കൊച്ചി: മുസ്‍ലിം പൈതൃകത്തിന്റെ ഈറ്റില്ലം

കൊച്ചിയുടെ ഏറ്റവും വലിയ സാംസ്കാരിക സമ്മേളനങ്ങളിലൊന്നായ മുസ്സിരിസിന് ഒരു പ്രത്യേകതയുണ്ട്. ചരിത്രവും ചരിത്രാനന്തര ചരിത്രവുമെല്ലാം ഹാഷ് ട്രെൻഡിങ്ങുകളിലെ കേമൻമാരുമായി തട്ടിക്കുമ്പോൾ ആ പ്രത്യേകതക്കും ഒരു പ്രത്യേകതയുള്ളതായി കാണാം. കേരളത്തിന്റെ വൈദേശിക ഇസ്‍ലാം പരിസരങ്ങൾ ഏകശിലാത്മകമായി ചുരുക്കപ്പെടുന്നിടത്താണ് അതിനൊരു പരിഹാരമെന്നോണം കൊച്ചി മുസ്സിരിസായി ചർച്ച ചെയ്യപ്പെടുന്ന ഇടങ്ങൾ രൂപപ്പെടുന്നത്. 'കൊച്ചി പഴയ കൊച്ചിയല്ലെ'ന്ന പറച്ചിലിൽ തന്നെ കൊച്ചിക്ക് മുൻപും ഒരു കൊച്ചി നിലനിന്നിരുന്നുവെന്നത് പ്രതിധ്വനിക്കുന്നുണ്ട്.

യെമൻ ടു കൊച്ചി ഒരു ത്രൂ പാസ്

കൊച്ചി രാജാവിന്റെ പ്രത്യേക ക്ഷണിതാവായി യമനിൽ നിന്നും സയ്യിദ് അബ്ദുറഹ്മാൻ ഹൈദ്രോസി കൊച്ചങ്ങാടിയിലെ തക്യാവിൽ താമസം ആരംഭിച്ചതാണ് കൊച്ചിയിലെ മുസ്‍ലിം സാംസ്കാരികതയുടെ തുടക്കമായി ഗണിക്കപ്പെടുന്നത്. 'തക്യാവ്' എന്ന പദം പേർഷ്യൻ പദമായ തകിയ എന്ന പദത്തിൽ നിന്നും ലോപിച്ചുണ്ടായതാണ്. അതിന്റെ അർത്ഥം 'ദൈവ സാമീപ്യത്തിന് ഒരുമിച്ചുകൂടുന്ന ഇടം' എന്നാണ്. യമനിൽ നിന്നും കടന്നുവന്ന ഹള്റമികൾ തക്യാവ് കേന്ദ്രീകരിച്ച് ജീവിതം നയിച്ചവരായതുകൊണ്ട് തന്നെ കൊച്ചിയുടെ യമൻ ആയിട്ടാണ് തക്യാവ് വിലയിരുത്തപ്പെടുന്നത്. തക്യാവുകാരാവട്ടെ പ്രവാചക പുത്രി ഫാത്തിമ ബീവിയുടെ രക്തബന്ധം അവകാശപ്പെടുന്നവരുമാണ്.

സയ്യിദ് അബ്ദുറഹ്മാൻ ഹൈദ്രോസി കച്ചവടക്കാരനായിരുന്നത് കൊണ്ടും കച്ചവടത്തോടൊപ്പം മതപ്രചാരകനായിരുന്നതുകൊണ്ടുമാണ് ഇവ രണ്ടിനും പറ്റിയ സ്ഥലമായ തക്യാവ് താമസസ്ഥലമായി തെരഞ്ഞെടുത്തതെന്നാണ് ചരിത്രനിരീക്ഷണ പക്ഷം. തക്യാവുകാർ ഭൂരിഭാഗവും മീൻപിടുത്തക്കാരായിരുന്നു എന്നത് ഈ വാദത്തെ ശക്തിപ്പെടുത്തുന്നുണ്ട്.

സയ്യിദ് അബ്ദുറഹ്മാൻ ഹൈദ്രോസിയുടെ മരണശേഷം തന്റെ മകനായ അബൂബക്കർ ഹൈദ്രോസിയും തക്യാവിൽ തന്നെ തുടർന്നു. പിതാവിനെ പോലെ കച്ചവട,പ്രബോധന ദ്വന്ദത്തെ സമന്വയിപ്പിക്കുന്ന ജീവിതമായിരുന്നു അബൂബക്കർ ഹൈദ്രോസിയുടേതും. അതുകൊണ്ടുതന്നെ പലവിധ കറാമത്തുകളിലൂടെ മകനും പിതാവിനെ പോലെ വലിയ മതപ്രചാരകനായി. വമ്പൻ എന്നും വമ്പ് എന്നും പിന്നീട് അത് ലോപിച്ച് ബമ്പ് എന്നുമുള്ള തലപ്പേരുകൾ ഇദ്ദേഹത്തിന് കിട്ടിയത് അങ്ങനെയാണ്.

ഒരിക്കൽ ശംഖ്മുഖത്ത് എത്തിയ ബമ്പിനെ രാജാവ് വെല്ലുവിളിച്ചു. വെല്ലുവിളി ഏറ്റെടുത്ത ബമ്പ് ശംഖ് കടലിലേക്ക് എറിയുകയും രാജാവിനെ അത് ബോധ്യപ്പെടുത്തുകയും ചെയ്തു. അടുത്ത നിമിഷം തന്നെ ശംഖ് കരങ്ങളിലേക്ക് മടങ്ങി വന്നുവെന്നാണ് ചരിത്രം വശം.

ശൈഖ് സൈനുദ്ദീൻ മഖ്ദൂമിന്റെയും മകൾ സൈനബയുടെയും ഖബറുകൾ അടങ്ങുന്ന കൊച്ചങ്ങാടിയിലെ മഖ്ദൂം ദർഗയടക്കം നിരവധി അറേബ്യൻ യമനി ആർക്കിടെക്ചറൽ വൈവിധ്യങ്ങൾ ഇന്നും നിലനിൽക്കുന്നുണ്ട്. പതിനാലാം നൂറ്റാണ്ടിൽ പോർച്ചുഗീസ് അധിനിവേശത്തിനെതിരെയുള്ള ചെറുത്തുനിൽപ്പിന്റെ ഭാഗമായി സൈനുദ്ദീൻ മഖ്ദൂം രചിച്ച തുഹ്ഫതുൽ മുജാഹിദീനും തഹ്‍രീളുമെല്ലാം കേരളത്തിന്റെ യമനി ശൈലിയിലിെ സാഹിത്യ രൂപകങ്ങളാണ്. പതിനാലാം നൂറ്റാണ്ടിൽ പ്രാർത്ഥനാ ഉദ്ദേശാർത്ഥം അറബികൾ പണികഴിപ്പിച്ചതായി അറിയപ്പെടുന്ന ഫോർട്ട് കൊച്ചിയിലെ കൽവത്തി ജുമാ മസ്ജിദ് അറേബ്യൻ വാസ്തു ശില്പ വിദ്യയെ ഇന്നും വിളിച്ചോതുന്നുണ്ട്. പോർച്ചുഗീസുകാരെ മലയാളികൾ വിളിക്കുന്ന പറങ്കി എന്ന പദം യമനികളുടെ ഫറങ്കി (വിദേശി )വിളിയിൽ നിന്നും ഭാഷാന്തരപ്പെട്ട് വന്നതാണെന്നും പറയപ്പെടുന്നു. കുരിശു പടയാളികളെ വിളിച്ചിരുന്ന ഫ്രാങ്ക് എന്ന പദത്തിൽ നിന്നുമാണ് യമനികൾ ആ പദം കടമെടുത്തതത്രേ.

കച്ചിമേമന്മാർ: സിന്ധ് ടു കൊച്ചി വയാ കച്ച്

1400 കളുടെ കാലം. കാബൂൾ രാജാവ് സിന്ധ് ഭരിച്ചു കൊണ്ടിരിക്കുന്ന വേളയിൽ സയ്യിദ് യൂസുഫുദ്ധീൻ ഖാദിരി സിന്ധിലെ തട്ട സന്ദർശിക്കുകയും സഹ ഭരണാധികാരിയായിരുന്ന മർക്കബ് ഖാന്റെ അതിഥിയായി താമസിക്കുകയും ചെയ്തു. ഈ വേളയിൽ മർക്കബ് ഖാന്റെ സുഹൃത്തായിരുന്ന മനേക്ക് ജിയുമായി ഖാദിരി ചങ്ങാത്തം കൂടുകയും അദ്ദേഹത്തിൽ ആകൃഷ്ടനായ മനേക്ക്ജി തന്റെ അനുയായികളുടെ കൂടെ ഇസ്‍ലാം ആശ്ലേഷിക്കുകയും ചെയ്തു. ഇങ്ങനെ മതം മാറിയവർ മോമിനുകൾ (മുഅ്മിനുകൾ) എന്ന പേരിൽ അറിയപ്പെട്ടു. അത് ലോപിച്ചാണ് മേമൻ ആയി മാറിയതത്രെ. എന്നാൽ പ്രപിതാക്കന്മാരായ ലോഹാനക്കാർക്ക് ഇത് രസിക്കാതെ വരുകയും വൈശ്യരും ഹൈന്ദവരുമടങ്ങുന്ന ലോഹാനകൾ കോപിക്കുകയും ചെയ്തു. ഇതറിഞ്ഞ സയ്യിദ് മേമന്മാരോട്  നാടുവിടാൻ കൽപ്പിച്ചു. ഇതേത്തുടർന്ന് മേമന്മാരെല്ലാവരും വാര്യനദിക്ക് സമീപത്തേക്ക് നീങ്ങിയെങ്കിലും പലവിധ പ്രശ്നങ്ങളാൽ അവർക്ക് അവിടെ പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല. തുടർന്ന് മേമന്മാർ മൂന്ന് ഗ്രൂപ്പുകൾ ആയി പിരിയുകയും അവയിൽ ഒരു വിഭാഗം കാനാ സേട്ടിന്റെ നേതൃത്വത്തിൽ ഗുജറാത്തിലെ കച്ചിലേക്ക് പോവുകയും ചെയ്തു. അങ്ങനെയാണ് കച്ചിമേമന്മാരുടെ ചരിത്രം തുടങ്ങുന്നത്. കച്ച് എന്നത് സ്ഥലത്തെയും കച്ചി എന്നത് ഭാഷയെയുമാണ് സൂചിപ്പിക്കുന്നത്. ഇത്തരത്തിൽ 700 കുടുംബങ്ങളിൽ നിന്നുമുള്ള 6178 കച്ചിമേമന്മാരുണ്ടായിരുന്നു എന്നതാണ് ചരിത്രം.

ഈ സംഭവങ്ങൾ നടന്ന് മൂന്ന് പതിറ്റാണ്ടിലേറെ പിന്നിട്ടതിനുശേഷം ആണ് കൊച്ചിയിലേക്ക് കച്ചി മേമന്മാർ കടന്നുവരുന്നത്. കച്ചവടത്തിൽ തന്ത്രശാലികളായിരുന്ന കച്ചിമേമന്മാരെ, കൊച്ചി രാജാവായിരുന്ന വീര കേരളവർമ്മ സഹായം അഭ്യർത്ഥിച്ചു കൊണ്ട് കൊച്ചിയിലേക്ക് ക്ഷണിക്കുകയായിരുന്നുവെന്നാണ് പറയപ്പെടുന്നത്. തുടർന്നുള്ള ചരിത്രത്തിൽ കച്ചി മേമന്മാരുടെ സഹായത്തോടെ വീര കേരളവർമ്മയുടെ കച്ചവടം അഭിവൃദ്ധിപ്പെടുകയും നിരവധി വ്യാവസായിക നിർമ്മാണങ്ങൾ നടത്താൻ സാധിക്കുകയും ചെയ്തു. ഇന്ത്യൻ ചാമ്പർ ഓഫ് കൊമേഴ്സ് സ്ഥാപിച്ചതും 1950 വരെ അതിന്റെ പ്രസിഡന്റുമാരായി വാണതും ഇതേ കച്ചി മേമന്മാർ തന്നെ.

കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക കലാമണ്ഡലങ്ങളിലും കച്ചി മേമൻ വിഭാഗത്തിന് കൃത്യമായ പ്രാതിനിധ്യവും പരിഗണനയും ലഭിച്ചിട്ടുണ്ട്. 1930 മട്ടാഞ്ചേരി മുനിസിപ്പാലിറ്റി കൗൺസിൽ ചെയർമാനും 1973 മുതൽ ദീർഘകാലം ഇന്ത്യൻ യൂണിയൻ മുസ്‍ലിം ലീഗിന്റെ അധ്യക്ഷനുമായിരുന്ന ഇബ്രാഹിം സുലൈമാൻ സേട്ട് കച്ചി മേമൻ കുടുംബത്തിന്റെ പിൻഗാമിയാണ്. 1965ലെ ദേശീയ ചലച്ചിത്ര അവാർഡിന് അർഹനായ ചെമ്മീൻ സിനിമയുടെ ഡയറക്ടർ എസ്സാ ഇസ്മായിൽ സേട്ടാണ് (ചെമ്മീൻ ബാബു എന്ന പേരിലാണ് ഇദ്ദേഹം അറിയപ്പെടുന്നത് തന്നെ) മറ്റൊരു പ്രശസ്ത കച്ചി മേമൻ. അതോടൊപ്പം തന്നെ കൊച്ചിയിലെ ആദ്യകാല തിയേറ്ററുകളിൽ പെട്ട പട്ടേൽ ടാക്കീസും സൂയിയും കച്ചി മേമൻമാരുടെ ഉടമസ്ഥതയിലായിരുന്നു പ്രവർത്തിച്ചിരുന്നത്. കച്ചിമേമൻ ആക്റ്റിലൂടെ ഇന്ത്യയുടെ ജുഡീഷ്യല്‍ വ്യവസ്ഥിതിയില്‍ വരെ കൃത്യമായ ഇടം കണ്ടെത്താൻ ഇവർക്ക് കഴിഞ്ഞിട്ടുണ്ട്.

സ്വന്തം സമൂഹത്തിൽ നിന്ന് മാത്രം വിവാഹം കഴിക്കുന്ന രീതിയാണ് കച്ചി മേമന്മാരുടേത്. അല്ലാത്തവർ ബെസ്സാർ (കലർപ്പ് വംശജർ)എന്ന ലേബലിലാണ് അവർക്കിടയിൽ അറിയപ്പെടുന്നത്. മുൻകാലങ്ങളിൽ വരെ കൊച്ചി ജമാഅത്ത് യോഗങ്ങളിൽ അത്തരം കലർപ്പ് വംശജരെ പങ്കെടുപ്പിക്കാറില്ലായിരുന്നുവെന്നും പറയപ്പെടുന്നു.

1825 ഹാജി ഡോസൽ കഡ്വാനി സേട്ട് നിർമിച്ച  കച്ചി മേമൻ ഹനഫി മസ്ജിദ് മട്ടാഞ്ചേരി ബെസ്സാർ റോഡിൽ ഇന്നും തലയുയർത്തി നിൽക്കുന്നുണ്ട്. ഇതര സമൂഹങ്ങൾ മനസ്സിൽ കാണുന്നത് കച്ചി മേമന്മാർ മാനത്ത് കാണുമെന്നാണ് ചൊല്ല്. അതുകൊണ്ടാവണം 1930 കേരളത്തിലെ ആദ്യ സ്ത്രീ മദ്രസയായി കച്ചി മേമൻമാരുടെ ഉദ്യമം ഉയർന്നുവന്നത്. 45 വർഷങ്ങളായി പ്രവർത്തിക്കുന്ന കച്ചി മേമൻ ലേഡീസ് അസോസിയേഷനും അതിലെ ആസിയാൻ ഭായിയുടെ പരിഷ്കാര നീക്കങ്ങളുമെല്ലാം തെളിയിക്കുന്നതും അത് തന്നെയാണ്. 175 വർഷമായി പ്രവർത്തിച്ചുവരുന്ന ഇഖ്ബാൽ ലൈബ്രറിയും മറ്റൊരു കച്ചി മേമൻ സംഭാവനയാണ്.

വസ്ത്രധാരണയിലും മനുഷ്യത്വപരതയിലും കച്ചി മേമന്മാർക്ക് പഴമയുടെ തനിമയാർന്ന ഒരു യമനിത്വം ഉണ്ടെന്ന് പറയാതിരിക്കാൻ വയ്യ. അയഞ്ഞ മേൽ വസ്ത്രവും (അബ)അയഞ്ഞ കാൽപ്പാദമെത്താത്ത പാൻസും (എജ്ജാൻ) ഓവർ കോട്ടും (സദര്യ ) കൂടെ തൊപ്പിയും റൂമാലുമടങ്ങുന്ന വസ്ത്ര സങ്കല്പമാണ് അവരിലെ പുരുഷരുടേത്. സ്ത്രീകളാവട്ടെ അബയും മോണ്ടിയ എജ്ജാനും ദുപ്പട്ടയും (കാവുനി)തലാവരണവുമാണ് (മിസ്സർ) ധരിക്കാറുള്ളത്. പുരുഷന്മാർ കണ്ണെഴുതുമ്പോൾ സ്ത്രീകൾ മൈലാഞ്ചി അണിഞ്ഞ് ശരീര സൗന്ദര്യം വർദ്ധിപ്പിക്കുന്നു. ഭക്ഷണവൈവിധ്യവും അതിഥികൾക്ക് പാൽചായ കൊടുക്കണമെന്ന നിർബന്ധ ബുദ്ധിയും ഇവരുടെ സാമൂഹിക മര്യാദകളാണ്.


ദാവൂദി ബൊഹറകളും നൈനമന്മാരും

അലിയ്യാക്കൾ (അനുവദനീയമല്ലാത്ത രീതിയിൽ  അലി(റ)വിനെ അമിതമായി ആദരിക്കുന്നവർ) ഭൂരിപക്ഷമായി വരുന്ന വിഭാഗമാണ് ദാവൂദി ബൊഹറകളുടേത്. തോപ്പുംപടി മസ്ജിദിന് സമീപം താമസിക്കുന്ന 40 ബൊഹറ കുടുംബങ്ങളാണ് ഇവരിൽ പ്രാദേശികമായി ഭൂരിപക്ഷമുള്ളവർ. ഗുജറാത്തിൽ നിന്നും കേരളത്തിലേക്ക് ചേക്കേറി വന്ന് പള്ളികൾ കേന്ദ്രീകരിച്ച് ജീവിക്കുന്ന രീതിയാണ് ഇവരുടേത്. അതോടൊപ്പം തന്നെ ഇവരുടെ ചില ആചാരങ്ങൾ കേരളത്തിലെ സുന്നി ആശയധാരയോട് വൈരുദ്ധ്യമാവുന്നുമുണ്ട്.

സയ്യിദുനാ,  വലിയ്യ് തുടങ്ങിയവകൾ ഒക്കെ ഇവരുടെ നേതൃത്വ ശബ്ദങ്ങൾ ആണെന്നതിലുപരി ആത്മീയ സങ്കല്പങ്ങളാണ്. ഈജിപ്തിലെ ഫാത്വിമി ഇസ്മാഇലിയ്യാക്കളുമായി സാദൃശ്യം പുലർത്തുന്നവരാണിവരെണാണ് പരക്കെ അറിയപ്പെടുന്നത്. ഏതായാലും മത്സ്യത്തെ ജീവനോടെ പിടിച്ച് അറുത്ത് ഭക്ഷിക്കുന്നതടക്കം വിചിത്രമായ ആചാരകർമ്മങ്ങൾ നടത്തുന്നവരാണ് ബൊഹറകൾ.

നൈനകൾ ഹിന്ദുമതത്തോട് ചായ്‍വ് ഉള്ളവരും പല ആചാരങ്ങളിലും അവരോട് സാദൃശ്യം പുലർത്തുന്നവരുമാണെന്നതാണ് ചരിത്ര രേഖകൾ സൂചിപ്പിക്കുന്നത്. കുഞ്ഞാലി മരക്കാരുടെ പിന്മുറക്കാരായ ആളുകളെ നയനാർ എന്ന് വിളിച്ചിരുന്നെന്നും ആ വിളിയാണ് നൈനമാർ എന്ന പേരിലേക്ക് എത്തിയതെന്നും പറയപ്പെടുന്നു. വേറൊരു രേഖപ്രകാരം ഹിന്ദു നായന്മാരിൽ നിന്ന് മുസ്‍ലിംകളായി പരിവർത്തനം ചെയ്തവരാണ് നൈനമാർ എന്നും അതിന്റെ ഉല്പത്തി നായർ എന്ന പദമാണെന്നുമുള്ള അഭിപ്രായവും ശക്തമാണ്.

ചെമ്പിട്ട പള്ളിയുടെ ചരിത്രവും പ്രമാണവും എല്ലാം നയനമാരുടേത് കൂടിയാണെന്നും അവരുടെ ജീവിത കേന്ദ്രം ചെമ്പിട്ട പള്ളിയിലായിരുന്നുവെന്നും പറയുന്നവരുമുണ്ട്. ഇവകളിൽ നിന്നൊക്കെ ഏറ്റവും വിചിത്രമായ വാദം നൈനമാർ ഷറഫ് ബിന്‍ മാലിക്കിന്റെയും മാലിക് ബിന്‍ ദീനാറിന്റെയും പിന്മുറക്കാർ ആണെന്നുള്ള വാദഗതിയാണ്. ഏതായാലും കോയി മുശ്മൻ അടക്കമുള്ള ഭക്ഷണ ജീവിത സാംസ്കാരിക തനിമ കൊണ്ട് കൊച്ചിയെ ബഹുസ്വരമാക്കുന്നതിൽ ഇവരും പങ്കുവഹിച്ചിട്ടുണ്ടെന്നത് അനിഷേധ്യ വസ്തുത തന്നെയാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter