ആത്മവിശുദ്ധിയുടെ ദിനരാത്രങ്ങള്‍
ലോകത്തെല്ലായിടത്തും എല്ലാ കാലത്തും മതബോധമുള്ള എല്ലാ സമൂഹങ്ങളും വ്രതം പുണ്യകര്‍മവും ദൈവസാമീപ്യത്തിനുള്ള ആരാധനാകര്‍മവുമായി ആചരിക്കുന്നു. മുസ്‌ലിം സമൂഹത്തിന് നോമ്പ് എന്ന ആരാധന നിശ്ചയിച്ചുകൊണ്ടുള്ള ഖുര്‍ആന്‍ വചനം ഈ വസ്തുത കൂടി സൂചിപ്പിച്ചുകൊണ്ടുള്ളതാണ്: ”സത്യവിശ്വാസികളേ, നിങ്ങള്‍ക്കു മുമ്പുണ്ടായിരുന്നവര്‍ക്ക് നിര്‍ബന്ധമായി നിശ്ചയിക്കപ്പെട്ടതു പോലെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമായി നിശ്ചയിക്കപ്പെട്ടിരിക്കുന്നു.” (2:183)
എല്ലാ മതങ്ങളിലും വ്രതമെന്ന അനുഷ്ഠാനം നിലവിലുണ്ടെങ്കിലും പല മതങ്ങളിലും അവ എത്രയെന്നോ എങ്ങനെയെന്നോ വ്യക്തമാക്കപ്പെട്ടിട്ടില്ല. എന്നാല്‍, ഇസ്‌ലാം മതകാര്യങ്ങളിലെന്ന പോലെ വ്രതാനുഷ്ഠാനത്തിന്റെ കാര്യത്തിലും നിശ്ചിതവും നിര്‍ണിതവുമായ രൂപങ്ങളും നിഷ്ഠയും നിശ്ചയിച്ചു. ഇസ്‌ലാമിന്റെ അടിസ്ഥാനപരമായ നിര്‍ബന്ധ കര്‍മങ്ങളിലൊന്നാണ് നോമ്പ്. നബി(സ) പറയുന്നു: ”ഇസ്‌ലാം അഞ്ചു കാര്യങ്ങളിന്മേല്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്നു. അല്ലാഹു അല്ലാതെ ഒരു ആരാധ്യനില്ലെന്നും മുഹമ്മദ്(സ) അല്ലാഹുവിന്റെ ദൂതനാണെന്നും സാക്ഷ്യം വഹിക്കല്‍, നിസ്‌കാരം മുറ പ്രകാരം നിര്‍വഹിക്കല്‍, സകാത്ത് കൊടുക്കല്‍, റമദാന്‍ വ്രതമെടുക്കല്‍,ഹജ്ജ് നിര്‍വഹിക്കല്‍ എന്നിവയാണവ.” (ബുഖാരി)
വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ”ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനമായിക്കൊണ്ടും, നേര്‍വഴി കാട്ടുന്നതും സത്യവും അസത്യവും വേര്‍തിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമദാന്‍. അതുകൊണ്ട് നിങ്ങളില്‍ ആര് ആ മാസത്തില്‍ സന്നിഹിതരാണോ അവര്‍ ആ മാസം വ്രതമനുഷ്ഠിക്കേണ്ടതാണ്.” (2:185)
പ്രഭാതം മുതല്‍ സൂര്യാസ്തമയം വരെ ഭക്ഷണവും പാനീയവും ലൈംഗികബന്ധവും ഉപേക്ഷിക്കുക എന്നതാണ് നോമ്പിന്റെ ബാഹ്യമായ രൂപം. ”നോമ്പിന്റെ രാത്രിയില്‍ നിങ്ങളുടെ ഭാര്യമാരുമായുള്ള സംസര്‍ഗം നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു.പുലരിയുടെ വെളുത്ത ഇഴകള്‍ കറുത്ത ഇഴകളില്‍ നിന്ന് തെളിഞ്ഞുകാണുമാറാകുന്നതു വരെ. നിങ്ങള്‍ വ്രതം പൂര്‍ണമായും അനുഷ്ഠിക്കുകയും ചെയ്യുക” (2:187). പ്രഭാതം മുതലാണ് വ്രതമാരംഭിക്കുന്നത്. പ്രഭാതത്തിന് തൊട്ടു മുമ്പ് ലഘുഭക്ഷണം അത്താഴമായി കഴിക്കല്‍ നബിചര്യയില്‍ പെട്ടതാണ്. നബി(സ) പറയുന്നു: ”നിങ്ങള്‍ അത്താഴം കഴിക്കുക. നിശ്ചയം അത്താഴത്തില്‍ അനുഗ്രഹമുണ്ട്” (ബുഖാരി, മുസ്‌ലിം).
വ്രതം ആത്മവിശുദ്ധിക്ക്
എന്തിനുവേണ്ടിയാണ് നോമ്പ് ഒരു നിര്‍ബന്ധ കര്‍മമായി നിശ്ചയിക്കപ്പെട്ടത് എന്നത് പ്രത്യേകം ശ്രദ്ധാര്‍ഹമാണ്. ഏതൊരു ആരാധനാകര്‍മത്തിന്റെയും ആത്യന്തിക ലക്ഷ്യം മരണാനന്തര ജീവിതം വിജയപ്രദമാവുകയും സ്വര്‍ഗപ്രവേശം ലഭിക്കുകയും ചെയ്യുക എന്നതാണ്. നോമ്പിന്റെ കാര്യത്തിലും അങ്ങനെത്തന്നെ. നബി(സ) പറയുന്നു: ”സ്വര്‍ഗത്തിന് റയ്യാന്‍ എന്ന ഒരു കവാടമുണ്ട്. ഉയിര്‍ത്തെഴുന്നേല്‍പു നാളില്‍ നോമ്പുകാരല്ലാതെ ആരും ആ കവാടത്തിലൂടെ പ്രവേശിക്കില്ല. ‘നോമ്പുകാര്‍ എവിടെ’ എന്ന ചോദ്യമുണ്ടാകും. അപ്പോള്‍ അവര്‍ എഴുന്നേറ്റുവരും. മറ്റാരും അതുവഴി പ്രവേശിക്കില്ല. നോമ്പുകാര്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ വാതില്‍ അടയ്ക്കപ്പെടും. (ബുഖാരി)
സ്വര്‍ഗപ്രവേശനത്തിന് തടസ്സമായി നില്‍ക്കുന്നത് മനുഷ്യരുടെ തിന്മകളും പാപപങ്കിലമായ ജീവിതവുമാണല്ലോ. ആത്മാര്‍ഥമായ വ്രതമെടുക്കുന്നതിലൂടെ ഈ തടസ്സം നീങ്ങുന്നതാണെന്ന് പ്രവാചകന്‍ പഠിപ്പിക്കുന്നു. റമദാന്‍ മാസത്തില്‍ ആരെങ്കിലും വിശ്വാസത്തോടും പ്രതിഫലേച്ഛയോടും കൂടി വ്രതമെടുത്താല്‍ അയാളുടെ മുന്‍കഴിഞ്ഞ പാപങ്ങള്‍ പൊറുക്കപ്പെടുമെന്ന് (ബുഖാരി) അവിടുന്ന് ഉണര്‍ത്തുകയുണ്ടായി.
നോമ്പുകാരന്റെ ശരീരാവയവങ്ങള്‍ മുഴുവന്‍ വ്രതത്തിലായിരിക്കണം. നാവ്, കണ്ണ്, കാത് അടക്കമുള്ളവയാലുള്ള തെറ്റുകളില്‍നിന്നു നോമ്പുകാര്‍ വിട്ടുനില്‍ക്കണം. സ്വന്തം സഹോദരന്റെ പച്ചമാംസം കഴിക്കുന്നതിനു തുല്യമാണ് പരദൂഷണമെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. മനുഷ്യമനസിന്റെ ഇച്ഛകളെ കടിഞ്ഞാണിട്ട് എല്ലാം അല്ലാഹുവിനു വേണ്ടി സമര്‍പ്പിക്കുന്ന തീവ്രപരിശീലനം കൂടിയാണ് വ്രതം. ദേഹേച്ഛകള്‍ക്ക് വിലങ്ങിടാത്തതിന്റെ പ്രത്യാഘാതങ്ങള്‍ സമൂഹത്തില്‍ അനുദിനം പ്രത്യക്ഷമാണ്. സ്വഗൃഹത്തില്‍ അന്നപാനീയങ്ങളും മറ്റു രുചികരമായ സാധനങ്ങളും സുലഭമായിരിക്കുമ്പോഴും അല്ലാഹുവിന്റെ കല്‍പ്പനയ്ക്ക് വിധേയമായി വിശപ്പും ദാഹവും മാറ്റിവച്ച് പ്രഭാതം മുതല്‍ പ്രദോഷം വരെ വിശ്വാസി സ്വയം നിയന്ത്രിക്കുന്നു. എത്ര വലിയ സമ്പന്നനാണെങ്കിലും പാവപ്പെട്ടവന്റെ വിശപ്പിന്റെ രുചി ഇതിലൂടെ അറിയുന്നു. പട്ടിണിക്കെതിരെയുള്ള ധാര്‍മിക പോരാട്ടത്തിന് ഇതവര്‍ക്ക് ശക്തിയേകും. അല്ലാഹു മനുഷ്യനു കനിഞ്ഞുനല്‍കിയ സമ്പത്തില്‍ മറ്റു സഹോദരന്‍മാര്‍ക്കും അവകാശമുണ്ട്. അത് കൊടുത്തുവീട്ടാനാണ് പ്രപഞ്ചനാഥന്‍ സകാത്ത് നിര്‍ബന്ധമാക്കിയത്. പാവപ്പെട്ടവന്റെ അവകാശവും ധനവുമായ സകാത്ത് സ്വന്തം സമ്പത്തില്‍നിന്നു നല്‍കാന്‍ എല്ലാവരും തയാറായാല്‍ സമൂഹത്തെ ദാരിദ്ര്യത്തില്‍നിന്നു കരകയറ്റാനാകും. ഇല്ലാത്തവനെ സഹായിക്കാനും കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കു മനുഷ്യനെ പ്രേരിപ്പിക്കാനും ഐക്യവും സഹവര്‍ത്തിത്വവും സ്‌നേഹവും ഊട്ടിയുറപ്പിക്കാനും വ്രതാനുഷ്ഠാനം സഹായിക്കുന്നു. നോമ്പും സകാത്തുമെല്ലാം മനുഷ്യനെ എല്ലാതരത്തിലും ശുദ്ധീകരിക്കുന്ന ആരാധനകളാണ്. അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയറുനിറച്ച് കഴിക്കുന്നവന്‍ നമ്മില്‍പ്പെട്ടവനല്ലെന്ന പ്രവാചകവാക്യം ഏതു മതവിഭാഗത്തില്‍പ്പെട്ടവരായാലും മനുഷ്യത്വപരമായി എല്ലാവരെയും ഒന്നായി കാണണമെന്ന് പഠിപ്പിക്കുന്നു. ഇതിലൂടെ ഇസ്‌ലാം മതമൈത്രിയും ഊട്ടിയുറപ്പിക്കുന്നു. നോമ്പിലെ ആദ്യത്തെ പത്തു ദിവസം കാരുണ്യത്തിന്റെയും രണ്ടാമത്തേത് പാപമോചനത്തിന്റെയും മൂന്നാമത്തേത് നരകമോചനത്തിന്റേതുമാണ്. ഇതെല്ലാം ഭക്തിയോടെ കാത്തുസൂക്ഷിക്കാന്‍ വിശ്വാസികള്‍ ശ്രമിക്കേണ്ടതുണ്ട്.
അറിവിന്റെ സന്ദേശമാണ് ഖുര്‍ആന്‍ ലോകത്തിനു നല്‍കുന്നത്. അറിവിന്റെ മാസം കൂടിയാണ് റമദാന്‍. ഈ മാസത്തില്‍ ആയിരം മാസങ്ങളേക്കാള്‍ ശ്രേഷ്ഠതയുള്ള ഒരു രാത്രിയെ അല്ലാഹു മനുഷ്യര്‍ക്ക് അനുഗ്രഹമായി നല്‍കിയിരിക്കുന്നു. ലൈലത്തുല്‍ ഖദ്ര്‍ എന്ന ഈ രാവിലാണ് ഖുര്‍ആനിന്റെ അവതരണമുണ്ടായത്. ഒരൊറ്റ രാത്രികൊണ്ടു മനുഷ്യന് ഉന്നതസ്ഥാനം നേടാനാവുന്ന അവസരം അതിലൂടെ അല്ലാഹു നല്‍കുകയുണ്ടായി. അവസാന പത്തിലെ ഒറ്റപ്പെട്ട രാവിലാണ് ലൈലത്തുല്‍ ഖദ്‌റിന്റെ അനുഗ്രഹമുണ്ടാവുകയെന്നാണ് ഹദീസുകള്‍ വ്യക്തമാക്കുന്നത്. കൂടുതല്‍ പ്രാര്‍ഥനാനിരതമാകേണ്ട സമയമാണ് റമദാന്‍. മനുഷ്യരുടെ രക്ഷാകവചമായാണ് നോമ്പിനെ കാണേണ്ടത്. നല്ലകാര്യങ്ങള്‍ ചെയ്യുമ്പോള്‍ മറ്റു മാസങ്ങളേക്കാള്‍ അനേകായിരം ഇരട്ടി പ്രതിഫലം ലഭ്യമാവും. രാത്രിയില്‍ കൂടുതല്‍ നിസ്‌കരിക്കാനും ഇത് പ്രേരിപ്പിക്കുന്നു. ഇസ്‌ലാമിന്റെ ചരിത്രത്തിലെ നിര്‍ണായക ഏടായ ബദര്‍ യുദ്ധമെന്ന ധാര്‍മിക പോരാട്ടം നടന്നത് റമദാന്‍ പതിനേഴിനാണ്. അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി(സ്വ)യെയും അനുയായികളെയും ശത്രുക്കള്‍ തുല്യതയില്ലാത്തവിധം പീഡിപ്പിച്ചു. നിവൃത്തിയില്ലാതെ അവര്‍ക്ക് സ്വന്തം നാടും വീടും ഉപേക്ഷിച്ച് മക്കയില്‍നിന്ന് മദീനയിലേക്ക് പലായനം ചെയ്യേണ്ടിവന്നു. അവിടെയും ശത്രുക്കളുടെ പീഡനം അസഹനീയമായപ്പോള്‍ ആള്‍ബലത്തിലും ആയുധബലത്തിലും തങ്ങളേക്കാള്‍ എത്രയോ ഇരട്ടി വരുന്ന എതിരാളികളുടെ സൈന്യത്തെ വിശ്വാസത്തിന്റെ ശക്തി കൈമുതലാക്കി യുദ്ധം ചെയ്തു നിലംപരിശാക്കി. പ്രവാചകന്‍മാരെ പരീക്ഷിച്ചതുപോലെ അല്ലാഹു നോമ്പിലൂടെ നമ്മെയും പരീക്ഷിക്കും. അതില്‍ വിജയിക്കാന്‍ നാം തയാറെടുക്കണം.
Leave A Comment