക്രോഡീകരിച്ചിട്ടുണ്ട്. മലയാളസിനിമയിൽ ഐവി ശശി സംവിധാനം ചെയ്ത 1921 എന്ന ചലച്ചിത്രം ഉദാഹരണം. മുഹമ്മദിന്റെ സിനിമയും കാണാം. നൂറാം വാർഷികം സമയത്ത് നേതാക്കളിൽ പ്രമുഖനായിരുന്ന വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയേ കേന്ദ്രകഥാപാത്രമാക്കി നാലോ അഞ്ചോ സിനിമ സിനിമകൾ അണിയറയിലുണ്ട്. 'മലബാർ കലാപം' എന്ന പേരിൽ എം ഗംഗാധരനും കെ മാധവൻ നായരും പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. ഇതു കൂടാതെ AK കോഡൂർ, MT അൻസാരി തുടങ്ങിയ മറ്റു ധാരാളം പേരും ഈ വിഷയത്തെ ആസ്പദമാക്കി രചനകൾ നടത്തിയിട്ടുണ്ട്.
നാം മറ്റൊരു സ്വാതന്ത്രദിനാഘോഷം കൊണ്ടാടുമ്പോൾ അഭിമാനത്തോടെ നൂറുവർഷം പിന്നിട്ട ഈ പോരാട്ടത്തെ സ്മരിക്കാം. അവരുടെ ചോരയുടെ വില മനസ്സിലാക്കാം. ഒരുപാട് സാധാരണക്കാർ.. പല മതക്കാർ.. ചരിത്രത്താളുകളിൽ ഇടം പിടിക്കാത്ത ഇന്നും ജീവിക്കുന്ന ചരിത്ര ചിത്രങ്ങൾ സാക്ഷിയാക്കി നമുക്ക് പറയാം, അവരാണ് ധീരദേശാഭിമാനികൾ ആ 'അ-സാധാരണക്കാർക്ക്' ബിഗ് സല്യൂട്ട്...
അതോടൊപ്പം, അവര്‍ക്ക് ആവേശം പകര്‍ന്ന മാലകളും പടപ്പാട്ടുകളും പുണ്യപുരുഷരുടെ വീരചരിതങ്ങളും നമുക്കും ആവേശം പകരട്ടെ. ഇന്ത്യയുടെ യഥാര്‍ത്ഥ സ്വാതന്ത്ര്യത്തിനായി സമരം ചെയ്യാന്‍ അവ നമുക്കും പ്രചോദനമാവട്ടെ.
Leave A Comment