പാറന്നൂര്‍ ഉസ്താദിന്റെ ജീവിത്തില്‍ നിന്നും ഒരേട്

(വിയോഗത്തിന് രണ്ടു വര്‍ഷം തികയുന്നു)

പാറന്നൂര്‍ ഉസ്താദും മടവൂര്‍ സി.എം. വലിയ്യുല്ലാഹിയും

പാറന്നൂര്‍ ഉസ്താദിന്റെ ജീവിതത്തിന് ആത്മീയതയുടെ നിറവും സാഫല്യത്തിന്റെ സുഗന്ധവും നല്‍കിയ ഒരു മഹാ സാന്നിദ്ധ്യമായിരുന്നു മടവൂര്‍ സി.എം. വലിയ്യുല്ലാഹി. ജീവിത കാലത്തു മാത്രമല്ല മരണത്തിനു ശേഷവും ഒരു മാര്‍ഗദര്‍ശിയെപ്പോലെ സി.എം. ഉസ്താദിനു മുമ്പില്‍ നിറഞ്ഞുനിന്നു. തന്റെ ജീവിതത്തിന്റെ സായംസന്ധ്യയില്‍ ആ സാമീപ്യത്തിന്റെ കരുത്തും തൃപ്തിയുടെ രുചിയും കരസ്ഥമാക്കിക്കൊണ്ടായിരുന്നു ഉസ്താദിന്റെ മുന്നോട്ടുള്ള ചുവടുകള്‍. തന്റെ അവസാനംവരെ ആ തിരുനോട്ടും ഉസ്താദിനു പ്രവര്‍ത്തനങ്ങളില്‍ കരുത്തും തദ്‌രീസില്‍ ഓജസ്സും വര്‍ദ്ധിപ്പിച്ചു. അതായിരുന്നു എന്നും ഉസ്താദിന്റെ ശക്തിയും. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍, ഉസ്താദിന്റെ അണമുറിയാത്ത സുകൃതങ്ങള്‍ക്ക് അല്ലാഹു നല്‍കിയ അംഗീകാരമായിരുന്നു സി.എം. മഖാമിന്റെ സേവകനായി നിയോഗിക്കപ്പെട്ടു എന്നത്. ജീവിത്തില്‍ മാത്രമല്ല, മരണത്തിനു ശേഷവും സി.എമ്മിനു ഖിദ്മത്ത് ചെയ്യാന്‍ തനിക്കു ലഭിച്ച അസുലഭ മുഹൂര്‍ത്തമായിരുന്നു ഇത്. തന്റെ ജീവിതത്തിന്റെ അവസാനത്തെ പതിനഞ്ചു വര്‍ഷങ്ങള്‍ ഉസ്താദ് ചെലവഴിച്ചത് സി.എമ്മിന്റെ ചാരത്തായിരുന്നു. അതുതന്നെ, ദര്‍സ് നടത്തിയും ദീന്‍ ഉപദേശിച്ചും ആളുകളെ സന്മാര്‍ഗത്തിലേക്കു ക്ഷണിച്ചും മാത്രം. ജീവതകാലത്ത് താന്‍ നല്‍കിയ സ്‌നേഹം മരണാനന്തരം സി.എം. തിരികെ നല്‍കുകയായിരുന്നു ഇത്. അല്ലാഹുവിന്റെ ഔലിയാക്കളെ സ്‌നേഹക്കുന്നത് അല്ലാഹുവിനെ സ്‌നേഹിക്കുന്നതിനു സമാനവും അവരോട് ശത്രുതവെക്കുന്നത് അല്ലാഹുവിനോട് ശത്രുതവെക്കുന്നതിനു സമാനവുമാണെന്നാണല്ലോ പ്രമാണം. താന്‍ നല്‍കിയ സ്‌നേഹത്തിനുള്ള പ്രതിഫലം അല്ലാഹു ഇവിടെവെച്ചുതന്നെ കാണിച്ചുകൊടുക്കുകയായിരുന്നു ഉസ്താദിന്.

മടവൂരിന്റെ അനുഗ്രഹ സ്പര്‍ശം മടവൂരിനോട് അരുചേന്ന് പടിഞ്ഞാറോട്ട് മാറി നിലകൊള്ളുന്ന പ്രദേശമാണ് പാറന്നൂര്‍. ഉള്‍വഴികളിലൂടെ സഞ്ചരിച്ചാല്‍ കേവലം രണ്ടു കിലോമീറ്റര്‍ മാത്രമേ ഇവ തമ്മില്‍ ദൈര്‍ഘ്യമുള്ളൂ. ഭൂമിശാസ്ത്രപരമായ ഈ അടുപ്പംപോലെത്തന്നെ, പണ്ടുമുതലേ, വളരെ അടുപ്പത്തിലും സ്‌നേഹത്തിലുമായിരുന്നു പാറന്നൂര്‍ പുല്‍പറമ്പില്‍ പണ്ഡിത കുടുംബവും മടവൂര്‍ സി.എം. വലിയ്യുല്ലാഹിയുടെ കുടുംബവും തമ്മില്‍. സി.എമ്മും ഉസ്താദും കാത്തുസൂക്ഷിച്ചിരുന്ന ബന്ധത്തിന്റെയും അടുപ്പത്തിന്റെയും വേരുകള്‍ തലമുറകളിലേക്കു ആഴ്ന്നിറങ്ങിയതായിരുന്നുവെന്നതാണ് ഇത് വ്യക്തമക്കുന്നത്. മടവൂരിന്റെ ഈ അനുഗ്രഹ സ്പര്‍ശമായിരുന്നു പാറന്നൂര്‍ ദേശത്തിന്റെയും ഉയര്‍ത്തെഴുന്നേല്‍പിനു പിന്നില്‍. രണ്ടു ആത്മജ്ഞാനികള്‍ തമ്മിലുള്ള ബന്ധം രണ്ടു ദേശങ്ങളുടെ ഹൃദയം സൗഹൃദ പൂനൂല്‍കൊണ്ടു കോര്‍ക്കാന്‍ വഴി തുറക്കുകയായിരുന്നു. മടവൂരിലെ ഇശ്ഖിന്‍ സാഗരവും പാറന്നൂരിലെ ഇല്‍മിന്‍ നൗകയും ഫഖീറുകളെയും ദര്‍വേശുകളെയും സായൂജ്യത്തിന്റെ   പുതിയ ചക്രവാങ്ങളിലേക്കു കൊണ്ടുപോയി. ആളും മനുഷ്യരും അവിടങ്ങളിലേക്കു പ്രവഹിച്ചു. ജീവിതകാലത്ത് ആ ദിവ്യന്മാര്‍ കൈകള്‍ കോര്‍ത്തുപിടിച്ചുകൊണ്ടാണ് ജീവിച്ചത്. ആയതിനാല്‍, മരണാനന്തരവും ആ സാമീപ്യത്തിന്റെ അര്‍ത്ഥം ജനങ്ങള്‍ വായിച്ചുകൊണ്ടിരിക്കുന്നു.

പിതാക്കള്‍ തമ്മിലുള്ള സൗഹൃദ്ബന്ധം

സി.എം. വലിയ്യുല്ലാഹിയുടെ പിതാവ് കുഞ്ഞിമാഹിന്‍ കോയ മുസ്‌ലിയാരും പാറന്നൂര്‍ ഉസ്താദിന്റെ പിതാവ് പി.പി. അബൂബക്ര്‍ മുസ്‌ലിയാരും വലിയ സുഹൃത്തുക്കളായിരുന്നു. ഏതൊരു കാര്യത്തിലും ഒന്നിച്ചിരിക്കുകയും സംസാരിക്കുകയും ചെയ്തിരുന്ന അവര്‍ അന്നത്തെ അറിയപ്പെട്ട പണ്ഡിതന്മാര്‍ കൂടിയാണ്. പരിപാടികളിലെ കേവല ബന്ധങ്ങള്‍ക്കപ്പുറം ഹൃദയങ്ങള്‍ കൈമാറിയ ആത്മമിത്രങ്ങളായിരുന്നു അവര്‍ എന്നും. കൊടുത്തും വാങ്ങിയും സ്‌നേഹിച്ചും തലോടിയുമാണ് അവര്‍ ജീവിച്ചിരുന്നത്. പിതാവ് തുറന്നുവെച്ച ഈയൊരു ബന്ധമാണ് മക്കളും പിന്നീട്  സി.എം. വലിയ്യുല്ലാഹിയോടും കുടുംബത്തോടും പുലര്‍ത്തിയിരുന്നത്. പി.പി. അബൂബക്ര്‍ മുസ്‌ലിയാര്‍ വാഴക്കാട് ദാറുല്‍ ഉലൂമില്‍ പഠിച്ചിരുന്ന കാലം. കുഞ്ഞിമാഹിന്‍ മുസ്‌ലിയാരും മുതഅല്ലിമായി അവിടെയുണ്ടായിരുന്നു. ആയഞ്ചേരി അബ്ദുറഹിമാന്‍ മുസ്‌ലിയാരെ പോലെയുള്ള പ്രഗല്‍ഭ പണ്ഡിതന്മാരാണ് അന്നവിടെ ദര്‍സ് നടത്തിയിരുന്നത്. പഠന കാലം തുടങ്ങിയ ഈ ബന്ധം പിന്നീട് ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും ശക്തി പ്രാപിച്ചു. പിന്നീട്, കുടുംബ ബന്ധം പോലെയായി മാറി. അന്നും അറിയപ്പെട്ട ഫഖീഹും ആത്മജ്ഞാനിയുമായിരുന്നു കുഞ്ഞിമാഹിന്‍ കോയ മുസ്‌ലിയാര്‍ (ഹി. 1308-1359). സ്വന്തം പിതാവും സൂഫിയുമായിരുന്ന കുഞ്ഞിമാഹിന്‍ മുസ്‌ലിയാരില്‍നിന്നാണ് പ്രാഥമിക പഠനം. ശേഷം, ദക്ഷിണേന്ത്യയിലെ പ്രമുഖ സ്ഥാപനമായിരുന്ന വെല്ലൂരിലെ ലഥീഫിയ്യയില്‍ പോയി പഠിച്ചു. ഉപരിപഠനം കഴിഞ്ഞ് തിരിച്ചുവന്ന ശേഷം ശിവപുരം, പൂനൂര്‍, വാവാട്, മുട്ടാഞ്ചേരി, മടവൂര്‍, കല്‍പറ്റ എന്നിവിടങ്ങളില്‍ ദര്‍സ് നടത്തി. പില്‍ക്കാലത്ത് കേരളക്കരയില്‍ പ്രസിദ്ധരായ അനവധി പണ്ഡിതന്മാര്‍ വിവിധ സ്ഥലങ്ങളില്‍നിന്നായി അദ്ദേഹത്തിന്റെ ശിഷ്യന്മാരായിരുന്നു. ഇ.കെ. അബൂബക്ര്‍ മുസ്‌ലിയാര്‍, പൂനൂര്‍ എം.കെ. കുഞ്ഞിബ്‌റാഹീം മുസ്‌ലിയാര്‍, കോട്ടയം അബൂബക്ര്‍ ശൈഖ്, അവേലത്ത് സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ തുടങ്ങിയവര്‍ അതില്‍ ചിലരാണ്.

അനവധി കറാമത്തുകള്‍ക്ക് ഉടമയായിരുന്ന അദ്ദേഹം അന്നത്തെ അറിയപ്പെട്ട പ്രഭാഷകനും ഇസ്‌ലാമിക പ്രബോധകനുമായിരുന്നു. മടവൂരിലെ ഖാസിയും മുദരിസുമായി സേവനം ചെയ്തു. കേരളത്തിലെ മിക്ക സ്ഥലങ്ങളിലും ചുറ്റിനടന്ന് ഇസ്‌ലാമിക ദഅ്‌വത്ത് നടത്തിയിരുന്നു. കുഞ്ഞിമാഹിന്‍ കോയ മുസ്‌ലിയാര്‍ക്ക് ഈ കാലങ്ങളിലെല്ലാം പലതിലും കൂട്ടിനായി ഉണ്ടായിരുന്നത് അബൂബക്ര്‍ മുസ്‌ലിയാരാണ്. അവരുടെ നടത്തവും ഉറക്കവുമെല്ലാം ഒന്നിച്ചുതന്നെയായിരുന്നു. അബൂബക്ര്‍ മുസ്‌ലിയാര്‍ വലിയൊരു കൃഷി പ്രിയന്‍ കൂടിയായിരുന്നുവെന്ന് പറഞ്ഞുവല്ലോ. വീട്ടു വളപ്പില്‍ നിറയെ പൂള കൃഷി ചെയ്യുമായിരുന്നു. കുഞ്ഞിമാഹിന്‍ കോയ മുസ്‌ലിയാര്‍ മടവൂരില്‍നിന്നും കുറുക്കു വഴിയിലൂടെ, പുല്‍പറമ്പില്‍ തറവാടിനു പിന്നിലൂടെ ഇടക്കിടെ വീട്ടില്‍ വരുന്ന കാലം. കുറേ നേരം അവിടെ സംസാരിച്ചിരിക്കുകയും ചിലപ്പോള്‍ അവിടെ കിടന്നുറങ്ങുകയും വരെ ചെയ്യാറുണ്ട്. തിരിച്ചുപോകുമ്പോള്‍ പൂളയും പറിച്ചാണ് പോയിരുന്നത്. അന്നത്തെ ഏറ്റവും വലിയ സ്വത്താണല്ലോ പൂള, ചക്ക പോലെയുള്ള കൃഷി വിഭവങ്ങള്‍. അത്രമാത്രം വലിയ അടുപ്പമായിരുന്നു അവര്‍ തമ്മില്‍.

ജ്യേഷ്ഠ സൗഹൃദത്തിന്റെ ആഴങ്ങള്‍

ജ്യേഷ്ഠന്‍ പി.പി. അഹ്മദ് കോയ മുസ്‌ലിയാരിലൂടെയാണ്  പിന്നീട് ഈ ബന്ധം ശക്തി പ്രാപിച്ചത്. കുഞ്ഞിമാഹിന്‍ കോയ മുസ്‌ലിയാരുടെ മടവൂരിലെ ദര്‍സിലായിരുന്നു അഹ്മദ് കോയ മുസ്‌ലിയാരുടെ പ്രാരംഭ പഠനം. അതുകൊണ്ടുതന്നെ, ഒരു ഗുരു ശിഷ്യ ബന്ധം കൂടി ഈ കുടുംബം തമ്മില്‍ നിലനിന്നു. പക്ഷെ, ഈ ദര്‍സ് കാലം കൂടുതല്‍ നീണ്ടുപോയില്ല. അതിനിടെ, കുഞ്ഞിമാഹിന്‍ കോയ മുസ്‌ലിയാര്‍ മരണപ്പെട്ടു. പക്ഷെ, അതൊരു അവസാനമായില്ല. മറിച്ച്, പുതിയൊരു ബന്ധത്തിലേക്കു വാതിലുകള്‍ തുറക്കപ്പെടുകയായിരുന്നു ഇവിടെ. സി.എം. മുഹമ്മദ് അബൂബക്ര്‍ എന്ന സി.എം. വലിയ്യുല്ലാഹിയും അഹ്മദ് കോയ മുസ്‌ലിയാരും ഏകദേശം സമപ്രായക്കാരാണ്. ഈയൊരു ദര്‍സ് കാലംമുതല്‍തന്നെ അവര്‍ പരസ്പരം ബന്ധപ്പെടുകയും ചേര്‍ന്നു പ്രവര്‍ത്തിക്കുകയും ചെയ്തു. അവിടന്നിങ്ങോട്ട് ഇരുവരുടെയും മരണംവരെ ആ ഒരു ബന്ധം വിട്ടുപിരിക്കാന്‍ കഴിയാത്തവിധം ശക്തമായിരുന്നു. മടവൂരിലെ സി.എം. കുടുംബവും പാറന്നൂരിലെ പി.പി. കുടുംബവും ഒന്നുകൂടി അടുക്കുകയായിരുന്നു ഇതിലൂടെ. വാവാട് ദര്‍സില്‍നിന്നും ഫഅല ഓതി പഠനാരംഭം കുറിച്ചതുമുതല്‍ വെല്ലൂര്‍ ബാഖിയാത്തുസ്സ്വാലിഹാത്തില്‍നിന്നും ബിരുദം വാങ്ങി പുറത്തിറങ്ങുന്നതുവരെ ഒന്നിച്ചായിരുന്നു സി.എം. വലിയ്യുല്ലാഹിയും അഹ്മദ് കോയ മുസ്‌ലിയാരും. ഈ കാലങ്ങളത്രയും അവര്‍ ഒന്നിച്ചാണ് പഠിച്ചിരുന്നതും നടന്നിരുന്നതും മറ്റു കാര്യങ്ങളില്‍ ഇടപ്പെട്ടിരുന്നതും. ഒരു ക്ലാസില്‍ ധാരാളം  വിദ്യാര്‍ത്ഥികള്‍ ഉണ്ടാവുക സ്വാഭാവികമാണല്ലോ. പക്ഷെ, അപ്പോഴെല്ലാം അഹ്മദ് കോയ മുസ്‌ലിയാരുടെ സൗഹൃദം സി.എം. വലിയ്യുല്ലാഹിയോടും അവരുടെ സൗഹൃദം അഹ്മദ് കോയ മുസ്‌ലിയാരോടുമായിരുന്നു. അടുത്ത നാട്ടുകാര്‍ എന്ന നിലക്കും തങ്ങളുടെ പിതാക്കള്‍ വലിയ സുഹൃത്തുക്കളായിരുന്നു എന്ന നിലക്കുമായിരുന്നു ഇത്. അതിലപ്പുറം, പഠനത്തിന്റെ പ്രാരംഭ ദശ മുതല്‍  അതിന്റെ ഒടുക്കംവരെ കൂടെ നടക്കാന്‍ കിട്ടിയ ഒരു സതീര്‍ത്ഥ്യന്‍ എന്ന നിലക്കും. ഇക്കാലത്ത് ലീവിലും മറ്റും നാട്ടില്‍ വരുമ്പോഴെല്ലാം അഹ്മദ് കോയ മുസ്‌ലിയാരോടൊപ്പം സി.എമ്മും പുല്‍പറമ്പിലെ തറവാട്ടില്‍ വീട്ടില്‍ വരും. അവിടന്നുതന്നെ ഭക്ഷണം കഴിക്കും. അവിടെത്തന്നെ താമസിക്കും. ചിലപ്പോള്‍ ദിവസങ്ങളോളം ഇത് നീണ്ടുപോകും. ഇതെല്ലാം സാധാരണമായിരുന്നു. പിതാവ് അബൂബക്ര്‍ മുസ്‌ലിയാര്‍ ജീവിച്ചിരുന്ന കാലമായിരുന്നു അത്. സ്വന്തം വീടെന്ന പ്രതീതിയായിരുന്നു അവിടെ. സ്വന്തം ജ്യേഷ്ട സുഹൃത്തിനെ പോലെയാണ് അവര്‍ പരസ്പരം കണ്ടിരുന്നത്. വീട്ടിലെ മറ്റുള്ളവര്‍ക്കും അദ്ദേഹം അങ്ങനെയായിരുന്നു.

പുല്‍പറമ്പില്‍ തറവാട്ടിലെ ഒഴിച്ചുകൂടാനാവാത്ത ഒരംഗമായിട്ടാണ് എല്ലാവരും അദ്ദേഹത്തെ കണ്ടിരുന്നത്. പക്ഷെ, അന്ന് ഒരു സാധാരണ വിദ്യാര്‍ത്ഥിയായിരുന്നതിനാല്‍ ആരും കൂടുതലൊന്നും ചിന്തിച്ചിരുന്നില്ല. സൗഹൃദം പങ്കുവെക്കുന്ന രണ്ടു ചെങ്ങാതിമാര്‍ എന്നേ എല്ലാവരും നിനച്ചിരുന്നുള്ളൂ. പക്ഷെ, ഇത് ഭാസുരമായ ഒരു ഭാവിയിലേക്കുള്ള ചൂണ്ടുപലകയായിരുന്നുവെന്ന് പിന്നീടാണ് എല്ലാവരും തിരിച്ചറിഞ്ഞത്. പുല്‍പറമ്പില്‍ തറവാടിനുള്ള അംഗീകാരവും അനുഗ്രഹവുമാണ് ഇതെന്ന്. ആത്മീയതയുടെയും പാണ്ഡിത്യത്തിന്റെയും രണ്ടു  പ്രസൂനങ്ങള്‍ ഇവിടെ ഉയര്‍ന്നുവരാനുണ്ടെന്ന കാര്യം പിന്നീട് ലോകം തിരിച്ചറിഞ്ഞു. സര്‍വ്വരും അത് അനുഭവിക്കുകയും ചെയ്തു. കൊടുവള്ളി എളവഞ്ചാലില്‍ പള്ളി ദര്‍സില്‍വെച്ച് മലയമ്മ ഉസ്താദിന്റെ ശിഷ്യത്വത്തിലും സി.എമ്മും അഹ്മദ് കോയ മുസ്‌ലിയാരും ഒന്നിച്ചായിരുന്നു. ഇവിടെനിന്നാണ് സി.എം. മലയമ്മയുടെ ശിഷ്യത്വം ആഴത്തില്‍ സ്വീകരിക്കുന്നതും. 1940 കളുടെ അവസാനത്തിലും 50 കളുടെ തുടക്കത്തിലുമായിരുന്നു ഇവിടത്തെ ദര്‍സ്. ഇതോടെ, നാരകശ്ശേരിയില്‍ ഗുരുവിന്റെ വീട്ടിലേക്കും ഇരുവരും ഇടക്കിടെ പോകാറുണ്ടായിരുന്നു. ചുരുക്കത്തില്‍, തോളില്‍ കൈവെച്ചും ഒരു പാത്രത്തില്‍നിന്നു ഭക്ഷണം കഴിച്ചും ഉള്ള ബന്ധമായിരുന്നു അവര്‍ തമ്മില്‍. 1957-59 കാലങ്ങളില്‍ ബാഖിയാത്തില്‍ എത്തിയപ്പോഴും ഇരുവരും സംഗമിച്ചു. മടവൂരിന്റെ ആത്മീയ തലോടലും നോട്ടവും  എന്നും പുല്‍പറമ്പില്‍ തറവാടിനു ലഭിച്ചിരുന്നുവെന്നതാണ് ഇത് സൂചിപ്പിക്കുന്നത്. 1991 ല്‍ സി.എം. വഫാത്താകുന്നതിനു ഒരു വര്‍ഷം മുമ്പ് 1989 ല്‍ അഹ്മദ് കോയ മുസ്‌ലിയാര്‍ മരണപ്പെട്ടു. സി.എം. കോഴിക്കോട് മൂപ്പന്റെ വീട്ടില്‍ കഴിഞ്ഞുകൂടുന്ന കാലമായിരുന്നു അത്.

സി.എമ്മും പാറന്നൂരും

ബാഖിയാത്തില്‍നിന്നും പുറത്തിറങ്ങി അദ്ധ്യാപന രംഗത്തേക്കും പ്രബോധന മേഖലയിലേക്കും തിരിഞ്ഞതോടെ പാറന്നൂര്‍ എന്ന ദേശവുമായി വലിയ അടുപ്പത്തിലായിരുന്നു സി.എം. വലിയ്യുല്ലാഹി. തന്റെ സിയാഹത്ത് തുടങ്ങുന്ന 1964 നു മുമ്പുതന്നെ  പലതവണ അവിടെ വരികയും മത പരിപാടികളില്‍ സംഗമിക്കുകയും ചെയ്തു. അന്നത്തെ വലിയ മത പ്രഭാഷകനായിരുന്നുവല്ലോ സി.എം. മദ്‌റസയുമായി ബന്ധപ്പെട്ടും അല്ലാതെയും നിരവധി പ്രാവശ്യം മതപ്രസംഗങ്ങള്‍ക്കായി അദ്ദേഹം പാറന്നൂരില്‍ വന്നിരുന്നു. പലപ്പോഴായി പാറന്നൂരിലെ അദ്ദേഹത്തിനു ഇഷ്ടപ്പെട്ട വീടുകളില്‍ താമസിക്കുകയും ചെയ്തിരുന്നു. കെ.സി. അഹ്മദ് കോയ ഹാജിയുടെ വീട് ഉദാഹരണം. ഒരുകാലത്ത് ദിവസങ്ങളോളം അദ്ദേഹം അവിടെ താമസിക്കുകയുണ്ടായി. പാറന്നൂര്‍ പ്രദേശം ഭാവിയില്‍ ഒരു അങ്ങാടിയായി മാറുമെന്ന് അവിടെ ഏറെ കടകള്‍പോലുമില്ലാത്ത കാലത്ത് അദ്ദേഹം പ്രവചിച്ചിരുന്നു. സി.എമ്മും ഉസ്താദും ഒന്നിച്ചു നടന്ന കാലം തന്റെ വീട്ടിലെ സദാ സാന്നിദ്ധ്യമായിരുന്നതിനാല്‍, കൊച്ചുകാലം മുതല്‍തന്നെ സി.എമ്മിനെ കാണുകയും മനസ്സിലാക്കുകയും ചെയ്തിരുന്നു പാറന്നൂര്‍ ഉസ്താദ്. പിതാവിനെ കാണാനും ജ്യേഷ്ഠനുമായി കൂട്ടുകൂടാനും അദ്ദേഹം നിരന്തരം പുല്‍പറമ്പിലെ  തറവാട്ടില്‍ വരാറുണ്ടായിരുന്നു. അപ്പോള്‍ സംസാരിക്കുകയും അനുഭവങ്ങള്‍ പങ്കുവെക്കുകയും ചെയ്യും. ആ ചെങ്ങാത്തം ഉസ്താദിനെത്തന്നെ അന്ന് വല്ലാതെ സന്തോഷിപ്പിച്ചിരുന്നു. 1929 ല്‍ ആണല്ലോ സി.എം. ജനിക്കുന്നത്. ഉസ്താദിനെക്കാള്‍ ഒമ്പത് വയസ്സ് മാത്രമേ കൂടുതലുള്ളൂ. ആയതിനാല്‍, തന്റെ ഒരു ജ്യേഷ്ഠ സുഹൃത്ത് എന്ന നിലക്കാണ് ഉസ്താദ് എന്നും സി.എമ്മിനെ കണ്ടിരുന്നത്. പിന്നീട് കാലങ്ങളോളം ഈയൊരു ബന്ധമായിരുന്നു.             

തന്റെയും സി.എമ്മിന്റെയും പ്രധാന ഗുരുക്കന്മാര്‍ ഒരേ ആളുകളായിരുന്നുവെന്നതും ഈ ബന്ധത്തിനു മാറ്റു കൂട്ടി. വന്ദ്യരായ മലയമ്മ ഉസ്താദും ഇമ്പിച്ച്യാലി മുസ്‌ലിയാരുമായിരുന്നു വിവിധ സ്ഥലങ്ങളില്‍നിന്നായി ഇരുവരുടെയും ഗരുവര്യന്മാര്‍. പലപ്പോഴും അല്ലാതെയും അവര്‍ സംഗമിക്കാറുണ്ടായിരുന്നു. വിവാഹത്തോടുകൂടി സി.എമ്മുമായി വളരെ വിദൂരമാണെങ്കിലും നേരിയ ഒരു കുടുംബ ബന്ധം കൂടി ഉസ്താദിനുണ്ടായി എന്നുവേണം പറയാന്‍. സി.എമ്മിന്റെ വലിയുമ്മ (മാതാവിന്റെ മാതാവ്) ശംസുല്‍ ഉലമയുടെ ഉമ്മയുടെ സഹോദരിയാണ്. ഇരുവരും പറമ്പില്‍കടവ് അടിയോളി അബൂബക്ര്‍ സാഹിബിന്റെ മക്കളും. എന്നാല്‍, ശംസുല്‍ ഉലമയുടെ പിതാവിന്റെ സഹോദര പുത്രിയാണ് പാറന്നൂര്‍ ഉസ്താദിന്റെ ഭാര്യ. എന്നിരിക്കെ, ശംസുല്‍ ഉലമയിലൂടെ സി.എമ്മിലേക്ക് ചെറിയൊരു കുടുംബ ബന്ധംകൂടി  തുറക്കപ്പെടുകയായിരുന്നു ഇതിലൂടെ. ഈയൊരു കാര്യവും മഹാനവര്‍കള്‍ തന്റെ ജീവിതത്തില്‍ പരിഗണിച്ചിരുന്നു. സി.എം. ആത്മീയ ലോകത്തേക്ക് കയറുകയും സര്‍വ്വരുടെയും ആശാകേന്ദ്രമാവുകയും ചെയ്തപ്പോഴും പാറന്നൂര്‍ ഉസ്താദ് അവരെ കൈവിട്ടില്ല. തന്റെ പഴയ കാല ബന്ധം ഉപയോഗപ്പെടുത്തി എന്നും അവരെ മുറുകെ പിടിക്കുകയും അവരുടെ ഒപ്പം നില്‍ക്കാന്‍ അവസരം തരപ്പെടുത്തുകയും ചെയ്തു. അന്നുമുതല്‍ ഏതൊരു കാര്യവും അവരോടു ചോദിച്ചുമാത്രമേ ഉസ്താദ് ചെയ്യുമായിരുന്നുള്ളൂ. എന്തിനും മഹാനവര്‍കളുടെ സമ്മതം വാങ്ങും. ആവശ്യമായ മാര്‍ഗ നിര്‍ദ്ദേശങ്ങളും തേടും. സി.എമ്മിന്റെ പരിഗണനയിലും അന്ന് ഉസ്താദ് ഉണ്ടായിരുന്നു. ആയതിനാല്‍, നല്ല നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ഏതു ആവശ്യങ്ങളും നിര്‍വഹിച്ചു നല്‍കുകയും ചെയ്തു. കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സി.എം. സഞ്ചരിക്കുന്ന കാലം. പല സ്ഥലങ്ങളിലും വയളുകളും മറ്റു പരിപാടികളും ഏറ്റെടുക്കുമായിരുന്നു. ഇത്തരം ഘട്ടങ്ങളില്‍ പലപ്പോഴും സി.എം. പ്രാര്‍ത്ഥനക്കു മാത്രം നേതൃത്വം നല്‍കും. പ്രസംഗിക്കാന്‍ ഉസ്താദിനെ ഏല്‍പ്പിക്കും. അതായിരുന്നു പതിവ്. തനിക്ക് എത്തിപ്പെടാന്‍ കഴിയാത്ത പരിപാടികള്‍ക്കും ഉസ്താദിനെത്തന്നെയാണ് പറഞ്ഞയച്ചിരുന്നത്.

യാ ഫാറന്നൂര്‍; തഫൂറു മിന്‍ക ന്നൂര്‍

ഉസ്താദ് കത്തറമ്മല്‍ ദര്‍സ് നടത്തിക്കൊണ്ടിരിക്കുന്ന കാലം. പല പ്രമുഖരും അവിടെ സന്ദര്‍ശിക്കാനായി വരുമായിരുന്നു. ഈ കാലയളവില്‍ രണ്ടു തവണ സി.എം. അവിടെ വരികയുണ്ടായി. ഉസ്താദിനെയും കുട്ടികളെയും കാണാനാണ് അദ്ദേഹം വന്നിരുന്നത്. ഒരിക്കല്‍ അവിടെ വന്നപ്പോള്‍, അറബി നല്ലപോലെ കൈകാര്യം ചെയ്തിരുന്ന സി.എം. മനോഹരമായ അറബിയില്‍തന്നെ ഉസ്താദിനെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു: ''യാ ഫാറന്നൂര്‍, തഫൂറു മിന്‍ക ന്നൂര്‍'' (പാറന്നൂര്‍, താങ്കളില്‍നിന്നും പ്രകാശം പരക്കും) ഇത് സി.എമ്മില്‍നിന്നുള്ള വലിയൊരു അംഗീകാരവും ഉസ്താദിന്റെ ഭാവി ജീവിതത്തെ സംബന്ധിച്ചിടത്തോളം വലിയൊരു പ്രവചനവുമായിരുന്നു. ഉസ്താദിന്റെ തുടര്‍ ജീവിതത്തില്‍ അത് സത്യമായി പുലരുകയും ചെയ്തു. ഇന്നും ആ പ്രകാശം നാടു നീളെ പ്രചരിച്ചുകൊണ്ടിരിക്കുന്നു.

വീട്ടിലെ അനുഗ്രഹ സ്പര്‍ശങ്ങള്‍ 

ഇബ്‌റാഹീം എന്നാണ് സി.എം. ഉസ്താദിനെ വിളിച്ചിരുന്നത്. ഉസ്താദ് മൊയ്‌ല്യാര് എന്നും തിരികെ വിളിച്ചു. വിവാഹം കഴിഞ്ഞ് ഏഴു വര്‍ഷത്തിനു ശേഷം. ഉസ്താദ് തറവാടില്‍നിന്നും മാറി സ്വന്തമായി ഒരു വീടുണ്ടാക്കാന്‍ തീരുമാനിച്ചു.  സാമ്പത്തികമായി വലിയ ഒരുക്കങ്ങളൊന്നും ഉണ്ടായിരുന്നില്ല. മാസാമാസം കിട്ടുന്ന ശമ്പളം കൊണ്ട് പതുക്കെ പതുക്കെ പണി നടത്താനയിരുന്നു തീരുമാനം. അതിനു മുന്നോടിയായി ഉസ്താദ് സി.എമ്മിനെ നേരില്‍ പോയി കണ്ടു; കാര്യം പറഞ്ഞു. വീടുണ്ടാക്കാന്‍ പോവുകയാണെന്നും പ്രാര്‍ത്ഥിക്കണമെന്നും ആവശ്യപ്പെട്ടു. സി.എം. ബറക്കത്തിനായി പത്തു രൂപ നല്‍കി. എല്ലാം ശരിയാകുമെന്ന് ആശീര്‍വദിച്ചു. വീട് പണി തുടങ്ങി. പതുക്കെ പതുക്കെ അത് പുരോഗമിച്ചു. കത്തറമ്മല്‍ ദര്‍സ് നടത്തുന്ന കാലമായിരുന്നു അത്. അവരുടെ സഹായവും ലഭിച്ചു. അറിയാതെ ഏകദേശം പണി പൂര്‍ത്തിയായി. നോക്കുമ്പോള്‍ കക്കൂസ് പണിയാന്‍ കാഷില്ല. സി.എം. വീണ്ടും രണ്ടു രൂപ നല്‍കി. താമസിയാതെ അതിന്റെയും പണി തീര്‍ന്നു. സി.എമ്മിന്റെ അറിവോടെ ഗൃഹപ്രവേശത്തിനു ദിവസം നിശ്ചയിച്ചു. അന്നേ ദിവസം ആളുകള്‍ ഒരുമിച്ചുകൂടി. സി.എമ്മും ആഗതനായി. ആളുകള്‍ അദ്ദേഹത്തെ പൊതിഞ്ഞു. പലരും പല സമ്മാനങ്ങളും നല്‍കി. ചടങ്ങുകള്‍ നല്ലപോലെ കലാശിച്ചു. സി.എം. തനിക്കു ലഭിച്ച സമ്മാനങ്ങളെല്ലാം ഉസ്താദിനു നേരെ നീട്ടിക്കൊണ്ട് പറഞ്ഞു: ഇനിയും കടം ബാക്കിയുണ്ടെങ്കില്‍ ഇതുകൊണ്ട് വീട്ടുക. ഉസ്താദിന് സമാധാനമായി. കടങ്ങള്‍ അങ്ങനെ തീര്‍ന്നു. അന്ന് പുറത്തിറങ്ങിയ ശേഷം ഉസ്താദിനെ അടുത്തുവിളിച്ചുകൊണ്ട് സി.എം. പറഞ്ഞു: 'ഞാന്‍ ഈ വീട് ഒരു കോടതിയാക്കിയിരിക്കുന്നു.' ശരിക്കും ഭാവിയിലേക്കു നോക്കിക്കൊണ്ടുള്ള സി.എമ്മിന്റെ ഒരു പ്രവചനമായിരുന്നു ഇത്. ഉസ്താദിന്റെ പുല്‍പറമ്പില്‍ വീട് ശരിക്കും പ്രശ്‌ന പരിഹാരങ്ങളുടെ കോടതിയായി മാറിയതാണ് പിന്നീട് മുസ്‌ലിം കേരളം കണ്ടത്. ദിനംപ്രതി അനവധിയാളുകളാണ് പലവിധ പ്രശ്‌നങ്ങളുമായി അവിടെ കയറിയിറങ്ങിയിരുന്നത്. ഉസ്താദിന്റെ കുടുംബത്തെ സംബന്ധിച്ചിടത്തോളം എന്നും ഒരു അത്താണിയായിരുന്നു സി.എം. ഏതു കാര്യങ്ങള്‍ക്കും ഉസ്താദ് അവരുടെ അഭിപ്രായമാരാഞ്ഞു. തന്റെ ഒമ്പത് മക്കളില്‍ എട്ടു പേര്‍ക്കും പേരിട്ടത് അദ്ദേഹമാണ്. സി.എം. വഫാത്തായി 24 ദിവസങ്ങള്‍ക്കു ശേഷമാണ് ഇളയ മകള്‍ പിറന്നത് എന്നതിനാല്‍ അവള്‍ക്കുമാത്രം പേരിടാന്‍ കഴിഞ്ഞില്ല.

തന്റെ മൂന്നാമത്തെ കുഞ്ഞിന് താലിയത്ത് എന്ന് പേരിട്ടപ്പോള്‍ ഉസ്താദിന് അതത്ര പിടിച്ചില്ല. വീണ്ടും സി.എമ്മിനെ സമീപ്പിച്ചുകൊണ്ട്  ഉസ്താദ് കാര്യം പറഞ്ഞു. താലിയത്ത് എന്നാല്‍ കൂടുതല്‍ ഖുര്‍ആന്‍ ഓതുന്നവള്‍ എന്നാണ് അതിന്റെ അര്‍ത്ഥമെന്ന് സി.എം. വിശദീകരിച്ചു. ഉസ്താദിനു സന്തോഷമായി. വര്‍ഷങ്ങള്‍ കഴിഞ്ഞുപോയി. പിന്നീട് ഒരിക്കല്‍ സി.എം. ഉസ്താദിനെ കണ്ടപ്പോള്‍ ഇങ്ങനെ പറഞ്ഞു: താങ്കളുടെ ഭാര്യ ഗര്‍ഭിണിയാണ്. കുഞ്ഞിനു ഞാന്‍ എന്റെ പേരു തന്നെ നിശ്ചയിച്ചിരിക്കുന്നു; മുഹമ്മദ് അബൂബക്ര്‍. ഇതൊരു പ്രവചനമായിരുന്നു. അടുത്ത കുഞ്ഞ് ആണ്‍കുട്ടിയാണെന്നതിലേക്കുള്ള സൂചനയായിരുന്നു ഇത്. കാര്യം പറഞ്ഞതുപോലെത്തന്നെ സംഭവിച്ചു. ഭാര്യ പ്രസവിച്ചു കുഞ്ഞ് ആണ്‍കുട്ടി തന്നെ. കുഞ്ഞിന് ഉസ്താദ് മുഹമ്മദ് അബൂബക്ര്‍ എന്നു നാമകരണം നടത്തി. അവനെയാണ് പിന്നീട് ഉസ്താദ് ഡോക്ടറായി വളര്‍ത്തിയത്. ഉബൈദുല്ല, മുഹമ്മദ് സഈദ് എന്നീ രണ്ടു കുട്ടികള്‍ ജനിക്കുന്നതിനു മുമ്പും സി.എം. അവര്‍ക്ക് നാമകരണം നടത്തിയിരുന്നു. ജനിക്കാന്‍ പോകുന്ന കുഞ്ഞുങ്ങള്‍ ആണ്‍കുട്ടികളാണെന്ന് നേരത്തെത്തന്നെ പ്രവചിക്കുകയായിരുന്നു സി.എം. ഉസ്താദിന്റെ ഭാര്യക്ക് ഒരിക്കല്‍ ഒരു അസാധാരണ രോഗം പിടിപെട്ടു. ശരീരത്തില്‍ മൂന്നു മുഴകള്‍ പൊങ്ങി. എത്ര ചികിത്സിച്ചിട്ടും ഭേദമായില്ല. ഒടുവില്‍, അവ ഓപ്പറേഷന്‍ ചെയ്തുനീക്കിയേ മതിയാവൂ എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. ഓപ്പറേഷന് ഡെയ്റ്റ് വരെ നിശ്ചയിക്കപ്പെട്ടു. ഉസ്താദ് ഉടനെത്തന്നെ വിവരം സി.എമ്മിനെ അറിയിച്ചു. ദുആ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. സി.എം. പറഞ്ഞു: ഓപ്പറേഷന്‍ വേണ്ട. ഞാന്‍ ഓപ്പറേഷന്‍ നടത്തിയിരിക്കുന്നു. പിന്നെ, ഒന്നും ചിന്തിക്കേണ്ടി വന്നില്ല. അടുത്ത ദിവസംതന്നെ എല്ലാം പൊട്ടിയൊലിച്ചു. താമസിയാതെ, രോഗം ഭേദമായി. ഇന്നും ഓപ്പറേഷന്‍ ചെയ്തു തുന്നിയപോലെ ഒരു അടയാളം  അവിടെ കാണാവുന്നതാണ്. സി.എം. വലിയ്യുല്ലാഹിയുടെ വാക്കിന്റെ ശക്തിയായിരുന്നു ഇത്. മറ്റൊരിക്കല്‍ ഉസ്താദിന്റെ വീട്ടില്‍ ഒരു കള്ളന്‍ കയറി. ഉസ്താദ് സി.എമ്മിനോട് വിവരം പറഞ്ഞു. സി.എം. പിന്നീട് പറഞ്ഞു: ഇനി ഈ വീട്ടില്‍ കള്ളന്‍ വേണ്ട. പിന്നീട്, ഉസ്താദിന്റെ പുല്‍പറമ്പില്‍ വീട്ടിലേക്ക് ഇന്നേവരെ ഒരു കള്ളനും വന്നിട്ടില്ല. ഇങ്ങനെ അനവധി സംഭവങ്ങള്‍ സി.എമ്മുമായി ബന്ധപ്പെട്ട് ഉസ്താദിന്റെയും കുടുംബത്തിന്റെയും ജീവിതത്തില്‍നിന്നും ചികഞ്ഞെടുക്കാന്‍ സാധിക്കും. ഉസ്താദ് നിരന്തരം സി.എമ്മുമായി പുലര്‍ത്തിയ ബന്ധത്തിന്റെ ആഴമാണ് ഇത് വ്യക്തമാക്കുന്നത്. തന്റെ പ്രത്യേക അവസ്ഥയില്‍ നാടു നീളെ ഓടിനടന്നിരുന്ന കാലത്തും സി.എം. പുല്‍പറമ്പില്‍ ഉസ്താദിന്റെ വീട്ടില്‍ വരാറുണ്ടായിരുന്നു. അവസാന കാലങ്ങളില്‍ കോഴിക്കോട് താമസമാക്കിയ സമയം. പുല്‍പറമ്പില്‍ തറവാട്ടില്‍നിന്നും ആരെങ്കിലും അവിടെ പോയാലും മഹാനവര്‍കള്‍ ഉസ്താദിനെ അന്വേഷിക്കുമായിരുന്നു. അത്രമാത്രം ആ മനസ്സില്‍ ആഴ്ന്നിറങ്ങിയിരുന്നു പാറന്നൂര്‍ ഉസ്താദ്. അതുകൊണ്ടുതന്നെയാവാം സി.എമ്മിന്റെ മരണാനന്തരവും മഖാമിന്റെ നേതൃത്വം ഉസ്താദിന്റെ കരങ്ങളില്‍തന്നെ എത്തിപ്പെട്ടത്.

മടവൂരും ഉസ്താദും: മുന്‍ കാല ബന്ധങ്ങള്‍

സി.എമ്മിനു മുമ്പുതന്നെ മടവൂരുമായി ഉസ്താദിനു വലിയ ബന്ധമുണ്ട്. സി.എമ്മിന്റെ പിതാവ് കുഞ്ഞി മാഹിന്‍ കോയ മുസ്‌ലിയാര്‍ വലിയ സൂഫിയും പണ്ഡിതനുമായിരുന്നുവല്ലോ. അദ്ദേഹത്തിന്റെ മഖ്ബറ നേരത്തെത്തന്നെ പണ്ഡിതന്മാരാല്‍ സന്ദര്‍ശിക്കപ്പെടുന്ന ഒരു വലിയ കേന്ദ്രമായിരുന്നു. ഉസ്താദും ഇടക്കിടെ അവിടെ സന്ദര്‍ശിക്കാന്‍ പോയിരുന്നു. പിന്നീടാണ് സി.എം. ഒരു മഹാ സൂഫിയായി ഉയരുന്നതും ഉസ്താദ് അവരുമായി കൂടുതല്‍ ബന്ധം സ്ഥാപിക്കുന്നതും. അതോടെ പിന്നെ, മടവൂര്‍ ഉസ്താദിന്റെ സ്വന്തം വീടു പോലെയായി മാറി. ഉസ്താദിന്റെ അരങ്ങേറ്റം 1991 ല്‍ സി.എമ്മിന്റെ വിയോഗത്തോടെയാണ് പാറന്നൂര്‍ ഉസ്താദ് കൂടുതലായും കാര്യക്ഷമമായും മടവൂരുമായി ബന്ധപ്പെട്ടു തുടങ്ങുന്നത്. ഇതിനു പ്രത്യേകം നിമിത്തങ്ങളും സാഹചര്യങ്ങളുമുണ്ടായിരുന്നു. അത് ഇങ്ങനെ സംഗ്രഹിക്കാം: ''മഹാനായ സി.എം. വലിയ്യുല്ലാഹി മഹല്ലിന്റെ ഖാസി സ്ഥാനവും ഉന്നതമായ ദര്‍സും ദീനിയ്യായ മുഴുവന്‍ പ്രവര്‍ത്തനങ്ങളുടെ നേതൃത്വവും വിട്ടെറിഞ്ഞു നാടു വിടുകയും വര്‍ഷങ്ങളോളം സാഹിദായി പല സ്ഥലങ്ങളിലും കഴിഞ്ഞു കൂടുകയും ചെയ്തപ്പോള്‍ മടവൂര്‍ മഹല്ല് എല്ലാ നിലക്കും കുത്തഴിഞ്ഞ് പോയിരുന്നു. ദീനീ ചുറ്റുപാടും ദീനീ നേതൃത്വവും അകന്നു പോയി. മഹാന്റെ വഫാത്ത് സന്ദര്‍ഭത്തിലും മഹല്ലിന്റെ അവസ്ഥ ദയനീയമായിരുന്നു. വിഘടിത സുന്നി വിഭാഗത്തിന്റെ ആവിര്‍ഭാവ ഘട്ടംകകൂടിയായിരുന്നു ഇത്. കമ്യൂണിസ്റ്റു സഖാക്കള്‍ എല്ലാ അര്‍ത്ഥത്തിലും വിഘടിതരെ സഹായിച്ചുകൊണ്ടിരുന്ന അവസരം. മടവൂര്‍ മഹല്ല് കമ്മിറ്റിയില്‍ അവര്‍ക്കായിരുന്നു അന്ന് കൂടുതല്‍ സ്വാധീനമുണ്ടായിരുന്നത്. ഈയൊരു ഘട്ടത്തിലാണ് ഒരു ശുദ്ധികലശത്തിന്റെ കാഹളം മുഴക്കിക്കൊണ്ട് ഉസ്താദിന്റെ അരങ്ങേറ്റം സംഭവിക്കുന്നത്. സി.എമ്മിന്റെ ജനാസ മറവു ചെയ്യുന്ന വിഷയത്തില്‍ സ്വകാര്യ സ്ഥലത്ത് ഖബറടക്കം ചെയ്യാന്‍ വിഘടിതര്‍ ശക്തമായ ശ്രമം നടത്തിയിരുന്നു. അവസാനം സ്വന്തം മാതാവിന്റെയും മറ്റു കുടുംബാംഗങ്ങളുടെയും നിര്‍ബന്ധപ്രകാരമാണ് മടവൂര്‍ മഹല്ല് ഖബര്‍ സ്ഥാനില്‍ പിതാവിന്റെ ചാരത്തുതന്നെ അടക്കം ചെയ്യുന്നത്. വഫാത്തിനു ശേഷമുള്ള മഹാനവര്‍കളുടെ ഒരു കറാമത്തായിരുന്നു ഇത്. സി.എമ്മിന്റെ ജീവിത കാലത്തുതന്നെ മടവൂര്‍ ജുമാ മസ്ജിദിന്റെ പുനര്‍നിര്‍മാണം ഏറ്റെടുത്തു നടത്താന്‍ വിഘടിത നേതാവ് രംഗത്തു വരികയും അതിനു വേണ്ടി ചരടു വലികള്‍ നടത്തുകയും ചെയ്തിരുന്നു. അവര്‍ എഴുതിത്തരുന്ന ഒരു നിയമാവലിയുടെ കീഴില്‍ മടവൂര്‍ മഹല്ല് ജമാഅത്തും അതിന്റെ കീഴിലുള്ള സ്വത്തുക്കളും രജിസ്റ്റര്‍ ചെയ്തുകൊടുക്കണമെന്ന ഒരു നിബന്ധനയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. ഇത് പക്ഷെ, അന്നത്തെ കമ്മിറ്റിക്കാര്‍ക്ക് തീരെ പിടിച്ചില്ല. അവര്‍ സി.എമ്മിനെ കണ്ട് കാര്യം ശ്രദ്ധയില്‍ പെടുത്തി. 'ആ പള്ളി ഇപ്പോള്‍ നമുക്ക് വേണ്ട; നമുക്കിവിടെ വലിയ പള്ളി വേറെ നിര്‍മിക്കാം' എന്നായിരുന്നു സി.എമ്മിന്റെ പ്രതികരണം. ഇതോടെ പള്ളി പുനര്‍നിര്‍മിക്കാനുള്ള വിഘടിത ശ്രമം പരാജയപ്പെടുകയാണുണ്ടായത്. പിന്നീട്, സഖാക്കളെ കൂട്ടുപിടിച്ച മഹല്ല് ഭരണം കൈപ്പിടിയിലൊതുക്കാനുള്ള ശക്തമായ നീക്കമാണ് നടന്നത്.

ഈ കുത്സിത ശ്രമം അനുവദിച്ചുകൊടുക്കാന്‍ നാട്ടിലെ നല്ലവരായ ജനങ്ങള്‍ തയ്യാറായില്ല. ഇതോടെ ജനങ്ങള്‍ രണ്ടു ചേരിയായി. കമ്മിറ്റി യോഗങ്ങളും ജനറല്‍ബോഡി യോഗങ്ങളും സംഘര്‍ഷ ഭരിതമായിരുന്നു. സംഘട്ടനങ്ങളും ഏറ്റുമുട്ടലുകളും പലതും നടന്നു. പോലീസുകാരുടെ സാന്നിദ്ധ്യത്തിലാണ് പല യോഗങ്ങളും നടന്നിരുന്നത്. സംഘര്‍ഷഭരിതമായ ഈ സന്ദര്‍ഭത്തിലാണ് പാറന്നൂര്‍ ഉസ്താദ് തന്റെ ആത്മീയ ഗുരുവും സ്‌നേഹനിധിയുമായ സി.എം. അന്ത്യവിശ്രമംകൊള്ളുന്ന മടവൂര്‍ മഹല്ലിന്റെ വിഷയത്തില്‍ ഇടപെടുന്നത്. ബന്ധപ്പെട്ട ആളുകള്‍ പാറന്നൂരില്‍ പോവുകയും   പ്രശ്‌ന പരിഹാരത്തിനായി ഉസ്താദിനോട് ആവശ്യപ്പെടുകയുമായിരുന്നു. ഉസ്താദ് ഇരു വിഭാഗത്തെയും വിളിച്ചു വരുത്തി, തന്റെ സ്വതസിദ്ധമായ ശൈലിയില്‍, ആരെയും പിണക്കാതെ, എന്നാല്‍  സമസ്തയുടെ ആശയാദര്‍ശങ്ങളില്‍നിന്നും പുറത്തുപോകാത്ത വിധം ഒരു പരിഹാരത്തെക്കുറിച്ച് ചിന്തിച്ചു. എല്ലാവരും അംഗീകരിക്കത്തക്കവിധം മനോഹരമായൊരു ഫോര്‍മുല ഉസ്താദ് തന്നെ മുന്നോട്ടു വെക്കുകയും ചെയ്തു. സമസ്തയുടെ പക്ഷത്തുനിന്നും ഒമ്പതു പേരും മറു പക്ഷത്തുനിന്നും ആറു പേരും ഉള്‍പ്പെടുന്ന പതിനഞ്ചംഗ കമ്മിറ്റി സ്ഥാപനം ഭരിക്കട്ടെ എന്നതായിരുന്നു ഫോര്‍മുല. ഇത് എല്ലാവരും അംഗീകരിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ ഉസ്താദിന്റെതന്നെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഒരു കമ്മിറ്റിക്കു രൂപം നല്‍കുകയുണ്ടായി. 1996 മുതല്‍ ഈ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ മഹല്ല് ഭരണം മനോഹരമായി നടന്നു വരുന്നു. ഇതോടെ പ്രശ്‌നങ്ങളും സംഘര്‍ഷങ്ങളും വിട്ടകലുകയും ശാന്തമായ അന്തരീക്ഷം കൈവരികയും ചെയ്തു. എതിര്‍ പക്ഷത്തിന് ഒന്നും ചെയ്യാനാകാത്ത വിധം ഉസ്താദിന്റെ നേതൃത്വത്തിലാണ് പിന്നീട് കാര്യങ്ങളെല്ലാം നടന്നുവന്നിരുന്നത്. ഇന്നും അങ്ങനെത്തന്നെ തുടര്‍ന്നുവരുന്നു. സി.എം. മഖാം ശരീഫും അതിന്റെ കീഴിലുള്ള സ്ഥാപനങ്ങളും മറ്റു സംരംഭങ്ങളും ഇന്നത്തെ അവസ്ഥയിലേക്കു എത്തിയതിനു പിന്നില്‍ ഉസ്താദിന്റെ ദീര്‍ഘ ദൃഷ്ടിയും നേതൃത്വവും എടുത്തു പറയേണ്ടതാണ്'' (പൂനിലാവ്, 2013, പേജ്: 12, 13).

ഭരണ തലത്തിലെ ഇടപെടലുകളും പരിഷ്‌കരണങ്ങളും

പുതിയ കമ്മിറ്റി നിലവില്‍ വന്നതോടെ ഉസ്താദ് മഖാം കമ്മിറ്റി വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഇതോടെ ഔദ്യോഗികമായിത്തന്നെ ഉസ്താദ് മഹല്ലിന്റെയും മഖാമിന്റെയും ഒരാളായി മാറി. ഇതിനെ തുടര്‍ന്ന് മഖാമിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും കാര്യത്തില്‍ ശക്തമായി ഇടപെടുകയും അവിടെ പലവിധ പരിഷ്‌കരണ പുരോഗമന പ്രവര്‍ത്തനങ്ങളും കൊണ്ടുവരികയും ചെയ്തു. ആദ്യമായി മതപരമായി ഈ മഖാമിനെയും പ്രവര്‍ത്തനങ്ങളെയും വ്യവസ്ഥപ്പെടുത്താനാണ് ഉസ്താദ് ശ്രദ്ധിച്ചത്. പിന്നീട് നിര്‍മാണ രംഗത്തും മാതൃകാപരമായ നേതൃത്വം നല്‍കി. ഇവിടെയൊന്നും കേവലം മാര്‍ഗനിര്‍ദ്ദേശങ്ങള്‍ മാത്രമായിരുന്നില്ല ഉസ്താദിന്റെ ഇടപെടല്‍. അതിലപ്പുറം ഇറങ്ങി പ്രവര്‍ത്തിക്കുകയും   എല്ലാം ഉത്തരവാദിത്ത ബോധത്തോടെ കൈകാര്യം നടത്തുകയും ചെയ്യുമായിരുന്നു. ശവ്വാല്‍ നാലിനാണ് സി.എം. വലിയ്യുല്ലാഹിയുടെ വിയോഗം സംഭവിച്ചത്. ആയതിനാല്‍ ശവ്വാല്‍ നാലിനാണ് ഉറൂസിന് കൊടിയുയര്‍ത്തല്‍. ഇതു പക്ഷെ, സുന്നത്തായ ആറു നോമ്പിന്റെ സമയങ്ങളാണല്ലോ. ഉസ്താദ് ഇടപെട്ടു തുടങ്ങിയ കാലത്ത് ശവ്വാല്‍ നാലിന് കൊടി ഉയര്‍ത്തുന്നതിനോടനുബന്ധിച്ച് ചീര്ണി വിതരണം നടത്തുന്ന ഒരു സമ്പ്രദായമുണ്ടായിരുന്നു. ആറു നോമ്പ് കാലങ്ങളില്‍ ഉച്ച ഭക്ഷണവും നല്‍കപ്പെട്ടിരുന്നു. വിശ്വാസികള്‍ നാടു നീളെ നോമ്പ് നോല്‍ക്കുന്ന ഈയൊരു ഘട്ടത്തില്‍ മഖാമില്‍വെച്ച് ഇങ്ങനെ പരസ്യമായി ഭക്ഷണ വിതരണം നടത്തുന്നത് ഉസ്താദ് ശക്തമായി എതിര്‍ത്തു. അതിനെ തുടര്‍ന്ന് ഈ രണ്ടു സംരംഭവും നിര്‍ത്തലാക്കുകയും ചെയ്തു. പിന്നീട്, നോമ്പിനെ പരിഗണിച്ചുകൊണ്ട് കുറച്ചുകാലം കാരക്കയോ മറ്റോ പാക്കറ്റാക്കി ചീര്ണിക്കു പകരം വിതരണം നടത്തിയിരുന്നു. ഉസ്താദ് ഇടപെട്ടു തുടങ്ങിയതിനു ശേഷമുണ്ടായ വലിയ പരിഷ്‌കരണങ്ങളില്‍ ചിലതാണിത്. പള്ളിയുടെയും മഖാമിന്റെയും പരിസരം ക്രമപ്പെടുത്തുന്നതിലും മരങ്ങള്‍ വെച്ചു പിടിപ്പിക്കുന്നതിലും റോഡുകള്‍ സംവിധധാനിക്കുന്നതിലും ഉസ്താദ് തന്റെതായ പങ്ക് വഹിച്ചിട്ടുണ്ട്. പള്ളി പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ടാണ് ഉസ്താദ് ശക്തമായി ഇടപെട്ട് പ്രവര്‍ത്തിച്ചിരുന്ന മറ്റൊരു രംഗം. ക്രമേണ സന്ദര്‍ശകര്‍ കൂടി വരികയും സ്ത്രീകള്‍ക്കും മറ്റും സൗകര്യങ്ങള്‍ ഇല്ലാതെ വരികയും ചെയ്തപ്പോള്‍ പള്ളി വിപുലീകരിച്ച് മൂന്നു നിലയാക്കി ഉയര്‍ത്താനും സ്ത്രീകള്‍ക്ക് നിസ്‌കരിക്കാനും മറ്റുമുള്ള സൗകര്യങ്ങള്‍ മനോഹരമായി സംവിധാനിക്കാനും ഉസ്താദ് മുന്നിട്ടിറങ്ങി പ്രവര്‍ത്തിച്ചിട്ടുണ്ട്. ധാരാളം ഖബറുകള്‍ നിറഞ്ഞുകിടന്ന പ്രദേശമായിരുന്നതിനാല്‍, പുനര്‍നിര്‍മാണം ഏറെ പ്രയാസപ്പെട്ട ഘട്ടമായിരുന്നിട്ടും ഉസ്താദിന്റെ യുക്തവും മതത്തിലധിഷ്ഠിതവുമായ കാഴ്ചപ്പാടുകളാ

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter