മർഹും കെ. പി അബൂബക്കർ ഹസ്രത്ത്: പാണ്ഡിത്യത്തിന്റെ ഗരിമയും സൗമ്യതയുടെ സ്നേഹസ്പർശവും
താൻ നടന്ന വഴികളിലൊക്കെയും ഇലാഹിൻ്റെ നൂറായ അറിവ് പകർന്ന് നൽകി ആയിരക്കണക്കിന് ശിഷ്യരെ വൈജ്ഞാനിക വഴിയിൽ ഉറപ്പിച്ച് നിർത്തി, തന്നെ അറിഞ്ഞവർക്കും പരിചയപ്പെട്ടവർക്കും തന്നോട് ഒരു പ്രാവശ്യമെങ്കിലും ഇട പഴകിയവർക്ക് പോലും ഒരു സൗമ്യമായ തലോടലായി നൂറുൽ ഉലമ കെ.പി അബൂബക്കർ ഹസ്റത് വിട പറഞ്ഞിരിക്കുന്നു.
എട്ടര പതിറ്റാണ്ടിന്റെ സഫലവും സംഭവബഹുലവുമായ പണ്ഡിത ജീവിതമാണ് ഇതോടെ കടന്ന് പോയിരിക്കുന്നത്. സംഘടനാപരമായി ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ പ്രസിഡണ്ടായി നിലനിൽക്കുമ്പോഴും സംഘടന പ്രവർത്തനങ്ങളേക്കാൾ വൈജ്ഞാനിക പ്രസരണത്തിനായിരുന്നു ഹസ്രത്ത് ഊന്നൽ നൽകിയിരുന്നത്. വളരെ ചെറിയ പ്രായത്തിൽ തന്നെ വൈജ്ഞാനിക വഴിയിലേക്ക് പ്രവേശിക്കാൻ സൗഭാഗ്യം നൽകപ്പെട്ട പണ്ഡിതരായിരുന്നു അവർ.
എറണാകുളം ജില്ലയിലെ കാക്കനാട് പടമുകളാണ് ഹസ്രതിന്റെ ജന്മ ദേശം. മത മൂല്യങ്ങൾ സൂക്ഷിച്ചിരുന്ന കുടുംബമായിരുന്ന കിഴക്കേക്കരയിൽ മർഹും മജീദ് ഹാജി - ആയിശ ദമ്പതികളുടെ മകനായി 1937 ലാണ് ജനനം. മത വൈജ്ഞാനിക യാത്ര ആരംഭിക്കുന്നത് സ്വന്തം മഹല്ലായ പടമുകളിൽ നിന്നു തന്നെയാണ്. പടമുകൾ പള്ളിയിൽ മുദരിസായിരുന്ന പ്രമുഖ പണ്ഡിതൻ കോക്കൂർ കുഞ്ഞഹമ്മദ് മുസ്ലിയാരുടെ ദർസിൽ ചെറിയ പ്രായത്തിൽ തന്നെ ചേരുകയും അവിടെ അഞ്ചുവർഷം പഠനം നടത്തുകയും ചെയ്തു. തുടർന്ന് ആ കാലഘട്ടത്തിൽ മലബാറിലെ ഏറ്റവും ശ്രദ്ധേയമായ ദർസായിരുന്ന പരപ്പനങ്ങാടി പനയത്തിൽ പള്ളിയിലെ കോട്ടുമല അബൂബക്കർ മുസ്ലിയാരുടെ ദർസിൽ ചേർന്നു.
കോട്ടുമല ഉസ്താദിന്റെ ശിഷ്യനായിരിക്കെയാണ് മലബാറിൽ ഒരു വൈജ്ഞാനിക സ്ഥാപനം വേണമെന്ന താല്പര്യത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമായുടെ നേതൃത്വത്തിൽ പട്ടിക്കാട് ജാമിഅ നൂരിയ സ്ഥാപിതമാകുന്നത്. ഇതിന്റെ ആരംഭ കാലം ഹസ്രത്ത് പല സംഭാഷണങ്ങളിലും അയവിറക്കാറുണ്ട്. ദക്ഷിണേന്ത്യയിലെ ഏക മുതവ്വൽ സ്ഥാപനമായിരുന്ന വെല്ലൂർ ബാഖിയാത്തു സ്വാലിഹാത്തിലേക്ക് മലബാറിൽ നിന്നുള്ള വിദ്യാർത്ഥികളുടെ ഒഴുക്ക് വര്‍ദ്ധിക്കുകയും പലർക്കും അവിടെ പ്രവേശനം കിട്ടാതെ വരികയും ചെയ്തപ്പോഴാണ് സമസ്തയുടെ നേതൃത്വത്തിൽ ഈ ആലോചന നടക്കുന്നതും ജാമിഅ സ്ഥാപിക്കപ്പെടുന്നതും. പരപ്പനങ്ങാടി പനയത്തിൽ പള്ളിയിലെ മുദരിസായിരുന്ന കോട്ടുമല ഉസ്താദിനെയും മുതിർന്ന വിദ്യാർത്ഥികളെയും അതുപോലെ താഴക്കോട് കുഞ്ഞലവി മുസ്‌ലിയാരെയും മുതിർന്ന വിദ്യാർത്ഥികളെയും കൊണ്ടുവന്നാണ് സ്ഥാപനം ആരംഭിക്കുന്നത്. ഈ രണ്ട് മുദരിസുമാരുടെ കീഴിൽ 30 വിദ്യാർത്ഥികളാണ് അന്നുണ്ടായിരുന്നത്. ആ പ്രഥമ ബാച്ചിലെ വിദ്യാർത്ഥിയായിരുന്നു അബൂബക്കർ ഹസ്റത്ത്. അദ്ദേഹവുമായി സംസാരിച്ച പല സന്ദർഭങ്ങളിലും അദ്ദേഹം ജാമിഅയിലേക്ക് എത്തിയതും അവിടുത്തെ ജീവിതവും പ്രഥമ ബാച്ചിൽ ഫൈസി ആയതും ഓർത്തെടുക്കാറുണ്ട്. ജാമിഅയിൽ വെച്ച് കോട്ടുമല ഉസ്താദിന് പുറമേ ശംസുൽ ഉലമ ഈ കെ അബൂബക്കർ മുസ്‌ലിയാർ, താഴെക്കോട് കുഞ്ഞലവി മുസ്‌ലിയാർ, കുത്തുബി മുഹമ്മദ് മുസ്ലിയാർ തുടങ്ങി പ്രമുഖരായ പല പണ്ഡിതരുടെയും ശിഷ്യത്വം സ്വീകരിക്കാനും കഴിഞ്ഞു.
ജനനവും ബാല്യവും കൊണ്ട് എറണാകുളത്തുകാരനും വിദ്യാഭ്യാസം കൊണ്ട് മലബാറുകാരനുമായ കെ പി ഉസ്താദ് തന്റെ കർമ്മഭൂമിയായി തെരഞ്ഞെടുത്തത് കൊല്ലം ജില്ലയായിരുന്നു. കൊല്ലം ജില്ലയിലെ പൗരാണിക ദർസുകളിൽ പ്രധാനപ്പെട്ട തേവലക്കരയിലാണ് അദ്ദേഹം ആദ്യമായി ദർസ് തുടങ്ങുന്നത്. 18 വർഷം അവിടെ ദർസ് നടത്തി. 50 ലധികം വിദ്യാർത്ഥികളുള്ള ദർസായിരുന്നു തേവലക്കരയിൽ.
കൊല്ലം ജില്ലയിലെ മറ്റൊരു പ്രധാന മുസ്ലിം കേന്ദ്രമായ കണ്ണനല്ലൂരിനടുത്ത് മുട്ടക്കാവിലായിരുന്നു ഉസ്താദിൻറെ അടുത്ത ദർസ്. 60 ലധികം വിദ്യാർത്ഥികളുള്ള ദര്‍സ് ആയിരുന്നു അത്. ഈ കാലയളവിൽ മുട്ടക്കാവിൽ വീടുവെച്ച് ഉസ്താദും കുടുംബവും അവിടെ സ്ഥിരതാമസമായി.
തുടർന്ന് കൊല്ലം ജില്ലയിലെ തന്നെ പ്രധാന മുസ്ലിം കേന്ദ്രമായ പള്ളിമുക്കിലെ കൊല്ലൂർവിള മുസ്ലിം ജമാഅത്തിന് കീഴിൽ പ്രവർത്തിക്കുന്ന മഅ്ദിനുൽഉലൂം അറബിക്കോളേജിൽ മുദരിസായി. 80 ലധികം വിദ്യാർത്ഥികളുമായിട്ടായിരുന്നു കൊല്ലൂർ വിളയിലെ ദർസ്. ധാരാളം വിദ്യാർത്ഥികൾ ഉണ്ടാകുമ്പോഴും ചെറിയ വിദ്യാർത്ഥികളുടെ പാഠങ്ങൾ വരെ ആഴ്ചയിൽ രണ്ടുപ്രാവശ്യമെങ്കിലും ഉസ്താദ് പരിശോധിക്കാറുണ്ടായിരുന്നു എന്ന് അന്നത്തെ ശിഷ്യർ ഓർത്തെടുക്കുന്നു. കൊല്ലൂർ വിളയിൽ ദർസ് വിപുലീകരിക്കപ്പെടുന്നതും കൂടുതൽ സൗകര്യങ്ങൾ ചെയ്യപ്പെടുന്നതും കെ പി ഉസ്താദിന്റെ കാലത്താണ്. കൊല്ലൂർവിളയിൽ നിന്നും അദ്ദേഹം മുദരിസായി പോയത് വർക്കല മന്നാനിയ അറബിക് കോളേജിലേക്കായിരുന്നു.
ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിലുള്ള പ്രധാന സ്ഥാപനമായ മന്നാനിയ അറബിക് കോളജിലേക്ക് ഉസ്താദ് എത്തിയ ശേഷമാണ് അതൊരു വലിയ സ്ഥാപനമായി അറിയപ്പെടാൻ തുടങ്ങിയത്. ഉസ്താദിൻറെ കീഴിലുള്ള വിദ്യാർത്ഥികളും മറ്റുള്ള വിദ്യാർത്ഥികളുമായി വലിയ ഒരു സംരംഭമായി മന്നാനിയ വളരാൻ തുടങ്ങി. മന്നാനിയയിലെ ഏതാനും വർഷത്തെ സേവനത്തിന് ശേഷം, തന്റെ ശിഷ്യൻ കൂടിയായ അബ്ദുന്നാസർ മഅദനി സ്ഥാപിച്ച അൻവാറുശേരിയിൽ സേവനം ചെയ്തു. തുടർന്ന് മന്നാനിയയിലേക്ക് തന്നെ തിരിച്ചുപോയ ഉസ്താദ് ജീവിതാവസാനം വരെ അവിടെ ഉസ്താദും പ്രിൻസിപ്പലുമായിരുന്നു.
കെ. പി ഉസ്താദുമായി അടുത്തിടപഴകാൻ എനിക്ക് അവസരം ലഭിച്ചു തുടങ്ങിയത് 2017 ൽ കൊല്ലൂർവിള ജുമാമസ്ജിദിൽ ഇമാമായി സേവനം തുടങ്ങിയത് മുതലാണ്. വർഷങ്ങൾക്കു മുമ്പ് അവിടെ ദർസ് നടത്തിയ ഉസ്താദിന് നിരവധി പരിചയക്കാരും ധാരാളം ശിഷ്യന്മാരും കൊല്ലൂർ വിളയിലും പരിസരത്തും ഉണ്ടായിരുന്നു. അവരുടെ വീട്ടിലെ വിവാഹങ്ങൾ, പരിചയക്കാരുടെ മരണങ്ങൾ തുടങ്ങി പല പരിപാടികൾക്കും ഉസ്താദ് നേരിട്ട് വരാറുണ്ട്. ശിഷ്യ സമ്പത്തുകൊണ്ടും പാണ്ഡിത്യം കൊണ്ടും എത്രയോ ഉയരത്തിൽ നിൽക്കുന്ന ഉസ്താദ് കൊല്ലൂർവിളയിലെ ഏതു പരിപാടിക്ക് വന്നാലും പ്രത്യേകം അന്വേഷിക്കാറുണ്ടായിരുന്നു.
കൊല്ലൂർവിള മഹല്ലിന്റെ ഔദ്യോഗിക പരിപാടികളിൽ നിത്യ സാന്നിധ്യമായിരുന്നു കെ പി ഉസ്താദ്. ജമാഅത്തിന് കീഴിലുള്ള മറ്റു നിസ്കാര പള്ളികളുടെയും മദ്രസകളുടെയും പരിപാടികളിലും ഉസ്താദ് സാന്നിധ്യമറിയിക്കാറുണ്ട്. അത്തരം പരിപാടികളിൽ ഒക്കെയും ഉസ്താദ് നേരിട്ട് വിളിച്ച് പ്രത്യേക പരിഗണന നൽകുന്ന എത്രയോ സംഭവങ്ങൾ ഓർത്തെടുക്കാനുണ്ട്. വല്ല യാത്ര സന്ദർഭങ്ങളിലോ മറ്റോ പള്ളിയിൽ വന്നാലും ഇമാം എന്ന നിലക്ക് ഹുദവി ഇല്ലേയെന്ന് ഉസ്താദ് അന്വേഷിക്കും. അങ്ങനെ എത്രയോ പ്രാവശ്യം അപ്രതീക്ഷിതമായി വന്ന ഉസ്താദിനെ കാണാനും മുസാഫഹത്ത് ചെയ്യാനും ദുആ കൊണ്ട് വസിയ്യത്ത് ചെയ്യാനും ഉസ്താദിൻ്റെ അടുക്കലേക്ക് പോയത് ഓർക്കുന്നു.
പൊതു സദസ്സുകളിലും സ്വകാര്യ സദസ്സുകളിലും ഉസ്താദിന്റെ സംസാരങ്ങൾ കൂടുതൽ കേന്ദ്രീകരിക്കപ്പെടുക അറിവിന്റെ മഹത്വത്തെ കുറിച്ചായിരിക്കും. സ്വഹീഹുൽ ബുഖാരിയിലെ ആദ്യഭാഗങ്ങൾ വായിച്ച് അർത്ഥവും ആശയവും വിശദീകരിച്ചുകൊണ്ടാണ് പലപ്പോഴും ഉസ്താദ് പഠനാരംഭം കുറിച്ചു നൽകാറുള്ളത്. ഒന്നിലധികം പ്രാവശ്യം ഉസ്താദിന്റെ കീഴിൽ അത്തരം സദസ്സിലിരുന്ന് സാങ്കേതികമായെങ്കിലും ശിഷ്യത്വം സ്വീകരിക്കാനായത് ജീവിതത്തിലെ വലിയ സൗഭാഗ്യമായി കാണുന്നു. ജ്ഞാന സമ്പാദനത്തിനും പ്രസരണത്തിനും അത്രമേൽ പ്രാധാന്യമുള്ളതുകൊണ്ടാണ് സുബ്‍ഹി നമസ്കാരശേഷം ഇബാദത്തുകൾക്ക് വലിയ പ്രാധാന്യം നൽകപ്പെടുന്ന ആ സമയത്ത് പോലും പണ്ഡിതന്മാർ ദർസുകളിൽ മുഴുകുന്നതെന്ന് ഉസ്താദ് ഓർമ്മപ്പെടുത്താറുണ്ട്. മറ്റുള്ളവരോട് പറയുന്നതോടൊപ്പം ജീവിതത്തെ വിജ്ഞാനത്തിന് വേണ്ടി നീക്കിവെക്കുകയായിരുന്നു കെ. പി ഉസ്താദ്. തന്റെ ജീവിതത്തിൽ എന്നും പ്രാധാന്യം ദർസിന് തന്നെയായിരുന്നു. പല പരിപാടികൾക്കുമായി വീടിനു സമീപപ്രദേശങ്ങളിൽ എത്തിയാലും പരിപാടികൾ കഴിഞ്ഞാൽ പെട്ടെന്നുതന്നെ ദർസിലേക്ക് മടങ്ങുന്നതായിരുന്നു ഉസ്താദിന്റെ ശീലം. അവസാന സമയങ്ങളിലും ശാരീരികമായി കാൽ മുട്ട് വേദനയടക്കം നിരവധി ആരോഗ്യപ്രശ്നങ്ങൾ നേരിട്ടപ്പോഴും ഈ ശീലത്തിന് ഉസ്താദ് മാറ്റം വരുത്തിയിരുന്നില്ല.
ഉസ്താദുമായി ജീവിതത്തിൽ ഒരു പ്രാവശ്യം ആണെങ്കിൽ പോലും ബന്ധപ്പെട്ടവർക്കൊക്കെയും ഒരു സൗമ്യ സാന്നിധ്യമായി എന്നും ഓർമ്മയിൽ നിലനിൽക്കും. വലിപ്പചെറുപ്പമില്ലാതെ സൗമ്യമായ പെരുമാറ്റം, ഭൗതികതയുടെ ആഡംബരങ്ങളോടുള്ള മനപ്പൂർവ്വമായ അകൽച്ച, ഇതെല്ലാം ഉസ്താദിന്റെ നിത്യ ജീവിതത്തിന്റെ ഭാഗമായിരുന്നു.
അറിവ് പകർന്നു നൽകുന്നതിൽ ആസ്വാദനം കണ്ടെത്തിയിരുന്ന ഉസ്താദ് ആരോഗ്യം ക്ഷീണിക്കുന്നത് വരെ ആഴ്ചയിലൊരിക്കൽ മാത്രമാണ് വീട്ടിൽ പോയിരുന്നത്. അവസാനകാലത്ത് ശാരീരികമായ പല പ്രയാസങ്ങളും അനുഭവിച്ചപ്പോഴും പരമാവധി ദർസുമായി ബന്ധപ്പെട്ടു തന്നെയായിരുന്നു ഉസ്താദ് ജീവിച്ചിരുന്നത്.
ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമായുടെ നേതൃത്വത്തിലിരിക്കുമ്പോഴും മറ്റു പണ്ഡിത സഭകളോടും നേതൃത്വങ്ങളോടും വളരെ അടുപ്പവും വ്യക്തിബന്ധവും സൂക്ഷിച്ചവരായിരുന്നു കെ പി ഉസ്താദ്. മറ്റു സംഘടനകളുടെ പ്രധാന പരിപാടികൾക്ക് പോലും അതിഥിയായി ഉസ്താദ് ക്ഷണിക്കപ്പെടാനുള്ള കാരണവും ഈ ഒരു സൗഹൃദമാണ്.
അവിടത്തെ വിയോഗ വാർത്തയറിഞ്ഞ് മുട്ടക്കാവിലെ വീട്ടിലേക്കും മസ്ജിദിലേക്കും ഒഴുകിയ പതിനായിരങ്ങൾ തന്നെയാണ് ജീവിതകാലത്ത് താൻ പ്രസരിപ്പിച്ച വിജ്ഞാനത്തിന്റെയും തന്റെ സൗമ്യമായ ഇടപെടലുകളുടെയും നിത്യ സാക്ഷ്യം. വിയോഗാനന്തരം തെക്കൻ കേരളത്തിലെ വിവിധ സ്ഥാപനങ്ങളിലും മഹല്ലുകളിലും സംഘടന വ്യത്യാസങ്ങളില്ലാതെ ഉസ്താദിന്റെ പേരിൽ നടക്കുന്ന അനുസ്മരണങ്ങളും പ്രാർത്ഥനകളും എല്ലാം ഉസ്താദിന്റെ ഭൗതികമായ സ്വീകാര്യതയുടെ അടയാളങ്ങളാണ്.
അല്ലാഹു മഹാനവർകളുടെ സേവനങ്ങള്‍ സ്വീകരിക്കട്ടെ, സമുദായത്തെ അനുയോജ്യരായ പകരക്കാരെകൊണ്ട് അനുഗ്രഹിക്കട്ടെ, ആമീൻ.



Leave A Comment