ഇസ്‍ലാമിക ചരിത്രത്തിലെ അടിമ സാമ്രാജ്യങ്ങള്‍
ഇസ്‍ലാമിക ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളിൽ അടിമ വംശങ്ങളുടെ ഉഴിർത്തെയുനേൽപ്പുകളുണ്ടായതായി കാണാം. തങ്ങളുടെ യജമാനന്മാരെ കീഴടക്കി അവരുടെ മേൽ ആധിപത്യം സ്ഥാപിച്ചു കൊണ്ടായിരുന്നു അവരുടെ കടന്നുകയറ്റം. ഇത്തരത്തിൽ ഭരണാധികാരികളായി മാറിയ ചില അടിമ വിഭാഗങ്ങളെ കുറിച്ചുള്ള ഒരു ഹ്രസ്വമായ അവലോകനമാണ് ഇവിടെ.
ആദ്യമായി അബ്ബാസിയ്യ കാലഘട്ടത്തിലാണ് ഇത്തരത്തിൽ ഒരു സംഭവം അരങ്ങേറുന്നത്. അബ്ബാസി ഖിലാഫത്തിന്റെ കാലത്ത് അടിമ പടയാളികളെ നിയമിക്കുന്ന സംവിധാനം വളരെ വ്യാപകമായുണ്ടായിരുന്നു. കൂടുതലും തുർക്കിഷ് വംശജരായിരുന്ന ചെറുപ്പക്കാരെ സൈനികരായി പരിശീലിപ്പിക്കുന്നതിനായി അവരുടെ കുടുംബങ്ങളിൽ നിന്നു കൊണ്ടുവന്നിരുന്നു. അവർക്ക് വേണ്ട ആയുധങ്ങളും വാഹനങ്ങളും നൽകിയശേഷം അബ്ബാസിയ്യ സൈന്യത്തിലെ യോദ്ധാക്കളാക്കി മാറ്റി. ജന്മനാട്ടിൽ നിന്നും അകന്നു പോയവർ ആയതിനാൽ തന്നെ യാതൊരുവിധ രാഷ്ട്രീയ താൽപര്യങ്ങളും ഇല്ലാതെയും ഭരണകർത്താക്കളോട് തീരെ കൂറുപുലർത്താതെയുമാണ് അവർ തൊഴിലിനു തുടക്കം കുറിച്ചത്.
കാലക്രമേണ പ്രസ്തുത വിഭാഗം പടയാളികൾ "ഗിൽമാൻ" എന്ന പേരിൽ അറിയപ്പെടുകയും പരസ്പരം ഒത്ത് കൂടി സംഘടിക്കുകയും തദ്ഫലമായി അവരുടെ ശക്തി വർദ്ധിക്കുകയും ചെയ്തു. ഖലീഫ മുഅ്തസിമിന്റെ കാലത്ത് അവരുടെ എണ്ണം കൂടുതൽ വർദ്ധിക്കുകയും ശക്തി വര്‍ദ്ധിക്കുകയും ചെയ്തപ്പോൾ അവർക്കുവേണ്ടി സാമറയിൽ ഒരു തലസ്ഥാനം തന്നെ സ്ഥാപിക്കാൻ ഖലീഫ നിർബന്ധിതനായി.
അബ്ബാസി ഖിലാഫത്തിലെ ഗിൽമാൻ വിഭാഗമാണ് ഒടുവിൽ ഗസ്‌നവി സാമ്രാജ്യമായി ഉയർന്നു വന്നത്. ആധുനിക ഇറാൻ, അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, വടക്ക്-പടിഞ്ഞാറൻ ഇന്ത്യ എന്നിവിടങ്ങളിലെയെല്ലാം അതിപ്രശസ്ത ഭരണാധികാരിയായി മാറിയ സുൽത്താന്‍ മഹമൂദ് ഗസ്‌നിയടക്കമുള്ള ഭരണാധികാരികൾ ഈ സാമ്രാജ്യത്തിന് കീഴിൽ കടന്നു വന്നവരാണ്. പിന്നീടുള്ള കാലഘട്ടത്തിൽ മുസ്‍ലിം ലോകത്തുടനീളം നിരവധി സാമ്രാജ്യങ്ങൾ ഉദിക്കുകയും അസ്തമിക്കുകയും ചെയ്ത സമയത്ത് ഗിൽമാൻമാർ "മംലൂക്കികൾ" എന്ന പേരിൽ അറിയപ്പെടുകയും തങ്ങളുടെ സേവനങ്ങൾ ഭരണാധികാരികൾക്കെല്ലാം വാഗ്ദാനം ചെയ്യുകയും ചെയ്തു.
വ്യത്യസ്ത സാമ്രാജ്യങ്ങളിലെ ഉയർന്ന സ്ഥാനങ്ങൾ അലങ്കരിച്ചിരുന്ന വരായിരുന്നു മംലൂക്കികൾ. ഇസ്‍ലാമിക ലോകത്തെ പടിഞ്ഞാറൻ പ്രവിശ്യയിൽ അവർ ആദ്യമായി ഭരണത്തിൽ വന്നത് ഈജിപ്തിലാണ്. ഈജിപ്തിലെ അയ്യൂബീ സാമ്രാജ്യത്തിന്റെ അന്ത്യത്തോടെയാണ് മംലൂക്കികൾ ഔദ്യോഗികമായി ഭരണകർത്താക്കളായി രംഗത്തുവന്നത്. അവിടെ മംലൂക്കികളുടെ ഭരണകർത്താവായി കടന്നുവന്ന സുൽത്താൻ ബൈബാർസിന്റെ കാലഘട്ടമാണ് അവരുടെ സുവർണ്ണ കാലമെന്ന് പറയാം. അദ്ദേഹം അധികാരത്തിലേറിയ ശേഷം 1260 ൽ നടന്ന ഐൻ ജാലൂത് യുദ്ധത്തിൽ വെച്ച് മംലൂക്കികൾ ശക്തരായ മംഗോളിയൻ പടയെ പരാജയപ്പെടുത്തുകയും ഏറെ ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തു. ശക്തമായ കീഴടക്കലുകളുമായി മുന്നോട്ടുപോയി കൊണ്ടിരുന്ന മംഗോളിയൻ പടക്ക് ഏറ്റ വലിയ ഒരു തിരിച്ചടിയായിരുന്നു ഈ പരാജയം. ഈജിപ്ഷ്യൻ മംലൂക്കികളുടെ പൈതൃകത്തിന്റെ മേൽ വെളിച്ചം വീശുന്ന പല ശേഷിപ്പുകളും ഇന്നും കൈറോയിൽ നമുക്ക് കാണാനാവും.
ഇസ്‍ലാമിക ലോകത്തിന്റെ കിഴക്കുഭാഗത്ത് ഗസ്നവികളുടെ അന്ത്യത്തോടെ ഗൗരിദ്സ് എന്ന പേരിൽ മറ്റൊരു അടിമ രാജവംശം രൂപപ്പെട്ടു. അവരുടെ അവസാന രാജാവിനെ കീഴടക്കി കൊണ്ടാണ് അദ്ദേഹത്തിന്റെ അടിമയും സൈന്യാധിപനും ആയിരുന്ന ഖുതുബുദ്ദീൻ ഐബക് രംഗത്ത് വരുന്നതും ഇന്ത്യയിൽ മറ്റൊരു മംലൂകീ സാമ്രാജ്യം രൂപീകരിക്കുകയും ചെയ്തത്. പിന്നീട് ഡൽഹി സുൽത്തനെറ്റ് എന്ന പേരിൽ പ്രശസ്തി നേടിയ അവര്‍ വർഷങ്ങളോളം ഇന്ത്യയിൽ ഭരണം നടത്തുകയും ചെയ്തു.
ഇന്ത്യയിൽ തന്നെ ഇത്തരത്തിൽ അധികാരങ്ങളിലേക്ക് കടന്നുവന്ന മറ്റൊരു അടിമ വിഭാഗമാണ് സിദ്ദികൾ. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് കൊണ്ടുവരപ്പെട്ട ആഫ്രിക്കൻ വംശജരായിരുന്നു അവർ. ഡൽഹി സുൽത്തനറ്റിലെ റസിയ സുൽതാനയുടെ (1236-240) വിശ്വസ്തനായി മാറിയ ജമാലുദ്ദീൻ യാക്കൂത്ത് ആണ് ഇവരിലെ പ്രമുഖൻ. വർഷങ്ങൾക്ക് ശേഷം 1548-1626 കാലഘട്ടത്തിൽ അഹ്മദ് നഗർ സുൽത്തനറ്റിലെ പ്രധാനമന്ത്രിയായി മാറിയ മാലിക് അമ്പറാണ് സിദ്ദികളിലെ ഏറ്റവും പ്രശസ്തനായി അറിയപ്പെടുന്നത്.
ഓട്ടോമൻ ഭരണകാലത്തെ സൈന്യാധിപരായിരുന്ന ജാനിസാറി (ജീവന്‍ ബലിയര്‍പ്പിക്കുന്നവര്‍) വിഭാഗവും ഇതിന്റെ മറ്റൊരുദാഹരണമാണ്. നിസ്വാർത്ഥ സൈനിക സേവകരായി തുടക്കം കുറിച്ച അവർ പിന്നീട് വൻ ശക്തി പ്രാപിക്കുകയും ഉയർന്ന ഭരണ പദവിയിലേക്ക് എത്തുകയും ചെയ്തു. പതിനാറാം നൂറ്റാണ്ടിൽ ഭരണകൂടത്തിന്റെ ഉയർന്ന മന്ത്രി പദവിയിൽ വരെ എത്തിയ സോകോല്ലു മെഹ്മദ് പാഷയാണ് അവരിൽ പ്രധാനി.
ഇത്തരത്തിൽ അടിമ വംശങ്ങളുടെ ഉയിർത്തെഴുന്നേൽപ്പുകൾ ഇസ്‍ലാമിമിക ചരിത്രത്തിൽ നിരവധി ഉണ്ടായിട്ടുണ്ട് എന്നതാണ് വാസ്തവം. ഇസ്‍ലാമിക ചരിത്രത്തില്‍ ഒഴിച്ച് കൂടാനാവാത്ത വിധം വലിയ സംഭാവനകള്‍ നല്കിയവരിലും ഇവരില്‍ ഏറെയുണ്ട്.
Leave A Comment