ഇഖ്റഅ് 25- പേശികളും സന്ധികളും

_സൃഷ്ടിച്ച നാഥന്റെ നാമത്തില്‍....

നിശ്ചയമായും മനുഷ്യനെ നാം കളിമണ്ണില്‍ നിന്നുള്ള സത്തകൊണ്ട് സൃഷ്ടിക്കുകയും, പിന്നീട് അവനെ ശുക്ലബിന്ദുവാക്കി ഒരു ഭദ്രമായ സൂക്ഷിപ്പുസ്ഥാനത്ത് (ഗര്‍ഭാശയത്തില്‍) വെക്കുകയും ചെയ്തു. പിന്നെ ആ ശുക്ലബിന്ദുവിനെ രക്തപിണ്ഡമായും എന്നിട്ട്‌ ആ രക്തപിണ്ഡത്തെ മാംസക്കഷ്‌ണമായും മാംസക്കഷ്‌ണത്തെ എല്ലുകളായും നാം സൃഷ്ടിച്ചു. എന്നിട്ട്‌ ആ എല്ലുകളെ മാംസം കൊണ്ടു പൊതിഞ്ഞു. പിന്നീട്‌ അതിനെ നാം മറ്റൊരു സൃഷ്ടിയായി വളര്‍ത്തിക്കൊണ്ടുവന്നു. അപ്പോള്‍ ഏറ്റവും നല്ല സ്രഷ്ടാവായ അല്ലാഹു അനുഗ്രഹ സമ്പൂര്‍ണനാകുന്നു (സൂറതുല്‍ മുഅ്മിനൂന്‍- 12-17)

അസ്ഥികളും പേശികളുമാണ് മനുഷ്യശരീരത്തിന് രൂപവും ബലവും നല്കുന്നത്. സാധാരണ മനുഷ്യന്റെ ശരീരത്തില്‍ ചെറുതും വലുതുമായ അറുനൂറിലേറെ പേശികളുണ്ടെന്നാണ് പറയപ്പെടുന്നത്. ഏറ്റവും ബലിഷ്ഠമായ തലയോട്ടി മുതല്‍ ഒരു മില്ലിമീറ്റര്‍ മാത്രം വലുപ്പവും ഏറ്റവും ബലം കുറഞ്ഞതുമായ, ചെവികള്‍ക്കുള്ളിലെ സ്റ്റപീഡിയസ് പേശി വരെ ഇതില്‍ പെടുന്നു. 

സ്വന്തമായി കൃത്യമായ രൂപത്തില്‍ നിലനില്‍ക്കാന്‍ സാധിക്കാത്തതാണ് മാംസം. അതിനെ താങ്ങി നിര്‍ത്താനും ആവശ്യമായ സംരക്ഷണം നല്കാനും ബലിഷ്ഠമായ എന്തെങ്കിലും ഒരു വസ്തു കൂടിയേ തീരൂ. ആ ധര്‍മ്മമാണ് പേശികള്‍ നിര്‍വ്വഹിക്കുന്നത്. അതോടൊപ്പം, ആവശ്യാനുസരണമുള്ള ചലനങ്ങള്‍ സാധ്യമാവുകയും വേണം. അതിനായി, പേശികള്‍ക്കിടയില്‍ സന്ധികളും സംവിധാനിച്ചിരിക്കുന്നു. 

Read More: റമളാൻ ഡ്രൈവ് (ഭാഗം 25) നവൈതു

എല്ലാം ചേര്‍ന്ന് നമ്മുടെ ജീവിതം തന്നെ സുഗമമാക്കി മാറ്റുന്നു. ഇരിക്കാനും നടക്കാനും ഓടാനും ചാടാനുമെല്ലാം നമുക്കാവുന്നു. ഭക്ഷണം ചവക്കുന്നതിനും സംസാരിക്കുന്നതിന് പോലും സഹായകമാവുന്നത് ഈ അസ്ഥികളും പേശികളുമാണ്. ഹൃദയമിടിപ്പും ശ്വസനവും ദഹനവും ശരീരോഷ്മാവ് വരെ നിയന്ത്രിക്കുന്നതും ഇവ തന്നെ.   

സ്രഷ്ടാവ് ചെയ്ത വലിയ അനുഗ്രഹങ്ങളുടെ നീണ്ട താളുകളാണ് ഇവ ഓരോന്നും എന്ന് പറയാം. മനുഷ്യശരീരത്തില്‍ മുന്നൂറ്റി അറുപത് സന്ധികളുണ്ട്. അവക്കോരോന്നിനും (നന്ദിയെന്നോണം) ദാനധര്‍മ്മങ്ങള്‍ ചെയ്യേണ്ടതുണ്ടെന്ന് പ്രവാചകര്‍ അനുയായികളെ ഉപദേശിച്ചത് ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്. അല്‍ഭുതപ്പെട്ടുപോയ അനുചരര്‍ ഇങ്ങനെ ചോദിച്ചു, പ്രവാചകരേ, എങ്ങനെയാണ് ദിവസവും അത്രയും ധര്‍മ്മം ചെയ്യാന്‍ ഞങ്ങള്‍ക്ക് സാധിക്കുക. അവിടുന്ന് പറഞ്ഞു, രണ്ട് പേര്‍ക്കിടയിലെ തര്‍ക്കം നീതി പൂര്‍വ്വം പരിഹരിക്കുന്നത് ധര്‍മ്മമാണ്, ഒരാളെ വാഹനപ്പുറത്ത് കയറാന്‍ സഹായിക്കുന്നതും അതിന് പുറത്ത് ചുമട് കയറ്റി വെക്കാന്‍ സഹായിക്കുന്നതും ധര്‍മ്മം തന്നെ, നല്ല വാക്കും ധര്‍മ്മമാണ്, നിസ്കാരത്തിനായി നടക്കുന്ന ഓരോ ചവിട്ടടിയും ധര്‍മ്മമാണ്, വഴിയിലെ പ്രയാസങ്ങള്‍ നീക്കം ചെയ്യുന്നതും ധര്‍മ്മം തന്നെ.

പേശികള്‍ക്കും സന്ധികള്‍ക്കും നന്ദി ചെയ്യാന്‍ നമുക്കും ശ്രമിക്കാം, നാഥന്‍ തുണക്കട്ടെ.

നമുക്ക് വായന തുടരാം... നാഥന്റെ നാമത്തില്‍...

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter